തിരുവനന്തപുരം: മുത്തലാഖിന് സുപ്രീംകോടതി നിരോധനം ഏർപ്പെടുത്തി. സ്ത്രീയുടെ അവകാശ സംരക്ഷണത്തിനാണ് ഇത്. എന്നാൽ തിരുവനന്തപുരത്തെ യുവതിക്ക് മൊഴി ചൊല്ലൽ നേടേണ്ടത് അനിവാര്യതായിരുന്നു. അതിനായി വിവാഹത്തിന്റെ പിറ്റേന്ന് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. അങ്ങനെ വിവാഹ മോചവും സാധ്യമായി.

കാമുകനൊപ്പം പോകുന്നതിന് വേണ്ടിയാണ് യുവതി ആത്മഹത്യാ നാടകം നടത്തിയത്. കഴിഞ്ഞ 20ന് ആതിര ഓഡിറ്റോറിയത്തിലായിരുന്നു അരുവിക്കര സ്വദേശിയായ വരന്റേയും പറണ്ടോട് സ്വദേശിനിയായ യുവതിയുടെയും വിവാഹം. വീട്ടുകാരെ പിണക്കാതിരിക്കാൻ നിക്കാഹിന് സമ്മതം മൂളിയ യുവതി വ്യക്തമായ തിരക്കഥയിലൂടെ നീങ്ങി ലക്ഷ്യം നേടുകയായിരുന്നു.

മുസ്ലിം ആചാര പ്രകാരം വിവാഹരാത്രിയിൽ വധുവിന്റെ വീട്ടിലായിരുന്നു. ഈ സമയം വിവരങ്ങൾ ഇവർ ഭർത്താവിനോട് പറഞ്ഞു. പിറ്റേന്ന് ബന്ധുക്കളെത്തി വധുവിനേയും വരനേയും വരന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി. എന്നാൽ തനിക്ക് കാമുകനുണ്ടെന്നും അയാൾക്കൊപ്പം മാത്രമേ താമസിക്കൂ എന്നും വധു ഉറച്ചു നിന്നു. ഇതിനിടെ കയ്യിലെ ഞരമ്പ് മുറിച്ച് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇതോടെ ഭർതൃവീട്ടുകാർ ആശങ്കയിലായി.

ഒടുവിൽ മതാചാര പ്രകാരം യുവതിയെ മൊഴി ചൊല്ലി. വരന്റെ വീട്ടുകാർക്ക് യുവതിയുടെ വീട്ടുകാർ നഷ്ടപരിഹാരവും നൽകി. തുടർന്ന് യുവതിയുടെ വീട്ടുകാർ കാമുകനെതിരെ തിങ്കളാഴ്ച പൊലീസിൽ പരാതി നൽകി. വിവാഹവാഗ്ദാനം നൽകി പറ്റിച്ചുവെന്നായിരുന്നു പരാതി. ചൊവ്വാഴ്ച കാമുകന്റെ വീട്ടുകാരെ കൂടി വിളിച്ചു വരുത്തി പൊലീസ് ഒത്തുതീർപ്പ് ധാരണയുണ്ടാക്കി. പെൺകുട്ടിയെ വിവാഹം കഴിക്കാൻ കാമുകനും കുടുംബവും സമ്മതം അറിയിച്ചു.

അപ്പോഴാണ് അടുത്ത പ്രശ്നം ഉടലെടുത്തത്. കാമുകന് 20 വയസാണ് പ്രായം. തൽക്കാലം മതപരമായ ചടങ്ങുകൾ നടത്താനും വിവാഹം ഒരു വർഷത്തിന് ശേഷം നടത്താനും തീരുമാനമായി.