അങ്കമാലി: നടിയെ ആക്രമിച്ച കേസിൽ റിമാന്റിൽ കഴിയുന്ന രണ്ടാം പ്രതി മാർട്ടിന്റെ വെളിപ്പെടുത്തൽ ചലച്ചിത്ര മേഖലയിൽ വീണ്ടും ചൂടേറിയ ചർച്ചകൾക്ക് വഴിതുറന്നു. നടി ആക്രമിക്കപ്പെട്ട സംഭവം രാത്രി തന്നെ പൊലീസിൽ അറിയിക്കുന്നതിനും മറ്റും പ്രധാന പങ്കുവഹിച്ച ലാലും ആക്രമിക്കപ്പെട്ട നടിയും തന്നെ ഭീഷിണിപ്പെടുത്തിയതായിട്ടാണ് നടി ആക്രമിക്കപ്പെടുമ്പോൾ വാഹനം ഓടിച്ചിരുന്ന മാർട്ടിന്റെ വെളിപ്പെടുത്തൽ.

ലാലും നടിയും എന്തിനുവേണ്ടിയായിരിക്കും മാർട്ടിനെ ഭീഷിണിപ്പെടുത്തിയെതെന്ന ചർച്ചയാണ് ദിലിപ് അനുകൂലികൾക്കിടയിൽ ഏറെ സജീവമായിരിക്കുന്നത്. കേസിൽ ഇപ്പോഴും അന്വേഷണം തുടരുകയാണെന്ന പൊലീസ് വെളിപ്പെടുത്തൽ നിലനിൽക്കെ ഇപ്പോൾ ഉയർന്നിരിക്കുന്ന ആരോപണത്തിൽ അന്വേഷണ സംഘം എന്ത് നിലപാട് സ്വീകരിക്കുമെന്ന ആകാംക്ഷയിലാണിപ്പോൾ സിനിമ പ്രവർത്തകരും പൊതുസമൂഹവും.

തനിക്കെതിരെ വധ ഭീഷണി ഉണ്ടെന്നും നടൻ ലാലും നടിയുമാണ് തന്നെ ഭീഷിണിപ്പെടുത്തുന്നതെന്നും മാർട്ടിൻ കോടതിയിൽ വെളിപ്പെടുത്തുകയായിരുന്നു. മാർട്ടിന്റെ പിതാവ് ആന്റണി ഇക്കാര്യം മാധ്യമങ്ങളുമായി പങ്കുവയ്ക്കുകയും ചെയ്തു. ഇന്ന് രാവിലെ റിമാന്റ് കാലാവധി തീർന്നതിനെത്തുടർന്ന് മാർട്ടിനടക്കമുള്ള പ്രതികളെ അങ്കമാലി കോടതിയിൽ ഹാജരാക്കിയിരുന്നു. ഈയവസരത്തിൽ മാർട്ടിൻ ഇക്കാര്യം പരാതിയായി കോടതിയെ അറിയിക്കുകയായിരുന്നു.

തുടർന്ന് കോടതി മാർട്ടിന്റെ രഹസ്യമൊഴി കേട്ടു. തുടർന്ന് പറയാനുള്ള കാര്യങ്ങൾ എഴുതി നൽകാൻ കോടതി ആവശ്യപ്പെട്ടെന്നും ഇതു പ്രകാരം മാർട്ടിൻ പരാതി എഴുതി നൽകിയെന്നും എന്നാൽ കോടതി ഇക്കാര്യത്തിൽ നടപടി സ്വീകരിക്കുന്നത് ഉചിതമാവില്ലെന്ന് വ്യക്തതമാക്കി നടപടികൾ അവസാവനിപ്പിക്കുകയായിരുന്നെന്നുമാണ് ലഭ്യമായ വിവരം. മാർട്ടിന്റെ പരാതിയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ വിചാരണക്കോടതിയുടെ പരിഗണനയിൽ വരുന്ന വിഷയങ്ങളാണെന്നും മജിസ്‌ട്രേറ്റ് കോടതിക്ക് ഇടപെടാനാവില്ലന്നുമായിരുന്നു ഇക്കാര്യത്തിൽ കോടതിയുടെ നിലപാട്.

കേസിലെ യഥാർഥ കാര്യങ്ങൾ പുറത്ത് പറയരുതെന്ന് ആവശ്യപ്പെട്ടാണ് മകനെതിരെ നടിയും ലാലും ഭീഷണിപ്പെടുത്തിയന്നാണ് മാർട്ടിന്റെ പിതാവിന്റെ വെളിപ്പെടുത്തൽ.റിമാന്റിൽ കഴിയുന്ന മാർട്ടിനെ എങ്ങിനെയാണ് ഇവർ ഭിഷിണിപ്പെടുത്തിയതെന്ന് വ്യക്തമാക്കാൻ ആന്റണി തയ്യാറായില്ല. ഈ കേസിൽ സാക്ഷികളായ പലരും യഥാർഥത്തിൽ പ്രതികളാണെന്നാണ് മാർട്ടിന്റെ അഭിഭാഷകന്റെ ആരോപണം. ഇതല്ല യഥാർഥ കേസെന്നും അദ്ദേഹം സൂചിപ്പിച്ചു.

വധ ഭീഷണി ഉണ്ടെന്നുള്ള പരാതിയിൽ വേണ്ട സുരക്ഷ നൽകാൻ നിർദ്ദേശം നൽകുമെന്നും കോടതി വ്യക്തമാക്കി. നേരത്തെ കുറ്റപത്രം കൈപ്പറ്റാതിരുന്ന പൾസർ സുനിയൊഴികെയുള്ള റിമാന്റ് പ്രതികൾക്ക് കൂടി ഇന്ന് കുറ്റപത്രത്തിന്റെ പകർപ്പ് നൽകി. ഇതോടെ കേസിലെ എല്ലാ പ്രതികളും കുറ്റപത്രം കൈപ്പറ്റി. എട്ടു പ്രതികളെയാണ് റിമാന്റ് കാലാവധി പൂർത്തിയായതിനെത്തുടർന്ന് ഇന്നലെ വീണ്ടും കോടതിയിൽ ഹാജരാക്കിയത്.നടൻ ദിലീപ് ഉൾപ്പെടെ നാല് പ്രതികൾ ഹാജരായില്ല. പ്രതികളുടെ റിമാന്റ് കാലാവധി ഈ മാസം 20 വരെ നീട്ടി.

കേസിലെ രേഖകളുടെയും വിഡിയോ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്റെയും പകർപ്പ് ആവശ്യപ്പെട്ട് ദിലീപിന്റെ അഭിഭാഷകൻ നൽകിയ അപേക്ഷയിൽ പൊലിസിന്റെ ഭാഗം കേൾക്കാൻ മാറ്റി വച്ചു. ഇത് 17 ന് പരിഗണിക്കും.അനബന്ധകുറ്റ പത്രം ചോർന്നത് സംബന്ധിച്ച് ദിലീപ് നൽകിയ പരാതിയിൽ കോടതി വിധി പറയുന്നതിനായി മാറ്റിവച്ചിട്ടുള്ളതും 17-നാണ്്.