തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും നിർണ്ണായകമായ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. മുൻ വർഷങ്ങളിൽ രണ്ട് മുന്നണികൾ തമ്മിലുള്ള നേർക്കുനേർ മത്സരമാണ് നടന്നതെങ്കിൽ ഇത്തവണ ബിജെപിയുടെയും ബിഡിജെഎസിന്റെയും നേതൃത്വത്തിൽ രൂപം നൽകിയ മൂന്നാം മുന്നണിയുടെ സാന്നിധ്യമാണ് പോരാട്ടത്തെ തീപാറുന്നതാക്കുന്നത്. ഇതിന് പ്രധാന കാരണം കേന്ദ്രത്തിലെ ഭരണമാറ്റമാണ്.

നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിജെപി കേന്ദ്രത്തിൽ അധികാരം പിടിച്ചതോടെ ഇതുവരെ സംസ്ഥാനത്ത് വിരിയാത്ത താമര വിരിയിക്കാനുള്ള തീവ്രശ്രമങ്ങളാണ് നടക്കുന്നത്. ഇതോടെ പ്രത്യക്ഷത്തിൽ സംസ്ഥാനത്തെ ചില മണ്ഡലങ്ങളിലും ത്രികോണ പോരാട്ടം നടക്കുന്നു. ഇങ്ങനെയുള്ള സവിശേഷമായ സാഹചര്യത്തിൽ മൂന്ന് മുന്നണികളും സമർത്ഥരായ സ്ഥാനാർത്ഥികളെ രംഗത്തിറക്കിയാണ് പോരാട്ടം കടുപ്പിക്കുന്നത്. ഇവരിൽ ചിലർ, അവർ സമൂഹത്തിൽ നടത്തിയ ഇടപെടലുകൾ കൊണ്ടും നിലപാടുകൾ കൊണ്ടും തീർച്ചയായും വിജയിക്കേണ്ടവരാണ്. പ്രമുഖരും ശ്രദ്ധേയരുമായ പലരും ഉണ്ടെങ്കിലും അരൊക്കെ തോറ്റാലും നാടിന്റെ പൊതുതാൽപ്പര്യം തീർച്ചയായും നിയമസഭ കാണേണ്ടവരുടെ ലിസ്റ്റ് പ്രഖ്യാപിക്കുകയാണ് മറുനാടൻ മലയാളി. 140 മണ്ഡലങ്ങളിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളിൽ നിന്നായി 12 പേരുടെ പട്ടികയാണ് വിജയിക്കേണ്ടവരുടേതായി മറുനാടൻ മലയാളി പ്രഖ്യാപിക്കുന്നത്.

തീർച്ചയായും നിയമസഭയിൽ എത്തേണ്ടവരുടെ ലിസ്റ്റ് ഇങ്ങനെ:

1 സി കെ ശശീന്ദ്രൻ : കൽപ്പറ്റ
2 എ പ്രദീപ് കുമാർ : കോഴിക്കോട് നോർത്ത്
3 അബ്ദുറഹ്മാൻ രണ്ടത്താണി: താനൂർ
4 വി ടി ബൽറാം : തൃത്താല
5 അനിൽ അക്കര : വടക്കാഞ്ചേരി
6 വി എസ് സുനിൽകുമാർ : തൃശ്ശൂർ
7 വി ഡി സതീശൻ: പറവൂർ
8 പി ടി തോമസ് : തൃക്കാക്കര
9 ആലപ്പുഴ : തോമസ് ഐസക്
10 എം ലിജു : കായംകുളം
11 വീണാ ജോർജ്ജ് : ആറന്മുള
12 ഒ രാജഗോപാൽ : നേമം

പന്ത്രണ്ട് പേരുകൾ ഉൾക്കൊള്ളിച്ചുള്ള പട്ടികയിൽ ഇടം പടിച്ചവരിൽ അഞ്ച് സിറ്റിങ് എംഎൽഎമാരുണ്ട്. വയനാട് കൽപ്പറ്റ മണ്ഡലത്തിൽ മത്സരിക്കുന്ന ഇടതു സ്ഥാനാർത്ഥി സി കെ ശശീന്ദ്രൻ മുതൽ ബിജെപിയുടെ ഒ രാജഗോപാൽ വരെയുള്ളവരെയുമാണ് തീർച്ചയായും വിജയിക്കേണ്ടവരുടെ ലിസ്റ്റിൽ മറുനാടൻ ഉൾപ്പെടുത്തിയിരിക്കുന്നത്. കോഴിക്കോട് നോർത്തിൽ മത്സരിക്കുന്ന എ പ്രദീപ് കുമാർ, ആലപ്പുഴയിൽ മത്സരിക്കുന്ന ഡോ. തോമസ് ഐസക്, സ്വന്തം മണ്ഡലം ഉപേക്ഷിച്ച് തൃശ്ശൂരിൽ മത്സരിക്കുന്ന വി എസ് സുനിൽകുമാർ, പറവൂരിൽ ഹാട്രിക് വിജയം തേടിയിറങ്ങുന്ന വി ഡി സതീശൻ, തൃത്താലയിൽ വീണ്ടും ജനവിധി തേടുന്ന വി ടി ബൽറാം, താനൂരിൽ മത്സരിക്കുന്ന അബ്ദുറഹ്മാൻ രണ്ടത്താണ് എന്നിവരാണ് നിലവിലെ എംഎൽഎമാരിൽ നിന്നും വീണ്ടും നിയമസഭയിൽ എത്താൻ യോഗ്യതയുള്ളവരായി മറുനാടൻ ടീം ഉൾക്കൊള്ളിച്ചിരിക്കുന്നത്.

കോൺഗ്രസ് രാഷ്ട്രീയത്തിലെ സംശുദ്ധ രാഷ്ട്രീയത്തിന് ഉടമകളായ പി ടി തോമസ്, എം ലിജു, അനിൽ ഐക്കര എന്നിവരും ഇത്തവണ നിയമസഭ കാണേണ്ട കോൺഗ്രസ് നേതാക്കളുടെ പട്ടികയിൽ ഇടം പിടിച്ചു. മാദ്ധ്യമപ്രവർത്തക എന്ന നിലയിൽ ശ്രദ്ധേയയാണ് വീണാ ജോർജ്ജിനെ സ്ത്രീ സാന്നിധ്യം എന്ന നിലയിലാണ് പരിഗണിച്ചത്. മുതിർന്ന ബിജെപി നേതാവ് ഒ രാജഗോപാൽ, മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്, മുസ്ലിംലീഗ് എംഎൽഎ അബ്ദുറഹ്മാൻ രണ്ടത്താനി, സിപിഐ(എം) വയനാട് ജില്ലാ സെക്രട്ടറി കൂടിയായ സി കെ ശശീന്ദ്രൻ എന്നിവരും നിയമസഭയിൽ എത്തേണ്ടവരുടെ പട്ടികയിൽ ഇടംപിടിച്ചു.

നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ, അർഹതപ്പെട്ട ചില സ്ഥാനാർത്ഥികളെ കണ്ടെത്തി അവർക്ക് വേണ്ട പിന്തുണ നൽകുന്ന ശൈലി സ്വീകരിക്കുന്നതിനാണ് മറുനാടൻ ഇത്തരമൊരു ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്. ഇങ്ങനെയൊരു ലിസ്റ്റ് തയ്യാറാക്കുമ്പോൾ സ്വാഭാവികമായും പല കോണുകളിൽ നിന്നും എതിർപ്പുകളും അനുകൂലിച്ചുള്ള നിലപാടുകളും ഉണ്ടാകും. എന്നാൽ, പല തരത്തിലുള്ള ഘടകങ്ങൾ പരിഗണിച്ചാണ് ഇത്തരമൊരു ലിസ്റ്റ് മറുനാടൻ പുറത്തിറക്കിയത്. ഉദാഹരണത്തിന് കൽപ്പറ്റ നിയോജക മണ്ഡലത്തിൽ ഇടതു സ്ഥാനാർത്ഥിയായി മത്സരിക്കുന്ന സികെ ശശീന്ദ്രൻ. സാധാരണക്കാരിൽ സാധാരണക്കാരനായ സികെ ശശീന്ദ്രൻ സംസ്ഥാനത്ത് തന്നെ അന്യം നിന്നുപോകുന്ന രാഷ്ട്രീയക്കാരുട ഗണത്തിൽപെട്ടതാണ്. കർഷകരുടെയും ആദിവാസികളുടെയും ദുരിതങ്ങൾ അറിയുന്ന ഖദർധരിക്കാത്ത രാഷ്ട്രയക്കാരനാണ് അദ്ദേഹം. കക്ഷിഭേഭമന്യേ എല്ലാവരുടെയും പിന്തുണ സി കെ ശശീന്ദ്രൻ എന്ന സ്ഥാനാർത്ഥിക്കുണ്ട്.

രാഷ്ട്രീയ എതിരാളികൾക്ക് പോലും സി കെ ശശീന്ദ്രനെ കുറിച്ച് ഒരു മോശം വാക്ക് പറയാനില്ല. മറുവശത്ത് അദ്ദേഹത്തിന്റെ എതിർസ്ഥാനാർത്ഥിയായി മത്സരിക്കുന്നത് സിറ്റിങ് എംഎൽഎയ എം വി ശ്രേയംസം കുമാറാണ്. ശ്രേയംസ് കുമാർ മണ്ഡലത്തിൽ നടത്തിയ ഭൗതിക വികസനങ്ങളെ അംഗീകരിച്ചു കൊണ്ട് തന്നെയാണ് സി കെ ശശീന്ദ്രൻ ജനങ്ങളോട് വോട്ടു ചോദിക്കുന്നത്. ഭൗതിക വികസനങ്ങൾക്കൊപ്പം തോട്ടം തൊഴിലാളികളുടെയും ആദിവാസികളുടെയും പ്രശ്‌നങ്ങൾ ഇനിയും പരിഹരിക്കപ്പെടാൻ ഉണ്ടെന്നും അദ്ദേഹം എടുത്തു പറയുന്നു. എതിർ സ്ഥാനാർത്ഥിയെ മോശക്കാരാനാക്കാതെ തീർത്തും മാന്യമായ തെരഞ്ഞെടുപ്പ് പോരാട്ടമാണ് ഈ സിപിഐ(എം) നേതാവ് നടത്തുന്നത്. സാധാരണക്കാരന് എന്ത് ആവശ്യവുമായി ഓടിച്ചെല്ലാവുന്ന വ്യക്തിത്വം എന്ന നിലയിൽ കന്നി നിയമസഭാ പോരാട്ടത്തിന് ഇറങ്ങിയ സി കെ ശശീന്ദ്രൻ തീർത്തയായും വിജയിക്കേണ്ട സ്ഥാനാർത്ഥികളുടെ പട്ടികയിലെ മുൻപന്തിയിൽ തന്നെ കണക്കാക്കാം.

ശശീന്ദ്രന്റെ വ്യക്തിപ്രഭാവത്തെ പോലെ തന്നെ നന്മയുടെ രാഷ്ട്രീയത്തിന്റെ വക്താക്കളെയും നിലപാടുകളും ഒക്കെ വിലയിരുത്തിയിലും വായനക്കാരിൽ നിന്നും അഭിപ്രായങ്ങൾ സ്വരൂപിച്ചുമാണ് മറുനാടൻ നിയമസഭയിൽ എത്തേണ്ടവരുടെ പട്ടിക പ്രഖ്യാപിക്കുന്നത്. വടക്കൻ ജില്ലകളിലെ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളുടെ ക്രമത്തിലാണ് വിജയിക്കാൻ യോഗ്യതയുള്ളവരുടെ ലിസ്റ്റ് തയ്യാറാക്കിയത്. കൽപ്പറ്റ നിയോജക മണ്ഡലത്തിലെ സ്ഥാനാർത്ഥിക്ക് ശേഷം ക്രമത്തിൽ വരുന്നത് കോഴിക്കോട് നോർത്തിൽ മത്സരിക്കുന്ന സിപിഐ(എം) പ്രതിനിധി എ പ്രദീപ് കുമാറാണ്.

കോഴിക്കോട് നോർത്തിലെ എംഎൽഎയായി സർവ്വ സമ്മതനായി പ്രവർത്തിച്ച പി പ്രദീപ് കുമാറാണ് തീർച്ചയായും വിജയിക്കേണ്ട ഒരു സ്ഥാനാർത്ഥി. സഭയ്ക്ക് അകത്തും പുറത്തും മികച്ച പ്രകടനം നടത്തിയ അദ്ദേഹമാണ് ആദ്യമായി സംസ്ഥാനത്ത് സർക്കാർ സ്‌കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന് മുൻകൈയെടുത്തത്. കോഴിക്കോട് നടക്കാവ് സ്‌കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തി അദ്ദേഹം പ്രതിപക്ഷത്തിന്റെ പോലും കൈയടി നേടി. മൂന്നാം തവണയും തെരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങുന്ന പ്രദീപ് കുമാറിനെ നേരിടുന്നത് കോൺഗ്രസിലെ സംശുദ്ധ രാഷ്ട്രീയത്തിന് ഉടമയായ പി എം സുരേഷ് ബാബുവാണ്. അതുകൊണ്ട് തന്നെ പ്രദീപ് കുമാർ ശക്തമായ മത്സരമാണ് നേരിടുന്നത്. എങ്കിലും നിലവിൽ എംഎൽഎ എന്ന നിലയിൽ മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങളാണ് അദ്ദേഹത്തിന് ഗുണകരമായി മാറിയത്.

മുസ്ലിംലീഗിന്റെ ശക്തനായ വക്താവും താനൂരിലെ നിലവിലെ എംഎൽഎയുമായി അബ്ദുറഹ്മാൻ രണ്ടത്താണിയാണ് വിജയിക്കാൻ യോഗ്യതയുള്ള സ്ഥാനാർത്ഥി. നിയമസഭയ്ക്കുള്ളിലെ ഇടപെടൽ കൊണ്ട് ശ്രദ്ധേയനാണ് രണ്ടത്താണി. പാർട്ടി നിലപാടിനൊപ്പം തന്നെ തന്റെയും നിലപാട് വ്യക്തമാക്കുന്ന രണ്ടത്താണ് ഇത്തവണ ശക്തമായ മത്സരമാണ് നേരിടുന്നത്. മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ അദ്ദേഹത്തിന് തുണയാകുമെന്നാണ് കരുതുന്നത്. സംശുദ്ധ രാഷ്ട്രീയത്തിന് ഉടമയായ രണ്ടത്താണിക്കെതിരെ മറ്റ് ലീഗ് നേതാക്കൾക്കെതിരെ ഉയർന്നതു പോലുള്ള ആരോപണങ്ങളുമില്ലെന്നത് ശ്രദ്ധേയാണ്. അതുകൊണ്ട് തന്നെ നിയമസഭയിലേക്ക് ഒരു രണ്ടാമൂഴം കൂടി അദ്ദേഹം അർഹിക്കുന്നു.

രാഹുൽ ഗാന്ധിയുടെ യൂത്ത് കോൺഗ്രസിലെ ടാലന്റ് ഹണ്ടിലൂടെ സ്ഥാനാർത്ഥിത്വം ലഭിച്ച വി ടി ബൽറാം കന്നി അങ്കത്തിൽ തന്നെ ശ്രദ്ധേയനായ വ്യക്തിയാണ്. ഇടതുകോട്ടയിൽ നിന്നും വിജയിച്ച ബൽറാം നിലപാടുകൾ കൊണ്ടാണ് ശ്രദ്ധേയനായത്. രാഷ്ട്രീയത്തിന് അതീതമായി തന്നെ പല വിഷയത്തിലും ഇടപെടുന്ന ബൽറാം മണ്ഡലത്തിലും ജനകീയ വ്യക്തിത്വമാണ്. സുബൈദ ഇസ്ഹാക്കിനെ രംഗത്തിറക്കിയാണ് സിപിഐ(എം) ബൽറാമിനെ നേരിടുന്നത്. സോഷ്യൽ മീഡിയയെ ഫലപ്രദമായി രാഷ്ട്രീയ പ്രവർത്തനത്തിന് ഉപയോഗിക്കാം എന്ന് തെളിയിച്ച വ്യക്തി കൂടിയാണ് ബൽറാം.

വടക്കാഞ്ചേരിയിലെ യുഡിഎഫ് സ്ഥാനാർത്ഥിയായ അനിൽ അക്കര തന്റെ കന്നി പോരാട്ടത്തിന് തന്നെ നിയമസഭയിൽ എത്തേണ്ട വ്യക്തിത്വമാണ്. തൃശ്ശൂർ ജില്ലയിലെ മുൻ പഞ്ചായത്ത് പ്രസിഡന്റായ അനിൽ അക്കര മികച്ച പഞ്ചായത്തുകൾക്ക് നൽകുന്ന സ്വരജ് അവാർഡ് നേടിയ വ്യക്തിത്വമാണ്. കേന്ദ്ര സർക്കാർ നൽകുന്ന നിർമ്മൽഗ്രാം പുരസ്‌ക്കാരം, രാജ്യേന്തര ചാനലായ സി.എൻഎൻ നൽകുന്ന യങ്ങ് ഇന്ത്യൻ ലീഡർ അവാർഡ് തുടങ്ങിയ അംഗീകാരങ്ങൾ നേടിയ വ്യക്തിയാണ്. സൗമ്യനായ രാഷ്ട്രീയക്കാരനായ അദ്ദേഹം ജൈവകൃഷിയിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ്. ജൈവകൃഷി പ്രോത്സാഹിപ്പിക്കാൻ നിരവധി പ്രവർത്തനങ്ങൾ കൊണ്ടുവന്ന അനിൽ അക്കര സംസ്ഥാന നിയമസഭയ്ക്കും തീർത്തയായും ഒരു മുതൽകൂട്ടാകും. അതുകൊണ്ട് തന്നെ ഇദ്ദേഹം വിജയം അർഹിക്കുന്നു.

വി എസ് സുനിൽകുമാർ, സിപിഐയിലെ ചുറുചുറുക്കുള്ള വ്യക്തിത്വത്തിന്റെ ഉടമയായ അദ്ദേഹത്തെ പാർട്ടി നിയോഗിച്ചിരിക്കുന്നത് തൃശ്ശൂർ മണ്ഡലം തിരിച്ചു പിടിക്കാനാണ്. ഉമ്മൻ ചാണ്ടി സർക്കാറുമായി ബന്ധപ്പെട്ട അഴിമതികൾ പുറത്തുകൊണ്ടുവന്നതിൽ അടക്കം സുനിൽകുമാറിന്റെ ഇടപെടൽ ശ്രദ്ധേയമായിരുന്നു. നിയമസഭയിൽ അടക്കം ക്രിയാത്മകമായി ഇടപെടുന്ന സുനിൽകുമാറിന്റെ എതിരാളി പത്മജ വേണുഗോപാലാണ്. പ്രതിപക്ഷത്തെ ശ്രദ്ധേയ ശബ്ദമായി മാറിയ സുനിൽകുമാർ വീണ്ടും നിയമസഭയിൽ എത്താൻ എന്തുകൊണ്ടും യോഗ്യതയുള്ള വ്യക്തിത്വമാണ്.

സമുദായ നേതാക്കൾ ഇരിക്കാൻ പറഞ്ഞാൽ കിടക്കുന്ന നേതാക്കൾക്കിടയിലാണ് വി ഡി സതീശൻ എന്ന എംഎൽഎ ശ്രദ്ധേയകാനാകുന്നത്. നിലപാടുകൾ ഉറച്ച ശബ്ദത്തോടെ പറഞ്ഞതിന്റെ പേരിൽ ചില സമുദായ നേതാക്കളുട കണ്ണിൽ കരടായ അദ്ദേഹം നിയമസഭയിൽ ശ്രദ്ധേയരായ സാന്നിധ്യമാണ്. ഉമ്മൻ ചാണ്ടി പ്രതിപക്ഷത്തായിരുന്നപ്പോൾ പ്രതിപക്ഷത്തിന്റെ നാവായി പ്രവർത്തിച്ചത് സതീശനായിരുന്നു. ഭരണപക്ഷത്ത് എത്തിയപ്പോൾ വിവാദമായ തീരുമാനങ്ങൾ തിരുത്താൻ ഇടപെടൽ നടത്തിയതും സതീശനായിരുന്നു. കോൺഗ്രസിന്റെ ശക്തമായ ഭാവി വാഗ്ദാനം കൂടിയായ സതീശൻ ഒരിക്കൽ കൂടി നിയമസഭയിൽ എത്താൻ യോഗ്യതയുള്ള സ്ഥാനാർത്ഥിയാണ്. പറവൂരിൽ നിന്നും അദ്ദേഹം വിജയിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ.

കോൺഗ്രസിലെ യുദ്ധങ്ങൾക്കൊടുവിലാണ് പി ടി തോമസിനെ തൃക്കാക്കരയിൽ സ്ഥാനാർത്ഥിയാക്കിയത്. മുതിർന്ന കോൺഗ്രസ് നേതാവായ പി ടി തോമസ് ജനകീയ വ്യക്തിത്വത്തിന് ഉടമയാണ്. ഗാഡ്ഗിൽ റിപ്പോർട്ടിന് അനുകൂലമായി വാദിച്ചതിന്റെ പേരിൽ ലോക്‌സഭയിലേക്ക് സീറ്റ് നിഷേധിക്കപ്പെട്ട പി ടി തോമസ് നിയമസഭയിലേക്ക് മത്സരിക്കുന്നത് യുഡിഎഫിന് ഉരുക്കു കോട്ടയിലാണ്. സെബാസ്റ്റ്യൻ പോളാണ് അദ്ദേഹത്തിന്റെ എതിരാളി എന്നു വന്നതോടെ മാന്യന്മാർ തമ്മിലുള്ള പോരാട്ടമാണ് ഇവിടെ നടക്കുന്നത്. സംശുദ്ധ രാഷ്ട്രീയത്തിനും നിലപാടുകളിലെ കാർക്കശ്യക്കാരനുമായി പി ടി തോമസ് എന്തുകൊണ്ടും നിയമസഭയിൽ എത്താൻ യോഗ്യനാണ്.

ആലപ്പുഴയിലെ ഇടതു സ്ഥാനാർത്ഥിയായ ഡോ. തോമസ് ഐസക് അംഗമല്ലാത്ത നിയമസഭയി കുറിച്ച് ചിന്തിക്കാൻ പോലും ഇപ്പോഴത്തെ നിലയിൽ മലയാളികൾക്ക് ആവില്ല. അത്രയ്ക്കും പ്രഗത്ഭനായ രാഷ്ട്രീയക്കാരനാണ് അദ്ദേഹം. തീർച്ചയായും നിയസഭയിൽ എത്താൻ അർഹതയുള്ള സ്ഥാനാർത്ഥിയാണ് തോമസ് ഐസക്. സൗമ്യനായ രാഷ്ട്രീയക്കാരനായ അദ്ദേഹം രാഷ്ട്രീയത്തിന് അതീതനായി ജനപ്രിയൻ കൂടിയാണ്. കുടുംബശ്രീ പോലുള്ള സംരംഭങ്ങൾക്ക് തുടക്കമിട്ട് കേരളത്തിൽ വിപ്ലവപാത തുറന്ന സമർത്ഥനായ ധനമന്ത്രി കൂടിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ഇടപെടലുകളെ രാഷ്ട്രീയത്തിന് അതീതമായി എല്ലാവരും അഭിനന്ദിക്കുന്നു. അതുകൊണ്ട് തന്നെ തീർച്ഛയായും നിയമസഭയിൽ ഉണ്ടാകേണ്ട വ്യക്തിത്വമാണ് ഡോ. തോമസ് ഐസക്കിന്റേത്.

യൂത്തു കോൺഗ്രസിന്റെ അമരക്കാരനായപ്പോൾ എം ലിജുവെന്ന നേതാവിനെ കേരളം അറിയുന്നത്. പിന്നീട് കോൺഗ്രസിന്റെ ഭാഗമായി. സിപിഎമ്മിന്റെ സിറ്റിങ് സീറ്റായ കായംകുളത്ത് മത്സരിക്കുന്ന ലിജു എന്തുകൊണ്ടും വിജയം അർഹിക്കുന്ന വ്യക്തിയാണ്. സംശുദ്ധ രാഷ്ട്രീയത്തിന്റെ ഉടമയായ അദ്ദേഹം പലപ്പോഴും പാർട്ടിയിലെ തെറ്റായ കാര്യങ്ങളെ ചൂണ്ടിക്കാട്ടുന്ന വ്യക്തിയാണ്. ദേശീയ-സംസ്ഥാന രാഷ്ട്രീയത്തെ കുറിച്ച വിശദമായി പഠിച്ച് അഭിപ്രായം പറയുന്ന ലിജു നിയമസഭയിൽ യുവത്വത്തിന്റെ ശബ്ദമായി മാറുമെന്ന കാര്യം ഉറപ്പാണ്. പ്രതിഭാ ഹരിയെന്ന മികച്ച സ്ഥാനാർത്ഥി തന്നെയാണ് ലിജുവിനെതിരെ മത്സരിക്കുന്നത്. കഴിഞ്ഞ തവണ സിപിഎമ്മിലെ ശക്തനായ സുധാകരനോട് മത്സരിച്ച് പരാജയപ്പെട്ട ലിജുവിന്റെ നിയമസഭാ പ്രവേശം ഭാവിയിൽ മികച്ചൊരു ലീഡറെ സമ്മാനിക്കും. അതുകൊണ്ടാണ് അദ്ദേഹം വിജയം അർഹിക്കുന്ന സഥാനാർത്ഥിയാകുന്നതും.

ആറന്മുളയിൽ ഇടതു സ്ഥാനാർത്ഥിയായി മത്സരിക്കുന്ന വീണാ ജോർജ്ജാണ് പട്ടികയിൽ വിജയിക്കാൻ അർഹയായ വനിതയായി ഇടംപിടിച്ചത്. ഇന്നത്തെ രാഷ്ട്രീയ സ്പന്ദനങ്ങളെ തിരിച്ചറിയുന്ന, സ്ത്രീ വിഷയങ്ങൾ ഉയർത്തിക്കൊണ്ടുവരാൻ കെൽപ്പുള്ള വ്യക്തിത്വം എന്ന നിലയിലാണ് വീണാ ജോർജ്ജും വിജയം അർഹിക്കുന്നത്. സിപിഐ(എം) സ്വതന്ത്ര സ്ഥാനാർത്ഥിയായ വീണയുടെ പേര് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയിലും ഉയർന്നു കേട്ടിരുന്നു. മാദ്ധ്യമ രംഗത്തെ ശ്രദ്ധേയ വനിതാ സാന്നിധ്യം എന്ന നിലയിലും മത്സരത്തിനിറങ്ങുന്ന അവർ വിജയം അർഹിക്കുന്നു.

തോൽവികളിൽ പതറാതെ ഈ പ്രായത്തിലും ബിജെപിയെന്ന് പ്രസ്ഥാനത്തിനൊപ്പം നിന്ന് വീണ്ടും തെരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങിയ ഒ രാജഗോപാൽ ഇത്തവണ തീർച്ചയായും വിജയം അർഹിക്കുന്ന സ്ഥാനാർത്ഥിയാണ്. കേന്ദ്ര റെയിൽവേ സഹമന്ത്രി എന്ന നിലയിൽ അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സൗമ്യനായ രാഷ്ട്രീയക്കാരനായ രാജഗോപാൽ രാഷ്ട്രീയത്തിന് അതീതനായി എല്ലാവരും അംഗീകരിക്കുന്ന വ്യക്തിയാണ്. വികസന കാഴ്‌ച്ചപ്പാടുള്ള മുതിർന്ന നേതാവായ രാജഗോപാലിന്റേത് അവസാന രാഷ്ട്രീയ അങ്കമായും വിലയിരുത്തപ്പെടുന്നുണ്ട്. അതുകൊണ്ട കേരള നിയമസഭയിലേക്ക് മത്സരിക്കുന്നവരിൽ എന്തുകൊണ്ടും യോഗ്യനായ സ്ഥാനാർത്ഥി തന്നെയാണ് ഒ രാജഗോപാൽ.

രാഷ്ട്രീയമോ മതമോ മറ്റേതെങ്കിലും മാനദണ്ഡമോ നോക്കിയല്ല മറുനാടൻ ഇത്തരത്തിൽ വിജയിപ്പിക്കേണ്ടവരുടെ ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. വായനക്കാർ നൽകിയ നിർദ്ദേശങ്ങളും പല ശ്രദ്ധേയ വ്യക്തിത്വങ്ങളിൽ നിന്നുള്ള അഭിപ്രായവും നേതാക്കളുടെ കഴിഞ്ഞ കാലത്തെ പ്രവർത്തനങ്ങളും പ്രസ്താവനകളും വിലയിരുത്തിയാണ് അന്തിമ ലിസ്റ്റ് തയ്യാറാക്കിയത്. നിലവിൽ എംഎൽഎ ആയ വ്യക്തിയുടെ നിലവിലെ പ്രവർത്തനങ്ങൾ കൂടി വിലയിരുത്തിയപ്പോൾ മറ്റുള്ളവരുടെ നിലപാടുകളും ഇടപെടലുകളും ജനകീയ പ്രതിച്ഛായയവുമാണ് പരിഗണിച്ചത്.

(സംസ്ഥാനത്തെ പ്രധാന രാഷ്ട്രീയ പാർട്ടികളിലെ  നേതാക്കൾ എന്ന നിലയിൽ വി എസ് അച്യുതാനന്ദൻ, പിണറായി വിജയൻ, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി, കെ എം മാണി തുടങ്ങിയ മുതിർന്ന നേതാക്കളുടെ പേരുകൾ ഇത്തരമൊരു തിരഞ്ഞെടുപ്പിലേക്ക് പരിഗണിച്ചിട്ടില്ല. എല്ലാം തികഞ്ഞൊരു ലിസ്റ്റാണ് ഇപ്പോൾ നൽകിയിരിക്കുന്നതെന്ന് പൂർണ്ണമായും അഭിപ്രായപ്പെടുന്നുമില്ല, വ്യത്യസ്ത അഭിപ്രായങ്ങൾ ഉയരുക സ്വാഭാവികമാണ് താനും.. എന്നാൽ, നാളെയുടെ ശബ്ദമായി മാറേണ്ടവരെന്ന വിലയിരുത്തലിൽ 12 സ്ഥാനാർത്ഥികളുടെ ചുരുക്കപ്പെട്ടിക മറുനാടൻ പ്രസിദ്ധീകരിക്കുന്നത്.).