- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇഷ്ടം തോന്നിയാൽ അതെല്ലാം സ്വന്തമാക്കണം; കാക്കനാട്ട് ഫ്ളാറ്റിൽ ഒളിവിൽ കഴിയാൻ അനുവദിക്കില്ലെന്ന പറഞ്ഞ ഫ്ളാറ്റ് ഉടമയായ യുവതിയെ തള്ളിപ്പുറത്താക്കി; അടി പേടിച്ച് യുവതി രായ്ക്കുരാമാനം നാട്ടിലേക്ക് കടന്നു; മാർട്ടിൻ ജോസഫിന് എതിരെ പരാതിയുമായി കൂടുതൽ യുവതികൾ; മകനെ ന്യായീകരിച്ച് പിതാവ്
കൊച്ചി: തനിക്ക് തോന്നുന്നത് പോലെ എല്ലാം ചെയ്യും. തന്നോട് ചേർന്നു നിൽക്കുന്നവരെല്ലാം തനിക്ക് വഴങ്ങുകയോ വിധേയരായി നിൽക്കുകയോ വേണം. വിധേയരായി നിന്നാലും മൂഡ് ശരിയല്ലെങ്കിൽ ക്രൂരമായി മർദ്ദിക്കും. പ്രത്യേകിച്ച് സ്ത്രീകളെ. മറൈൻഡ്രൈവിലെ ഫ്ളാറ്റിൽ യുവതിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ മാർട്ടിൻ ജോസഫ് ഒരു സാഡിസ്റ്റ് എന്നാണ് പൊലീസും പറയുന്നത്. മറൈൻഡ്രൈവിലെ ഫ്ളാറ്റിൽ നിന്നും മുങ്ങിയ മാർട്ടിൻ കാക്കനാട്ടെ ഒളിവിൽ താമസിച്ച ഫ്ളാറ്റിന്റെ ഉടമയായ യുവതിയും പരാതിയുമായി എത്തി. മെയ് 31-ാം തീയതി മുതൽ ജൂൺ എട്ടാം തീയതി പുലർച്ച വരെ മാർട്ടിൻ ഒളിവിൽ കഴിഞ്ഞത് ഈ യുവതിയുടെ കാക്കനാട്ടുള്ള ഫ്ളാറ്റിലായിരുന്നു.
മെയ് 31-ാം തീയതി യുവതിയുടെ സുഹൃത്തായ ധനേഷും മാർട്ടിനും ചേർന്ന് കാക്കനാടുള്ള ഫ്ളാറ്റിൽ എത്തി ഒളിവിൽ കഴിയാൻ അനുവദിക്കണമെന്ന് ഫ്ളാറ്റുടമയായ യുവതിയോട് ആവശ്യപ്പെട്ടു. എന്നാൽ അതിന് അനുവദിക്കാതായതോടെ ഇവർ യുവതിയെ മർദ്ദിക്കുകയും പുറത്തേക്ക് തള്ളിയിടുകയുമായിരുന്നു. അവിടെ നിന്ന് ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടാണ് യുവതിയെ മർദ്ദിച്ചത്. ഇതേത്തുടർന്ന് പേടിച്ചുപോയ യുവതി തൊട്ടടുത്ത ദിവസം തന്നെ നാട്ടിലേക്ക് മടങ്ങുകയുമായിരുന്നു. യുവതി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
ജൂൺ എട്ടാം തീയതിയാണ് മാർട്ടിൻ ഈ ഫ്ളാറ്റിൽ നിന്ന് പോയത്. അന്ന് പുലർച്ചെ നാലരയോടെ മാർട്ടിനും സുഹൃത്തുക്കളും കാക്കനാട്ടെ ഈ ഫ്ളാറ്റിൽ നിന്ന് രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
അതേസമയം, മാർട്ടിൻ ജോസഫിനെതിരെ പരാതിയുമായി കൂടുതൽ സ്ത്രീകൾ രംഗത്തെത്തി. രണ്ടു സ്ത്രീകൾ കൂടിയാണ് പരാതി നൽകിയിരിക്കുന്നത്. മാർട്ടിനെതിരെ കൂടുതൽ പരാതിയുള്ളവർ പൊലീസിൽ പരാതി നൽകണമെന്ന് ഇന്നലെ പൊലീസ് അറിയിച്ചതിന് പിന്നാലെയാണ് രണ്ടു സ്ത്രീകൾ പരാതിയുമായി എത്തിയത്. ഈ പരാതിയെക്കുറിച്ച് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. മാർട്ടിനിൽ നിന്നും തങ്ങൾക്കും മാനസികവും ശാരീരികവും ആയ പീഡനങ്ങൾ ഏൽക്കേണ്ടി വന്നിട്ടുണ്ടെന്ന് പരാതിയിൽ പറയുന്നു
മകനെ കേസിൽ കുടുക്കിയതെന്ന് പിതാവ് ജോസഫ്
മാർട്ടിനെ ചിലർ ചേർന്ന് കേസിൽ കുടുക്കിയതാണെന്ന് പിതാവ് ജോസഫ് പ്രതികരിച്ചു. മകൻ ആർഭാട ജീവിതം നയിച്ചിരുന്നില്ലെന്നും ചിലർ അവനെ കുടുക്കിയതാണെന്നും ജോസഫ്പറഞ്ഞു. മുണ്ടൂർ സ്വദേശിയായ അച്ചു എന്നയാളാണ് ഇതിൽ പ്രധാനി. അച്ചുവാണ് മാർട്ടിനെ കുടുക്കിയത്. വിവിധ ട്രേഡിങ്ങിനായി 20 ലക്ഷത്തിലേറെ രൂപയാണ് മാർട്ടിൻ ഇയാൾക്ക് നൽകിയിട്ടുള്ളത്. ലക്ഷങ്ങളുടെ കടമാണ് മാർട്ടിനുള്ളത്. രതീഷ് എന്നയാളുമായും പണമിടപാട് ഉണ്ടായിരുന്നു. എന്നാൽ ഇയാൾക്ക് എത്ര രൂപ നൽകിയിട്ടുണ്ടെന്ന് അറിയില്ല. മാർട്ടിൻ തെറ്റ് ചെയ്തിട്ടുണ്ടെന്ന് ഇതുവരെ വിശ്വസിക്കുന്നില്ലെന്നും ജോസഫ് പറഞ്ഞു.
നിരവധി ലോണുകൾ ഉണ്ട്. കൊച്ചിയിൽ പെൺകുട്ടിക്ക് വേണ്ടി ഫ്ലാറ്റ് എടുത്തു എന്നത് സത്യമായിരിക്കും. എന്നാൽ ആഡംബര ജീവിതം നയിക്കാനുള്ള സാമ്പത്തിക ഭദ്രത വ്യക്തിപരമായി അവനില്ല. വിദേശത്ത് ഒരു അറബിയുടെ വീട്ടിൽ ഡ്രൈവറായാണ് മാർട്ടിൻ പോയത്. ഒന്നര വർഷത്തോളമേ അവനവിടെ ഉണ്ടായിരുന്നുള്ളൂ. അടുത്ത കാലത്തായി ട്രേഡിങ് രംഗത്തു പ്രവർത്തിക്കുകയാണ്. സത്യത്തിൽ അവനൊരു ട്രേഡറല്ല. അച്ചുവാണ് ഇതിലേക്ക് കൊണ്ടു വന്നത്. മാർട്ടിനെതിരെ കളിക്കുന്ന പ്രധാന വ്യക്തി അച്ചുവാണ്. മാർട്ടിന്റെ കൂടെയുള്ള കൂട്ടുകാരെല്ലാം സാമ്പത്തികമായി കഴിവില്ലാത്തവരാണ്. എന്തടിസ്ഥാനത്തിലാണ് ഇത്തരം കഥകൾ പ്രചരിക്കുന്നതെന്നറിയില്ലെന്നും ജോസഫ് പറഞ്ഞു.
മാർട്ടിന് കുടുംബത്തിന്റെ എല്ലാ പിന്തുണയുമുണ്ടെന്നും തെറ്റു ചെയ്തെന്ന് കരുതി തള്ളിക്കളയാനാവില്ലെന്നും പിതാവ് പറയുന്നു.'അവനെന്റെ മൂത്തമകനാണ്. ഏതെങ്കിലും തെറ്റായ വഴിക്ക് പോയി എന്ന് കരുതി അവനെ തീർത്തും തള്ളിക്കളയാൻ പറ്റില്ല. അവന്റെ കൂടെ ഞങ്ങൾ ഉണ്ടാവും,' പെൺകുട്ടിക്ക് സംഭവിച്ച കാര്യത്തിൽ ദുഃഖമുണ്ടെന്നും പിതാവ് പറയുന്നു.
'എന്റെ മകനാണോ അത് ചെയ്തതെന്നറിയില്ല. പെൺകുട്ടിയുടെ മർദ്ദനമേറ്റ ചിത്രം കണ്ടു കഴിഞ്ഞാൽ ഏതൊരു വ്യക്തിയെ സംബന്ധിച്ചും വേദനിക്കുന്ന കാര്യമാണ്. അവനാണ് ആ തെറ്റ് ചെയ്തതെങ്കിൽ ആ ഒരു കാര്യത്തിൽ ഞാനവനെ പിന്തുണയ്ക്കില്ല,' ജോസഫ് പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ