പെരുമ്പാവൂർ: കിഴക്കമ്പലം ഊരക്കാട് നിന്ന് രണ്ടു കിലോഗ്രാമോളം കഞ്ചാവ് പിടികൂടിയ കേസിലെ പ്രതിക്ക് പതിനഞ്ചോളം കേസുകൾ. ചേരക്കാട്ടു വീട്ടിൽ ചെറിയാൻ ജോസഫ് (31) നെയാണ് അറസ്റ്റ് ചെയ്തത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് വെള്ളിയാഴ്ച ഇയാളുടെ വീട്ടിൽ തടിയിട്ടപറമ്പ് പൊലീസ് നടത്തിയ റെയ്ഡിലാണ് പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞ് സൂക്ഷിച്ചിരുന്ന കഞ്ചാവ് പിടികൂടിയത്.

കഞ്ചാവ് തൂക്കാനുപയോഗിക്കുന്ന ഇലക്ട്രോണിക് ഡിജിറ്റൽ ത്രാസും കണ്ടെടുത്തിട്ടുണ്ട്. ചെറിയ പൊതികളിലാക്കി ജില്ലയുടെ വിവിധ ഭാഗങ്ങളിലാണ് വിൽപ്പന. യുവാക്കൾക്കിടയിലാണ് കൂടുതലായും കഞ്ചാവ് വിൽക്കുന്നത്. തൃക്കാക്കര, കളമശേരി, എറണാകുളം സെൻട്രൽ, വിയ്യൂർ, ഹിൽപ്പാലസ്, ആലുവ, എടത്തല, തടിയിട്ടപറമ്പ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകളുണ്ട്.

ഇൻസ്‌പെക്ടർ വി എം കേഴ്‌സൻ, എസ്‌ഐമാരായ ടി.സി.രാജൻ, വി എം.അലി, എഎസ്ഐ മാരായ കെ.പി..അബു, ഇബ്രാഹിം കുട്ടി എസ്.സി.പി. ഒമാരായ അൻവർ സാദത്ത്, പി.എം.ഷമീർ, ഷിഹാബ് സി.പി. ഒമാരായ അരുൺ.കെ.കരുൺ, വിപിൻ എൽദോസ്, അൻസാർ തുടങ്ങിയവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തും.