- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാട്രിമോണിയൽ സൈറ്റ് വഴി പരിചയം; വിദേശത്തു ജോലിയെന്ന് പറഞ്ഞ് അദ്ധ്യാപികയുമായി അടുത്തു കൂടി; വിവാഹം കഴിക്കാമെന്ന് ധാരണയാക്കിയ ശേഷം പലപ്പോഴായി തട്ടിയെടുത്തത് 15 ലക്ഷത്തോളം രൂപ; വിവാഹ തട്ടിപ്പു വീരനെന്ന് ബോധ്യമായതോടെ പൊലീസിൽ പരാതി നൽകി; പിന്നാലെ എത്തിയത് ഭീഷണിക്കോളുകൾ; കോഴിക്കോട്ടെ യുവതി ഭയപ്പാടിൽ
കോഴിക്കോട്: മാട്രിമോണിയൽ വെബ്സൈറ്റുകളിൽ നിന്ന് പുനർവിവാഹിതരാകാൻ താത്പര്യമുള്ള സാമ്പത്തിക ഭദ്രതതയുള്ള സ്ത്രീകളെ കണ്ടെത്തി വഞ്ചിക്കുന്നയാൾക്കെതിരെ പരാതി നൽകിയ സ്കൂൾ അദ്ധ്യാപികക്ക് ഫോൺ വഴി ഭീഷണി. മാവേലിക്കര കണ്ണമംഗലം നോർത്ത് ഇലഞ്ഞിവീട്ടിൽ തറയിൽ കെകെ ബാലൻ മകൻ ബിജുബാലൻ എന്ന വ്യക്തിക്കെതിരെ പരാതി നൽകിയ കോഴിക്കോട് കോട്ടൂളിയിൽ താമസിക്കുന്ന കോഴിക്കോട് ജില്ലയിലെ ഒരു സർക്കാർ സ്കൂളിലെ ഹയർസെകണ്ടറി വിഭാഗം അദ്ധ്യാപികയെയാണ് കഴിഞ്ഞ ദിവസവും ഇന്നും ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത്.
ബിജുബാലൻ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് വഞ്ചിച്ച് അദ്ധ്യാപികയിൽ നിന്ന് 15 ലക്ഷം രൂപയിലധികം കൈക്കലാക്കിയ സംഭവത്തിൽ അദ്ധ്യാപിക കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഈ പരാതി ഒത്തുതീർക്കാനെന്ന പേരിൽ തിരുവനന്തപുരം സ്വദേശിയായ സുമേഷ് ജിഎസ് എന്ന വ്യക്തിയാണ് ആദ്യം അദ്ധ്യാപികയെ ഫോണിൽ വിളിച്ചത്. എന്നാൽ നിങ്ങളുമായ സംസാരിക്കാൻ താത്പര്യമില്ലെന്ന് അദ്ധ്യാപിക അറിയിച്ചെങ്കിലും വീണ്ടും വീണ്ടും ഫോണിൽ വിളിച്ച് ശല്യം ചെയ്യുകയായിരുന്നു. കേസിൽ മദ്ധ്യസ്ഥനായിട്ടാണ് താൻ വിളിക്കുന്നത് എന്നാണ് സുമേഷ് എന്ന വ്യക്തി പറഞ്ഞത്. ബിജുബാലനാണ് അദ്ധ്യാപികയുടെ ഫോൺ നമ്പർ സുമേഷിന് നൽകിയത്. എന്നാൽ ബിജുബാലനെ അറിയില്ലെന്നും സുമേഷ് പറയുന്നു. പരാതിക്കാരിയെയോ ബിജുബാലനെയോ അറിയാത്ത ആൾ എങ്ങിനെയാണ് കേസിൽ മദ്ധ്യസ്ഥനാകുന്നത് എന്ന് ചോദിച്ചെങ്കിലും ഇയാൾ കൃത്യമായ മറുപടി നൽകിയില്ല. നിരവധി സ്ത്രീകളെ വഞ്ചിക്കുകയും ലക്ഷക്കണക്കിന് രൂപ തട്ടിപ്പ് നടത്തുകയും ചെയ്ത ബിജുബാലന് വേണ്ടി മദ്ധ്യസ്ഥനാകാൻ മലപ്പുറത്തുള്ള ഹബീഹ് എന്നയാളാണ് തന്നെ ചുമതലപ്പെടുത്തിയത് എന്നും സുമേഷ് ജിഎസ് ഫോണിൽ പറഞ്ഞു.
ഇതിന് മുമ്പ് 8902334879 എന്ന നമ്പറിൽ നിന്നും പേര് വെളിപ്പെടുത്താത്ത ഒരാൾ പരാതിക്കാരിയെ വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. താക്കീത് നൽകാനാണ് വിളിച്ചതെന്നാണ് ഇയാൾ പറഞ്ഞത്. എവിടെ നിന്നാണ് എന്ന് ചോദിച്ചപ്പോൾ താലിബാനിൽ നിന്നാണ് എന്നാണ് മറുപടി നൽകിയത്. നേരത്തെ ബിജുബാലനുമായി ബന്ധപ്പെട്ട ഒരു ഫോൺ നമ്പറിലേക്ക് പരാതിക്കാരി തന്നിൽ ബിജുബാലൻ തട്ടിയെടുത്ത് പണം തിരികെ ആവശ്യപ്പെട്ട് മെസേജ് അയച്ചിരുന്നു. എന്നാൽ ഇനി അത്തരം മെസേജുകൾ അയച്ചാൽ ഭവിഷ്യത്തുകൾ അനുഭവിക്കേണ്ടി വരുമെന്നും ഫോൺ ഇന്ന് ലഭിച്ച ഫോൺസന്ദേശത്തിൽ പറയുന്നു. ഭീഷണി കോളുകൾക്കെതിരെ അദ്ധ്യാപിക പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
കോഴിക്കോട് കോട്ടൂളിയിൽ താമസിക്കുന്ന ഹയർസെക്കണ്ട സ്കൂൾ അദ്ധ്യാപികയാണ് മാവേലിക്കര കണ്ണമംഗലം നോർത്ത് ഇലഞ്ഞിവീട്ടിൽ തറയിൽ കെകെ ബാലൻ മകൻ ബിജുബാലൻ എന്ന വ്യക്തിക്കെതിരെ കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുന്നത്. വിവാഹം കഴിക്കാമെന്ന് തെറ്റിദ്ധരിപ്പിച്ചും നിരവധി കള്ളങ്ങൾ പറഞ്ഞും 15 ലക്ഷം രൂപയോളം തട്ടിയെടുത്തു എന്ന് കാണിച്ചാണ് പരാതി. വിവിധ ഘട്ടങ്ങളിലായി 15 ലക്ഷം രൂപയോളം പരാതിക്കാരിയെ കബളിപ്പിച്ച് കൈക്കലാക്കിയെന്നാണ് പരാതി. വിവാഹമോചിതയും 18 വയസ്സുള്ള ആൺകുട്ടിയുടെ മാതാവും കോഴിക്കോട്ടെ ഒരു സ്കൂളിൽ ഹയർസെകണ്ടറി വിഭാഗം അദ്ധ്യാപികയുമായ പരാതിക്കാരി ശാദിഡോട്ട്കോം എന്ന മാട്രിമോണിയൽ സൈറ്റ് വഴിയാണ് ബിജുബാലനെ പരിചയപ്പെട്ടത്.
ഇരുവരും പ്രസ്തുത മാട്രിമോണിയൽ സൈറ്റിൽ രജിസ്റ്റർ ചെയ്തിരുന്നവരാണ്. ഇരുവരും പുനർവിവാഹത്തിന് വേണ്ടിയാണ് പ്രസ്തുത സൈറ്റിൽ രജിസ്റ്റർ ചെയ്തിരുന്നത്. പരാതിക്കാരിയുടെ പ്രൊഫൈൽ കണ്ട് ബിജുബാലൻ ആദ്യം ഫോൺ വഴി ബന്ധപ്പെടുകയും പിന്നീട് കോഴിക്കോട് വെച്ച് ഇരുവരും നേരിൽ കാണുകയും ചെയ്തു. വിവാഹത്തിന് തയ്യാറാണെന്നും വിദേശ രാജ്യങ്ങളിൽ വിവിധ ബിസിനസുകൾ ഉണ്ടെന്നും നേരത്തെ വിവാഹം കഴിച്ചതാണെന്നും ആ ബന്ധത്തിൽ ഒരു കുട്ടിയുണ്ടെന്നും ബിജുബാലൻ പരാതിക്കാരിയെ ബോധ്യപ്പെടുത്തി. പിന്നീട് തുടർച്ചയായി മെസേജുകളയച്ചും ഫോൺ വിളിച്ചും പരാതിക്കാരിയുമായി മാനസികമായി അടുപ്പം സ്ഥാപിക്കുകയുമായിരുന്നു. വിവാഹം കഴിക്കാമെന്നും വീട്ടുകാരുമായി ആലോചിച്ച് ആചാരപ്രകാരം ചടങ്ങുകൾ നടത്താമെന്നും ബിജുബാലൻ പരാതിക്കാരിയെ ധരിപ്പിച്ചു.
മകൻ ഉന്നത വിദ്യാഭ്യാസത്തിന് വേണ്ടി പുറത്ത് പോകുമ്പോൾ തനിക്കൊരു കൂട്ട് വേണമെന്ന ചിന്തയിൽ പരാതിക്കാരിയും വിവാഹത്തിന് തയ്യാറായി. ഇതിനിടയിൽ പരാതിക്കാരിയുടെ മകന് ബാംഗ്ലൂരിലെ ഒരു കോളേജിൽ അഡ്മിഷൻ ശരിയാക്കി തരാമെന്ന് പറഞ്ഞ് അഞ്ച് ലക്ഷം രൂപ കൈക്കലാക്കിയിരുന്നു. അഡ്മിഷൻ തിയ്യതി കഴിഞ്ഞിട്ടും അഡ്മിഷൻ ശരിയാകാത്തതിനെ തുടർന്ന് പരാതിക്കാരി പണം തിരികെ ചോദിക്കുകയും ചെയ്തു. അപ്പോഴെല്ലാം ഓരോ കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് ഉണ്ടായത്. ഇതിനിടയിൽ പരാതിക്കാരിയുമായി ശാരീരിക ബന്ധത്തിലേർപ്പെടാൻ നിർബന്ധിക്കുകയും ചെയ്തു. എന്നാൽ വിവാഹം കഴിഞ്ഞതിന് മാത്രം അത്തരം കാര്യങ്ങളെ കുറിച്ച് ചിന്തിക്കാമെന്ന് പറഞ്ഞ് പരാതിക്കാരി ഒഴിഞ്ഞുമാറുകയാണ് ചെയ്തത്.
പിന്നീട് പലപ്പോഴായി പല കാരണങ്ങൾ പറഞ്ഞ് 10 ലക്ഷത്തിലധികം രൂപ ബിജുബാലൻ പരാതിക്കാരിയിൽ നിന്നും തട്ടിയെടുത്തു. എന്തായാലും ഭാവിയിൽ നമ്മൾ വിവാഹിതരാവേണ്ടവരല്ലെ എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ബിജുബാലൻ പണം വാങ്ങിയത്. കോളേജ് അഡ്മിഷന്റെ പേരിൽ അഞ്ച് ലക്ഷം രൂപ വാങ്ങിയതിന് ശേഷം 2019 ഡിസംബറിലാണ് ബിജുബാലൻ പിന്നീട് പണം ആവശ്യപ്പെട്ടത്. ബിസിനസ് ആവശ്യാർത്ഥം 67 ലക്ഷം രൂപ അത്യാവശ്യമായി വേണമെന്നും അതിലേക്കായി കുറച്ച് തുക കൂടി ശരിയാകാനുണ്ടെന്നും പറഞ്ഞ് പരാതിക്കാരിയിൽ നിന്ന് രണ്ട് തവണകളായി രണ്ടര ലക്ഷം രൂപ വാങ്ങി.
അത് തിരികെ തരാമെന്ന് പറഞ്ഞ് ചെക്കിന്റെ ഫോട്ടോ വാട്സ്ആപ്പ് വഴി അയച്ചുകൊടുക്കുകയും ചെയ്തു. പിന്നീട് 2020 ഫെബ്രുവരിയിൽ നാല് തവണയായി മറ്റൊരു രണ്ടര ലക്ഷം രൂപയും ബിജുബാലൻ പരാതിക്കാരിയിൽ നിന്ന് കൈക്കലാക്കി. അന്ന് അമ്മക്ക് അസുഖമാണെന്നും എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലാണെന്നും വിധഗ്ധ ചികിത്സക്കായി ചെന്നൈ അപ്പോളോ ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്നും പറഞ്ഞാണ് അന്ന് പണം ആവശ്യപ്പെട്ടത്. മാതാപിതാക്കൾ മരണപ്പെട്ട പരാതിക്കാരി തന്റെ ഭർത്താവാകാൻ പോകുന്ന ആളിന്റെ അമ്മയ്ക്ക് വേണ്ടിയല്ലെ എന്ന് കരുതി പണം നൽകുകയും ചെയ്തു. പിന്നീട് ഒരു ബിസിനസിൽ ചേർക്കാനെന്ന് പറഞ്ഞ് 68500 രൂപയും പിന്നീട് ബാങ്കിൽ നിന്നും 10 കോടി രൂപ ലഭിക്കാനുണ്ട് അത് ലഭിക്കണമെങ്കിൽ പഴയ അക്കൗണ്ടുകൾ അവസാനിപ്പിക്കണമെന്നും അതിനായി അത്യാവശ്യം 110000 രൂപ വേണെന്നും പറഞ്ഞു.
രണ്ട് ദിവസങ്ങൾക്കകം ബാങ്കിൽ നിന്ന് 10 കോടി ലഭിക്കുമെന്നും അത് ലഭിച്ചാലുടൻ നേരത്തെ പരാതിക്കാരിയിൽ നിന്നും വാങ്ങിയ മുഴുവൻ പണവും തിരികെ നൽകാമെന്നും പറഞ്ഞു. അതിനായി രണ്ട് ഘട്ടങ്ങളിലായി 1 ലക്ഷം രൂപ ബിജുബാലൻ കൈക്കലാക്കുകയും ചെയ്തു. പിന്നീട് രണ്ട് ദിവസം കഴിഞ്ഞ് അന്വേഷിച്ചപ്പോൾ ബാങ്കിൽ നിന്നും ആ പണം ലഭിച്ചില്ലെന്നും രണ്ടാഴ്ച സമയമെടുക്കുമെന്നും അറിയിച്ചു. രണ്ടാഴ്ച കഴിഞ്ഞിട്ടും ഓരോ കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞുമാറി. ഇതിനു പുറമെ രണ്ട് ഘട്ടങ്ങളായി 14000 രൂപ വേറെയും ഇയാൾ കൈക്കലാക്കിയിരുന്നു. പിന്നീട് മലേഷ്യയിൽ ബിജുബാലന്റെ ബിസിനസിൽ പങ്കാളിയാക്കാമെന്നും നാട്ടിലെ ജോലിയിൽ നിന്നും ലീവെടുത്ത് മലേഷ്യയിൽ പോയി ജോലി ചെയ്യാമെന്നും പറഞ്ഞ് വീണ്ടും പരാതിക്കാരിയിൽ നിന്നും പണം തട്ടിയെടുത്തു. വിസയും മറ്റു കാര്യങ്ങളും ശരിയാക്കാനാണെന്നും പറഞ്ഞ് ആദ്യം 160000 രൂപയും പിന്നീട് വീട്ടിൽ വന്ന് രണ്ട് ലക്ഷം രൂപയും ബിജുബാലൻ കൈക്കലാക്കി.
ഇതിന് ശേഷം വിദേശത്ത് പോകുന്നതിനെ കുറിച്ചോ ബിസിനസിനെ കുറിച്ചോ സംസാരിക്കുന്നതൊന്നും ഇല്ലായാതായതോടെ പരാതിക്കാരി തന്റെ ഒരു ബന്ധുവിനോട് ബിജുബാലനെ കുറിച്ച് അന്വേഷിക്കാൻ പറയുകയായിരുന്നു. പരാതിക്കാരിയുടെ തിരുവനന്തപുരത്തുള്ള ബന്ധുവും മറ്റു ബന്ധുക്കളും ചേർന്ന് നടത്തിയ അന്വേഷണത്തിൽ ബിജുബാലന് നിയമപരമായി നിലനിൽക്കുന്ന ഒരു ഭാര്യയും മകളുമുണ്ടെന്നും അവർ എറണാകുളത്ത് താമസിക്കുകയാണ് എന്നും കണ്ടെത്തുകയായിരുന്നു. ഇവരും കൂടി അറിഞ്ഞാണ് ബിജുബാലൻ ഈ തട്ടിപ്പുകൾ നടത്തുന്നത് എന്നും പരാതിക്കാരി പറയുന്നു. ബിജുബാലനെതിരെ രാജ്യത്തിന് പുറത്തും സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലുമായി നിരവധി കേസുകളുണ്ടെന്നും കണ്ടെത്തി.
കരുനാഗപ്പള്ളി പൊലീസ് ഇയാൾക്കെതിരെ ഒരു കേസിൽ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. ഖത്തറിൽ ഒരു കുടുംബത്തെ വഞ്ചിച്ചതിന്റെ പേരിൽ ഖത്തറിലും ഇയാൾക്കെതിരെ കേസുകൾ നിലനിൽക്കുന്നുണ്ട്. ഈ കേസിന്റെ പേരിൽ ഇയാൾക്ക് യാത്ര വിലക്കുമുണ്ടായിരുന്നു. എന്നാൽ ശാദിഡോട്ട്കോം വഴി തന്നെ പരിചയപ്പെട്ട വിദേശകാര്യ മന്ത്രാലയത്തിൽ നേരത്തെ ജോലി ചെയ്തിരുന്ന ഒരു സ്ത്രീ ഇടപെട്ടുകൊണ്ട് ബിജുബാലന്റെ യാത്രവിലക്ക് താത്കാലികമായി നീക്കിയിരുന്നു. ഈ ആനുകൂല്യം മുതലെടുത്ത് ഇയാൾ മറ്റൊരു സ്ത്രീയുമൊത്ത് കുറച്ച് കാലം ദുബൈയിലും എത്തിയിരുന്നു. ശാദിഡോട്ട്കോം ഉൾപ്പെടെയുള്ള മാട്രിമോണിയൽ സൈറ്റുകളിൽ നിന്ന് സാമ്പത്തിക ഭദ്രതയുള്ള പുനർവിവാഹം ആലോചിക്കുന്ന സ്ത്രീകളുടെ പ്രൊഫൈലുകൾ തപ്പിയെടുത്ത് അവരെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പറ്റിക്കുന്നത് ഇയാളുടെ സ്ഥിരം പരിപാടിയാണെന്നും പരാതിക്കാരി പറയുന്നു.
പണം തിരികെ ലഭിക്കുന്നതിനായി പരാതിക്കാരി നടത്തിയ അന്വേഷണത്തിൽ ഇയാൾ ഇത്തരത്തിൽ എറണാകുളത്ത് ജിംനേഷ്യം നടത്തുന്ന ഒരു സ്ത്രീയെയും ബാംഗ്ലൂരിൽ ജോലി ചെയ്യുന്ന മറ്റൊരു സ്ത്രീയെയും വഞ്ചിച്ചിട്ടുള്ളതായി അറിയാൻ കഴിഞ്ഞിട്ടുണ്ട്. ബിജുബാലന്റെ വീട്ടുകാരും ഇയാളുടെ തട്ടിപ്പിന് കൂട്ടുനിൽക്കുന്നുണ്ട്. ഇയാൾ കഴിഞ്ഞ ദിവസം ചെന്നൈയിലുള്ള തായ്ലാന്റ് എംബസി വഴി തായാലാന്റിലേക്കുള്ള വിസക്ക് അപേക്ഷിച്ചിട്ടുണ്ടെന്നും പരാതിക്കാരി പറയുന്നു. പലപ്പോഴായി പരാതിക്കാരിയിൽ നിന്നും 15,52,500 രൂപ ബിജുബാലൻ തട്ടിയെടുത്തിട്ടുണ്ട്. പരാതിക്കാരി നിരന്തരമായി പണം തിരികെ ആവശ്യപ്പെട്ടപ്പോൾ ഒരു പ്രാവശ്യം ചെക്ക് കൊറിയർ വഴി അയച്ചിട്ടുണ്ടെന്ന് പറഞ്ഞ് ഡിടിഡിസി കൊറിയറിന്റെ രസീറ്റ് അയച്ചുകൊടുത്തിരുന്നു.
എന്നാൽ ചെക്ക് വന്നിരുന്നില്ല. പിന്നീട് രസീതിയിലുള്ള കൊറിയർ ഓഫീസിൽ അന്വേഷിച്ചപ്പോൾ മനസ്സിലായത് ഒരു കവർ കൊണ്ടുവന്ന് അഡ്രസ് എഴുതി തന്നിരുന്നെന്നും ബില്ല് അടിച്ചതിന് ശേഷം രസീതിയുടെ ഫോട്ടോ എടുത്ത് കവറിൽ ഒരു സാധനം കൂടി വെക്കാനുണ്ടെന്ന് പറഞ്ഞ് കവർ തിരികെ വാങ്ങുകയുമായിരുന്നു എന്നാണ്. ഇത്തരത്തിൽ വളരെ ആസൂത്രിതമായിട്ടാണ് ബിജുബാലൻ ഓരോരുത്തരെയും പറ്റിക്കുന്നത്. നിലവിൽ പരാതിക്കാരിയെ ഫോണിൽ ബ്ലോക്ക് ചെയ്തിരിക്കുകയാണ്. മറ്റ് നമ്പറുകളിൽ നിന്ന് ബിജുബാലനെ ബന്ധപ്പെടാൻ പരാതിക്കാരി ശ്രമിച്ചെങ്കിലും ആദ്യം ഫോണെടുക്കുയും ആരാണെന്ന് മനസ്സിലാക്കിയതിന് ശേഷം ആ നമ്പറുകളും ബ്ലോക്ക് ചെയ്യുകയാണുണ്ടായത്.