ന്യൂയോർക്ക്: മാർത്തോമാ സഭയുടെ നോർത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസനത്തിന്റെ കീഴിലുള്ള പത്ത് ഇടവകകൾ ചേർന്നുള്ള ഇടവക മിഷൻ ഏകദിന മീറ്റിങ് പോർട്ട് ചെസ്റ്ററിലുള്ള എബനേസർ മാർത്തോമാ ചർച്ചിൽ നടന്നു. സന്നദ്ധ സുവിശേഷക സംഘം നോർത്ത് ഈസ്റ്റ് റീജിയൺ, സെന്റർ -എ എന്നിവയുടെ ആഭിമുഖ്യത്തിൽ നടന്ന മീറ്റിംഗിൽ സംഘം പ്രസിഡന്റ് റവ. ഏബ്രഹാം ഉമ്മൻ അധ്യക്ഷതവഹിച്ചു. ഇടവക വൈസ് പ്രസിഡന്റും ഭദ്രാസന അസംബ്ലി മെമ്പറുമായ സി.എസ് ചാക്കോ വിശിഷ്ടാതിഥികളേയും, ഇടവ സംഘാംഗങ്ങളേയും എബനേസർ മാർത്തോമാ ചർച്ചിലേക്ക് സ്വാഗതം ചെയ്തു.

ഏകദിന മീറ്റിംഗിന്റെ മുഖ്യപ്രഭാഷകനായിരുന്ന പ്രൊഫ. എ.ജി ജോർജ് 'മിഷൻ ചലഞ്ച് എഹെഡ്' എന്ന വിഷയത്തെപ്പറ്റി സംസാരിച്ചു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിൽ ഇംഗ്ലീഷ് വിഭാഗം തലവനായിരുന്ന ജോർജ് സാർ, മാരാമൺ കൺവൻഷനിൽ വർഷങ്ങളോളം പരിഭാഷകനായും, സഭയുടെ വിവിധ മേഖലകളിലും ഗവേണിങ് ബോർഡ്, മേല്പട്ടക്കാർ, പട്ടക്കാർ എന്നിവരുടെ സെലക്ഷൻ കമ്മിറ്റി, നല്ല ഒരു സ്പോർട്സ് കമന്റേറ്റർ എന്നീ നിലകളിലൊക്കെ പ്രവർത്തിച്ചിട്ടുള്ള ആളാണ്.

ഏതാണ്ട് ഒരു മണിക്കൂർ നീണ്ടുനിന്ന പ്രഭാഷണത്തിൽ 'സുവിശേഷദൗത്യം നേരിടുന്ന വെല്ലുവിളി' എന്ന വിഷയത്തെക്കുറിച്ച് വളരെ ഗഹനവും ആധികാരികവുമായ ഒരു പഠനം നടത്തി. നോർത്ത് ഈസ്റ്റ് റീജിയണിൽ ഉൾപ്പെട്ട പത്തു ഇടവകകളിലെ ഇടവക സംഘാംഗങ്ങളും ധാരാളം പട്ടക്കാരും യോഗത്തിൽ പങ്കെടുത്തു. എബനേസർ ഇടവക മിഷൻ പ്രതിനിധി എം.ജെ. വർക്കി മധ്യസ്ഥ പ്രാർത്ഥനയ്ക്കു നേതൃത്വം കൊടുത്തു. എപ്പിഫാനി ഇടവകാംഗം വേദപാഠവായനയും, നോർത്ത് ഈസ്റ്റ് ഇടവക മിഷൻ സെക്രട്ടറി റോയി തോമസ് എല്ലാവർക്കും നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.

വിവിധ ഇടവകകളിലെ ഇടവക സംഘം ചുമതലക്കാരും മീറ്റിംഗിൽ സംബന്ധിച്ചിരുന്നു. എബനേസർ മാർത്തോമാ ചർച്ച് ക്വയർ ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകി. റവ. ഷിബു മാത്യുവിന്റെ (എപ്പിഫാനി ഇടവക വികാരി) പ്രാർത്ഥനയ്ക്കും ആശീർവാദത്തോടുംകൂടി മീറ്റിങ് പര്യവസാനിച്ചു. സി.എസ്. ചാക്കോ (വൈസ് പ്രസിഡന്റ) അറിയിച്ചതാണിത്.