ചെന്നൈ: തെന്നിന്ത്യൻ സുന്ദരി നയൻതാരയുടെ വിവാഹം കഴിഞ്ഞതായി റിപ്പോർട്ടുകൾ. തമിഴ് സംവിധായകൻ വിഘ്‌നേഷ് ശിവനുമായാണ് നയൻസിന്റെ വിവാഹം കഴിഞ്ഞതെന്നാണ് ദേശീയ മാദ്ധ്യമങ്ങളടക്കം റിപ്പോർട്ടു ചെയ്തത്. എന്നാൽ, വാർത്ത പുറത്തുവന്നതോടെ ഇക്കാര്യം നിഷേധിച്ച് വിഘ്‌നേഷും നയൻതാരയും രംഗത്തെത്തി.

നേരത്തെ തന്നെ ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞിരുന്നുവെന്നും കൊച്ചിയിലെ ഒരു പള്ളിയിൽ വച്ചായിരുന്നു വിവാഹമെന്നുമാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്. സിനിമാമേഖലയിൽ പോലും ഈ വിവരം ആർക്കും അറിയില്ലായിരുന്നുവെന്നുമാണ് പാപ്പരാസികൾ ഗോസിപ്പു കോളങ്ങളിൽ എഴുതി. വളരെ കുറച്ച് ആളുകൾക്ക് മാത്രമേ വിവാഹത്തിന് ക്ഷണമുണ്ടായിരുന്നുള്ളൂവത്രെ.

വാർത്തകൾക്കു പ്രചാരമേറിയതോടെയാണ് ഇക്കാര്യം നിഷേധിച്ച് വിഘ്‌നേഷ് ശിവൻ രംഗത്തെത്തിയത്. വിവാഹവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നതെല്ലാം തെറ്റായ വാർത്തകളാണെന്ന് വിഘ്‌നേഷ് ട്വീറ്റ് ചെയ്തു. ഇത്തരം വാർത്തകൾ ജോലിയെ മാത്രമല്ല സ്വകാര്യ ജീവിതത്തെയും ബാധിക്കുമെന്നും വിഘ്‌നേഷ് പറയുന്നു. ഇത്തരം തെറ്റായ വാർത്തകളിൽ നിന്ന് മാദ്ധ്യമങ്ങൾ ഒഴിഞ്ഞു നിൽക്കണമെന്നും യുവസംവിധായകൻ അഭ്യർത്ഥിക്കുന്നു. ഇക്കാര്യം നിഷേധിച്ച് നയൻതാരയും രംഗത്തെത്തിയിട്ടുണ്ട്.

വിഘ്‌നേശ് സംവിധാനം ചെയ്യുന്ന 'നാനും റൗഡി താൻ' എന്ന ചിത്രത്തിന്റെ സെറ്റിൽ നിന്നാണ് ഇരുവരും പ്രണയത്തിലാണെന്ന വാർത്ത ചോർന്നത്. വിജയ് സേതുപതിയും നയൻസുമാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. തുടർന്നാണ് ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചുവെന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നത്.

പ്രണയ സമ്മാനമായി വിഘ്‌നേശിന് നയൻസ് ഒരു വിലയേറിയ കാർ സമ്മാനമായി നൽകിയെന്നും, ഇരുവരും ചില സ്വകാര്യ യാത്രകൾ നടത്തിയെന്നും റിപ്പോർട്ടു പുറത്തുവന്നത്. അടുത്തിടെ നയൻതാര കേരളത്തിലെ തന്റെ വീട്ടിലേക്ക് വന്നിരുന്നു. കുടുംബാംഗങ്ങൾക്കൊക്കെ വിഘ്‌നേശിനെ പരിചയപ്പെടുത്തി കൊടുത്തു എന്നും ഗോസിപ്പു കോളങ്ങൾ എഴുതി.

'പോടാ പോടി' എന്ന ചിമ്പു ചിത്രമാണ് 29കാരനായ വിഘ്‌നേശ് ആദ്യമായി സംവിധാനം ചെയ്തത്. വേലയില്ലാ പട്ടധാരി എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തും വിഘ്‌നേശ് സാന്നിധ്യമറിയിച്ചു. മലയാളത്തിൽ സിദ്ദിഖ് സംവിധാനം ചെയ്ത മമ്മൂട്ടിച്ചിത്രം ഭാസ്‌കർ ദ റാസ്‌കലിലാണ് നയൻസ് ഒടുവിൽ അഭിനയിച്ചത്.