തിരുവനന്തപുരം: കൈയിൽ ആവശ്യത്തിനു പണവും സ്വത്തുമൊക്കെയുണ്ടെങ്കിലും എത്രപേർക്കുണ്ടാകും ഈ മഹാമനസ്‌കത. സ്വന്തം മകളുടെ വിവാഹത്തിനൊപ്പം 20 നിർധന യുവതികൾക്കും മംഗല്യഭാഗ്യമൊരുക്കി മാതൃകയായ പ്രവാസി വ്യവസായിയാണ് കെ മുരളീധരൻ. മുരളിയ ഫൗണ്ടേഷൻ എന്ന സംഘടന രൂപീകരിച്ചാണ് മുരളീധരൻ അദ്ദേഹത്തിന്റെ സേവപ പരിപാടി സംഘടിപ്പിക്കുന്നത്. അനാഥരായവർക്ക് സഹായം എത്തിച്ചത് മുതൽ നേപ്പാൾ ഭൂകമ്പബാധിതരെ വരെ അദ്ദേഹം സഹായിച്ചുണ്ട്. പ്രവാസി വ്യവസായിയുമായ കെ മുരളീധരനാണ് തന്റെ മകൾ രാധികയുടെ വിവാഹത്തിനൊപ്പമാണ് 20 നിർധനയുവതികളുടെ വിവാഹവും നടത്തിയത്. പ്രവാസി വ്യവസായിയുടെ സേവന മനസ്സിന്റെ തെളിവായിരുന്നു. ഇതിനപ്പുറമുള്ള സാമൂഹിക ഇടപെടലുകൾ മുരളീധരൻ നടത്തി. മമ്മൂട്ടിയുമായി സഹകരിച്ചുള്ള 'കെയർ ആൻഡ് ഷെയർ' സംഘടനയും ഇതിന് തെളിവാണ്.

പത്തനാപുരം ഗാന്ധിഭവൻ, സഖി ടിവി, ഏരൂർ പഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെയാണ് ഏരൂർ ഗ്രാമത്തിന് ആഘോഷമായി സമൂഹവിവാഹം നടന്നത്. ഏരൂർ ജങ്ഷനിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിലാണ് വിവാഹങ്ങൾ നടന്നത്. ഓരോ വധൂവരന്മാർക്കും 5 പവൻ സ്വർണം, ഒരു ലക്ഷം രൂപയുടെ ബാങ്ക് ഡെപ്പോസിറ്റ്, വിവാഹ വസ്ത്രം, യാത്രാ ചെലവ് എന്നിവ മുരളീധരന്റെ മുരളിയ ഫൗണ്ടേഷൻ നൽകുകയും ചെയ്തു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ നിന്നുള്ളവരായിരുന്നു വധൂവരന്മാർ. ആറു വർഷം മുമ്പ് മൂത്തമകളായ ഡോ. രേവതിയുടെ വിവാഹത്തിനൊപ്പം 16 പേരുടെ വിവാഹവും മുരളീധരൻ നടത്തിയിരുന്നു.

യുഎഇ കേന്ദ്രമായി പ്രവർത്തിക്കുന്ന വ്യവസായിയായ മുരളീധരൻ നാടിനും നാട്ടാർക്കുമായി ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന വ്യക്തിയാണ്. ഈ പ്രവർത്തന മികവിനുള്ള അംഗീകാരമാണ് മറുനാടൻ പ്രവാസി വ്യവസായ പട്ടികയിലെ ഫൈനലിസ്റ്റായി ലഭിച്ച നോമിനേഷൻ. മുരളീധരനെ കൂടാതെ, കൊച്ചൗസേഫ് ചിറ്റിലപ്പള്ളി, ബഹ്‌സാദ് ഗ്രൂപ്പ് സാരഥി സി.കെ മേനോൻ, കിറ്റക്‌സ ഉടമ സാബു, ബ്രിഡ്ജ് സോഷ്യൽ ഇന്നവേഷൻസ് എന്നിവരുമാണ് ഇടം പിടിച്ചിരിക്കുന്നത്.

വ്യവസായിയായ മുരളീധരൻ നാടിനും നാട്ടാർക്കുമായി ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന വ്യക്തിയാണ്. മുരളിയ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഏരൂർ പഞ്ചായത്തിലെ അഞ്ഞൂറോളം പേർക്ക് പെൻഷൻ നൽകുന്നുണ്ട്. പാലിയേറ്റീവ് കെയർ സെന്ററിലെ നൂറോളം പേർക്കും ഫൗണ്ടേഷന്റെ സഹായം ലഭിക്കുന്നുണ്ട. ഏരൂർ ഗ്രാമപ്പഞ്ചായത്തിലെ സ്‌കൂളുകളിൽ ഉച്ചഭക്ഷണത്തിനായി പഞ്ചായത്ത് മുഖേന രണ്ടുലക്ഷം രൂപയും ഫൗണ്ടേഷൻ നൽകുന്നുണ്ട്. +2 പരീക്ഷയിൽ മികച്ച വിജയം നേടുന്ന കുട്ടികൾക്ക് സഹായവും പ്രൊഫഷണൽ കോഴ്‌സിൽ പഠനമികവിലൂടെ പ്രവേശനം ലഭിക്കുന്നവർക്ക് ഉപരിപഠനത്തിനുള്ള ചെലവും മുരളിയ ഫൗണ്ടേഷൻ നൽകുന്നുണ്ട്. ഇതിനു പുറമെ കഴിഞ്ഞ വർഷം ഏരൂർ പഞ്ചായത്തിലെ 19 വാർഡുകളിൽ വീടില്ലാത്തവർക്കായി 19 വീടുകളും നിർമ്മിച്ചുനൽകിയിരുന്നു.

ഓണാഘോഷം പോലുള്ള പ്രത്യേക അവസരങ്ങളിലും അഗതികൾക്കും വയോജനങ്ങൾക്കുമായി നിരവധി കാര്യങ്ങളാണ് മുരളിയ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ചെയ്യുന്നത്. പഠനത്തിൽ സമർത്ഥരായ ഏറ്റവും പാവപ്പെട്ട അനേകം വിദ്യാർത്ഥികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകിവരുന്നുമുണ്ട്. മമ്മൂട്ടി രക്ഷാധികാരിയും കെ മുരളീധരൻ ചെയർമാനുമായ 'കെയർ ആൻഡ് ഷെയർ' എന്ന കാരുണ്യസംഘടനയിലൂടെ കുട്ടികൾക്ക് സൗജന്യ ശസ്ത്രക്രിയയും സമൂഹത്തിൽ പിന്നാക്കം നിൽക്കുന്ന ആദിവാസികൾക്കായി 'പൂർവികം' പദ്ധതിയും നടപ്പിലാക്കിയിട്ടുണ്ട്. മുരളീധരന്റെ ജന്മനാടായ ഏരൂർ പഞ്ചായത്തിലെ എല്ലാ വാർഡുകളിലും ഓരോ വീട്, മുരളിയ ഫൗണ്ടേഷൻ നൽകിവരുന്ന പ്രതിമാസ പെൻഷൻ, രോഗികൾക്ക് പാലിയേറ്റീവ് കെയർ, എല്ലാ വിഷയത്തിലും 'എ പ്ലസ്' നേടുന്ന ബി.പി.എൽ. വിദ്യാർത്ഥികൾക്ക് സൗജന്യ ഉപരിപഠനം, ഏരൂർ പഞ്ചായത്തിലെ എല്ലാ സ്‌കൂളുകളിലും പോഷകാഹാര പദ്ധതി എന്നിവ ഫൗണ്ടേഷൻ എല്ലാക്കൊല്ലവും മുടക്കം കൂടാതെ നടത്തിവരുന്നുണ്ട്.

യു.എ.ഇയിലെ പ്രമുഖ മലയാളി വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമാണ് കെ. മുരളീധരൻ. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എസ്.എഫ്.സി ഗ്രൂപ്പാണ് മുരളീയ ഫൗണ്ടേഷനിലൂടെ പാവപ്പെട്ടവർക്ക് താങ്ങും തണലുമാകുന്നത്. നേപ്പാൾ ദുരന്തം മുതൽ കേരളത്തിലെ ചെറിയ സാമൂഹിക പ്രശ്‌നങ്ങൾക്ക് പോലും കൈതാങ്ങുമായി ഇദ്ദേഹമുണ്ട്. നേപ്പാൾ ദുരന്തത്തിനിരയായവർക്ക് സാന്ത്വനമേകാനായി 'സ്‌മൈൽ നേപ്പാൾ, ദി ഫ്യൂച്ചർ ഈസ് ബ്രൈറ്റ് 'എന്ന കാമ്പയിനും ശ്രദ്ധിക്കപ്പെട്ടു. സേവന പ്രവർത്തനങ്ങൾക്ക് പുതിയ തലം നൽകാനാണ് മമ്മൂട്ടിയുമായി സഹകരിച്ച് 'കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗൻഡേഷൻ' രൂപീകരിച്ചത്. ഇതിന്റെ നേതൃസ്ഥാനത്തും മുരളീധരനുണ്ട്.

മാനസികരോഗികളുടെ പുനരധിവാസ പദ്ധതിയുൾപ്പെടെയുള്ളവ കെയർ ആൻഡ് ഷെയറിന്റെ പ്രവർത്തനത്തിലുണ്ട്. മാനസികരോഗികളുടെ പുനരധിവാസ മേഖലയിലേക്ക് കടന്നുവരാൻ പലരും ധൈര്യപ്പെടാറില്ല. ഹൃദ്രോഗ ബാധിതരായ 12 വയസിന് താഴെയുള്ള കുട്ടികളുടെ ശസ്ത്രക്രിയക്കായി നടപ്പാക്കിയ 'ഹൃദയസ്പർശം' പദ്ധതിയിലൂടെ 159 കുട്ടികൾക്ക് ശസ്ത്രക്രിയ നടത്താനായി. 3000 ത്തോളം കുട്ടികൾ പദ്ധതിയുടെ ഗുണഫലത്തിനായി വെയ്റ്റിങ്‌ലിസ്റ്റിലാണ്. മദ്യത്തിനും ലഹരിക്കും അടിമപ്പെടുന്ന യുവതലമുറയെ ബോധവത്കരിക്കാൻ 'വഴികാട്ടി' എന്ന പദ്ധതി നടപ്പാക്കിയിട്ടുണ്ട്. പഠനരംഗത്ത് മികവ് പുലർത്തുന്ന അംഗീകൃത അനാഥാലയങ്ങളിലെ കുരുന്നുകളുടെ ഉന്നതവിദ്യാഭ്യാസത്തിനായി 'വിദ്യാമൃതം' എന്ന പദ്ധതിയും പുരോഗമിക്കുന്നു.

ഹോസ്പിറ്റാലിറ്റ് മേഖലയിലാണ് മുരളീധരന്റെ എസ്എഫ്‌സി പ്രവർത്തിക്കുന്നത്. 1989ൽ അബുദാബിയിൽ തുടങ്ങിയ സംരഭത്തിന് ഇന്ന് യുഎഇയിലും ഇന്ത്യയിലും ശാഖകളുണ്ട്. ബിസിനസ്സ് വിപുലമാകുന്നതിനൊപ്പം പാവങ്ങൾക്ക് കൈതാങ്ങാവുകയാണ് മുരളീധരനും അദ്ദേഹത്തിന്റെ വ്യവസായ സാമൃജ്യവും ലക്ഷ്യമിടുന്നത്. സാമൂഹ്യപ്രതിബന്ധതയുള്ള ബിസിനസുകാരൻ എന്ന നിലയിൽ നിങ്ങൾ കെ മുരളീധരനെ പിന്തുണക്കുന്നുണ്ടോ? എങ്കിൽ ഇതുവരെ വോട്ട് ചെയ്യാത്തവർക്ക് ഈ വാർത്തയോടൊപ്പം കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക് ചെയ്ത് വോട്ട് രേഖപ്പെടുത്താം. നിലവിൽ വോട്ട് ചെയ്തവർക്ക് വീണ്ടും വോട്ട് ചെയ്യാൻ അവസരം ഇല്ല.

കൂടാതെ മറുനാടന്റെ മറ്റ് വിഭാഗങ്ങളിലെയും ഓരോരുത്തർക്ക് വീതം ക്ലിക്ക് ചെയ്ത് വോട്ട് രേഖപ്പെടുത്തിയ ശേഷം സബ്മിറ്റ് ചെയ്യുക. നിങ്ങളുടെ കമ്പ്യൂട്ടറിൽ ജിമെയിൽ അക്കൗണ്ട് ലോഗിൻ ചെയ്തിട്ടുണ്ടെങ്കിൽ ഓട്ടോമാറ്റിക്ക് ആയി നിങ്ങൾക്ക് വോട്ട് രേഖപ്പെടുത്താം. അല്ലെങ്കിൽ ഏതെങ്കിലും ഒരു ഇ മെയിൽ അക്കൗണ്ട് ലോഗിൻ ചെയ്ത ശേഷം മാത്രമേ വോട്ട് രേഖപ്പെടുത്താനാകൂ.