ചെന്നൈ: രാജ്യത്തിന്റെ അഭിമാനമായ ചൊവ്വദൗത്യപേടകം മംഗൾയാൻ യാത്രയുടെ 80 ശതമാനം ദൂരം പിന്നിട്ടു. ലക്ഷ്യത്തിലേക്ക് കുതിച്ചെത്തുന്ന പേടകം സെപ്തംബർ 24ന് ചൊവ്വയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാർസ് ഓർബിറ്റ് മിഷനും അതിന്റെ പേലോഡുകളും മികച്ച രീതിയിൽ പ്രവർത്തനം നടത്തുന്നതായാണ് ഐഎസ്ആർഒയുടെ വിലയിരുത്തൽ.

ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് പേടകത്തെ സുരക്ഷിതമായി എത്തിക്കുന്നതിനും വേഗത വർധിപ്പിക്കുന്നതിനുമായുള്ള ദിശാമാറ്റം (ട്രാജക്ടറി കറക്ഷൻ) ഓഗസ്റ്റിൽ നടക്കും. നേരത്തെ ജൂൺ 11ന് ഇത്തരത്തിൽ ട്രാജക്ടറി കറക്ഷൻ നടത്തിയിരുന്നു. കഴിഞ്ഞ വർഷം നവംബർ അഞ്ചിനാണ് ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയിൽ നിന്ന് മംഗൾയാൻ വിക്ഷേപിച്ചത്. ഡിസംബർ ഒന്നിനാണ് ഭൂമിയുടെ ആകർഷണവലയം മംഗൾയാൻ ഭേദിച്ചത്.

450 കോടി രൂപയാണ് മംഗൾയാനുവേണ്ടി ചെലവഴിക്കുന്നത്. മംഗൾയാൻ ലക്ഷ്യത്തിലെത്തുന്നതോടെ ലോകത്തിന് ഇന്നുവരെ അജ്ഞാതമായ പല വിവരങ്ങളും വെളിപ്പെടുത്താനാകുമെന്നാണ് പ്രതീക്ഷ. വിവിധ ഗവേഷണങ്ങൾക്ക് ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞർക്ക് മംഗൾയാന്റെ പ്രയാണം വെളിച്ചമേകും.