ന്യൂയോർക്ക്: ടെന്നീസ് കോർട്ടിലെ മുൻ സൂപ്പർ താരം മാർട്ടിന നവരാത്തിലോവയുടെ ജീവിത പങ്കാളി ഇനി മുൻ സോവിയറ്റ് യൂണിയൻ സുന്ദരി. കഴിഞ്ഞ തിങ്കളാഴ്ചയാണ് മുൻ സോവിയറ്റ് യൂണിയൻ സുന്ദരി ജൂലിയ ലെമിഗവോ(42)യെ 58കാരിയായ യുഎസ് ടെന്നീസ് താരം ജീവിതപങ്കാളിയാക്കിയത്.

സ്വവർഗാനുരാഗിയാണെന്ന് പരസ്യമായി തുറന്നുപറഞ്ഞിട്ടുള്ള മാർട്ടിന കഴിഞ്ഞ സെപ്റ്റംബറിൽ യുഎസ് ഓപ്പണിൽവച്ച് ജൂലിയയോട് വിവാഹ അഭ്യർത്ഥന നടത്തിയിരുന്നു. ന്യൂയോർക്കിലെ പെനിൻസുല ഹോട്ടലിലായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. ഇരുവരുടേയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു.

2006ൽ പരിചയപ്പെട്ട ഇരുവരും ഏറെക്കാലമായി ഒരുമിച്ചാണ് താമസിച്ചിരുന്നത്. ഇരുവരുടേയും വിവാഹനിശ്ചയം ന്യൂയോർക്കിലെ ആർതർ ആഷെ സ്‌റ്റേഡിയത്തിലെ കൂറ്റൻ സ്‌ക്രീൻ തത്സമയം സംപ്രേഷണം ചെയ്തിരുന്നു. 1991ൽ വിശ്വസുന്ദരി മത്സരത്തിൽ പങ്കെടുത്തിട്ടുള്ള ജൂലിയയുടെ രണ്ടാം വിവാഹമാണിത്. ഫ്രഞ്ച് ബാങ്കർ എഡ്വേർഡ് സ്റ്റേൺ ആണ് ജൂലിയയുടെ ആദ്യ ഭർത്താവ്. ജെനീവയിൽവച്ച് ഇയാൾ വെടിയേറ്റ് കൊല്ലപ്പെടുകയായിരുന്നു.

ലെമിഗോവയ്ക്ക് രണ്ട് പെൺമക്കളുണ്ട്. ഒമ്പതുതവണ യുഎസ് ഓപ്പൺ കിരീടം സ്വന്തമാക്കിയ താരമാണ് മാർട്ടിന. ഇന്ത്യൻ താരം ലിയാൻഡർ പേസുമായി മിക്‌സഡ് ഡബിൾസിലും മാർട്ടിന കിരീടം ചൂടിയിട്ടുണ്ട്. മാർട്ടിനയുടെ ആദ്യ വിവാഹമാണിത്.