ലാവതി മിസ്ട്രി എന്ന ലെയ്‌സെസ്റ്ററിലെ 48 കാരിയായ ഹിന്ദു സ്ത്രീയും അമേരിക്കയിലെ ടെക്‌സാസിലുള്ള മിറിയം ജെഫേർസൻ എന്ന സ്ത്രീയും ഇക്കഴിഞ്ഞ ശനിയാഴ്ച ലെയ്‌സെസ്റ്ററിൽ വച്ച് വിവാഹിതരായി ചരിത്രം സൃഷ്ടിച്ചു. കലാവതി യഹൂദ വനിതയെ വിവാഹം കഴിച്ചിരിക്കുന്നത് ഹിന്ദു ആചാരപ്രകാരമാണെന്നാണ് റിപ്പോർട്ട്. 20 വർഷത്തെ കടുത്ത പ്രണയത്തിനൊടുവിലായിരുന്നു ഇവരുടെ വിവാഹം. ആദ്യത്തെ ലെസ്‌ബിയൻ മിശ്രവിവാഹമായിട്ടാണ് ബ്രിട്ടീഷ് മാധ്യമങ്ങൾ ഇതിനെ ആഘോഷിക്കുന്നത്. വെളുത്തതും ചുവന്നതുമായി നിറങ്ങൾ ഇടകലർന്ന പരമ്പരാഗതമായ രീതിയിലുള്ള സാരിയായിരുന്നു ഇരുവരും ചടങ്ങിൽ ധരിച്ചത്.

ചടങ്ങിൽ ഇരുവരും പരമ്പരാഗതമായ വിവാഹമാലകൾ കൈമാറിയിരുന്നു. ഇതിന് പുറമെ മംഗളസൂത്ര നെക്ക്‌ലെയ്‌സുകളും അണിയിച്ചിരുന്നു. ജീവിതത്തിലുടനീളം കലാവതി തന്റെ ലൈംഗികത രഹസ്യമായി സൂക്ഷിക്കുകയായിരുന്നു ഇത്രയും നാൾ. മതപരമായ വിശ്വാസങ്ങൾ അനുസരിച്ച് കർക്കശമായ രീതിയിലായിരുന്നു അവരുടെ അച്ഛനമ്മമാർ അവരെ വളർത്തിയിരുന്നത്. തുടർന്ന് ഏതാനും വർഷങ്ങൾക്ക് മുമ്പാണ് കലാവതി തന്റെ താൽപര്യം മാതാപിതാക്കളെ പറഞ്ഞ് ബോധ്യപ്പെടുത്തിയത്. അവസാനം കുടുംബത്തിന്റെ അനുഗ്രഹം ഈ വിവാഹത്തിന് ലഭിച്ചിരുന്നുവെങ്കിലും ചടങ്ങ് നടത്താൻ ഹിന്ദു പുരോഹിതനെ ഇവർക്ക് ലഭിച്ചില്ല.

അവസാനം ലെയ്‌സെസ്റ്റർ സിറ്റി സെന്ററിലെ ചട്ട്ണി ഐവി റസ്‌റ്റോറന്റിൽ വച്ച് ഇവർ വിവാഹിതരാവുകയായിരുന്നു. ഈ അപൂർവ ചടങ്ങിന് സാക്ഷ്യം വഹിക്കാനായി ഇവരുടെ സുഹൃത്തുക്കളും കുടുംബക്കാരുമെത്തുകയും ചെയ്തു. ഒരു ഇന്റർഫെയ്ത്ത് ഓർഗനൈസേഷനിലാണ് നിലവിൽ ഇരുവരും ജോലി ചെയ്യുന്നത്. വിവാഹശേഷം മിറിയത്തിന്റെ ടെക്‌സാസിലുള്ള ഹോം ടൗണിലേക്കാണിവർ പറന്നിരിക്കുന്നത്. ഇനിയുള്ള കാലം ഇവിടെയാണിവർ ജീവിക്കുന്നത്. തനിക്ക് 26 വയസുള്ളപ്പോഴാണ് മിറിയത്തെ കണ്ടുമുട്ടിയതെന്ന് കലാവതി വെളിപ്പെടുത്തുന്നു.

താൻ അമേരിക്കയിൽ ഒരു ട്രെയിനിങ് കോഴ്‌സിൽ പങ്കെടുക്കാൻ പോയപ്പോഴാണത് സംഭവിച്ചതെന്നും അവർ ഓർക്കുന്നു. താൻ വളരെ പരമ്പരാഗതമായ കുടുംബപശ്ചാത്തലത്തിലാണ് കഴിഞ്ഞതെന്നും അതിനാൽ വിവാഹം തനിക്ക് നിർബന്ധമായിരുന്നുവെന്നും കലാവതി വെളിപ്പെടുത്തുന്നു. ആരെയെങ്കിലും വിവാഹം കഴിച്ച് ജീവിക്കണമെന്ന നിർബന്ധം തന്റെ മേലുണ്ടായിരുന്നവെന്നും അവർ പറയുന്നു. മിറിയത്തെ വിവാഹം കഴിക്കുന്നതിനെ കുടുംബം നന്നായി പിന്തുണച്ചിരുന്നു. താൻ സ്വവർഗാനുരാഗിയാണെന്ന് വളരെ ചെറിയ പ്രായത്തിൽ തന്നെ തിരിച്ചറിഞ്ഞിരുന്നു.

എന്നാൽ വളരെ പരമ്പരാഗതമായ രീതിയിൽ ജീവിച്ചിരുന്ന കുടുംബക്കാരോടും സുഹൃത്തുകളോടും ഇത് തുറന്ന് പറയുക തുടക്കത്തിൽ എളുപ്പമായിരുന്നില്ലെന്നും അവസാനം എല്ലാവരെയും പറഞ്ഞ് ബോധ്യപ്പെടുത്താനും വിവാഹത്തിന് അനുവാദം നേടാനും സാധിച്ചുവെന്നും കലാവതി വെളിപ്പെടുത്തുന്നു. വിവാഹത്തെ അനുകൂലിച്ച് നിരവധി ഹിന്ദു പുരോഹിതന്മാർ മുന്നോട്ട് വന്നിരുന്നുവെങ്കിലും ഇത്തരം ഒരു വിവാഹത്തിന് കാർമികത്വം വഹിക്കാൻ അവരാരും തയ്യാറായിരുന്നില്ലെന്നും കലാവതി അൽപം വേദനയോടെ പറയുന്നു. ഹിന്ദു വിശ്വാസത്തിൽ നിന്ന് കൊണ്ട് തന്നെ ചില യഹൂദ വിശ്വാസങ്ങളും പിന്തുടരാനാണ് കലാവതിയുടെ തീരുമാനം.

വിവാഹമെന്ന സങ്കൽപത്തിൽ താൻ വിശ്വസിക്കുന്നില്ലെങ്കിലും കലാവതിയെ സംബന്ധിച്ചിടത്തോളം ഇതിന് പ്രാധാന്യമേറെയുള്ളതിനാൽ വിവാഹത്തിന് സമ്മതിക്കുകയായിരുന്നുവെന്നാണ് മിറിയം പറയുന്നത്. കാരണം കലാവതിക്കൊപ്പം ജീവിക്കുകയെന്നത് തന്നെ സംബന്ധിച്ചിടത്തോളം അനിവാര്യമാണെന്നും മിറിയം വിശദീകരിക്കുന്നു. സ്വവർഗ വിവാഹത്തെ വിശ്വാസത്തിന്റെയും പരമ്പരാഗത ആചാരത്തിന്റെയും പേരിൽ അംഗീകരിക്കാൻ പേടിക്കുന്ന നിരവധി പേർ ഇന്നുമുണ്ടെന്നും മിറിയം പറയുന്നു. തങ്ങൾ ഇരുവരും ഈ വിവാഹത്തിലൂടെ ശരിയായദിശയിലാണ് നീങ്ങിയിരിക്കുന്നതെന്നും ഈ യഹൂദ വനിത വിശ്വസിക്കുന്നു.