ഹൂസ്റ്റൺ: ഇന്ത്യയ്ക്കു പുറത്ത് നടത്തപ്പെടുന്ന മാർത്തോമാ കോൺഫറൻസുകളിൽ ഏറ്റവും ശ്രദ്ധേയമായ നോർത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസന ഫാമിലി കോൺഫറൻസിന് വേദിയാകാൻ അമേരിക്കയിലെ ഏറ്റവും വലിയ നഗരങ്ങളിൽ നാലാം സ്ഥാനം വഹിക്കുന്ന ഹൂസ്റ്റൺ നഗരം ഒരുങ്ങുന്നു.

നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന 32ാം ഫാമിലി കോൺഫറൻസ് ഒരു ചരിത്ര സംഭവമാക്കി മാറ്റാൻ സംഘാടകർ പ്രവർത്തനമാരംഭിച്ചു. കോൺഫറൻസിന് സൗത്ത് വെസ്റ്റ് റീജിയനൽ ആക്ടിവിറ്റി കമ്മിറ്റിയാണ് ആതിഥേയത്വം വഹിക്കുന്നത്.

2018 ജൂലൈ 5, 6, 7, 8 (വ്യാഴം മുതൽ ഞായർ വരെ) തീയതികളിൽ നടത്തുന്ന കോൺഫറൻസ് ഹൂസ്റ്റൺ ജോർജ് ബുഷ് ഇന്റർ കോണ്ടിനെന്റൽ എയർപോർട്ടിന് അടുത്തുള്ള ഹിൽട്ടൺ ഹൂസ്റ്റൺ നോർത്ത് ഹോട്ടലിലാണു നടത്തപ്പെടുന്നത്. 2018 ൽ എപ്പിസ്‌കോപ്പൽ സ്ഥാനാഭിഷേക രജത ജൂബിലി ആഘോഷിക്കുന്ന നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസന അധ്യക്ഷൻ ഡോ. ഐസക് മാർ പീലക്‌സിനോസ് എപ്പിസ്‌കോപ്പയെ കൂടാതെ ജൂബിലി ആഘോഷിക്കുന്ന തിരുവനന്തപുരം കൊല്ലം ഭദ്രാസന അധ്യക്ഷൻ ജോസഫ് മാർ ബർണബാസ് എപ്പിസ്‌കോപ്പാ, ചെങ്ങന്നൂർ മാവേലിക്കര ഭദ്രാസന അധ്യക്ഷൻ തോമസ് മാർ തിമോത്തിയോസ് എപ്പിസ്‌കോപ്പാ എന്നിവരുടെ സാന്നിധ്യവും നേതൃത്വവും കൊണ്ട് ശ്രദ്ധേയമായി മാറുന്ന കോൺഫറൻസ് വൈവിധ്യമാർന്ന പരിപാടികൾ കൊണ്ട് മികവുറ്റതാക്കി മാറ്റാനാണ് സംഘാടകർ ശ്രമിക്കുന്നത്.

മികച്ച പ്രഭാഷകനും ദൈവശാസ്ത്ര പണ്ഡിതനുമായ റവ. സാം ടി.കോശി മുഖ്യ പ്രഭാഷകനായി കോൺഫറൻസിനെ ധന്യമാക്കും. '' ദൈവത്താൽ സംയോജിക്കപ്പെട്ടവർ, ശുശ്രൂഷക്കായി സമർപ്പിക്കപ്പെട്ടവർ'' എന്ന ചിന്താവിഷയത്തെ അധികരിച്ച് ആഴമേറിയ പഠനവും ചർച്ചകളും കോൺഫറൻസ് ദിനങ്ങളെ സമ്പുഷ്ടമാക്കും.

2009 നു ശേഷം ഹൂസ്റ്റണിൽ നടത്തുന്ന ഫാമിലി കോൺഫറൻസിന് ചുക്കാൻ പിടിക്കുന്ന സൗത്ത് വെസ്റ്റ് റീജിയനൽ ആക്ടിവിറ്റി കമ്മിറ്റിയിൽ ഹൂസ്റ്റൺ, ഡാളസ്, ഒക്ലഹോമ, ഓസ്റ്റിൻ, ലബക്ക്, കൊളറാഡോ, മക്കാലൻ, കൻസാസ് എന്നിവിടങ്ങളിലെ ഇടവകകളിലെ വൈദികരും പ്രതിനിധികളും അംഗങ്ങളാണ്.

കോൺഫറൻസിന്റെ അനുഗ്രഹകരമായ നടത്തിപ്പിന് ഭദ്രാസന എപ്പിസ്‌കോപ്പയുടെ നേതൃത്വത്തിൽ ഷാജൻ ജോർജ് ജനറൽ കൺവീനറും ആർഎസി ഭാരവാഹികളായ റവ. ഏബ്രഹാം വർഗ്ഗീസ് (വൈസ് പ്രസിഡന്റ്), ജോൺ ഫിലിപ്പ് (സെക്രട്ടറി), സജൂ കോര (ട്രഷറർ), ലിൻ കുരീക്കാട്ട് (കോൺഫറൻസ് ജോയിന്റ് സെക്രട്ടറി), ജോൺ ചാക്കോ (കോൺഫറൻസ് അക്കൗണ്ടന്റ്), റവ.ജോൺസൺ തോമസ് ഉണ്ണിത്താൻ, റവ. മാത്യൂസ് ഫിലിപ്പ്, റവ.ഫിലിപ്പ് ഫിലിപ്പ് എന്നിവരടങ്ങുന്ന എക്‌സിക്യുട്ടീവ് കമ്മിറ്റിയും 100 ൽ പരം അംഗങ്ങളുള്ള സബ് കമ്മിറ്റികളും പ്രവർത്തനമാരംഭിച്ചു. ഭദ്രാസനത്തിലെ 80 ൽ പരം ഇടവകകളും കോൺഗ്രിഗേഷനുകളിൽ നിന്നുമുള്ള അംഗങ്ങളെ പങ്കെടുപ്പിച്ച് 2018 കോൺഫറൻസ് ഒരു മഹാ കുടുംബ സംഗമം.