ദീർഘനാൾ ആരാധകരുടെ ഉള്ളിൽ നിറഞ്ഞു നിന്നിരുന്ന സംശയത്തിന് വിരാമമിട്ട് ബോളിവുഡ് താര ജോഡികൾ വിവാഹിതരാകുന്നുവെന്ന് സ്ഥിരീകരണം. യുവനടൻ അർജ്ജുൻ കപൂറും നടി മലൈക അരോറയും വിവാഹിതരാകുന്നുവെന്ന വാർത്തകളാണ് ഇപ്പോൾ ആരാധകരുടെ ഉള്ളിൽ സന്തോഷം നിറയ്ക്കുന്നത്. ഇവർ ദീർഘനാളായി പ്രണയത്തിലായിരുന്നു. 2019ൽ ഇവരുടെ വിവാഹം നടക്കുമെന്ന് ഫിലിംഫെയർ മാസികയിലൂടെയാണ് ഏവരും അറിഞ്ഞത്.

ഇവർ പ്രണയത്തിലാണെന്ന ഗോസിപ്പുകൾ ശരിയാണെന്ന് ഉറപ്പിക്കും വിധം ഇവരെ പല സ്ഥലങ്ങളിൽ വച്ചും കണ്ടിട്ടുണ്ട്. ഇതിന്റെ ചിത്രങ്ങളും സമൂഹ മാധ്യമത്തിൽ പ്രചരിക്കുകയും ചെയ്തിരുന്നു. നമസ്‌തേ ഇംഗ്ലണ്ട് എന്ന ചിത്രത്തിന്റെ പ്രചരണാർത്ഥം ഒരു റിയാലിറ്റി ഷോയിൽ അർജ്ജുൻ അതിഥിയായി എത്തുകയും സ്‌റ്റേജിൽ വച്ച് മത്സരാർത്ഥിയുടെ കൈയിൽ പിടിച്ച് അർജ്ജുനും മലൈകയും നൃത്തം ചെയ്യുകയും ചെയ്തിരുന്നു. കരൺ ജോഹറും മലൈകയും കിരോൺ ഖേഹറുമായിരുന്നു പരിപാടിയുടെ വിധികർത്താക്കൾ.

33കാരനായ അർജുനുമായി പ്രണയത്തിലാകും മുൻപ് മലൈക 2016ൽ അർബാസ് ഖാനിൽ നിന്നും വിവാഹമോചനം നേടിയിരുന്നു. 45കാരിയാണ് മലൈക. മലൈകയും അർജ്ജുനും ലിവിങ് റിലേഷനിലാണ് എന്ന തരത്തിൽ ഇതിനോടകം വാർത്തയും പ്രചരിച്ചിരുന്നു. ഇവർ കാറിൽ യാത്ര ചെയ്യുന്നതും ലാക്‌മേ ഫാഷൻ വീക്കിൽ ഒന്നിച്ചിരിക്കുന്ന ചിത്രങ്ങളും സമൂഹ മാധ്യമത്തിൽ ഏതാനും ദിവസങ്ങൾക്ക് മുൻപ് ചൂടേറിയ ചർച്ചകൾക്ക് കാരണമായിരുന്നു.

മലൈകയുമായുള്ള മകന്റെ ബന്ധത്തിൽ അതൃപ്തി പ്രകടിപ്പിച്ച് അർജുന്റെ പിതാവ് ബോണി കപൂർ രംഗത്തെത്തിയതും വാർത്തയായിരുന്നു. പിതാവുമായി അകലാൻ കാരണമായതും ഈ ബന്ധമാണ്. കൂടാതെ സൽമാൻ ഖാനും ഈ വിഷയത്തിൽ അർജുനോട് അതൃപ്തി ഉണ്ടായിരുന്നുവെന്നാണ് സൂചന. അർജുൻ തന്റെ ഏറ്റവും അടുത്ത സുഹൃത്ത് ആണെന്നും എന്നാൽ ആളുകൾ മറ്റൊരു തരത്തിലാണ് തങ്ങളുടെ സൗഹൃദത്തെ വ്യഖ്യാനിക്കുന്നതെന്നും
മലൈക വ്യക്തമാക്കിയിരുന്നു.