തിരുവനന്തപുരം: യങ്ങ് മീഡിയ കോഴിക്കോടുമായി സഹകരിച്ച് മറുനാടൻ മലയാളി നടത്തിയ, കേരളം കണ്ട ഏറ്റവും വലിയ അഭിപ്രായ സർവേയുടെ മൂന്നാംഘട്ടത്തിൽ യുഡിഎഫിന് വ്യക്തമായ മുൻതൂക്കം. എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളിലെ 37 സീറ്റുകളിൽ നടന്ന മൂന്നാംഘട്ടസർവേയിൽ യു.ഡി.എഫ് 22ഉം, എൽ.ഡി.എഫ് 14 സീറ്റുകൾ നേടുമെന്നാണ് സൂചനകൾ വ്യക്തമാക്കുന്നത്. മുസ്ലിം-ഹിന്ദു വോട്ടുകളിൽ കാര്യമായ മാറ്റം വന്നപ്പോഴും ക്രിസ്ത്യൻ വോട്ടുകൾ യുഡിഎഫിനൊപ്പം അടിയുറച്ച് നിൽക്കുന്നുവെന്ന സൂചനയാണ് ഈ സർവേ നൽകുന്നത്. അക്കൗണ്ട് തുറക്കാൻ ശ്രമിക്കുന്ന ബിജെപി അപ്രതീക്ഷിതമായി മധ്യതിരുവിതാംകൂറിലും ഒരു സീറ്റ് നേടുമെന്നും ഒന്നിലേറെ ഇടങ്ങളിൽ മികച്ച നിലയിൽ വോട്ട് നേടുമെന്നും സൂചനയുണ്ട്. ചെങ്ങന്നൂരിലെ എൻ.ഡി.എ സ്ഥാനാർത്ഥി ബിജെപിയുടെ ശ്രീധരൻപിള്ളയാണ് സിറ്റിങ് എംഎൽഎ വിഷ്ണുനാഥിനേക്കാൾ കൂടുതൽ വോട്ടുകൾ നേടി വിജയിക്കും എന്ന സൂചന നൽകുന്നത്.

എറണാകുളം ജില്ലയിലെ ആകെയുള്ള 14 സീറ്റുകളിൽ 11 ഉം യുഡിഎഫ് നേടുമ്പോൾ മൂന്നിടത്ത് മാത്രമാണ് എൽഡിഎഫ്‌  വ്യക്തമായ മുൻതൂക്കം നേടിയത്. എന്നാൽ കുന്നത്തുനാട്, തൃപ്പൂണിത്തുറ എന്നിവിടങ്ങളിൽ നേരിയ മുൻതൂക്കം മാത്രമാണ് യുഡിഎഫിനുള്ളത്. ഇടുക്കിയിൽ നിലവിലുള്ള രണ്ട് സിറ്റിങ് സീറ്റുകൾക്ക് പുറമെ പീരുമേട് കൂടി യുഡിഎഫ് നേരിയ വ്യത്യാസത്തിൽ കരസ്ഥമാക്കുമെന്ന സൂചനയാണ് ഈ സർവേ നൽകുന്നത്. ഏറെ പ്രതീക്ഷയോടെ എൽഡിഎഫ് നിർത്തിയ ജനാധിപത്യ കേരള കോൺഗ്രസ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജ്ജ് തോൽക്കുമെന്ന സൂചന നൽകുമ്പോൾ അഞ്ചിൽ മൂന്നും നേടി യുഡിഎഫ് മുന്നിട്ട് നിൽക്കും.

ആലപ്പുഴയിൽ ഇടതുപക്ഷം പതിവ് സ്വാധീനം നിലനിർത്തുമെന്ന സൂചനയാണ്. ആകെയുള്ള ഒൻപത് സീറ്റുകളിൽ ആറെണ്ണം എൽഡിഎഫ് നേടുമ്പോൾ രണ്ടെണ്ണം യുഡിഎഫിനും ഒരെണ്ണം ബിജെപ്പിക്കും ലഭിക്കുമെന്ന സൂചനയാണ് സർവ്വേ നൽകുന്നത്. കോട്ടയം ജില്ലയിൽ കാര്യമായ ചലനം ഉണ്ടാക്കാൻ എൽഡിഎഫിന് കഴിഞ്ഞിട്ടില്ല എന്നാണ് സൂചന. നിലവിലുള്ള രണ്ട് സീറ്റുകൾക്ക് പുറമെ ഒരെണ്ണം കൂടി എൽഡിഎഫ് നേടിയേക്കുമെന്നാണ് റിപ്പോർട്ട്. വൈക്കം, ഏറ്റുമാനൂർ എന്നീ സീറ്റുകൾ നിലനിർത്തുമ്പോൾ ചങ്ങനാശ്ശേരി കൂടി എൽഡിഎഫ് നേരി വ്യത്യാസത്തിൽ പിടിച്ചെടുക്കും.

മറുനാടൻ മലയാളിയുടെ മൂന്നാം ഘട്ടം അഭിപ്രായ സർവ്വേയിൽ 22 സീറ്റുകൾ യുഡിഎഫ് നേടുമ്പോൾ 14 സീറ്റുകൾ ആണ് എൽഡിഎഫിനുള്ളത്. ഒരു സീറ്റ് എൻഡിഎയും നേടും. ഇതുവരെ പൂർത്തിയാക്കിയ 110 മണ്ഡലങ്ങിൽ 56 സീറ്റ് നേടി എൽഡിഎഫ് നേരിയ മുൻതൂക്കം നിലനിർത്തുമ്പോൾ 52 സീറ്റുമായി യുഡിഎഫ് തൊട്ടുപിന്നിലുണ്ട്. ചതുഷ്‌കോണ മത്സരം നടക്കുന്ന പൂഞ്ഞാറിൽ മുൻ ചീഫ് വിപ്പ് പിസി ജോർജ് മൂന്നാമതാണ് ഇപ്പോൾ. മലബാറിലെ പല ജില്ലകളിലും പ്രകടമായതുപോലെ ശക്തമായ ഭരണവിരുദ്ധ വികാരത്തിന്റെ സൂചനകൾ മധ്യകേരളത്തിൽ ഇല്ല എന്നാണ് സർവ്വെ ഫലം വ്യക്തമാക്കുന്നത്. മന്ത്രി അനൂപ് ജേക്കബ് തോല്ക്കുമെന്ന് സൂചന നൽകിയ സർവ്വെയിൽ മന്ത്രിമാരായ രമേശ് ചെന്നിത്തലയും, കെ ബാബുവും, കെ എം മാണിയും കടുത്ത മത്സരത്തെയാണ് നേരിടുന്നത് എന്നാണ് സൂചന നൽകുന്നത്. കത്തോലിക്കാ വോട്ടുകളും ബിഡിജെഎസും വിധി നിർണ്ണായിക്കും ഈ മണ്ഡലങ്ങളിൽ.

സർവേ ഫലം ഇതുവരെ: പ്രഖ്യാപിച്ച സീറ്റുകൾ-110, എൽഡിഎഫ്-56, യുഡിഎഫ് - 52 സീറ്റ്, എൻഡിഎ-2

മൂന്നാംഘട്ട സർവേയിൽ കണ്ടത്തെിയ യുഡിഎഫിന് ജയ സാധ്യതയുള്ള സീറ്റുകൾ

കൊച്ചി, എറണാകുളം, തൃക്കാക്കര, കളമശ്ശേരി, ആലുവ, അങ്കമാലി, പറവൂർ, മൂവാറ്റുപുഴ, കോതമംഗലം, തൊടുപുഴ, ഇടുക്കി, പാല, കടുത്തുരുത്തി, കോട്ടയം, പുതുപ്പള്ളി, കാഞ്ഞിരപ്പള്ളി, ഹരിപ്പാട്, കുട്ടനാട്, തൃപ്പൂണിത്തുറ, കുന്നത്തുനാട്, പീരുമേട്, പൂഞ്ഞാർ

എൽഡിഎഫിന് ജയസാധ്യതയുള്ള സീറ്റുകൾ

വൈപ്പിൻ, പെരുമ്പാവൂർ, പിറവം, ഉടുമ്പൻചോല, ദേവികുളം, ആലപ്പുഴ, അമ്പലപ്പുഴ, അരൂർ, കായംകുളം, ചേർത്തല, മാവേലിക്കര, വൈക്കം, ഏറ്റുമാനൂർ, ചങ്ങനാശ്ശേരി

എൻഡിഎക്ക് വിജയ സാധ്യതയുള്ള സീറ്റുകൾ

ചെങ്ങന്നൂർ

ജില്ലകളിലൂടെ എറണാകുളം

ആകെ സീറ്റ് 14 യുഡിഎഫ് 11, എൽ.ഡി.എഫ് 3

ഇഞ്ചോടിഞ്ച് പോരാട്ടം; യുഡിഎഫിന് മേൽക്കെ

യു.ഡി.എഫിന് പരമ്പരാഗതമായി മുൻതൂക്കമുള്ള ജില്ലയാണ് എറണാകുളും. 2006ൽ എൽ.ഡി.എഫ് തരംഗം ആഞ്ഞടിപ്പപ്പോൾ മാത്രമാണ് ഇവിടെ ഇടതിന് മുന്നേറാനായത്.ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും പിന്നീട് നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലും യുഡിഎഫ് വൻ വിജയം ആവർത്തിച്ചപ്പോൾ തദ്ദേശത്തിൽ അവർക്ക് ചെറിയ തട്ടും കിട്ടി. പക്ഷേ ഇത്തവണ കടുത്ത പോരാട്ടത്തിന്റെ സൂചനകളാണ് എറണാംകുളം ജില്ലയിലെ 14 മണ്ഡലങ്ങളിലും സന്ദർശിച്ച സർവേ സംഘത്തിന് ബോധ്യപ്പെട്ടത്.

വൈപ്പിനിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ എസ്.ശർമ്മയെയും ആലുവയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി അൻവർ സാദത്തും,കോതമംഗലത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി ടി.യുകുരുവിളയും ഒഴികെയുള്ള ആർക്കും ജയിക്കുമെന്ന് ഉറപ്പ് പറയാവുന്ന ഭൂരിപക്ഷത്തിലേക്ക് എത്താനാവുന്നില്ല.
കഴിഞ്ഞതവണ എൽ.ഡി.എഫിന് 14ൽ വെറും മൂന്ന് സീറ്റുകൾ മാത്രമാണ് കിട്ടിയത്. വൈപ്പിനും, പിറവവും, പെരുമ്പാവൂരും. കടുത്ത പോരാട്ടം നടക്കുന്ന അങ്കമാലിയിൽ സർവേ പ്രകാരം ഇത്തവണ നേരിയ മുൻതൂക്കം യുഡിഎഫിനാണ്. എന്നാൽ തൃപ്പൂണിത്തുറയിൽ അതിശക്തമായ മത്സരം നടക്കുന്നതെങ്കിലും മന്ത്രി കെ ബാബുവിന് തന്നെയാണ് വിജയസാധ്യത്. കുന്നത്തുനാട്ടിലും സർവേയിൽ മുൻതൂക്കം യുഡിഎഫിനാണ്. യുഡിഎഫിന് രാഷ്ട്രീയമായി മേൽക്കെയുള്ള മൂവാറ്റുപുഴ, കളമശ്ശേരി സീറ്റുകളിലും ഇഞ്ചോടിഞ്ച് പോരാട്ടത്തിൻെ സൂചനകളാണ് സർവേ നൽകുന്നത്.

സാമുദായിക ശക്തികളുടെ പിന്തുണയും ഈ ജില്ലയിൽ നിർണായകമാണ്. യാക്കോബായ - ഓർത്തഡോക്‌സ് വിഭാഗങ്ങൾക്ക് ഇക്കുറി ഇടതിനോട് അയിത്തമില്ല. ജില്ലയിലെ നാലുമണ്ഡലങ്ങളിലെങ്കിലും ഇത് അനുകൂലമാകുമെന്നാണ് ഇടതുമുന്നണിയുടെ കണക്കുകൂട്ടൽ. സീറോമലബാർലത്തീൻ സഭകളുടെ നിലപാടിലും കാര്യമായ മാറ്റമുണ്ടെന്നാണ് സിപിഐ.എം നേതാക്കളുടെ വിലയിരുത്തൽ.എന്നാൽ മദ്യനയത്തിലെ അവ്യക്തത ഇടതുമുന്നണിക്ക് സാമുദായി ശക്തികളുടെ പിന്തുണ ആർജിക്കുന്നതിൽ ഇടതിന് വിലങ്ങുതടിയാവുമെന്നാണ് യു.ഡി.എഫ് കരുതുന്നത്. പരമ്പരാഗതമായ ശക്തികേന്ദ്രങ്ങൾ തങ്ങളെ കൈവിടില്ലെന്ന് യു.ഡി.എഫും വിശ്വസിക്കുന്നു.

ബി.ഡി.ജെ.സിന്റെ പിന്തുണയോടെ ബിജെപിയും ഇവിടെ ശക്തമായി പോരടിക്കുന്നുണ്ട്. തൃപ്പുണിത്തുറ, തൃക്കാക്കാര സീറ്റുകളിൽ ഇരുമുന്നണികളെയും ഞെട്ടിച്ചുകൊണ്ടാണ് എൻ.ഡി.എയുടെ വോട്ടുവിഹിതം ഉയരുന്നത്. പറവൂരിൽ വി.ഡി സതീശനെ തോൽപ്പിക്കാനും ബി.ഡി.ജെ.എസ് കിണഞ്ഞു ശ്രമിക്കുന്നുണ്ട്.

കൊച്ചി: യുഡിഎഫിന് പൊരിഞ്ഞ പോരാട്ടം

കഴിഞ്ഞതവണ പതിനാറായിരത്തലേറെ വോട്ടുകൾക്ക് ജയിച്ച കോൺഗ്രസ് നേതാവ് ഡൊമനിക്ക് പ്രസന്റേഷൻ ഇവിടെ വിയർക്കുകയാണ്.സർവേ പ്രകാരം വെറും രണ്ടുശതമാനം വോട്ടിന്റെ ലീഡ് മാത്രമാണ് ഈ മണ്ഡലത്തിൽ ഡൊമനിക്കിനുള്ളത്.
മണ്ഡലത്തിൽ സ്വാധീനമുള്ള ലത്തീൽസഭ ഡൊമിനിക് പ്രസന്റേഷനെതിരെ പരസ്യമായി പ്രസ്താവനയിറക്കിയത് ഇടതിന്റെ പ്രതീക്ഷയ്ക്ക് കനംവെപ്പിച്ചിട്ടുണ്ട്. ഏഴാംതവണ മത്സരിക്കാൻ ഇറങ്ങുന്ന ഡൊമിനിക്കിന്റെ പേര് കെപിസിസി. പ്രസിഡന്റ് വി എം. സുധീരൻ അവസാനനിമിഷംവരെ ചവുട്ടിപ്പിടിച്ചതും ഇടതുമുന്നണി ആയുധമാക്കുന്നുണ്ട്.

  • യുഡിഎഫ് 44 ശതമാനം
  • എൽഡിഎഫ് 42
  • എൻഡിഎ 11
  • നോട്ട അഥവാ മറ്റുള്ളവർ3

എറണാകുളം :ഹൈബിക്ക് വാക്കോവറില്ല

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇടതുസ്ഥാനാർത്ഥിക്ക് മൊത്തം കിട്ടിയ വോട്ടിനേക്കാൾ കൂടുതൽ ഭൂരിപക്ഷംനേടി, 32,347 വോട്ടിന് ഡോ.സെബാസ്റ്റ്യൻ പോളിനെ തകർത്തുകൊണ്ട് ജയിച്ചുകയറിയ കോൺഗ്രസ് യുവ നേതാവ് ഹൈബി ഈഡനും ഇത്തവണ കാര്യങ്ങൾ എളുപ്പമാകില്ല.മണ്ഡലത്തിൽ നല്ല സ്വാധീനമുള്ള സിപിഐ.എം യുവനേതാവ് അഡ്വ. എം. അനിൽകുമാറിനുള്ളത്, വ്യത്യസ്തമായ പ്രചാരണപരിപാടികളിലൂടെയും ശ്രദ്ധപിടിച്ചു പറ്റുകയാണ്.സോളാർകേസ് അടക്കമുള്ള ആരോപണങ്ങൾ അഴിച്ചുവിട്ടുകൊണ്ട് ,ഹൈബിക്കെതിരെ ഇടതുപക്ഷം നടത്തിയ ആദ്യഘട്ട കാമ്പയിൽ ഫലം കണ്ടുവെന്നാണ് സർവേ ഫലം സൂചിപ്പിക്കുന്നത്. ഇവിടെ വെറും 3 ശതമാനം വോട്ടിന്റെ മുൻതൂക്കമാണ് യു.ഡി.എഫിനുള്ളത്.

  • യു.ഡി.എഫ്45 ശതമാനം
  • എൽ.ഡി.എഫ്42
  • എൻ.ഡി.എ8
  • നോട്ട അഥവാ മറ്റുള്ളവർ5

തൃപ്പുണിത്തുറയിൽ കെ.ബാബു തന്നെ

ഈ തെരഞ്ഞെടുപ്പിൽ ഏറ്റവും ചർച്ചചെയ്യുന്ന വിഷയം അഴിമതിയാണെന്ന സർവേയിൽ നേരത്തെ കണ്ട സൂചനകൾ ഇവിടെയും ശരിവെക്കുന്നു. ഡിവൈഎഫ്ഐ. സംസ്ഥാന സെക്രട്ടറി എം. സ്വരാജിനെയാണ് മുൻനിർത്തി സിപിഐ.എം നടത്തുന്ന കൊണ്ടുപടിച്ച അഴിമതിവിരുദ്ധ പ്രചാരണം നടത്തുന്നുണ്ട്. എന്നാൽ നേരിയ ഭൂരിപക്ഷത്തിന് ആയാലും ബാബു ജയിക്കുമെന്ന സൂചനയാണ് അവിടെയുള്ളത്. ആദ്യഘട്ടത്തിൽ സ്വരാജിന്റെ സ്ഥാനാർത്ഥിത്വത്തെചൊല്ലിയുള്ള അഭിപ്രായ ഭിന്നതകൾ മുതിർന്ന നേതാക്കളെ കളത്തിലറിക്കി സിപിഐ.എം പരിഹരിച്ചിട്ടുണ്ട്. ബാബുവിന് എതിരാളിയാകുന്നത് ബിജെപി രംഗത്തിറക്കിയ സാംസ്‌കാരികനായകനും വാഗ്മിയുമായ പ്രൊഫ. തുറവൂർ വിശ്വംഭരന് കിട്ടുന്ന പിന്തുണയാണ്.ഇവിടെ ബിജെപി 24 ശതമാനം വോട്ട് പടിക്കുമെന്നാണ് സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നത്. അതിൽ നല്ലൊരു പങ്കും യു.ഡി.എഫിന്റെ വോട്ടുകളാണ്. നിലവിൽ സർവേ സൂചന പ്രകാരം ബാബു 3 ശതമാനം വോട്ടിന് മുന്നിലാണ്.

  • യു.ഡി.എഫ്37 ശതമാനം
  • എൽ.ഡി.എഫ്34
  • എൻ.ഡി.എ24
  • നോട്ട അഥവാ മറ്റുള്ളവർ 5

തൃക്കാക്കാരയിൽ പൊരിഞ്ഞ പോര്; യു.ഡി.എഫിന് മുൻതൂക്കം

തൃക്കാക്കരയിൽ സിറ്റിങ് എം.എ.എ. ബെന്നി ബെഹനാന് അവസാനനിമിഷം സീറ്റ് നിഷേധിച്ചപ്പോൾ, ഇവിടെ ഇടതിന് പ്രതീക്ഷകൾ ഏറെയായിരുന്നു. എന്നാൽ ഇടുക്കി മുൻഎംപി.യും തൊടുപുഴയുടെ മുൻ എംഎ‍ൽഎയുമായ പി.ടി. തോമസ് സ്ഥാനാഥിയായി പ്രചാരണം തുടങ്ങിയപ്പോൾ ഇവിടെ കടുത്ത പോരാട്ടമായി.മണ്ഡലംപിടിക്കായി അവസാനനിമിഷം ഇടതുമുന്നണി ഏൽപ്പിച്ചത് എറണാകുളത്തിന്റെ മുൻ എംപി.യും മുൻ എംഎ‍ൽഎ.യുമായ ഡോ. സെബാസ്റ്റ്യൻപോളിനെയാണ്. ഇവിടെ നിലവിൽ മൂന്നു ശതമാനം വോട്ടിന് പി.ടി തോമസ് മുന്നിലാണെന്ന് സർവേ സൂചിപ്പിക്കുന്നു.ബിജെപിയുടെ വോട്ടിലും ഇവിടെ വൻ വർധനയുണ്ടായിട്ടുണ്ട്.എങ്കിലും അവസാനത്തെ അടിയൊഴൂക്കുകളിൽ എൽ.ഡി.എഫിന് ഇപ്പോഴും പ്രതീക്ഷയുണ്ട്.

  • യു.ഡി.എഫ്39 ശതമാനം
  • എൽ.ഡി.എഫ്36
  • എൻ.ഡി.എ20
  • നോട്ട അഥവാ മറ്റുള്ളവർ5

കളമശ്ശേരിയിൽ യു.ഡി.എഫ്

കളമശ്ശേരിയിൽ സിറ്റിങ് എം.എ.എ. മന്ത്രി ഇബ്രാഹിംകുഞ്ഞ് ഒരുറൗണ്ട് ഓടിത്തീർത്തപ്പോഴാണ് ഇടതുസ്ഥാനാർത്ഥിിയായി മുൻ എംഎ‍ൽഎ., എ.എം. യൂസഫ് രംഗത്തുവരുന്നത്. പക്ഷേ യൂസഫിന് വളരെ പെടന്ന് കിട്ടയ സ്വീകാര്യത ഇടതുമുന്നണിക്ക ് പ്രതീക്ഷയായിരുന്നു. എന്നാൽ മറ്റ് മന്ത്രിമാർക്കുള്ളതുപോലുള്ള വികാരം ഇബ്രാഹീം കുഞ്ഞിന് നേർക്കില്‌ളെന്ന് സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നു.നിലവിൽ ആറുശതമാനം വോട്ടിന് ഇവിടെ യു.ഡി.എഫ് മുന്നിലാണ്.

  • യു.ഡി.എഫ്43ശതമാനം
  • എൽ.ഡി.എഫ്37
  • എൻ.ഡി.എ14
  • നോട്ട അഥവാ മറ്റുള്ളവർ6

കുന്നത്തുനാട് കടുത്ത പോരാട്ടം; യുഡിഎഫിന് തന്നെ മുൻതൂക്കം

സിറ്റിങ് എംഎ‍ൽഎ, വി.പി. സജീന്ദ്രനെതിരെ ഇടതുസ്ഥാനാർത്ഥിയായി അഡ്വ. ഷിജി ശിവജിയെ പ്രഖ്യാപിപ്പോൾ തുടക്കത്തിലുണ്ടായിരുന്ന അമ്പരപ്പ് വളരെ പെട്ടന്നാണ് മാറിയത്. ശക്തമായി പോരടിച്ചു ഷിജി കുന്നത്തുനാട്ടിൽ അട്ടിമറി സാധ്യത നിലനിർത്തുന്നണ്ടെങ്കിലും ഫലവത്താകില്ലെന്നാണ് വിലയിരുത്തൽ. സിപിഐ.എമ്മിന് നല്ല അടിത്തറയുള്ള മണ്ഡലത്തിൽ കഴിഞ്ഞ തവണ 8732 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യു.ഡി.എഫ് ജയിച്ചത്. സർവേ സൂചനകൾ പ്രകാരം രണ്ടുശതമാനം വോട്ടിന് ഇവിടെ യുഡിഎഫ് മുന്നിലാണ്.

  • യു.ഡി.എഫ് 41 ശതമാനം
  • എൽ.ഡി.എഫ 39
  • എൻ.ഡി.എ16
  • നോട്ട അഥവാ മറ്റുള്ളവർ4

വൈപ്പിൻ: ഇടതു കോട്ടയിൽ മാറ്റമില്ല

എൽ.ഡി.എഫ് കണ്ണുംപൂട്ടി ജയിക്കുമെന്ന് അവരുടെ നേതാക്കൾ പറയുന്ന ജില്ലയിലെ ഏക മണ്ഡലമാണ് വൈപ്പിൻ. ഇവിടെ സിറ്റിങ് എംഎ‍ൽഎയും മുൻ മന്ത്രിയുമായ എസ്. ശർമയാണെങ്കിൽ വിജയം ഉറപ്പെന്ന് നേരത്തേതന്നെ പാർട്ടിവൃത്തങ്ങളിൽ ചർച്ചവന്നതിനാൽ, സിപിഐ.എം. സംസ്ഥാന നേതൃത്വം മാനദണ്ഡങ്ങൾ മാറ്റിവച്ച് അദ്ദേഹത്തിന് ഒരവസരം കൂടി നൽകുകയായിരുന്നു. സർവേയിലെ സൂചന പ്രകാരം എൽ.ഡി.എഫ് ഇവിടെ 6ശതമാനം വോട്ടിന് മുന്നിലാണ്.

  • എൽ.ഡി.എഫ് 47ശതമാനം
  • യു.ഡി.എഫ് 41
  • എൻ.ഡി.എ 10
  • നോട്ട അഥവാ മറ്റുള്ളവർ 2

പിറവം: അനൂപിന് അഗ്‌നി പരീക്ഷ; എൽഡിഎഫ് മുന്നിൽ

പിറവത്ത് കഴിഞ്ഞ തിരഞ്ഞെടുപ്പിന്റെ തനിയാവർത്തനമാണ് ഇപ്പോൾനടക്കുന്നത്. ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ചവർ തമ്മിലാണ് ഇക്കുറിയും പോര്. സിറ്റിങ് എംഎ‍ൽഎ. മന്ത്രി അനൂപ് ജേക്കബിനെതിരെ പരിജയ സമ്പന്നനായ എം.ജെ. ജേക്കബിനെ ഇറക്കിയ സിപിഐ.എം തന്ത്രം ഫലം കാണുന്നുവെന്നാണ് സർവേ സൂചനകൾ വ്യക്തമാക്കുന്നത്. അഴിമതി മുഖ്യ പ്രചാരണ വിഷയമായതോടെ അനൂപ് പ്രതിരോധത്തിലാവുന്നതായാണ് സർവേ ഫലങ്ങൾ നൽകുന്ന സൂചന. നിലവിൽ ഇവിടെ 2 ശതമാനം വോട്ടിന്റെ മേൽക്കൈ എൽ.ഡി.എഫിനാണ്.

  • എൽ.ഡി.എഫ്41ശതമാനം
  • യു.ഡി.എഫ്39
  • എൻ.ഡി.എ15
  • നോട്ട അഥവാ മറ്റുള്ളവർ5

    പറവുർ: വി.ഡി സതീശൻ മുന്നിൽ; അടിയൊഴുക്കുകൾ ശക്തം

വെള്ളാപ്പള്ളി നടേശനുമായി കോർത്തതിന് വി.ഡി. സതീശന് ബാലറ്റിലൂടെ മറുപടി നൽകുമെന്ന് ബി.ഡി.ജെ.എസ്. പ്രഖ്യാപിച്ചതോടെ പറവൂരിൽ മൽസരം കടുക്കുകയാണ്.എന്നാൽ സതീശനാകട്ടെ സ്വന്തംനിലപാടിൽ ഉറച്ച് മുന്നോട്ടുപോകുകയാണ്. കടുത്ത മൽസരമാണെങ്കിലും നിലവിൽ സതീശന് ഭീഷണിയില്‌ളെന്നാണ് സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നത്. പക്ഷേ ബി.ഡി.ജെ.എസ് തങ്ങളുടെ വോട്ടുകൾ ഇടതുമുന്നണിക്ക് മറിക്കാനുള്ള സാധ്യത കൂടുതലുമാണ്.അത്തരം ഒരു അടിയൊഴുക്ക് എൽ.ഡി.എഫ് പ്രതീക്ഷിക്കുന്നുമുണ്ട്. ഇടതുമുന്നണി സ്ഥാനാർത്ഥിയായി, സിപിഐ. നേതാവായിരുന്ന പി.കെ. വാസുദേവൻനായരുടെ മകൾ ശാരദാമോഹനെയാണ് പാർട്ടി രംഗത്തിറക്കിയിട്ടുള്ളത്.സർവേ സൂചന പ്രകാരം 4 ശതമാനം വോട്ടിന് ഇവിടെ യു.ഡി.എഫ് മുന്നിലാണ്.

  • യു.ഡി.എഫ്42ശതമാനം
  • എൽ.ഡി.എഫ്38
  • എൻ.ഡി.എ15
  • നോട്ട അഥവാ മറ്റുള്ളവർ5

ആലുവ: യു.ഡി.എഫ് മുന്നേറ്റം പ്രകടം

ആലുവയിലും ഇത്തവണ ചെറുപ്പക്കാരുടെ പോരാട്ടമാണ്. സിറ്റിങ് എം.എ.എ., അൻവർസാദത്തിനെ നേരിടുന്നത് സിപിഐ.എം. ഏരിയാസെക്രട്ടറി വി. സലിമാണ്.കഴിഞ്ഞതവണ പതിമൂവായിരത്തോളം വോട്ടുകൾക്കാണ് ഇവിടെ യു.ഡി.എഫ് ജയിച്ചത്.ഇത്തവനയും തൽസ്ഥിതി തുടരാനാണ് സാധ്യതയെന്നാണ് സർവേ ഫലങ്ങൾ നൽകുന്ന സൂചന.

  • യു.ഡി.എഫ്43ശതമാനം
  • എൽ.ഡി.എഫ്37
  • എൻ.ഡി.എ14
  • നോട്ട അഥവാ മറ്റുള്ളവർ6

പെരുമ്പാവൂർ: ഇടതിന് മുൻതൂക്കം; എൽദോസ് പൊരുതുന്നു

പെരുമ്പാവൂരിലും ചെറുപ്പക്കാരുടെ പോരാണ്. സിറ്റിങ് എം.എ.എ., സിപിഎമ്മിലെ സാജുപോളിനെ നേരിടാന്മുൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എൽദോസ് കുന്നപ്പള്ളിയെയാണ് യു.ഡി.എഫ് ഇറക്കിയിരിക്കുന്നത്. സിപിഐ.എമ്മിന് പരമ്പരാഗതമായി സ്വാധീനമുള്ള മണ്ഡലമാണിത്.പക്ഷേ എൽദോസിന്റെ സാധിധ്യം ഇവിടെ മൽസരം കടുപ്പിക്കുന്നു. നിലവിൽ 2 ശതമാനം വോട്ടിന്റെ ലീഡ്മാത്രമാണ് ഇവിടെ ഇടതുമുന്നണിക്ക് ഉള്ളത്.

  • എൽ.ഡി.എഫ്40ശതമാനം
  • യു.ഡി.എഫ്38
  • എൻ.ഡി.എ18
  • നോട്ട അഥവാ മറ്റുള്ളവർ4

    അങ്കമാലിയിൽ ഫോട്ടോഫിനീഷ്; യുഡിഎഫിന് നേരിയ മുൻതൂക്കം

ഇരുമുന്നണികിലെയും പ്രശ്‌നങ്ങൾകൊണ്ട് ശ്രദ്ധേയമായ മണ്ഡലമാണ് അങ്കമാലി.അങ്കമാലി തിരിച്ചുപിടിക്കാൻ എൻ.എസ്.യു. പ്രസിഡന്റ് റോജി എം. ജോണിനെയാണ് കോൺഗ്രസ് ചുമതലപ്പെടുത്തിയിരിക്കുന്നത്.സിറ്റിങ് എംഎ‍ൽഎ ജോസ് തെറ്റയിലെമാറ്റി,അങ്കമാലി മുൻ മുനിസിപ്പൽ ചെയർമാൻ ബെന്നി മൂഞ്ഞേലിയെയാണ് ജനതാദൾ എസ്. രംഗത്തിറക്കിയത്. സർവേ സൂചനകൾ പ്രകാരം ഇവിടെ ഒരു ശതമാനം വോട്ടിന് മുന്നിട്ടുനിൽക്കുന്നത് യു.ഡി.എഫ ആണ്. ഇവിടെ മറ്റുള്ളവർ അഥവാ നോട്ട 10ൽ എത്തിയെന്നതും ശ്രദ്ധേയമാണ്.

  • യു.ഡി.എഫ്39ശതമാനം
  • എൽ.ഡി.എഫ്38
  • എൻ.ഡി.എ13
  • നോട്ട അഥവാ മറ്റുള്ളവർ10

മൂവാറ്റുപുഴ: വാഴക്കന് മുൻതൂക്കം

.മൂവാറ്റുപുഴ എങ്ങനെയും തിരിച്ചുപിടിക്കണമെന്നവാശിയിലാണ് ഇടതുമുന്നണി. അതിനായി സിപിഐ.യിലെ ചെറുപ്പക്കാരനായ എൽദോ എബ്രഹാമിനെയാണ് ഇവർ രംഗത്തിറക്കിയത്. എന്നാൽ സിറ്റിങ് എം.എൽഎ. ജോസഫ് വാഴക്കന് മുൻതൂക്കമുണ്ടെന്നാണ് സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നത്.നാലുശതമാനം വോട്ടിന് ഇവിടെ വാഴക്കൻ മുന്നിലാണ്.

  • യൂ.ഡി.എഫ്42ശതമാനം
  • എൽ.ഡി.എഫ്38
  • എൻ.ഡി.എ15
  • നോട്ട അഥവാ മറ്റുള്ളവർ5

കോതമംഗലം: യു.ഡി.എഫിന് മേൽക്കൈ

കോതമംഗലത്ത് കേരളാകോൺഗ്രസ് നേതാവും മുന്മന്ത്രിയുമായ ടി.യു. കുരുവിള ആത്മവിശ്വാസത്തോടെ വീണ്ടുമിറങ്ങിയിരിക്കുകയാണ്. സിപിഐ.എമ്മിലെ ആന്റണി ജോണാണ് ഇടതുസ്ഥാനാർത്ഥി. മുൻ തമിഴ്‌നാട് ചീഫ് സെക്രട്ടറി പി.സി. സിറിയക്കാണ് ഇറക്കിക്കൊണ്ടുള്ള എൻ.ഡി.എയുടെ വലിയ പ്രചാരണവും വോട്ടാകുന്നുണ്ടെന്ന് സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നു.

  • യൂ.ഡി.എഫ്43ശതമാനം
  • എൽ.ഡി.എഫ്37
  • എൻ.ഡി.എ17
  • നോട്ട അഥവാ മറ്റുള്ളവർ3

ജില്ലകളിലൂടെ: ഇടുക്കി

യുഡിഎഫ് 3, എൽഡിഎഫ് 2

കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിൽ യുഡിഎഫ് 3 സീറ്റും എൽഡിഎഫ് രണ്ട് സീറ്റുമെന്ന നിലയിലേക്ക് മാറുമെന്നാണ് സർവേ സൂചിപ്പിക്കുന്നത്. ഫ്രാൻസിസ് ജോർജിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം മുന്നണിയിൽ എത്തിയത് എൽ.ഡി.എഫിന് ആത്മവിശ്വാസം പകരുന്നുണ്ട്. എന്നാൽ ഫ്രാൻസിസ് ജോർജ്ജ് ഇടുക്കിയിൽ വിജയിക്കുമെന്ന വിലയിരുത്തലില്ല. അതേസമയം ഹൈറേഞ്ച് സംരക്ഷണ സമിതി ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്തെയെന്നപോലെ സജീവമാകാത്തത് യു.ഡി.എഫിനും പ്രതീക്ഷ നൽകുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലയിൽ യു.ഡി.എഫിനുണ്ടായ മെച്ചപ്പെട്ട വിജയം തുടരുമെന്നും യു.ഡി.എഫ് കരുതുന്നു. എന്നാൽ ബി.ഡി.ജെ.സുമായുള്ള സഖ്യം ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് ഇവിടെ ബിജെപി. 'പൊമ്പിളെ ഒരുമെ പോലുള്ള' സംഘടനകൾ കാര്യമായി സ്വാധീനിച്ചിട്ടില്‌ളെന്നും സർവേ വ്യക്തമാക്കുന്നു. സർവേ സൂചന അനുസരിച്ച് ഉടുമ്പൻചോല, ദേവികുളം, എന്നീ മൂന്നു സീറ്റുകളിൽ എൽ.ഡി.എഫും തൊടുപുഴ, ഇടുക്കി, പീരുമേട് സീറ്റുകളിൽ യു.ഡി.എഫുമാണ് മുന്നിട്ട് നിൽക്കുന്നത്.

തൊടുപുഴ: ജോസഫിന്റെ തേരോട്ടം

കഴിഞ്ഞതവണ ഇരുപത്തിരണ്ടായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ച മന്ത്രി പി.ജെ.ജോസഫിന്റെ ഭൂരിപക്ഷം കുറക്കാമെന്നല്ലാതെ , മുട്ടുകുത്തിക്കാമെന്ന വാശിയൊന്നും എൽ.ഡി.എഫ് ക്യാമ്പിലില്ല. സർവേ സൂചനകൾ അനുസരിച്ച് 8 ശതമാനം വോട്ടിന്റെ വ്യക്തമായ മുൻതൂക്കം ഇവിടെ യു.ഡി.എഫിനുണ്ട്.

  • യൂ.ഡി.എഫ്45ശതമാനം
  • എൽ.ഡി.എഫ്37
  • എൻ.ഡി.എ15
  • നോട്ട അഥവാ മറ്റുള്ളവർ3

ഇടുക്കി: റോഷി അഗസ്റ്റിൻ മുന്നിൽ

ഫ്രാൻസിന് ജോർജ് ശക്തമായ പോരാട്ടം കാഴ്ചവെക്കുന്നുവെങ്കിലും സിറ്റിങ് എംഎ‍ൽഎയായ കേരളാകോൺഗ്രസ് എമ്മിലെ റോഷി അഗസ്റ്റിൻ മണ്ഡലം നിലനിർത്തുമെന്നാണ് സർവേ ഫലം സൂചിപ്പിക്കുന്നത്.ഇരു മുന്നണികളും തമ്മിൽ ഇവിടെ 2 ശതമാനം വോട്ടിന്റെ വ്യത്യാസംമാത്രമാണുള്ളതെന്നതും ഇടതുമുന്നണിക്കും പ്രതീക്ഷ നൽകുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പതിനയ്യായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷമാണ് റോഷി അഗ്‌സറ്റിന് ഉണ്ടായിരുന്നത്.

  • യൂ.ഡി.എഫ്44ശതമാനം
  • എൽ.ഡി.എഫ്42
  • എൻ.ഡി.എ11
  • നോട്ട അഥവാ മറ്റുള്ളവർ3

പീരുമേട്: ബിജിമോൾക്കെതിരെ അട്ടിമറി

ഇത്തവണ ഇടുക്കിയിലെ പീരുമേട് മണ്ഡലത്തിൽ അട്ടിമറി നടക്കുമെന്നാണ് സൂചന. ഇവിടെ മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വിജയം നേടാൻ സാധിക്കുമെന്നാണ് സർവേ വിലയിരുത്തുന്നത്. ശക്തമായ പോരാട്ടമാണ് ഇവിടെ നടക്കുന്നത്. തോട്ടം തൊഴിലാളി പ്രശ്‌നങ്ങളാകും തിരിച്ചടിയാകുക എന്നാണ് സർവേ സൂചിപ്പിക്കുന്നത്. 2 ശതമാനം വോട്ടിന്റെ ലീഡാണ് ഇവിടുത്തെ യുഡിഎഫ് സ്ഥാനാർത്ഥിക്കുള്ളത്.

  • യുഡിഎഫ് 44
  • എൽ.ഡി.എഫ് 42
  • എൻ.ഡി.എ10
  • നോട്ട അഥവാ മറ്റുള്ളവർ4

ഉടുമ്പൻചോല: മണിയാശാന് കടുത്ത പോരാട്ടം

പ്രസംഗങ്ങളിലൂടെ വിവാദ നായകനായ സിപിഐ.എം നേതാവ് എം.എം മണിയെ ഇവിടെ നേരിടുന്നത്, എ.ഐ.സി.സി യോഗത്തിലെ ഒറ്റ പ്രസംഗംകൊണ്ട് ഹീറോയായ അഡ്വ. സേനാപതി വേണുവാണ്. ഇടതുമുന്നണിക്ക് മേൽക്കെയുള്ള മണ്ഡലത്തിൽ വേണു ശക്തമായ പോരാട്ടം കാഴ്ചവെക്കുകയാണെന്ന സൂചനകളാണ് സർവേ ഫലം നൽകുന്നത്.മണിയാശാന് വെറും രണ്ടുശതമാനം വോട്ടിന്റെ ലീഡാണ് ഈ സീറ്റിലുള്ളത്.ഇവിടെ ബിജെപിയുടെയും ബി.ഡി.ജെ.എസിന്റെയും വോട്ടുകളിൽ അടിയൊഴുക്ക് ഉണ്ടാകുമോ എന്ന കാര്യവും ശ്രദ്ധേയമാണ്.

  • എൽ.ഡി.എഫ്43ശതമാനം
  • യ.ഡി.എഫ്41
  • എൻ.ഡി.എ14
  • നോട്ട അഥവാ മറ്റുള്ളവർ2

ദേവികുളത്ത് ഇടതിന് മുൻതൂക്കം

ഇടതുപക്ഷത്തിന് രാഷ്ട്രീയമായി മേൽക്കെയുള്ള മണ്ഡലമാണെങ്കിലും പൊമ്പിളെ ഒരുമെ പോലുള്ള പുതിയ കൂട്ടായ്മകൾ വന്നതിനാൽ വോട്ട് ഏത് രീതിയിൽ ഭിന്നിക്കപ്പെടുമെന്ന് വ്യക്തതയില്ലാത്ത മണ്ഡലമാണ് ദേവികുളം.ഇവിടെ എസ്.രാജേന്ദ്രനെ നേരിടുന്നത് അദ്ദേഹത്തിന്റെ സ്ഥിരം എതിരാളി കോൺഗ്രസിലെ എ.കെ മണിയാണ്.നാലു ശതമാനം വോട്ടിന് ഇവിടെ എൽ.ഡി.എഫ് മുന്നിലാണെന്നാണ് സർവേ നൽകുന്നു സൂചന.പൊമ്പിളെ ഒരുമെ പോലുള്ളവക്ക് ഈ തെരഞ്ഞെടുപ്പിൽ കാര്യമായ ചലനം സൃഷ്ടിക്കാനാവില്‌ളെന്നും സർവേ വ്യക്തമാക്കുന്നു.

  • എൽ.ഡി.എഫ്42ശതമാനം
  • യു.ഡി.എഫ്38
  • എൻ.ഡി.എ15
  • നോട്ട അഥവാ മറ്റുള്ളവർ5

ജില്ലകളിലൂടെ: ആലപ്പുഴ

ആകെ സീറ്റ്9. എൽഡിഎഫ് 6, യുഡിഎഫ് 2, എൻഡിഎ1

ഇടത് മേൽക്കോയ്മക്കിടയിലും അടിയൊഴുക്കുകൾ

അടിയൊഴുക്കുകളിൽ ഇത്തവണ ആരൊക്കെ വീഴും?രാഷ്ട്രീയമായി ഇടതുപക്ഷത്തിന് മേൽക്കൈയുള്ള ആലപ്പുഴയിൽ ഇത്തവണ ഉയർന്നുവരുന്ന പ്രധാന ചോദ്യമാണിത്. അഴിയൊഴുക്കിന്റെ വ്യക്തമായ സൂചനകൾ പ്രതിഫലിപ്പിക്കുന്നതായിരുന്ന മറുനാടൻ ടീം നടത്തിയ സർവേയും. ഇടതുപക്ഷത്തിന് രാഷ്ട്രീയ വോട്ടുകൾ ഏറെയുള്ള കുട്ടനാട്ടിൽ, സർവേ പ്രകാരം ലീഡ് ചെയ്യുന്നത് യു.ഡി.എഫാണ്. ബി.ജെ.ഡി.എസിന്റെ സഹായത്തോടെ എൻ.ഡി.എ നടത്തിയ മുന്നേറ്റവും,ഇടതു സ്ഥാനാർത്ഥി തോമസ്ചാണ്ടിയോടുമുള്ള എതിർപ്പാണ്് യു.ഡി.എഫിന് മുതൽക്കൂട്ടാവുന്നത്. അതുപോലെതന്നെ കാലാകാലങ്ങളായി യു.ഡി.എഫിനെ തുണക്കുന്ന ചെങ്ങന്നൂർ മണ്ഡലത്തിൽ ഇത്തവണ ഉയർന്നുവന്ന ചതുഷ്‌ക്കോണപോരിൽ നേരിയതെങ്കിലും ലീഡ് പിടിച്ചത് ബിജെപി സ്ഥാനാർത്ഥി ശ്രീധരൻപിള്ളയാണെന്ന് സർവേ ഫലങ്ങൾ വ്യക്തമാക്കുന്നു. നിലവിലെ രാഷ്ട്രീയ അവസ്ഥവച്ച് എൽ.ഡി.എഫിന് 6 സീറ്റും, യു.ഡി.എഫിന് 2സീറ്റും, എൻ.ഡി.എക്ക് ഒരു സീറ്റുമാണ് സർവേ പ്രവചിക്കുന്നത്.
ആലപ്പുഴ,അരൂർ,അമ്പലപ്പുഴ, ചേർത്തല എന്നീ തങ്ങളുടെ സിറ്റിങ് സീറ്റുകളിൽ എൽ.ഡി.എഫ് നല്ല പ്രകടനം നടത്തുമ്പോൾ കായംകുളത്തും,മാവേലിക്കരയിലും എൽ.ഡി.എഫിന് പൊരിഞ്ഞപോരാട്ടമാണ്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക് ഹരിപ്പാട്ട് ഈസിവാക്കോവറില്‌ളെന്നും സർവേ സൂചിപ്പിക്കുന്നു.

കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിൽ ഇവിടെ ഏഴുസീറ്റ് എൽ.ഡി.എഫിനും 2 സീറ്റ് യു.ഡി.എഫിനും ആയിരുന്നു. തുടർന്ന് നടന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് ശക്തമായി തിരച്ചുവന്നു. എന്നാൽ ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഫലം ഇടതുമുന്നണിക്ക് വ്യക്തമായ ആധിപത്യം നൽകുന്നുണ്ട്.47 ഗ്രാമപഞ്ചായത്തുകൾ എൽ.ഡി.എഫ് ഭരിക്കുമ്പോൾ യു.ഡി.എഫിന് 24ഉം, ബിജെപിക്ക് ഒരു പഞ്ചായത്തുമാണുള്ളത്.ജില്ലാപഞ്ചായത്തിൽ എൽ.ഡി.എഫ്16, യു.ഡി.എഫ്7 എന്നിങ്ങനെയാണ് കക്ഷിനില.

ആലപ്പുഴ: എതിരില്ലാതെ തോമസ് ഐസക്ക്

മുന്മന്ത്രിയും സിപിഐ.എം കേന്ദ്രകമ്മറ്റി അംഗവുമായ ഡോ.തോമസ് ഐസക്കിന് നിലവിൽ ആലപ്പുഴയിൽ വെല്ലുവിളിയില്‌ളെന്ന് സർവേ ഫലങ്ങൾ ചൂണ്ടിക്കാട്ടുന്നു.കഴിഞ്ഞതവണ പതിനാറായിരത്തിലധികം വോട്ടിന് ജയിച്ച ഐസക്കിന്റെ ഭൂരിപക്ഷം ഇത്തവണയും വർധിക്കാനാണ് സാധ്യത.പ്രമുഖ കോൺഗ്രസ് നേതാവ് ലാലി വിൻസന്റാണ് ഇവിടെ ഐസക്കിനെ എതിരടുന്നത്.

  • എൽ.ഡി.എഫ്48 ശതമാനം
  • യു.ഡി.എഫ്34
  • എൻ.ഡി.എ14
  • മറ്റുള്ളവർ അഥവാ നോട്ട4

അരൂർ:വിജയമുറപ്പിച്ച് എൽ.ഡി.എഫ്

ഗൗരിയമ്മയെ തോൽപ്പിച്ച് ശ്രദ്ധേയനായ എം.എ ആരിഫ് സിപിഐ.എമ്മിനുവേണ്ടി ഇത്തവണയും വിജയിക്കുമെന്നതിന്റെ വ്യക്തമായ സൂചനകളാണ് സർവേ നൽകുന്നുത്.മികച്ച എംഎ‍ൽഎയെന്ന് പേരെടുത്ത ആരിഫിന്റെ വ്യക്തിബന്ധങ്ങളും ഇവിടെ തുണയാവുന്നുണ്ട്.കഴിഞ്ഞതവണ പതിനാറായിരത്തിലധികം വോട്ടിനാണ് ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. ഇത്തവണയും അതുപോലാരു ഫലത്തിനാണ് സാധ്യതയെന്ന് സർവേ ചൂണ്ടിക്കാട്ടുന്നു.

  • എൽ.ഡി.എഫ്44ശതമാനം
  • യു.ഡി.എഫ്36
  • എൻ.ഡി.എ17
  • മറ്റുള്ളവർ അഥവാ നോട്ട3

അമ്പലപ്പുഴയിൽ സുധാകരൻ

പ്രമുഖ സിപിഐ.എം നേതാവും മുന്മന്ത്രിയുമായ ജി.സുധാകരൻ ജനവിധിതേടുന്ന അമ്പലപ്പുഴയിൽ ഇത്തവന വാശിയേറിയ മൽസരമാണ്.കഴിഞ്ഞതവണ യൂത്ത്‌കോൺഗ്രസ് നേതാവ് എം.ലിജുവിനെ പതിനാറായിരത്തിലധികം വോട്ടിന് തോൽപ്പിച്ച സുധാകരന് ഇത്തവണ ആ ഭൂരിപക്ഷം കിട്ടില്‌ളെന്ന് സർവേ വ്യക്തമാക്കുന്നു.സിപിഐ.എമ്മിലെ വിഭാഗീയത പൂർണമായും അവസാനിച്ചിട്ടില്ലാത്ത മേഖലകൂടിയാണിത്.

  • എൽ.ഡി.എഫ്42ശതമാനം
  • യു.ഡി.എഫ്38
  • എൻ.ഡി.എ18
  • മറ്റുള്ളവർ അഥവാ നോട്ട2

ചേർത്തലയിൽ എൽ.ഡി.എഫിന് മുൻതൂക്കം

കഴിഞ്ഞ തവണ സിപിഐയിലെ പി.തിലോത്തമൻ, ജെ.എസ്.എസ് സ്ഥാനാർത്ഥി സാക്ഷാൽ ഗൗരിയമ്മയെ 18315 വോട്ടുകൾക്ക് തോൽപ്പിച്ച മണ്ഡലമാണിത്.ഇത്തവണ എൻ.ഡി.എയുടെ ശക്തമായ മുന്നേറ്റത്തിനിടയിലും തിലോത്തമൻ മണ്ഡലം കാക്കുമെന്നാണ് സർവേ ഫലങ്ങൾ സൂചന നൽകുന്നത്.യുവ നേതാവ് എസ്.ശരത്തിനെയാണ് കോൺഗ്രസ് ഇവിടെ രംഗത്തിറക്കിയിരിക്കുന്നത്.

  • എൽ.ഡി.എഫ്40ശതമാനം
  • യു.ഡി.എഫ്36
  • എൻ.ഡി.എ20
  • മറ്റുള്ളവർ അഥവാ നോട്ട4

കായംകുളത്ത് ഇഞ്ചോടിഞ്ച്:എൽ.ഡി.എഫിന് നേരിയ മുൻതൂക്കം

കഴിഞ്ഞതവണ വെറും 1135വോട്ടുകൾക്ക് യു.ഡി.എഫിനെ കൈവിട്ട മണ്ഡലമാണ് കായംകുളം.ഇത്തവണ എം.ലിജുവിനെ രംഗത്തിറക്കി ശക്തമായ മൽസരത്തിനാണ് യു.ഡി.എഫ് തയ്യാറെടുക്കുന്നത്.മറുഭാഗത്ത് യുവനേതാവ് പ്രതിഭാഹരിയെയാണ് സിപിഐ.എം രംഗത്തിറക്കിയത്. നിലവിലെ സർവേ സൂചനകൾ അനുസരിച്ച് ഇവിടെ വെറും 2 ശതമാനം വോട്ടിനുമാത്രമാണ് എൽ.ഡി.എഫ് ലീഡ് ചെയ്യുന്നത്.

  • എൽ.ഡി.എഫ്41ശതമാനം
  • യു.ഡി.എഫ്39
  • എൻ.ഡി.എ16
  • മറ്റുള്ളവർ അഥവാ നോട്ട4

മാവേലിക്കരയിൽ ഇടതിന് മുൻതൂക്കം

സംവരണ മണ്ഡലമായ മാവേലിക്കരയിൽ സിറ്റിംങ്ങ് എംഎ‍ൽഎ ആർ.രാജേഷിനെ ഒരിക്കൽകൂടി ഇറകിയിരക്കയാണ് സിപിഐ.എം.കഴിഞ്ഞതവണ 5149 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് രാജേഷ് ജയിച്ചത്.മുതിർന്ന നേതാവ് പി.എം പി.എം വേലായുധനെ മൽസരിപ്പിക്കുക വഴി മണ്ഡലത്തിൽ ത്രികോണ പ്രതീതി ജനിപ്പിക്കാൻ എൻ.ഡി.എക്ക് ആയിട്ടുണ്ട്. ബി.ഡി.ജെ.എസിനും നല്ല സ്വാധീനമുള്ള മേഖലയാണിവിടം. പക്ഷേ ഇവിടെ എൻ.ഡി.എ പിടിച്ച വോട്ടുകൾ യു.ഡി.എഫിനെയാണ് ബാധിക്കയെന്ന് സർവേ ഫലങ്ങൾ സൂചന നൽകുന്നു.

  • എൽ.ഡി.എഫ്39ശതമാനം
  • യു.ഡി.എഫ്36
  • എൻ.ഡി.എ21
  • മറ്റുള്ളവർ അഥവാ നോട്ട4

ചെങ്ങന്നൂരിൽ ഫോട്ടോ ഫിനീഷ്: എൻ.ഡി.എ മുന്നിൽ

ചെങ്ങന്നൂരിൽ എൻ.ഡി.എയുടെ വളർച്ച ഇരുമുന്നണികളെയും ഞെട്ടിക്കുന്നതാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വെറും 7000ത്തിൽപ്പരം വോട്ടുമാത്രം കിട്ടിയ ബിജെപി തദ്ദേശ തിരഞ്ഞെടുപ്പിൽ3 36,000 ത്തോളം വോട്ടുകളാണ് പടിച്ചത്. ഇതിന്റെ തുടർച്ചയാണ് ഇപ്പോഴും കാണുന്നത്.

യുവ എംഎ‍ൽഎ.മാരിൽ ശ്രദ്ധേയനായ പി.സി. വിഷ്ണുനാഥാണ് ചെങ്ങന്നൂരിലെ യു.ഡി.എഫ്. സ്ഥാനാർത്ഥി. മൂന്നാമൂഴമാണ് വിഷ്ണുവിന്. എൽ.ഡി.എഫിന്റെ സ്ഥാനാർത്ഥി സിപിഐ.എമ്മിലെ അഡ്വ. കെ.കെ. രാമചന്ദ്രൻനായരാണ്.ഇതിനുപുറമേ മുൻ എം.എ.എൽ.എ. ശോഭനാജോർജും ഇവിടെ രംഗത്തുണ്ട്. ശോഭന പിടിക്കുന്നവോട്ടുകൾ അത് എത്ര ചെറുതാണെങ്കിലും വിഷ്ണുവിന് വിനയാവുകയാണ്.സർവേ പ്രകാരം ഈ മണ്ഡലത്തിൽ രണ്ടു ശതമാനം വോട്ടിന് ശ്രീധരൻപിള്ള മുന്നിലാണ്. അഡ്വ. കെ.കെ. രാമചന്ദ്രൻനായരും, പി.സി വിഷ്ണുനാഥും തൊട്ടുപിറകെയുണ്ട്. ശോഭനയുടെ റിബൽസ്ഥാനാർത്ഥിത്വത്തിന് കിട്ടിയ അംഗീകാരംപോലെ ഇവിടെ നോട്ടഅല്‌ളെങ്കിൽ മറ്റുള്ളവർ 9ൽ എത്തിയിട്ടുണ്ട്.

  • എൻ.ഡി.എ32
  • എൽ.ഡി.എഫ്30
  • യു.ഡി.എഫ് 29
  • മറ്റുള്ളവർ അഥവാ നോട്ട9

കുട്ടനാട്: തോമസ് ചാണ്ടി വീഴുന്നു

തെരഞ്ഞെടുപ്പിന് മുഖ്യ മന്ത്രിയാവുമെന്നും മറ്റും വീമ്പടിച്ച തോമസ് ചാണ്ടിക്ക്കാര്യങ്ങൾ അത്ര എളുപ്പമാവില്‌ളെന്നാണ് കുട്ടനാട്ടിൽനിന്നുള്ള സർവേ ഫലങ്ങൾ നൽകുന്ന സൂചന.ബി.ഡി.ജെ.എസിന് നല്ല സ്വാധീനമുള്ള ഈ മേഖലയിൽ എൻ.ഡി.എ പിടിക്കുന്ന വോട്ടുകൾ ബാധിച്ചിട്ടുള്ളത് എൽ.ഡി.എഫിനെയാണ്.കഴിഞ്ഞതവണ 7971വോട്ടുകൾക്കാണ് തോമസ്ചാണ്ടി യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സി ജോസഫിനെ തോൽപ്പിച്ചത്.ഇത്തവണ മാണി കോൺഗ്രസിലെ അഡ്വ.ജേക്കബ് എബ്രഹാമാണ് ചാണ്ടിയെ എതിരിടുന്നത്.

  • യു.ഡി.എഫ് 37
  • എൽ.ഡി.എഫ്33
  • എൻ.ഡി.എ23
  • മറ്റുള്ളവർ അഥവാ നോട്ട7

ഹരിപ്പാട്: രമേശ് ചെന്നിത്തലക്ക് കടുത്ത മൽസരം

തിരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോൾ ഇത്തരമൊരു കടുത്ത പോരാട്ടത്തിലേക്ക് കാര്യങ്ങൾ എത്തുമെന്ന് യു.ഡി.എഫ് കരുതിയിട്ടുണ്ടാവില്ല.സിപിഐയുടെ പി.പ്രസാദ് എന്ന യുവജനനേതാവ് ചുരുങ്ങിയ സമയംകൊണ്ടുതന്നെ രമേശിന് വെല്ലവിളിയായിട്ടുണ്ട്. പക്ഷേ രാഷ്ട്രീയമായി യു.ഡി.എഫിന് വൻ മേൽക്കെയുള്ള മണ്ഡലമാണിതെന്ന് തദ്ദേശ തെരഞ്ഞെടപ്പിലെ യു.ഡി.എഫിന്റെ വൻ വിജയം വിളിച്ചു പറയുന്നുണ്ട്. അതുകൊണ്ടുതന്നെ രമേശ് ചെന്നിത്തലയുടെ വിജയത്തിൽ യു.ഡി.എഫ് ക്യാമ്പിന് സംശയമൊന്നുമില്ല.സർവേ പ്രകാരം ചെന്നിത്തല നാലു ശതമാനം വോട്ടിന് മാത്രമാണ് മുന്നിലത്തെിയത്. ബിജെപിയുടെ വോട്ടുകളിൽ ഇവിടെ കാര്യമായ വർധനകാണുന്നില്ല.
യു.ഡി.എഫ് 42
എൽ.ഡി.എഫ്38
എൻ.ഡി.എ14
മറ്റുള്ളവർ അഥവാ നോട്ട6

ജില്ലകളിലൂടെ കോട്ടയം

ആകെ സീറ്റ് 9. യു.ഡി.എഫ് 6, എൽഡിഎഫ് 3

എന്നും വലതുറച്ച്

എക്കാലവും യു.ഡി.എഫ് രാഷ്ട്രീയത്തിന് വളക്കൂറുള്ള മണ്ണാണ് കോട്ടയം. കഴിഞ്ഞ മൂന്നുതെരഞ്ഞെടുപ്പിലും കോട്ടയത്ത് യു.ഡി.എഫിന്റെ ആധിപത്യത്തെ ചോദ്യംചെയ്യാൻ എൽ.ഡി.എഫിന് ആയിട്ടില്ല. എന്നാൽ ഇത്തവണ ശക്തമായ അഴിമതി ആരോപണങ്ങളുടെയും,കേരളാ കോൺഗ്രസിലുണ്ടായ പിളർപ്പിന്റെയും അടിസ്ഥാനത്തിൽ ഒരുകൈ നോക്കാമെന്ന നിലപാടിലാണ് ഇടതുമുന്നണി. കഴിഞ്ഞതവണ ഇവിടെ 9ൽ 7 സീറ്റിലും ജയിച്ചത് യു.ഡി.എഫാണ്. സർവേ പ്രകാരം ജില്ലയിലെ ആറിടത്ത് യു.ഡി.എഫും 3 സീറ്റിൽ എൽ.ഡി.എഫുമാണ് വിജയിക്കുക. പി സി ജോർജ്ജിന്റെ സ്വാധീനം കൊണ്ട് ശ്രദ്ധേയമാണ് പൂഞ്ഞാറിൽ യുഡിഎഫ് സ്ഥാനാർത്ഥി വിജയിക്കുമെന്നാണ് വിലയിരുത്തൽ.

പുതുപ്പള്ളി, പാല,കോട്ടയം, കാഞ്ഞിരപ്പള്ളി, കടത്തുരുത്തി, പൂഞ്ഞാർ എന്നീ സീറ്റുകളിൽ യു.ഡി.എഫ് ലീഡ് ചെയ്യുമ്പോൾ വൈക്കം, ഏറ്റുമാനൂർ, ചങ്ങനാശ്ശേരി എന്നീ മൂന്നുസീറ്റുകളിലാണ് എൽ.ഡി.എഫ് ലീഡ് ചെയ്യുന്നത്. കെ.എം മാണി കടുത്തപോരാട്ടത്തെ നേരിടുമ്പോൾ, മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ഭീഷണിയുയർത്താൻ ഇടത് സ്ഥാനാർത്ഥിക്ക് ആയിട്ടില്‌ളെന്നും സർവേ ഫലങ്ങൾ ചൂണ്ടിക്കാട്ടുന്നു.

പുതുപ്പള്ളി: എന്നും കുഞ്ഞുഞ്ഞിനൊപ്പം

കക്ഷി രാഷ്ട്രീയ ബന്ധങ്ങൾക്കപ്പുറത്താണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ഈ മണ്ഡലവുമായുള്ള ബന്ധമെന്ന് ഈ സർവേയും അടിവരയിടുന്നു. സംസ്ഥാന സർക്കാറിന്റെ അഴിമതിയിൽ പ്രതിഷേധമുള്ളവർപോലും പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടി ജയിക്കണമെന്ന് ആഗ്രഹിക്കുന്നു. എന്നാലും സംസ്ഥാന സർക്കാറിന്റെ അഴിമതികൾ അക്കമിട്ട് നിരത്തി ജെയ്ക്ക് തോമസ് എന്ന എസ്.എഫ്.ഐ നേതാവിലൂടെ പ്രചണ്ഡമായ പ്രചാരണമാണ് എൽ.ഡി.എഫ് അഴിച്ചുവിടുന്നത്.അതുകൊണ്ടുതന്നെ കഴിഞ്ഞതവണത്തെ ഭൂരിപക്ഷം എന്തുകൊണ്ടും ഉമ്മൻ ചാണ്ടിക്ക് ഉണ്ടാവില്‌ളെന്ന് വ്യക്തമാണ്.

  • യു.ഡി.എഫ്49
  • എൽ.ഡി.എഫ്40
  • എൻ.ഡി.എ9
  • നോട്ട അഥവാ മറ്റുള്ളവർ2

പാല:  കെഎം മാണിക്ക്‌  കടുത്ത പോരാട്ടം

മധ്യകേരളത്തിൽ അഴിമതിവിരുദ്ധപോരാട്ടത്തിന്റെ ലാഞ്ചനകൾ കാണുന്നത് മന്ത്രി കെ.എം മാണിയുടെ പാലാ മണ്ഡലത്തിലാണ്. വെറും 3 ശതമാനം വോട്ടിന് മാത്രമാണ് താൻ വർഷങ്ങളായി കുത്തകയാക്കിവച്ച സീറ്റിൽ മാണിക്കുള്ളതെന്നാണ് സർവേ പ്രവചിക്കുന്നത്. എൻ.സി.പിയിലെ മാണി സി.കാപ്പനാണ് ഇവിടെ മാണിയെ എതിരിടുന്നത്.

  • യു.ഡി.എഫ്44
  • എൽ.ഡി.എഫ്41
  • എൻ.ഡി.എ11
  • നോട്ട അഥവാ മറ്റുള്ളവർ4

കോട്ടയം: തിരുവഞ്ചൂറിന് ഭീഷണിയില്ല

മുമ്പ് എൽ.ഡി.എഫ് ജയിച്ച മണ്ഡലമാണെങ്കിലും നിലവിലെ സാഹചര്യത്തിൽ മന്ത്രി തിരുവഞ്ചുർ രാധാകൃഷ്ണന ഇവിടെ ഭീഷണിയില്‌ളെന്നാണ് സർവേ ഫലം സൂചിപ്പിക്കുന്നത്.എൻ.ഡി.എയുടെ വോട്ടിൽ ഇവിടെയുണ്ടായ വർധന ബാധിച്ചത് എൽ.ഡി.എഫിനെയാണെന്നും സർവേ വ്യക്തമാക്കുന്നു

  • യു.ഡി.എഫ്41
  • എൽ.ഡി.എഫ്38
  • എൻ.ഡി.എ18
  • നോട്ട അഥവാ മറ്റുള്ളവർ3

കടുത്തുരുത്തി: യു.ഡി.എഫ് ആധിപത്യം തുടരും

കഴിഞ്ഞതവണ ഇരുപത്തിമൂവായിരത്തിലേറെ വോട്ടുകൾക്ക് മാണി കോൺഗ്രസിലെ മോനസ് ജോസഫ് ജയിച്ച മണ്ഡലത്തിൽ ഇത്തവ ഭൂരിപക്ഷം കുറഞ്ഞാലും യു.ഡി.എഫ് തന്നെ ജയിക്കുമെന്ന് സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നു.എൽ.ഡി.എഫിൽനിന്ന് സ്‌ക്കറിയാ തോമസ് ആണ് ഇവിടെ ജനവിധി തേടുന്നത്.

  • യു.ഡി.എഫ്45
  • എൽ.ഡി.എഫ്41
  • എൻ.ഡി.എ11
  • നോട്ട അഥവാ മറ്റുള്ളവർ3

കാഞ്ഞിരപ്പള്ളി: കടുത്ത മൽസരം; യു.ഡി.എഫിന് മുൻതൂക്കം

കാഞ്ഞിരപ്പള്ളിയിൽ ഇത്തവണ കടുത്ത മൽസരമാണെങ്കിലും സിറ്റിംങ്ങ് എംഎ‍ൽഎ കേരളാ കോൺഗ്രസ് എമ്മിലെ ഡോ.ജയരാജിന് പറയത്തക്ക ഭീഷണിയില്ല.കഴിഞ്ഞതവണ 13,0000ത്തോളം വോട്ടുകൾക്കാണ് ജയരാജ് ഇവിടെ വെന്നിക്കൊടി പാറിച്ചത്.ഇത്തവണ എതാണ്ട് അതേഫലം ആവർത്തിക്കാനാണ് സാധ്യതയെന്ന് സർവേ ഫലം സൂചന നൽകുന്നു.

  • യു.ഡി.എഫ്44
  • എൽ.ഡി.എഫ്40
  • എൻ.ഡി.എ12
  • നോട്ട അഥവാ മറ്റുള്ളവർ4

വൈക്കം: എൽ.ഡി.എഫിന് മുൻതൂക്കം

രാഷ്ട്രീയമായി എൽ.ഡി.എഫിന് മൂൻതൂക്കമുള്ള വൈക്കത്ത് സിറ്റിങ്ങ് എംഎ‍ൽഎ കെ.അജിത്തിനെ മാറ്റിയതുമായി ബന്ധപെട്ട് ആദ്യഘട്ടത്തിലുണ്ടായ തർക്കങ്ങൾ പരിഹരിക്കാൻ കഴിഞ്ഞ ആശ്വാസത്തിലാണ് എൽ.ഡി.എഫ്.സംവരണ മണ്ഡലമായ ഇവിടെ സിപിഐയുടെ യുവ നേതാവ് സി.കെ ആഷയാണ് ജനവിധി തേടുന്നത്.ബിജെപി വോട്ടുകളിലും ഇവിടെ ഗണ്യമായ വർധന കാണുന്നുണ്ട്.

  • എൽ.ഡി.എഫ്43
  • യു.ഡി.എഫ്39
  • എൻ.ഡി.എ16
  • നോട്ട അഥവാ മറ്റുള്ളവർ4

ഏറ്റുമാനൂർ: കുറുപ്പ് ഉറപ്പിക്കുന്നു

ജില്ലയിൽ എൽ.ഡി.എഫ് ജയിക്കുമെന്ന് അതിന്റെ നേതാക്കൾ ആത്മവിശ്വാസത്തോടെ പറയുന്ന ഏക മണ്ഡലമാണ് ഏറ്റുമാനൂർ.സിറ്റിങ്ങ്എംഎ‍ൽഎ സുരേഷ്‌കുറുപ്പിന്റെ മികച്ച പ്രതിഛായ വോട്ടാകുമെന്ന അത്മവിശ്വാസത്തിലാണ് ഇവിടെ ഇടതുപക്ഷം. കഴിഞ്ഞ തവണ 1810 വോട്ടിന്റെ ഭൂരിപക്ഷം കുറുപ്പ് വലിയതോതിൽ വർധിപ്പിക്കുമെന്നാണ് സർവേയിലും കാണുന്നത്.

  • എൽ.ഡി.എഫ്45
  • യു.ഡി.എഫ്40
  • എൻ.ഡി.എ12
  • നോട്ട അഥവാ മറ്റുള്ളവർ3

ചങ്ങനാശ്ശേരി: എങ്ങോട്ടും ചായാം; നേരിയ മുൻതൂക്കം എൽ.ഡി.എഫിന്

കഴിഞ്ഞതവണ വെറും 2500ഓളം വോട്ടുകൾക്ക് യു.ഡി.എഫ് ജയിച്ച ചങ്ങനാശ്ശേരി ഇത്തവണ നേരിയ വോട്ടിന് എൽ.ഡി.എഫ് ജയിക്കുമെന്നാണ് സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നുത്. ഇരുമുന്നണികൾക്കും വെല്ലുവിളിയായി എൻ.ഡി.എയുടെ വോട്ടുശതമാനവും ഇയർന്നിട്ടുണ്ട്.ഇവിടെ കേരളാകോൺഗ്രസിനുള്ളിലെ പടലപ്പിണക്കങ്ങളും കോൺഗ്രസിനുള്ളിലെ പ്രശ്‌നങ്ങളും പൂർണമായും ശമിച്ചിട്ടുമില്ല.സി.എഫ് തോമസ് യു.ഡി.എഫിനുവേണ്ടി വീണ്ടുമിറങ്ങുമ്പോൾ എതിരാളിയായി എത്തുന്നത് ഡോ.കെ.സി ജോസഫാണ്.

  • എൽ.ഡി.എഫ്42
  • യു.ഡി.എഫ്39
  • എൻ.ഡി.എ16
  • നോട്ട അഥവാ മറ്റുള്ളവർ3

പൂഞ്ഞാർ: ജോർജ്ജിന്റെ ഭീഷണി അതിജീവിച്ച് യുഡിഎഫ്

ചതുഷ്‌ക്കോണ മൽസരംപോലെ വോട്ട് ഭിന്നിച്ചുപോവുന്ന പൂഞ്ഞാറിൽ ആർക്കും ജയിക്കാവുന്ന രീതിയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. നിലവിലെ സാഹര്യത്തിൽ നേരിയ മുൻതൂക്കം കാണുന്നത് യുഡിഎഫിനാണ്. 35,000 വോട്ടുപോലും പടിക്കുന്നവർ ജയിക്കുന്ന അവസ്ഥ ഈ സീറ്റിൽ വന്നിരിക്കയാണ്. എന്നാൽ സിപിഐ.എം നേതൃത്വം ഇടപെട്ട് പാർട്ടിയെ സജീവമാക്കിയാൽ ഈ നില പെട്ടന്നുതന്നെ മാറാനും സാധ്യതയുണ്ട്. സിപിഐ.എമ്മിലെ ഒരു വിഭാഗം ഇപ്പോഴും പി.സിയോട് മൃദുസമീപനം പുലർത്തുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ ജോർജ്ജ് മൂന്നാം സ്ഥാനത്ത് പോകുന്നതാണ് സ്ഥിതിവിശേഷം.

  • യു.ഡി.എഫ്27
  • എൽ.ഡി.എഫ്26
  • പി.സി ജോർജ്25
  • എൻ.ഡി.എ18
  • നോട്ട അഥവാ മറ്റുള്ളവർ4

  • തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ സർവെ ഫലം ശനിയാഴ്ച പ്രസിദ്ധീകരിക്കും.