- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇതു ചികിത്സ ആവശ്യമുള്ള മാനസിക രോഗമാണ്; കള്ളപ്പണത്തിന്റെ വെളുവെളുപ്പിൽ നാടു കുട്ടിച്ചോറാക്കാൻ ശ്രമിക്കുന്ന വെള്ളാപ്പള്ളിയുടെ പേരിൽ കേസെടുക്കണം; മാറാടിന്റെ കഥ മറന്നാണോ ഈ നുണ പ്രചരണം? ഗുരുദേവനെ തടവറയിൽ നിന്നും രക്ഷിക്കാൻ സിപിഎമ്മിനു മാത്രമേ കഴിയൂ
കേരളം മുഴുവൻ ജാഥ നടത്താൻ വെള്ളാപ്പള്ളിക്ക് അവകാശമില്ലേ? സ്വന്തമായി ഒരു രാഷ്ട്രീയപാർട്ടി ഉണ്ടാക്കാൻ വെള്ളിപ്പള്ളിക്ക് അവകാശം ഇല്ലേ? ഭൂരിപക്ഷം ഹിന്ദുക്കളുടെ ഐക്യത്തിന് ആഹ്വാനം ചെയ്യാൻ വെള്ളാപ്പള്ളിക്ക് അവകാശം ഇല്ലേ? ബിജെപിയോ കോൺഗ്രസ്സോ സിപിഎമ്മോ ആരുമായും സഖ്യത്തിൽ ഏർപ്പെടാൻ വെള്ളാപ്പള്ളിക്ക് അവകാശമില്ലേ? ഇവയൊക്കെയാണ് ഈ ദിവസ
കേരളം മുഴുവൻ ജാഥ നടത്താൻ വെള്ളാപ്പള്ളിക്ക് അവകാശമില്ലേ? സ്വന്തമായി ഒരു രാഷ്ട്രീയപാർട്ടി ഉണ്ടാക്കാൻ വെള്ളിപ്പള്ളിക്ക് അവകാശം ഇല്ലേ? ഭൂരിപക്ഷം ഹിന്ദുക്കളുടെ ഐക്യത്തിന് ആഹ്വാനം ചെയ്യാൻ വെള്ളാപ്പള്ളിക്ക് അവകാശം ഇല്ലേ? ബിജെപിയോ കോൺഗ്രസ്സോ സിപിഎമ്മോ ആരുമായും സഖ്യത്തിൽ ഏർപ്പെടാൻ വെള്ളാപ്പള്ളിക്ക് അവകാശമില്ലേ? ഇവയൊക്കെയാണ് ഈ ദിവസങ്ങളിൽ വെള്ളാപ്പള്ളിയുടെ അനുയായികളും ബിജെപി അനുയായികളും ചോദിക്കുന്നത്. ഇക്കാര്യത്തിൽ ഉത്തരം പറയാൻ ആർക്കും സംശയം ഉണ്ടാവുമെന്ന് തോന്നുന്നില്ല. ഇന്ത്യൻ ഭരണഘടന അനുസരിച്ച് ഇതിനെല്ലാം ഉള്ള പൂർണ്ണ അധികാരം വെള്ളാപ്പള്ളിക്ക് ഉണ്ട്. അതിനെ ആരെങ്കിലും ചോദ്യം ചെയ്യുന്നെങ്കിൽ അത് നമ്മുടെ രാഷ്ട്രീയപാർട്ടികളുടെ നിലനിൽപ്പുമായി ബന്ധപ്പെട്ട വിഷയം മാത്രമാണ്. പൊതുസമൂഹം അത് കാര്യമാക്കുകയില്ല.
എന്നാൽ വെള്ളാപ്പള്ളി അതു മാത്രമാണോ ചെയ്യുന്നത്? അല്ല എന്ന് തറപ്പിച്ചു പറയാം. പൊട്ടാനിടയുള്ള കണ്ണികൾ വിളക്കിച്ചേർത്ത് മുൻപോട്ട് പോകുന്ന കേരളത്തെ വിഭജിക്കുക എന്ന ലക്ഷ്യത്തോടെയാണ് വെള്ളാപ്പള്ളി ഇപ്പോൾ യാത്ര നടത്തുന്നത്. ജനക്കൂട്ടത്തെ കാണുമ്പോൾ എന്താണ് പറയേണ്ടത് എന്നോ, എന്താണ് പറയാതിരിക്കേണ്ടത് എന്നോ ആലോചിക്കാതെ മനസ്സിൽ ഉള്ളതൊക്കെ വെള്ളാപ്പള്ളി പുറത്തെടുക്കുകയാണ്. എന്തിനും ഏതിനും ജാതിയുടെ നിറം ചാർത്തി ഇവിടെ സമുദായിക വിഭജനം ഉണ്ടാക്കാൻ ശ്രമിക്കുകയാണ്. കള്ളക്കണക്കുകൾ നിരത്തി സാധാരണ ഹിന്ദുവിന്റെ മനസ്സിൽ വിഷം കുത്തിവെയ്ക്കുകയാണ്. ന്യൂനപക്ഷ ആനുകൂല്യങ്ങൾ അടക്കമുള്ള കാര്യങ്ങളിൽ വെള്ളാപ്പള്ളി നടത്തുന്ന പ്രസ്താവനകൾ വളച്ചൊടിച്ചതും അർദ്ധസത്യവും ആണ് എന്ന് മനസ്സിലാക്കാതെ പലരും അതിന്റെ പ്രചാരകർ ആവുകയും ചെയ്യുന്നത്. ഇന്ത്യയിൽ മുഴുവൻ സജീവമായി തുടരുന്ന അസഹിഷ്ണുതാ വിവാദത്തിലേക്ക് കേരളത്തിലെ ജനങ്ങളെ കൂടി പിടിച്ചിടുകയാണ് വെള്ളാപ്പള്ളി. മുൻപെങ്ങും ഇല്ലാത്ത വിധം രൂക്ഷമായ ഭിന്നത വിവിധ സമുദായങ്ങൾ തമ്മിൽ കേരളത്തിൽ പലയിടങ്ങളിലും രൂപപ്പെട്ടു കഴിഞ്ഞു. തൊട്ടാൽ പൊട്ടാവുന്ന അവസ്ഥയിലാണ് ഇപ്പോൾ പലയിടത്തെയും സമുദായിക സന്തുലിതാവസ്ഥ.
വെള്ളാപ്പള്ളിയുടെ പ്രസ്താവനയിലെ ഏറ്റവും ഒടുവിലത്തേതിന് പൈശാചികമെന്നോ നികൃഷ്ടമെന്നോ ബീഭത്സം എന്നോ ഒന്നും വിശഷിപ്പിച്ചാൽ പോര. ഇന്നേ വരെ കേരളം കണ്ട ഏറ്റവും വലിയ മാനവികതകളിൽ ഒന്നിനെക്കുറിച്ചാണ് ഇങ്ങനെ പറയുന്നതെങ്കിൽ പിശാചിന്റെ പുനർജന്മത്തിന് മാത്രമേ അതിന് സാധിക്കൂ എന്ന് പറയാതെ വയ്യ. ഇവിടുത്തെ ന്യൂനപക്ഷങ്ങൾ ഭരണഘടന ഉറപ്പ് നൽകുന്ന ആനുകൂല്യങ്ങളുടെ പേരിൽ അനർഹമായത് പലതും നേടുന്നുണ്ട് എന്ന ആരോപണത്തെ ഭാഗികമായി അനുകൂലിക്കുന്നരാണ് ഞങ്ങൾ. എന്നാൽ അതിന്റെ പേരിൽ പച്ചക്കള്ളങ്ങൾ പ്രചരിപ്പിക്കുകയും സാമുദായിക ധ്രൂവീകരണം ലക്ഷ്യമിട്ടു നൗഷാദ് എന്ന സമാനതകൾ ഇല്ലാത്ത മനുഷ്യ സ്‌നേഹിയുടെ ജീവിതത്തെ അധിക്ഷേപിക്കുകയും ചെയ്യുന്നത് ക്രൂരവും നികൃഷ്ടവും ആയ ഒരു മനസ്സിന്റെ ഉടമക്കേ കഴിയൂ. വെള്ളാപ്പള്ളിയുടെ പ്രസ്താവനയേക്കാൾ നിന്ദ്യമായത് അതിനെ ന്യായീകരിക്കാൻ ചിലർ നടത്തുന്ന നാണം കെട്ട ശ്രമങ്ങളാണ്.
അവരതിന് പലതരം തിയറികൾ കണ്ടെത്തുന്നു. അവരുടെ ആദ്യ ചോദ്യം ഒരേ അപകടത്തിൽ മരിച്ച അന്യസംസ്ഥാന തൊഴിലാകിൾക്കും നൗഷാദിനും രണ്ടുതരം നീതി നൽകിയത് എന്തുകൊണ്ട് എന്നതാണ്? നൗഷാദിന് പത്ത് ലക്ഷം നൽകും എന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു എന്ന വ്യാജ ആരോപണമാണ് അവർ അതിന് ഉപോൽബലകമായി പറയുന്നത്. നൗഷാദിന് പത്ത് ലക്ഷമല്ല പത്തുകോടി നൽകിയാലും അധികപ്പറ്റാവില്ല എന്ന അഭിപ്രായക്കാരാണ് ഞങ്ങൾ. അന്യസംസ്ഥാന തൊഴിലാളികൾ മരിച്ചത് അവരുടെ തൊഴിലിന്റെ ഭാഗമായാണ്. എന്ന് മാത്രമല്ല അത്തരം തൊഴിൽ ചെയ്യുന്നവർ ചെയ്യേണ്ട അടിസ്ഥാനപരമായ സുരക്ഷാ മുൻകരുതൽ എടുക്കാത്തതുകൊണ്ട് കൂടിയാണ് അവർ മരിച്ചത്. അതുകൊണ്ട് അവരെ അവഗണിക്കണമെന്നല്ല അർത്ഥമാക്കുന്നത്. അവരുടെ മൃതദേഹം നാട്ടിൽ എത്തിക്കാനും അവർക്ക് വേണ്ട സാമ്പത്തിക സഹായം ചെയ്യാനും സർക്കാർ ശ്രമിക്കേണ്ടതാണ്. അങ്ങനെ സർക്കാർ ചെയ്യുന്നു എന്നത് തന്നെ വേണം കരുതാൻ. മറിച്ചുള്ള റിപ്പോർട്ടുകൾ ഒരിടത്തും കണ്ടതുമില്ല.[BLURB#1-H]
അതേസമയം നൗഷാദ് ചെയ്തത് എന്താണ്? അസാധാരണമായ ഒരു ഹൃദയം ഉള്ള ഒരു മനുഷ്യന് മാത്രം ചെയ്യാൻ കഴിയുന്ന മഹത്തായ കാര്യമായിരുന്നു. കൺമുൻപിൽ അപ്രത്യക്ഷമായി രണ്ട് ജീവനുകൾ തേടി ഒന്നും ആലോചിക്കാതെ മാൻഹോളിലേക്ക് ഇറങ്ങുക എന്നത്. ഇതു ചെയ്യാൻ വെള്ളാപ്പള്ളിക്കോ മകനോ പത്ത് ജന്മം കഴിഞ്ഞാലും സാധിക്കില്ല. നമ്മളിൽ എത്രപേർക്ക് സാധിക്കും ഇത്തരം ഒരു റിസ്‌ക് എടുക്കാൻ എന്ന് ആലോചിക്കുക. കൺമുമ്പിൽ ജീവൻ പിടയുന്നത് കണ്ടപ്പോൾ മറ്റൊന്നും ആലോചിക്കാതെ രക്ഷിക്കാനായി പിന്നാലെ പോയ നൗഷാദിന്റെ മഹാമനസ്സിന് എത്ര പ്രതിഫലം നൽകിയാലും തീരില്ല. ധീരതയ്ക്കുള്ള പുരസ്‌കാരവും മഹാ മാതൃകയ്ക്കുള്ള ആദരവും കുടുംബത്തിന് ജോലിയും ഒക്കെ നൽകി വേണം സർക്കാർ വിശ്വാസം കാത്തു സൂക്ഷിക്കേണ്ടത്. അതിനുള്ള വലിയ ചുവടു വയ്‌പ്പ് നടത്തിയ സർക്കാരിനെ ജാതി പറഞ്ഞ് ആക്ഷേപിച്ച വെള്ളാപ്പള്ളിയെ നമ്മൾ നികൃഷ്ടൻ എന്നോ വൃത്തികെട്ടവൻ എന്നോ ശവം തീനിയെന്നോ എന്നും വിളിച്ചാൽ പോരാ. ഈ വൃത്തികെട്ട പ്രസ്താവനയെ ന്യായീകരിക്കുന്നവരെ വിശേഷിപ്പിക്കാൻ തെറിനിഘണ്ഡുവിൽ പോലും വാക്കുകൾ ഉണ്ടാവില്ല.
[BLURB#2-VL]ഇതിനെ ന്യായീകരിക്കാൻ ഇറങ്ങിയവർ ഒരുപാടു നുണക്കഥകൾ പ്രചരിപ്പിക്കുന്നുണ്ട്. ഒരുപാട് അസത്യങ്ങൾ ചോദ്യമായി ഉണ്ടാക്കിയിട്ടുണ്ട്. അതിർത്തിയിൽ ഭീകരവാദികളുമായി ഏറ്റുമുട്ടി വീരമൃത്യു വരിച്ച സുബേദാർ സുബനീഷിന്റെ കുടുംബത്തിന് കേരള സർക്കാർ വക എന്തെങ്കിലും പാരിതോഷികമോ ദുരിതാശ്വാസമോ വാഗ്ദാനം ചെയ്യുകയോ നൽകുകയോ ഉണ്ടായോ എന്നതാണ് ഇവയിൽ ഏറ്റവും പ്രധാനപ്പെട്ട ചോദ്യം. വിവരക്കേട് അലങ്കാരമായി കൊണ്ടു നടക്കുന്നവർ ഇതല്ല അതിന്റെ അപ്പുറവും പറയും. രാജ്യത്തിന് വേണ്ടി പോരാടി മരിക്കുന്നവർക്ക് നഷ്ടപരിഹാരം നൽകാനും അവരുടെ കുടുംബത്തെ സംരക്ഷിക്കാനും ആശ്രിതർക്ക് ജോലി നൽകാനുമൊക്കെ ഇവിടെ പദ്ധതികൾ ഉണ്ട്. അവർക്ക് ലഭിക്കുന്ന ഇൻഷുറൻസ് തുക പോലും ആ കുടുംബത്തിന് പ്രതീക്ഷിക്കാൻ ആവാത്ത വലുതാണ്. അതുകൊണ്ട് തന്നെ ജോലി വാഗ്ദാനം ചെയ്യുകയോ പാരിതോഷികം പ്രഖ്യാപിക്കുകയോ ചെയ്യേണ്ടത് സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്തമല്ല. അങ്ങനെ ചെയ്താൽ സർക്കാർ അനാവശ്യമായി പേരെടുക്കാൻ ശ്രമിക്കുന്നു എന്ന ആരോപണവും ഉണ്ടായേക്കാം.
അതുപോലെയാണോ ഒരു ഓട്ടോറിക്ഷ ഡ്രൈവറുടെ ജീവിതം? ഒരു മഹാമനസ്‌ക്കന് മാത്രം സാധിക്കുന്നതാണ് വരുംവരായ്കകൾ ആലോചിക്കാതെ മരണത്തിലേയ്ക്ക് എടുത്തു ചാടി ജീവൻ രക്ഷിക്കാൻ തോന്നുക എന്നത്. അതു കാണിച്ച നൗഷാദിനെ സർക്കാർ സഹായിച്ചില്ലെങ്കിൽ അവരുടെ വിധവയും കുഞ്ഞുങ്ങളും പെരുവഴിയിൽ ആവും. നൗഷാദ് ചെയ്ത മഹത്തായ സേവനം വരും തലമുറയ്ക്ക് പ്രചോദനമാകാൻ സർക്കാരിന്റെ മാതൃക ഗുണകരമായി. ഇത് മനസിലാക്കാതെയുള്ള കള്ളപ്രചാരണമാണ് അക്രമണത്തിൽ കൊല്ലപ്പെട്ട പട്ടാളക്കാരന്റെ പേരിൽ നടക്കുന്ന കള്ളകണ്ണുനീർ.
[BLURB#3-VR]വെള്ളാപ്പള്ളിയെ ന്യായീകരിക്കാൻ ഉയർത്തുന്ന രണ്ടാമത്തെ വാദം മുസ്ലീമായതുകൊണ്ട് മാത്രം സഹായം ചെയ്യുന്നു എന്നാണ്. അതിന് ഉപോൽബലകമായി അനേകം കഥകൾ ഇവർ പ്രചരിപ്പിക്കുന്നു. അതെല്ലാം നുണക്കഥകളാണ് എന്ന് സ്ഥാപിക്കാൻ അതിനേക്കാൾ ഏറെ ഉദാഹരണങ്ങൾ ഉണ്ട്. രണ്ട് ഉദാഹരണങ്ങൾ മാത്രം എടുത്ത് പറയാം. ആന്റണിയുടെ കാലത്ത് മാറാട് കലാപത്തിൽ മരിച്ചവർക്ക് സർക്കാർ നൽകിയ തുകയാണ് ഇതിൽ പ്രധാനം. വാസ്തവത്തിൽ ഒരു വർഗീയ ലഹളയുടെ ഭാഗമായി ഒട്ടേറെ ക്രിമിനൽ കുറ്റങ്ങളിൽ പേര് ചേർക്കപ്പെട്ടവരായിരുന്നു കൊല്ലപ്പെട്ടത്. എന്നിട്ടും ആന്റണി സർക്കാർ പത്ത് ലക്ഷം രൂപ വീതം നൽകിയ പത്ത് പേരിൽ ഒൻപത് പേരും ഹിന്ദുക്കൾ ആയിരുന്നു. അവരുടെ അനന്തരവകാശികൾക്ക് സർക്കാർ ജോലിയും നൽകി. ഒരു പക്ഷേ ഇങ്ങനെ ജാതിയുടെ കണ്ണിൽ നോക്കിയാൽ ഏറ്റവും അധികം ഹിന്ദുക്കൾ ആക്രമിക്കപ്പെടേണ്ട സംഭവം ആയിരുന്നു അത്. വർഗീയ കലാപം നടത്തിയവരുടെ കുടുംബത്തിന് സഹായം ചെയ്യന്നത് കണക്കിലെടുക്കാതെ ഒരു മനുഷ്യസ്‌നേഹിയുടെ പേരിൽ ആരോപണം ഉയർത്തുന്ന ഈ ദുഷ്ടമനസുകളെ എന്താണ് വിളിക്കേണ്ടത്?
മറ്റൊരു സംഭവം ചൂണ്ടിക്കാട്ടാനുള്ളത് 1992ൽ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഇടുക്കിയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ അനാഥരായിതീർന്ന കുടുംബത്തോട് അന്നത്തെ യുഡിഎഫ് സർക്കാർ കാണിച്ച കരുണയുടെ കഥയാണ്. അന്ന് ഒരു കുടുംബം മുഴുവൻ ഒലിച്ചുപോയപ്പോൾ അതിൽ ഒരു പെൺകുട്ടി അവശേഷിച്ചു. അവളെ സർക്കാർ ദത്തെടുത്തു. സ്ഥലം വാങ്ങിക്കൊടുത്തു, പഠിപ്പിച്ചു, പ്രായപൂർത്തിയായപ്പോൾ ജോലി നൽകി. ആ പെൺകുട്ടിയുടെ ജാതിയോ മതമോ അന്നു മുതൽ ഇന്നുവരെ ആരും നോക്കിയിരുന്നില്ല. കേരള ചരിത്രത്തിൽ ആദ്യമായി സർക്കാർ ദത്തെടുത്ത കുട്ടിയാണത്. ഇന്ന് വെള്ളാപ്പള്ളി ജാതി പറയുമ്പോൽ ഈ കുട്ടിയുടെ ജാതി അന്വേഷിച്ചവർ കണ്ടെത്തിയത് ആ പെൺകുട്ടി ഈഴവ സമുദായത്തിൽ പെട്ടവൾ ആയിരുന്നു എന്നാണ്.
ഇത്തരം ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്. ഓരോ ദുരന്തവും ഒരുപാട് ജീവിതങ്ങളുടെ വാതിൽ അടയ്ക്കുന്നവയാണ്. അതിന് സർക്കാർ പ്രതികരണം വ്യത്യസ്തമാകാറുണ്ട്. സംഭവത്തിന് ലഭിക്കുന്ന വാർത്താപ്രാധാന്യം, അതിന്റെ മാനുഷികത, ദുരന്തത്തിന് ഇരയായവരുടെ പശ്ചാത്തലം എന്നിവയൊക്കെയാണ് അതിന്റെ മാനദണ്ഢമായി മാറുന്നത്. ഏതെങ്കിലും ഒരു സർക്കാർ ഇത്തരം കാര്യങ്ങളിൽ ജാതി നോക്കും എന്ന് വിശ്വസിക്കാൻ വയ്യ. അതിപ്പോൾ ഉമ്മൻ ചാണ്ടി ആണെങ്കിലും ശരി വി എസ് അച്യുതാനന്തൻ ആണെങ്കിലും ശരി മോദി സർക്കാർ ആണെങ്കിലും ശരി അങ്ങനെ തന്നെയാണ്. അതിൽ ജാതി കാണുന്നത് വികലമായ മനസുള്ളവർ മാത്രമാണ്. ആ വികലതയാണ് വെള്ളാപ്പള്ളി ഇവിടെ പ്രകടിപ്പിച്ചത്. അതിനെയാണ് ചെറുത്ത് തോല്പിക്കേണ്ടതും ഇല്ലാതാക്കേണ്ടതും.
ശ്രീ വി എം സുധീരൻ പറഞ്ഞതുപോലെ കേരളത്തിലെ തൊഗാഡിയ ആയി മാറിയിരിക്കുകയാണ് ശ്രീ വെള്ളാപ്പള്ളി നടേശൻ. ഈ വിഷം വമിപ്പിക്കലിന് പരിഹാരം കണ്ടെത്തിയേ മതിയാവൂ. വെള്ളാപ്പള്ളിക്കെതിരെ സമുദായ കലാപത്തിന് ശ്രമിച്ചു എന്ന പേരിൽ കേസ് എടുത്തു വേണം സർക്കാർ ഇതിനോട് പ്രതികരിക്കാൻ. കേരളം കണ്ട ഏറ്റവും മഹാനായ ചരിത്ര പുരുഷനായ ശ്രീനാരായണ ഗുരുവിനെ വെള്ളാപ്പള്ളിയുടെ തടവറയിൽ നിന്നും രക്ഷിച്ചെടുക്കുക എന്ന ചരിത്രദൗത്യം കൂടി കേരളീയ സമൂഹം ഏറ്റെടുക്കേണ്ടതുണ്ട്. ഗുരുദേവൻ പറഞ്ഞതും പഠിപ്പിച്ചതും എന്തോ അതിന് വിപരീതമായി മാത്രം പ്രവർത്തിച്ച് ആ ചരിത്ര പുരുഷന്റെ ഓർമ്മകൾക്ക് മേൽ മുറിവേല്പിക്കുകയാണ് ശ്രീ വെള്ളാപ്പള്ളി. മതമേതായാലും മനുഷ്യൻ നന്നായാൽ മതിയെന്ന് പറയുകയും തനിക്ക് ജാതിയില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്ത ഗുരുദേവനെ പോലും ഹിന്ദു തീവ്രവാദിയാക്കുകയാണ് ഇപ്പോൾ വെള്ളാപ്പള്ളി ചെയ്യുന്നത്. ഗുരു എന്തു പഠിപ്പിച്ചോ അതിനെല്ലാം എതിരായാണ് വെള്ളാപ്പള്ളിയുടെ പ്രസംഗങ്ങൾ. എസ് എൻ ഡി പി എന്ന പ്രസ്ഥാനം ഉണ്ടാക്കാൻ ഗുരുദേവൻ അനുവദിച്ചത് പോലും മതാതീത ആത്മീയത പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു എന്ന് മറക്കരുത്.[BLURB#4-H]
ഗുരുവിനെ വെള്ളാപ്പള്ളിയുടെ തടവറയിൽ നിന്നും മോചിപ്പിക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടത് സിപിഐ(എം) തന്നെയാണ്. അത് ആദ്യം ചെയ്യേണ്ടത് സമുദായ നേതൃ സ്ഥാനങ്ങളിൽ നിന്നം പാർട്ടി പ്രവർത്തകർ മാറിനിൽക്കണം എന്ന പ്ലീനം തീരുമാനം തിരുത്തണം. ആത്മീയത മനുഷ്യത്വത്തിന് സ്വീകാര്യമായ കാര്യം ആണെന്നും ഇഷ്ടമുള്ളവരെ ആത്മീയതയുമായി സഹകരിക്കാൻ അനുവദിക്കണമെന്നുമുള്ള അടിസ്ഥാന തത്വമാണ് സിപിഐ(എം) മനസിലാക്കേണ്ടത്. എന്നിട്ട് എസ്എൻഡിപി ശാഖകളിൽ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ പാർട്ടി പ്രവർത്തകരോ പാർട്ടി അനുഭാവികളോ അതിന്റെ ഭാരവാഹിത്വം ഏറ്റെടുക്കാൻ മുമ്പോട്ട് വരണം. ഇന്നും എസ് എൻ ഡിപി പ്രവർത്തകരിൽ 70 ശതമാനം പേരും സിപിഐ(എം) അനുഭാവികളോ പ്രവർത്തകരോ ആണ്. അതുകൊണ്ട് തന്നെ സിപി എം അങ്ങനെ ഒരു തീരുമാനം എടുത്താൽ കേരളത്തിലെ എല്ലാ എസ്എൻഡിപി ശാഖയുടെയും യൂണിയനുകളുടെയും നിയന്ത്രണം സിപിഎമ്മിന്റെ കൈയിൽ എത്തും.
അങ്ങനെ വേണം ഗുരുദേവനെയും എസ്എൻഡിപിയെയും വർഗീയതയുടെ തടവിൽ നിന്നും മോചിപ്പിക്കാൻ. ഇങ്ങനെ പിടിച്ചെടുക്കുന്ന എസ്എൻഡിപിയെ സ്വന്തം അജണ്ടകൾക്കായി ഉപയോഗിക്കാതെ ഗുരുദേവ ധർമ്മം പ്രചരിപ്പിക്കാൻ ആഗ്രഹിക്കുന്നവരുടെ കൈയിൽ ഏൽപ്പിക്കാനും സിപിഎമ്മിന് സാധിക്കണം. എസ്എൻഡിപിയെയോ ഗുരുദേവ ദർശനത്തെയോ അപമാനിക്കാനോ ചെറുതാക്കാനോ സിപിഐ(എം) ശ്രമിക്കരുത്. ഒരു സമൂഹത്തിന്റെ വികാരമായി സ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കാൻ അനുവദിക്കണം. ഈ സമുദായത്തെ വച്ച് കച്ചവടം നടത്തുകയും സാമൂഹ്യതിന്മ വളർത്തുകയും ചെയ്യുന്ന വെള്ളാപ്പള്ളിയിൽ നിന്ന് മോചിപ്പിക്കുക മാത്രമാണ് ചെയ്യേണ്ടത്. ഈഴവ സമൂഹത്തിന്റെ അന്തസ് കാക്കാനും ശ്രീനാരായണീയ ദർശനം വളർത്തുന്നതിനും കഴിയുന്നവരെ കണ്ടെത്തി സിപിഐ(എം) അതേൽപ്പിച്ച് കൊടുക്കണം. വെള്ളാപ്പള്ളിയിൽ നിന്നും പിടിച്ച് ബിജു രമേശിനെ ഏല്പിക്കുന്നതിന് സിപിഐ(എം) ശ്രമിച്ചാൽ അത് മറ്റൊരു പരാജയം ആവും എന്ന കാര്യം സിപിഐ(എം) മറക്കരുത്. ഈ പ്രതിസന്ധിയെ ഇത്തരത്തിൽ ഫലപ്രദമായി ഉപയോഗിക്കാൻ സിപിഎമ്മിന് കഴിയട്ടെ എന്നാണ് മറുനാടൻ മലയാളിയുടെ ആശംസ.