ന്യൂഡൽഹി: നരേന്ദ്ര മോദിയുടെ കീഴിൽ ബിജെപി ഉത്തർപ്രദേശിലും ബിഹാറിലുമൊക്കെ തേരോട്ടം നടത്തിയപ്പോൾ ഏറ്റവും ക്ഷീണം സംഭവിച്ചത് യാദവന്മാർക്കാണ്. ഉത്തരേന്ത്യയിലെ പ്രമുഖ യാദവന്മാരായ മുലായം സിങ് യാദവും ലാലു പ്രസാദ് യാദവിന്റെയും അടിത്തത തകർത്തായിരുന്നു ലോക്‌സഭയിൽ ബിജെപി മുന്നിലെത്തിയത്. അതുകൊണ്ട് തന്നെ ഇനി വരുന്ന തെരഞ്ഞെടുപ്പുകളെ ഒരുമിച്ച് നേരിടാൻ ദേശീയ തലത്തിൽ കക്ഷികൾ ധാരണയാക്കി വരികയാണ്. ഇങ്ങനെ ബന്ധം കൂടുതൽ ഊട്ടിയുറപ്പിക്കാൻ വിവാഹവും വേദിയാക്കുകയാണ് ദേശീയ രാഷ്ട്രീയത്തിലെ പ്രമുഖരായ യാദവന്മാർ.

ആർ.ജെ.ഡി അദ്ധ്യക്ഷൻ ലാലു പ്രസാദ് യാദവും സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷൻ മുലായം സിങ് യാദവുമാണ് വിവാഹത്തിലൂടെ പുതിയ സഖ്യം തുറക്കാൻ ഒരുങ്ങുന്നത്. ലാലുവിന്റെ ഇളയ മകൾ രാജലക്ഷ്മിയെയാണ് മുലായം സിങ് യാദവിന്റെ അനന്തരവന്റെ മകൻ തേജ് പ്രതാപ് വിവാഹം ചെയ്യാൻ പോകുന്നത്. ഡിസംബർ പകുതിയോടെ വിവാഹ നിശ്ചയവും അടുത്ത വർഷം ഫെബ്രുവരിയിൽ വിവാഹവും നടക്കുമെന്നാണ് സൂചന.

ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മുലായം സിങ് ഒഴിഞ്ഞ മെയിൻപുരി മണ്ഡലത്തിൽ നിന്ന് തേജ്പ്രതാപ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 1990ലാണ് മുലായവും ലാലുവും തമ്മിൽ തെറ്റിയത്. 1997ലെ ഐക്യസർക്കാരിൽ താൻ പ്രധാനമന്ത്രിയാവുന്നതിന് ലാലുവാണ് തടസം നിന്നതെന്ന് മുലായം പൊതുമദ്ധ്യത്തിൽ തുറന്ന് പറഞ്ഞിരുന്നു. പകരം ഐ.കെ.ഗുജ്‌റാളാണ് പ്രധാനമന്ത്രിയായത്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഒരുമിച്ചു നിന്നില്ലെങ്കിൽ കാര്യങ്ങൾ പങ്കിയാകില്ലെന്ന തിരിച്ചറിവിൽ നിന്നാണ് രണ്ട് യാദവ പാർട്ടികളും ഒരുമിച്ച് നീങ്ങാൻ ഒരുങ്ങുന്നത്.