ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ ആഞ്ഞടിച്ച് ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു. ആം ആദ്മി പാർട്ടിയിൽ ആദ്യം വലിയ വിശ്വാസമായിരുന്നുവെന്ന് അദ്ദേഹം ഫേസ്‌ബുക്ക് കുറിപ്പിൽ പറഞ്ഞു. എന്നാൽ കെജ്‌രിവാൾ അടക്കമുള്ളവർ ഇപ്പോൾ പല തട്ടിപ്പുകാർക്കും പാദസേവ ചെയ്യുകയാണെന്ന് അദ്ദേഹം ആരോപിച്ചു. കെജ്‌രിവാൾ തട്ടിപ്പുകാരനും ചതിയനുമാണെന്നാണ് വിലയിരുത്തുന്നത്. നേരത്തെ മദർ തേരസയെ വിശുദ്ധയാക്കിയതിനെതിരെ കഡ്ജു കുറിച്ച് ഫെയ്‌സ് ബുക്ക് പോസ്റ്റുകൾ വലിയ ചർച്ചയായിരുന്നു. അതിന് പിന്നാലെയാണ് കെജ് രിവാളിനെതിരായ പോസ്റ്റ്.

കളങ്കിതർക്കൊപ്പം നിൽക്കാത്തതുകൊണ്ടാണ് കെജ്‌രിവാൾ യോഗേന്ദ്ര യാദവിനെയും പ്രശാന്ത് ഭൂഷനെയും പുറത്താക്കിയത്. അധികാരത്തിൽ എത്തിയ ഉടൻ എ.എ.പി ഡൽഹിക്ക് വേണ്ടി ചില നല്ല കാര്യങ്ങൾ ചെയ്തിരുന്നു. അത് താൻ അംഗീകരിച്ചതുമാണ്. എന്നാൽ അധികാരം പിടിച്ചെടുക്കാൻ മാത്രമുള്ള പാർട്ടിയായി ആം ആദ്മി പാർട്ടി മാറിയെന്നും കട്ജു ഫേസ്‌ബുക്ക് പോസ്റ്റിൽ ആരോപിച്ചു.

പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിൽ നവജ്യോത് സിദ്ധുവിന്റെ ആവാസ് ഇ പഞ്ചാബിനെ വോട്ടർമാർ പിന്തുണയ്ക്കണമെന്നും കട്ജു ആവശ്യപ്പെട്ടു. പഞ്ചാബിലെ ലഹരി മാഫിയയെ ഇല്ലാതാക്കാനും കർഷക ആത്മഹത്യകൾ തടയാനും തൊഴിലില്ലായ്മ പരിഹരിക്കാനും സിദ്ധുവിന് മാത്രമേ സാധിക്കൂ എന്നും കട്ജു പറഞ്ഞു.