പരുവ: പ്രണയത്തിന് സാധാരണ കണ്ണില്ലെന്നാണ് പറയാറ്. എന്നാൽ ഇവിടെ രാജ്യത്തിന്റെയോ ഭാഷയുടെയോ ്അതിർവരമ്പുകൾ ഈ യുവമിഥുനങ്ങൾക്ക് തടസമാകുന്നില്ല. സിങ്കപ്പൂരിലെ ഗവേഷക പഠനത്തിനിടയിലാണ് മലയാളിയായ ഡോ.ഹരികൃഷ്ണൻ ചൈനീസുകാരിയായ ഡോ.ഗുയ് ചെങ്ങിനെ കാണുന്നതും പരിചയപ്പെടുന്നതും.തുടർന്നുള്ള ഇടപെടലുകളിൽ ഇവർ പ്രണയത്തിലും വീണു. എൻജിനീയറിങ് പഠനത്തിനുശേഷം സ്‌കോളർഷിപ്പോടെയാണ് ഹരികൃഷ്ണൻ സിംഗപ്പൂരിൽ എത്തുന്നത്.

ചൈനയിലെ ഗ്വാജ്‌ഡോങ് പ്രവിശ്യയിലെ ഷെൻജെൻ സിറ്റിയിലാണ് ഡോ. ഗുയ് ചെങ്ങിന്റെ സ്വദേശം.പരുവ കരിക്കോട് അരങ്കന്താനത്ത് റിട്ട. അദ്ധ്യാപക ദമ്പതിമാരായ സുകുമാരൻ നായരുടെയും ശ്യാമളയുടെയും മകനാണ് ഡോ. ഹരികൃഷ്ണൻ. കേരളത്തെ ഏറെ ഇഷ്ടപ്പെടുന്ന ചെങ് തനി മലയാളി മങ്കയായി സാരിയണിഞ്ഞ നാണം കുണുങ്ങി വിവാഹവേദിയിൽ നിന്നപ്പോൾ വരന്റെ മാതാപിതാക്കൾ ഹൃദയത്തോട് ചേർത്ത് സ്‌നേഹം പങ്കിട്ടു. കലൂർ ഐ.എം.എ ഹാളിൽ കേരളീയ ഹൈന്ദവ ആചാരപ്രകാരമാണ് ഗുയ് ചെങ്ങിന്റെ കഴുത്തിൽ ഹരികൃഷ്ണൻ താലി ചാർത്തിയത്.

ജർമനിയിൽ ജോലി ചെയ്യുന്ന യുവശാസ്ത്രജ്ഞരുടെ സുഹൃത്തുക്കളായി ചൈന, ജർമനി, സിംഗപ്പൂർ, ആസ്‌ട്രേലിയ, കാനഡ എന്നീ രാജ്യങ്ങളിൽനിന്നുള്ളവർ വിവാഹ ചടങ്ങിൽ പങ്കെടുത്തു. വിവിധ രാജ്യത്ത് നിന്നുള്ളവരുടെ പങ്കാളിത്തം രാജ്യങ്ങളുടെ തന്നെ ശ്രദ്ധ പിടിച്ചു പറ്റുന്നവയാണ്. അവർ എത്തിയതും കേരളത്തിന്റെ തനത് വേഷമണിഞ്ഞ്. ബന്ധുമിത്രാദികൾക്കും നാട്ടുകാർക്കും കൗതുകരമായിരുന്നു വിവാഹം. ഹരികൃഷ്ണൻ ബയോ ടെക്‌നോളജിയിലും ഗുയ്ഷിപ് ടെക്‌നോളജിയിലുമാണ് പിഎച്ച്.ഡി കരസ്ഥമാക്കിയിട്ടുള്ളത്.