കൊച്ചി: മെട്രോ റെയിൽ പില്ലറുകൾക്കിടയിൽ റിനെ മെഡിസിറ്റി പരിപാലിച്ചുപോന്നിരുന്ന പൂന്തോട്ടത്തിൽ കഞ്ചാവ് ചെടി കണ്ടെത്തി.എക്സൈസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എറണാകുളം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അൻവർ സാദത്തും സംഘവും രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാത്രി 11 മണിയോടെ നടത്തിയ പരിശോധനയിൽ പാലാരിവട്ടം ട്രാഫിക്ക് സിഗ്നലിന്റ തൊട്ടടുത്തുള്ള മെട്രോ പില്ലർ P 517 ന്റേയും P 516 ന്റേയും ഇടയിലുള്ള സ്ഥലത്ത് പരിപാലിച്ചുപോന്നിരുന്ന പൂന്തോട്ടത്തിൽ നിന്നുമാണ് കഞ്ചാവ് ചെടികണ്ടെത്തിയിട്ടുള്ളത്.

പൂന്തോട്ടം പരിപാലിച്ചിരുന്നതുകൊച്ചി റിനെ മെഡിസിറ്റി ആണെന്നാണ് മനസ്സിലായിട്ടുള്ളതെന്നും ഉദ്ദേശം 4 മാസം പ്രായമുള്ളതും 130 സെന്റീമീറ്റർ പൊക്കവും 31 ശിഖരങ്ങൾ ഉള്ളതുമായ ഒരു കഞ്ചാവ് ചെടിയാണ് കണ്ടെത്തിയിട്ടുള്ളതെന്നും എക്സൈസ് സി ഐ അൻവർസാദത്ത് അറയിച്ചു.
പൂന്തോട്ടത്തിൽ രാജമല്ലിക്കൊപ്പമാണ് കഞ്ചാവ് ചെടി വളർന്നുവന്നിട്ടുള്ളത്.നല്ല കതരുത്തോടെയാണ് ചെടി വളർന്ന് നിൽക്കുന്നത്.

നട്ടത് ആരായാലും വെള്ളവും വളവും നൽകി ചെടിയുടെ വളർച്ചയ്ക്ക് പ്രോത്സാഹനം നൽകിയിരുന്നതായി സംശയിക്കുന്നതായും സി ഐ പറഞ്ഞു. ചെടി പിഴുതെടുത്ത് കസ്റ്റഡിയിൽ സൂക്ഷിച്ചിട്ടുണ്ടെന്നും ജനത്തിരക്കേറിയ ഭാഗത്ത് സ്ഥിതിചെയ്യുന്ന പൂന്തോട്ടത്തിൽ കഞ്ചാവ് ചെടി നടുകയും പരിപാലിക്കുകയും ചെയത് ആരാണെന്ന് കണ്ടെത്തുന്നതിന് അന്വേഷണം ആരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കി.