ലണ്ടൻ: കുടുംബ ജീവിതത്തിന്റെ അടിത്തറ ക്രൈസ്തവ ദർശനത്തിൽ ആകണമെന്ന ആകമാന ക്രൈസ്തവ സഭകളുടെ പൊതു സന്ദേശം പുതിയ തലമുറയിലേക്ക് പകരുന്നതിന്റെ ഭാഗമായി നടത്തപ്പെടുന്ന മാര്യേജ് പ്രിപ്പറേഷൻ ക്ലാസ്സുകൾക്ക് യു കെ യിൽ തുടക്കമായി. ഇന്ത്യൻ ഓർത്തഡോക്‌സ് സഭയുടെ യു കെ, യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ഭദ്രാസന മെത്രാപ്പൊലീത്ത ഡോ. മാത്യൂസ് മാർ തിമോത്തിയോസിന്റെ അനുഗ്രഹാശിസുകളോടെ ഭദ്രാസന മാര്യേജ് കൗൺസിലിങ് വൈസ് പ്രസിഡന്റ് ഫാ. വർഗ്ഗീസ് ജോൺ മന്നാശ്ശേരി ലണ്ടനിൽ ഉദ്ഘാടനം നിർവ്വഹിച്ചു.

എല്ലാ വർഷവും ഓഗസ്റ്റ്, നവംബർ മാസങ്ങളിൽ നടത്തപ്പെടുന്ന പ്രീ മാരിറ്റൽ ആൻഡ് പോസ്റ്റ് മാരിറ്റൽ കൗൺസിലിംഗിനുവേണ്ടി ഡോ. സെൻ കല്ലുംപുറം കൺവീനറായി പ്രവർത്തിക്കുന്ന സമിതിയിൽ ഫാ. ജോയ് ജോർജ്ജ്, ഫാ. തോമസ് പി ജോൺ, ഫാ. അനീഷ് വർഗ്ഗീസ്, ഫാ. ഹാപ്പി ജേക്കബ്ബ്, ഫാ. എം എസ് അലക്‌സാണ്ടർ, ഡോ. സന്ദീപ്, ഡോ. റെബേക്ക, ഡോ. സുമ തുടങ്ങിയവർ പ്രവർത്തിക്കുന്നു.

നവംബറിൽ നടന്ന ആദ്യ കൗൺസിലിംഗിൽ 9 പേർ പങ്കെടുത്തു. കുടുംബ ജീവിതത്തിന്റെ ക്രൈസ്തവ സാക്ഷ്യം പുതിയ തലമുറയിലേക്ക് പകർന്ന് കൊടുക്കുന്നതോടൊപ്പം അനുദിന ജീവിതത്തിൽ പാലിക്കപ്പെടേണ്ട മാനസികവും ശാസ്ത്രീയവുമായ വിവിധങ്ങളായ പ്രശ്‌നങ്ങളെക്കുറിച്ചും അത് നേരിടേണ്ട രീതികളെക്കുറിച്ചും പ്രഗത്ഭരുടെ ക്ലാസ്സുകൾ ഏറെ പ്രയോജനകരമായിരുന്നുവെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

ഫാ. വർഗ്ഗീസ് ജോൺ, ഫാ. അനീഷ് വർഗ്ഗീസ്, ഡോ. സെൻ കല്ലുംപുറം, ഡോ. റെബേക്ക, ഡോ. സുമ തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ക്ലാസുകളെടുത്തു. എല്ലാ വർഷവും രണ്ടുപ്രാവശ്യം നടത്തപ്പെടുന്ന ഈ കൗൺസിലിംഗിന് പങ്കെടുക്കുവാൻ താൽപര്യമുള്ളവർ അതാതു പള്ളികളുമായോ ഭദ്രാസന ഓഫീസുമായോ ബന്ധപ്പെടണമെന്ന് ഫാ. വർഗ്ഗീസ് ജോൺ മന്നാശ്ശേരിൽ അറിയിച്ചു.