കൊച്ചി: യുഎസ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പ്രമുഖ പുതുതലമുറ ഇന്നൊവേഷൻ ഐടി കമ്പനിയായ മാർലാബ്സ് കൊച്ചിയിൽ പുതിയ ഇന്നൊവേഷൻ സ്റ്റുഡിയോ തുറന്നു. 360-ഡിഗ്രി ഡിജിറ്റൽ പരിവർത്തന ചട്ടക്കൂടുകൾ സജ്ജീകരിക്കുന്നതിൽ ഫോക്കസ് ചെയ്തിരിക്കുന്ന സംരംഭമാണ് മാർലാബ്സ് ഇൻക്. ഐഒടി (ഇന്റർനെറ്റ് ഓഫ് തിങ്സ്) ഇന്നൊവേഷനിലും മൊബിലിറ്റി പരിഹാരങ്ങളിലും ഊന്നൽ നൽകിയുള്ള പ്രവർത്തനങ്ങളിലാണ് കൊച്ചിയിലെ പുതിയ സ്റ്റുഡിയോ ഫോക്കസ് ചെയ്യുക. 12000 ചതുരശ്രയടിയിൽ സജ്ജീകരിക്കുന്ന മാർലാബ്സിന്റെ ഇന്നൊവേഷൻ കേന്ദ്രം കൊച്ചിയെ ഇന്ത്യയിലെ ഗവേഷണ വികസന (ആർ&ഡി-റിസർച്ച് ആൻഡ് ഡെവലപ്മെന്റ്) ഹബ്ബാക്കി മാറ്റുകയെന്ന ലക്ഷ്യത്തിൽ അധിഷ്ഠിതമായിട്ടായിരിക്കും പ്രവർത്തിക്കുകയെന്ന് കമ്പനി പത്രക്കുറിപ്പിൽ അറിയിച്ചു.

'മാർലാബ്സിന്റെ പുതിയ ഓഫീസ് കൊച്ചിയിൽ ഉദ്ഘാടനം ചെയ്യാൻ സാധിച്ചതിൽ എനിക്ക് വലിയ സന്തോഷമുണ്ട്. സാങ്കേതികവികസനത്തിന്റെ കാര്യത്തിൽ അടുത്ത ആഗോള ഹബ്ബായി കൊച്ചി മാറുമെന്ന് ഞാൻ എപ്പോഴും വിശ്വസിക്കുന്നു. മാർലാബ്സിന്റെ പുതിയ ഓഫീസ് ഇവിടെവന്നത് ആ വിശ്വാസം ഊട്ടിയുറപ്പിക്കുന്നു. ഡിജിറ്റൽ പരിവർത്തന പ്രക്രിയയിൽ നേതൃസ്ഥാനം അലങ്കരിക്കാൻ ഈ കമ്പനിക്ക് സാധിക്കട്ടെയെന്ന് ഞാൻ ആശംസിക്കുന്നു,' മാർലാബ്സ് സ്റ്റുഡിയോ ഉദ്ഘാടനം ചെയ്തുകൊണ്ട് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്റ്റർ വി ജെ കുര്യൻ പറഞ്ഞു.

'ആകാംക്ഷാഭരിതാമായ വളർച്ചയാണ് ഐഒടി, ഐഒപി, മെഷീൻ ലേണിങ് സങ്കേതങ്ങളിൽ ഞങ്ങൾ കാണുന്നത്. ഹെൽത്ത്കെയർ, സപ്ലൈ ചെയിൻ, ലോജിസ്റ്റിക്സ്, ബാങ്കിങ് തുടങ്ങിയ മേഖലകളിൽ ഈ പുതിയ സാങ്കേതികവിദ്യകൾ വിപ്ലവാത്മകമായ മാറ്റമാണുണ്ടാക്കുന്നത്. ഈ മേഖലകളിലെ ഡിസ്റപ്ഷൻ നയിക്കുന്നത് ഈ ഘടകങ്ങൾ ആണെന്നുതന്നെ നമുക്ക് പറായം. 5ജിയുടെ അവതരണത്തോടെ കൊച്ചിയിലെ ഞങ്ങളുടെ പുതിയ ഓഫീസിന് ഈ മേഖലകളിലെ ഡിജിറ്റൽ പരിവർത്തനത്തെ ത്വരിതപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിക്കാൻ സാധിക്കും. കൊച്ചിയിൽ വൈദഗ്ധ്യമുള്ള ആളുകൾ ഉണ്ടെന്നാണ് ഞങ്ങളുടെ വിശ്വാസം. അവരെ വളർത്തിയെടുക്കാനാണ് പദ്ധതി. ഞങ്ങളുടെ ഡിജിറ്റൽ യാത്രയിൽ കൂടുതൽ പുതുതലമുറ സാങ്കേതിക നൈപുണ്യങ്ങൾ പകർന്നു നൽകി അവരെയും വിജയത്തിലേക്ക് നയിക്കും,'' മാർലാബ്സിന്റെ ചെയർമാനും സിഇഒയുമായ സിബി വടക്കേക്കര പറഞ്ഞു.

'കമ്പനിക്കുള്ളിൽ തന്നെ ഇന്നൊവേഷൻ സംസ്‌കാരം വളർത്തിയെടുക്കുന്നതിലാണ് ഞങ്ങൾ വിശ്വസിക്കുന്നത്. ഉപഭോക്താക്കൾക്ക് ഇന്നൊവേറ്റീവായ പരിഹാരങ്ങൾ നൽകുന്നതിനോടൊപ്പം തന്നെ അതിനും ഞങ്ങൾ പ്രാധാന്യം കൽപ്പിക്കുന്നു. കൊച്ചിയിലേക്കുള്ള കമ്പനിയുടെ വ്യാപനം ആദ്യം പറഞ്ഞ ഇന്നൊവേഷൻ ഉൾച്ചേർക്കൽ അഥവാ ഇൻക്ലൂസിവ് ഇന്നൊവേഷന്റെ ഭാഗമാണ്. കൊച്ചിയിൽ മികച്ച ടാലന്റുള്ള വിഭവശേഷിയുണ്ട്. പുതിയ കേന്ദ്രത്തിലൂടെ ഞങ്ങളുടെ ആഗോള ഉപഭോക്താക്കൾക്ക് കൂടുതൽ മൂല്യമുള്ള സേവനങ്ങൾ ചുരുങ്ങിയ ചെലവിൽ നൽകാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. അതിനോടൊപ്പം തന്നെ ഈ മേഖലയിലെ ഡിജിറ്റൽ ശേഷി വികസിപ്പിക്കാനും ശ്രമിക്കും. കൊച്ചിയിൽ ജീവനക്കാർ കമ്പനികളിൽ നിന്ന് വിട്ടുപോകാതെ നിലനിൽക്കുന്ന നിരക്കും മികച്ചതാണ്. വലിയൊരു ഗവേഷണ വികസന ഹബ്ബായി മാറാനുള്ള എല്ലാ ഘടകങ്ങളും ഉൾച്ചേർന്ന നഗരമാണ് കൊച്ചിയെന്നാണ് എന്റെ വിശ്വാസം,' പുതിയ സ്റ്റുഡിയോ ഉദ്ഘാടനം ചെയ്യുന്ന വേളയിൽ മാർലാബ്സിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ സലിൽ രവീന്ദ്രൻ പറഞ്ഞു.

മാർലാബ്സിനെക്കുറിച്ച്
ആഗോള സംരംഭങ്ങൾക്ക് സ്പെഷലൈസ്ഡ് ആയി, 360 ഡിഗ്രി തലത്തിൽ സാങ്കേതിക ചട്ടക്കൂടുകൾ ലഭ്യമാക്കുന്ന ഡിജിറ്റൽ ഇന്നൊവേഷൻ കമ്പനിയാണ് മാർലാബ്സ്. ന്യൂജേഴ്സിയിലെ പിസ്‌ക്കറ്റാവേ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന മാർലാബ്സിൽ 2,300 ലധികം ജീവനക്കാരാണ് ജോലിയെടുക്കുന്നത്. യുഎസ്, കാനഡ, മെക്സിക്കോ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽ കമ്പനിക്ക് സാന്നിധ്യമുണ്ട്. ബെംഗളൂരു, കൊച്ചി, മൈസൂർ എന്നിവിടങ്ങളിലായി മാർലാബ്സിന് മൂന്ന് വികസന കേന്ദ്രങ്ങളാണ് ഇന്ത്യയിലുള്ളത്.