ടുത്ത വർഷം വിവാഹിതരാകാൻ തീരുമാനിച്ചിരിക്കുകയായിരുന്നു ലണ്ടനിലെ ട്രാസി ബ്രൂക്ക്‌സും (45) റേ കെർഷായും(63). എന്നാൽ പൊടുന്നനെയാണ് റേയ്ക്ക് ഗുരുതര രോഗമാണെന്ന് കണ്ടെത്തുകയും ഉടൻ മരണമുണ്ടാകുമെന്ന് പ്രവചിക്കുകയുമുണ്ടായി. തുടർന്ന് ആശുത്രി ബെഡിൽ ഇവരുടെ വിവാഹം നടത്തുകയായിരുന്നു. സമ്മാനങ്ങളും ആശംസകളും ഒരുക്കി അപരിചിതർ ഇരുവരെയും അനുഗ്രഹിക്കാനെത്തിയിരുന്നു. റോച്ച്ഡാലിൽ നിന്നുമുള്ള ഒരു അപൂർവ ജീവിതകഥയാണിത്.

മാർച്ചിലായിരുന്നു റേയ്ക്ക് ഗുരുതരമായ കുടൽ കാൻസർ ബാധയുണ്ടെന്ന് തിരിച്ചറിഞ്ഞത്. നിലവിൽ റോച്ച്ഡാലിലെ സ്പ്രിങ്ഹിൽ ഹോസ്പീസിൽ നാളുകൾ എണ്ണപ്പെട്ട് കഴിയുകയാണ് റേ.റോച്ച്ഡാലിലെ ഷോക്ലൗഗിൽ കഴിയുന്ന ഇരുവരും ഇക്കഴിഞ്ഞ ശനിയാഴ്ചായായിരുന്നു ആശുപത്രിയിൽ വച്ച് വിവാഹിതരായത്. 24 മണിക്കൂറുകൾക്കിടെയായിരുന്നു ഈ വിവാഹം സംഘടിപ്പിച്ചത്. വിവാഹം ജൂൺ രണ്ടിന് നടത്താനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും റേയുടെ നില ദിവസം തോറും ഗുരുതരമായതിനെ തുടർന്ന് വിവാഹം കഴിയുന്നതും വേഗത്തിൽ നടത്തുകയായിരുന്നു.

ഇവരുടെ വിവാഹത്തിന് സഹായസഹകരണങ്ങൾ വാഗ്ദാനം ചെയ്ത് വിവാഹ സംഘാടകർ മുന്നോട്ട് വന്നതിനെ തുടർന്ന് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ നിരവധി പേരാണിതിന് സന്നദ്ധരായെത്തിയിരുന്നത്. വെഡിങ് കാറുകൾ, പൂക്കൾ, വെന്യൂ ഡ്രസുകൾ, കേക്ക്, തുടങ്ങി വിവാഹത്തിന് ആവശ്യമായതെല്ലാം സ്‌പോൺസർ ചെയ്ത് നിരവധി പേരെത്തിയിരുന്നു. തുടർന്ന് വളരെയടുത്ത ബന്ധുക്കൾ, സുഹൃത്തുക്കൾ, നഴ്‌സിങ് സ്റ്റാഫ്, തുടങ്ങിയവരുടെ സാന്നിധ്യത്തിൽ ഹോസ്പീസിൽ വച്ച് ഇവരുടെ വിവാഹം നടത്തുകയായിരുന്നു. ഇരുവർക്കും മറ്റുള്ളവരുടെ കരുണയും സഹതാപവും വാരിക്കോരി ലഭിച്ചിരുന്നുവെന്നാണ് ബ്രൈഡ്‌സ് മെയിഡും ബന്ധുവുമായി മെലീസ കിങ് വെളിപ്പെടുത്തുന്നത്. 

തങ്ങളുടെ വിവാഹം പ്രതികൂലമമായ സാഹചര്യത്തിലും യാഥാർത്ഥ്യമാക്കി തന്ന ഏവർക്കും നന്ദി രേഖപ്പെടുത്തി ദമ്പതികൾ ഫേസ്‌ബുക്ക് പോസ്റ്റിടുകയും ചെയ്തിരുന്നു. രോഗത്തിനിടയിലും വിവാഹത്തിന് മനസാന്നിധ്യമുണ്ടാക്കിയ നവദമ്പതികളുടെ ധൈര്യത്തെ പ്രശംസിച്ച് നിരവധി സോഷ്യൽ മീഡിയ യൂസർമാർ രംഗത്തെത്തിയിരുന്നു. ഇവരെ സഹായിക്കാൻ സാധിച്ചതിൽ സന്തോഷമേറെയുണ്ടെന്നാണ് ചടങ്ങിലേക്ക് കേയ്ക്ക് സംഭാവന നൽകിയിരിക്കുന്ന ബേക്കറായ ലായ്‌ല പാലിൻ പ്രതികരിച്ചിരിക്കുന്നത്.