രാജ്യം ഗാന്ധിജയന്തി ആഘോഷിക്കുമ്പോൾ രാഷ്ട്രപിതാവിനെ പലകുറി അധിക്ഷേപിച്ച് മുൻ സുപ്രീംകോടതി ജഡ്ജി കൂടിയായ കട്ജുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. ഇതിനെതിരെ കടുത്ത വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയർന്നിരിക്കുന്നത്. തുടർന്ന് വിശദീകരണ പോസ്റ്റും കട്ജുവിന്റെ ഫേസ്‌ബുക്കിൽ പ്രത്യക്ഷപ്പെട്ടു.

ഗാന്ധിജി കാപട്യക്കാരനും തട്ടിപ്പുകാരനുമാണെന്നാണ് കട്ജു ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നത്. ഗാന്ധിജിയെ ഇന്ത്യയുടെ രാഷ്ട്രപിതാവാക്കിയതിനെയും കട്ജു വിമർശിക്കുന്നു. ഭഗത് സിങ്, സൂര്യാസെൻ, ചന്ദ്രശേഖർ ആസാദ്, ബിസ്മിൽ, അഷ്ഫാഖുള്ള, ഖുദിറാം ബോസ്, രാജ്ഗുരു തുടങ്ങി യവരാണ് യതാർത്ഥ സ്വാതന്ത്രസമരസേനാനികളെന്നാണ് കട്ജു പറയുന്നത്. ഇവരെ വഴിതെറ്റിപ്പോയവരെന്നും ഒറ്റയാന്മാരെന്നും മുദ്രകുത്തി, ചരിത്രപുസ്തകങ്ങളുടെ മൂലയിൽ തളച്ചിടുകയാണെന്നും കട്ജു ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു. ഹരി ഓം എന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്

ഗാന്ധിജിയെപ്പോലൊരാളെ താൻ എന്തിനിങ്ങനെ പറയുന്നു എന്നുകൂടി കട്ജു പറയുന്നു., ഭഗത്സിംഗിനെപ്പോലെയുള്ളവർ ആയുധമുപയോഗിച്ചാണ് പോരാടിയത്. അത് ബുദ്ധിമുട്ടേറിയ വഴിയാണ്. നമ്മുടെ പൂവികന്മാർക്ക് എഴുപ്പമുള്ള വഴി മതിയായിരുന്നു. അതിനാൽ ഗാന്ധിജിയെ അവർ മഹത്വവത്കരിച്ചു. ഗാന്ധിജിയെ ബ്രിട്ടീഷ് ഏജന്റെന്നും കട്ജു വിളിക്കുന്നുണ്ട്. രണ്ടാം ലോകമഹായുദ്ധത്തെ തുടർന്നാണ്, അല്ലാതെ ഗാന്ധിജിയുടെ ഇടപെടലിന്റെ ഭാഗമായല്ല സ്വാതന്ത്ര്യം കിട്ടിയതെന്നും കട്ജു പറയുന്നു. സായുധമാർഗമാണ് യതാർത്ഥ സ്വാതന്ത്ര്യസമരമെന്നും കട്ജു ചൂണ്ടിക്കാട്ടുന്നു.

ഗാന്ധിജി തൊട്ടുകൂടായ്മയ്ക്ക് മാത്രമായിരുന്നു എതിരെന്നും, ജാതിവിവേചനത്തിന് അനുകൂലമായിരുന്നെന്നും സമർത്ഥിക്കാൻ അടുത്ത പോസ്റ്റും കട്ജു ഉടൻ തന്നെ ഇട്ടു. ശക്തമായ ഭാഷയിലാണ് മുൻ സുപ്രീംകോടതി ജഡ്ജി കൂടിയായ മാർകണ്ഠേയ കട്ജു. ആവർത്തിച്ച് ഗാന്ധിജിയുടെ നിലപാടുകളെ വിമർശിക്കുകയാണ് ഈ പോസ്റ്റുകളിൽ.

ഈ വിഷയത്തിൽ തനിക്കെതിരെ പ്രതികരിക്കുന്നവരെ, കോടതിയിൽ വാദിക്കാനൊന്നുമില്ലാതാകുമ്പോൾ ഡസ്‌കിലടിക്കുന്ന വക്കീലന്മാരോടാണ് കട്ജു താരതമ്യം ചെയ്തിരിക്കുന്നത്. കട്ജുവിന്റെ വാദത്തിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. പലരും പോസ്റ്റുകളിൽ എതിർപ്പ് പ്രകടിപ്പിക്കുന്നുണ്ട്. ഇതിൽ പല കമന്റുകൾക്കും മറുപടിയുമായി കട്ജു തന്നെ രംഗത്തെത്തിയിട്ടുണ്ട്.