തിരുവനന്തപുരം: പത്തൊമ്പതാമത് ചലച്ചിത്രമേളയോടനുബന്ധിച്ച് ഹോട്ടൽ ഹൈസെന്തിൽ എല്ലാ ദിവസവും മലയാള സിനിമാ പ്രദർശനവും സെമിനാറുകളും നടക്കുമെന്ന് ചലച്ചിത്ര മേളയുടെ ഉപദേശക സമിതി ചെയർമാൻ അടൂർ ഗോപാലകൃഷ്ണൻ. ഫിലിം മാർക്കറ്റിന്റെ ഭാഗമായി നടക്കുന്ന സിനിമാ പ്രദർശനത്തിൽ വിദേശ രാജ്യങ്ങളിൽ നിന്നുള്ള ചലച്ചിത്ര പ്രവർത്തകർക്ക് സ്വന്തം നാട്ടിലെ പ്രദർശനത്തിനായി മലയാള ചിത്രങ്ങൾ ലഭ്യമാക്കുന്നതിനും സൗകര്യമുണ്ട്.

മികച്ച ചിത്രങ്ങൾ ഒരുക്കുന്ന പുതുതലമുറയിലെ സംവിധായകർക്ക് അർഹമായ പ്രോത്സാഹനം നൽകണമെന്നു ചലച്ചിത്രമേളയുടെ ഉപദേശക സമിതി ചെയർമാൻ അടൂർഗോപാലകൃഷ്ണൻ പറഞ്ഞു. മത്സരവിഭാഗമായ ഓപ്പൺമാർക്കറ്റിൽ 18 മലയാള ചിത്രങ്ങൾ പ്രദർശിപ്പിക്കും.

അസ്തമയം വരെ, സഹീർ, ജലാംശം, ആലിഫ്, കാൾട്ടൻ ടവേഴ്‌സ്, ഞാൻ, ഒരാൾപൊക്കം, വിദൂഷകൻ, 1983, 101 ചോദ്യങ്ങൾ, കളിയച്ഛൻ, ക്രൈം നം 89, കന്യകാ ടാക്കീസ്, ഇംഗ്ലീഷ്, സെല്ലുലോയ്ഡ്, അഞ്ച് സുന്ദരികൾ, വേനൽ ഒടുങ്ങാതെ, അന്നയും റസൂലും എന്നിവയാണു പ്രദർശിപ്പിക്കുന്ന ചിത്രങ്ങൾ. ഹോങ്കോങ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ക്യുറേറ്റർ ജേക്കബ് വോങ്, ലാ വിനാലെ ഡി വെനീസിലെ ഇറ്റലി കൺസൾട്ടന്റ് പൗലോ ബർട്ടോളിൻ എന്നിവരടങ്ങുന്ന ജൂറി തെരഞ്ഞെടുക്കപ്പെടുന്ന ചിത്രങ്ങൾക്ക് സർട്ടിഫിക്കറ്റ് ഓഫ് എക്‌സലൻസ് പുരസ്‌കാരവും നൽകും.