ന്യൂഡൽഹി: നൂറും അഞ്ഞൂറും കോടി പൊടിച്ചു നടത്തുന്ന ആഡംബര വിവാഹങ്ങൾ സമൂഹത്തിന്റെ നിശിച വിമർശനത്തിന് ഇരയാകുന്നതിനിടെ ഇത്തരം ധൂർത്തുകൾ നിയന്ത്രിക്കുന്നതിന് കർശന വ്യവസ്ഥകൾ ഉൾപ്പെടുത്തുന്ന ബിൽ ലോക്സഭയിൽ. കോൺഗ്രസ് എംപി രഞ്ജീത് രഞ്ജൻ ആണ് സ്വകാര്യ ബിൽ അവതരിപ്പിച്ചിരിക്കുന്നത്.

അഞ്ചു ലക്ഷം രൂപയിൽ കൂടുതൽ മുടക്കി വിവാഹസൽക്കാരം നടത്തുന്നവർ അതിന്റെ പത്തു ശതമാനം പാവപ്പെട്ട പെൺകുട്ടികളുടെ വിവാഹത്തിനായി നൽകണമെന്നാണു ബില്ലിലെ വ്യവസ്ഥ. അതിഥികളുടെയും വിഭവങ്ങളുടെയും എണ്ണം നിയന്ത്രിക്കുന്നതിനും ബില്ലിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്.

മന്ത്രിസഭാ അംഗമല്ലാത്ത എംപി. കൊണ്ടുവരുന്ന ബില്ലാണ് സ്വകാര്യ ബിൽ. സാധാരണ ഗതിയിൽ മന്ത്രിസഭാ തീരുമാനത്തിന്റെ ചുവടുപിടിച്ച് ഭരണപക്ഷമാണ് ബിൽ കൊണ്ടുവരിക. അപൂർവമായാണ് ഇത്തരം ബിൽ പാർലമെന്റിൽ പാസാക്കപ്പെടുക. ഇത്തരമൊരു ബിൽ 2015 ഏപ്രിലിൽ രാജ്യസഭയിൽ പാസാക്കപ്പെട്ടിരുന്നു. 45 വർഷത്തിനുശേഷമായിരുന്നു ഇത്. ഇതിനു മുമ്പ് 1970 ലാണ് ഒരു സ്വകാര്യ ബിൽ പാസായത്.