- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊതുമാപ്പ് കാലത്ത് ഒമാൻ ഇന്ത്യൻ എംബസിയിൽ സഹായ ഹസ്തവുമായി ഓടിയെത്തിയ തയ്യൽക്കാരൻ; ഇടതു സാംസ്കാരിക രംഗത്ത് സജീവമായ സഖാവ്: മറുനാടന്റെ പ്രവാസി അവാർഡ് പട്ടികയിൽ ഇടംപിടിച്ച ഷാജി സെബാസ്റ്റ്യന്റെ കഥ
തിരുവനന്തപുരം: കൈയിൽ ഇഷ്ടംപോലം പണം ഉള്ളവർക്ക് മാത്രമേ പ്രശ്‌നത്തിൽ അകപ്പെട്ട പ്രവാസികളെ സഹായിക്കാൻ സാധിക്കൂ എന്ന് കരുതുന്നവരും നമ്മുടെ കൂട്ടരുമുണ്ടാകും. എന്നാൽ, അങ്ങനെയല്ല, സാമൂഹ്യ സേവനം ജീവിതത്തിന്റെ ഭാഗമാക്കിയ ചില പ്രവാസികളും നമുക്കിടയിൽ ഉണ്ട്. അത്തരക്കാരിൽ ഒരാളാണ് മറുനാടൻ മലയാളിയുടെ പ്രവാസി വിഭാഗത്തിലെ പുരസ്‌ക്കാര പട്ടി
തിരുവനന്തപുരം: കൈയിൽ ഇഷ്ടംപോലം പണം ഉള്ളവർക്ക് മാത്രമേ പ്രശ്‌നത്തിൽ അകപ്പെട്ട പ്രവാസികളെ സഹായിക്കാൻ സാധിക്കൂ എന്ന് കരുതുന്നവരും നമ്മുടെ കൂട്ടരുമുണ്ടാകും. എന്നാൽ, അങ്ങനെയല്ല, സാമൂഹ്യ സേവനം ജീവിതത്തിന്റെ ഭാഗമാക്കിയ ചില പ്രവാസികളും നമുക്കിടയിൽ ഉണ്ട്. അത്തരക്കാരിൽ ഒരാളാണ് മറുനാടൻ മലയാളിയുടെ പ്രവാസി വിഭാഗത്തിലെ പുരസ്‌ക്കാര പട്ടികയിലെ ഫൈനൽ ലിസ്റ്റിൽ ഇടംപിടിച്ച ഷാജി സെബാസ്റ്റ്യൻ. ഒമാനിൽ തയ്യാൽകാരനായി ജോലി ചെയ്യുന്ന ഷാജി സെബാസ്റ്റ്യൻ തുന്നിപിടിപ്പിച്ചത് നിരവധി പ്രവാസി ജീവിതങ്ങളാണ്. മൂന്ന് പതിറ്റാണ്ടിയ ഒമാനിലെ മത്രയിൽ തയ്യൽക്കട നടത്തുന്ന ഷാജി ഇവിടുത്തെ പ്രവാസികൾക്ക് എന്താവശ്യം ഉണ്ടായാലും ഓടിയെത്തുന്ന സഖാവ് കൂടിയാണ്. ഒമാനിലെ ഇടതു സാംസ്കാരിക വേദികളിലെ സജീവ സാന്നിധ്യമാണ് ഇദ്ദേഹം. കഷ്ടത അനുഭവിക്കുന്നവർക്ക് തന്നാലാവുന്ന സഹായങ്ങൽ എത്തിക്കുകയാണ് ഷാജി.
പ്രവാസി വ്യക്തികൾക്കുള്ള പുരസ്‌കാര പട്ടികയിൽ ഷാജി സെബാസ്റ്റ്യനെ കൂടടാതെ യുഎഇയിൽ നിന്നുള്ള അഷറഫും ബഹറിനിൽ പ്രവാസ ജീവിതം നയിക്കുന്ന ചന്ദ്രനും സൗദിയിലെ അയൂബ് കൊടുങ്ങാനൂരും ഖത്തറിലെ മുഹമ്മദ് ഈസയുമാണ് ഇടംപിടിച്ചിട്ടുള്ളത്. ഇവർ ഓരോരുത്തലും തങ്ങളുടെ കർമ്മ മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായവരാണ്.
ഒമാൻ 2010ൽ പ്രഖ്യാപിച്ച പൊതുമാപ്പ് കാലത്ത് ഇന്ത്യൻ എംബസിയിലെത്തുന്ന പ്രവാസി ഇന്ത്യക്കാർക്ക് സർവ സഹായങ്ങളുമായി താങ്ങും തണലുമായി നിന്ന പൊതുപ്രവർത്തകനാണ് ഷാജി സെബാസ്റ്റ്യൻ. വിസതട്ടിപ്പുകാരാൽ വഞ്ചിതരായും മറ്റും ഒമാനിൽ എത്തിയർക്ക് എല്ലാ സഹായങ്ങളിയു എത്തി ഷാജി. അന്ന് ഷാജിയെ ദൈവത്തിന്റെ പ്രതിരൂപമായി കണ്ടവർ നിരവധിയാണ്. പേരുതെളിയിക്കുന്ന രേഖകളില്ലാത്തവരെ പോലും സഹായിക്കാൻ അദ്ദേഹം എത്തിയിരുന്നു.
എന്നാൽ ഇദ്ദേഹത്തിന്റെ കർമ്മ മണ്ഡലത്തിൽ താങ്ങും തണലുമയി കുടുംബവും സുഹൃത്തുക്കളുമുണ്ട്. മത്രയിലെ തന്റെ സ്വന്തം തയ്യൽ കട അടച്ചിട്ട്, നാടുകാണുക എന്നത് വിദുരസ്വപ്‌നമായി കൊണ്ടു നടന്നവരുടെ സഹായത്തിനായി നിസ്വാർഥമായി പണിയെടുത്തു. കനത്ത സാമ്പത്തിക ഭാരം വരുത്തിവച്ചപ്പോഴും ചെയ്ത സേവനങ്ങൾ നൽകുന്ന സംതൃപ്തിയിൽ ജീവിതം ധന്യമെന്നു സങ്കൽപിക്കുകയാണ് ഈ പുരോഗമന സാമൂഹിക പ്രവർത്തകൻ.
മുപ്പതു വർഷമായി മത്രയിൽ തയ്യൽ കട നടത്തി വരുന്ന കൊല്ലം സ്വദേശി ഷാജി സെബാസ്റ്റ്യൻ ജീവിതങ്ങളെ നാടുമായും കുടംബങ്ങളുമായി തുന്നിച്ചേർക്കാനുള്ള ആത്മാർഥതയുമായി പൊതുപ്രവർത്തനത്തിന്റെ ചുമതലകളേറ്റെടുക്കുമ്പോഴും ഭാര്യയും മക്കളുമടങ്ങുന്ന തന്റെ സ്വന്തം ജീവിതം കരക്കടുപ്പിക്കാൻ ഇന്നും തയ്യൽ മെഷീന്റെ ചക്രം കറക്കുന്നു. പ്രവാസി പൊതുപ്രവർത്തകർക്കു നടുവിൽനിന്നും വേർതിരിച്ചെടുക്കാവുന്ന വ്യക്തിത്വം പ്രകാശിപ്പിച്ച് മസ്‌കത്തിലെ ഇടതു സാംസ്‌കാരിക സംഘടനയായ കൈരളിയുടെ അധ്യക്ഷനായി ഒരു സംഘത്തെ തന്നെ സേവന വഴിയേ നടത്തുകയാണിദ്ദേഹം. സഹോദരിമാരെ വിവാഹം ചെയ്തയക്കുന്നതുൾപെടെയുള്ള ചുമതലകളുടെ ഭാരവുമായാണ് 1978ൽ ഷാജി സെബാസ്റ്റ്യൻ മത്രയിലെത്തുന്നത്.
ഒരു ഒമാനിയുടെ സ്‌പോൺസർഷിപ്പിൽ തയ്യൽകട നടത്താൻ തന്നെയായിരുന്നു വന്നത്. ബോംബെയിൽ ടർണർ ആയി ജോലി ചെയ്യുന്നതിനൊപ്പം പാർട്‌ടൈമായി തയ്യൽ ജോലിയും നോക്കി വരികയായിരുന്നു. എൽ ആൻഡ് ടി കമ്പനിയിൽ ജോലി ശരിയായിരുന്നെങ്കിലും വരുമാനം ആവശ്യത്തിനു തികയില്ലെന്നു ബോധ്യമായതിനാൽ ഗൾഫ് അവസരം തിരഞ്ഞെടുക്കുകയായിരുന്നു. 2000 രൂപ ടിക്കറ്റിനു നൽകിയാണ് ബോംബെയിൽനിന്നും വിമാനം കയറി മസ്‌കത്തിലെത്തിയത്. പാർട്ണർ വിശ്വനാഥക്കുറിപ്പിനൊപ്പമായിരുന്നു ആറു വർഷം പ്രവർത്തിച്ചത്. പിന്നീട് സ്വന്തമായി. ഇക്കാലത്ത് സ്‌പോൺസറും മാറി. 84 മുതൽ ഒരേ സ്‌പോൺസർക്കു കീഴിൽ, ഇരുപതു വർഷത്തോളമായി ഒരു കെട്ടിടത്തിൽ തയ്യൽ കട നടത്തി വരുന്നു.
രണ്ടു ജോലിക്കാർ കൂടിയുണ്ട് ഷാജിയുടെ സ്ഥാപനത്തിൽ. പകൽ പൊതുപ്രവർത്തനത്തിനു സമയം കണ്ടെത്തേണ്ടി വരുന്നതിനാൽ രാത്രി വൈകിയും ജോലി ചെയ്യും. ജോലിക്കാർക്കുള്ള തുണികൾ മുറിച്ചു വെക്കും. പിന്നെ ആർക്കും എപ്പോഴും വിളിച്ചാൽ വിളി കേൾക്കാൻ പാകത്തിൽ ഷാജിയുടെ പൊതുജീവിതം തുറന്നുവെക്കും. ജീവിതം സായാഹ്നത്തിലേക്കു നീങ്ങുമ്പോഴും ഇപ്പോഴും തയ്യൽ യന്ത്രം തിരിച്ച് ഇവിടെ തുടരേണ്ടി വരുന്നത് മതിയായ സാമ്പത്തിക ഭദ്രതയുണ്ടാക്കാൻ കഴിയാത്തതു കൊണ്ടു തന്നെയെന്ന് അദ്ദേഹം സമ്മതിക്കുന്നു. നിരാലംബരായ നിരവധി പേരുടെ ജീവിതം ഏച്ചുകെട്ടാൻ പ്രവർത്തിച്ചപ്പോഴും സ്വന്തം ജീവിതത്തിന്റെ അളവുകോലിൽ ഷാജിയുടെ കണക്കുകൾക്ക് പിഴവ് പറ്റുന്നു. എന്നാൽ സേവനം കൊണ്ടു സമരം തീർക്കുന്ന ഈ ജീവിതമാണ് സംതൃപ്തമെന്നാണ് ഷാജി പറയുന്നത്. ഭാര്യ മോളിയും ഭർത്താവിന്റെ വഴിയേ സാമഹിക പ്രവർത്തനത്തിൽ പങ്കാളിയാണ്.
രാഷ്ട്രീയ എതിരാളികൾക്കു പോലും സമ്മതിക്കാൻ മടിയില്ലാത്തതാണ് ഷാജിയുടെ ഇടപെടലുകൾ. അതുപോലെ തന്നെ പൊതുമാപ്പു കാലത്ത് സേവന തത്പരരായി എംബസിയിലെത്തിയിരുന്ന ഒ ഐ സി സി പ്രതിനിധി എസ് പി നായർ, കെ എം സി സി അംഗം എം ടി അബൂബക്കർ തുടങ്ങിയവരുടെ നിസ്വാർഥതകൾ പറയുന്നതിൽ ഷാജിക്കും മടിയില്ല. തങ്ങൾ ഒരു ടീമായി പ്രവർത്തിച്ചുവെന്നാണ് സഖാവിന്റെ വിശദീകരണം. ഇടക്കിടെ മൊബൈൽ ഫോണിൽ വരുന്ന ഒമാനി ഉപഭോക്താക്കളുടെ അന്വേഷണങ്ങൾക്ക് അറബിയിൽ തന്നെ മറുപടി പറഞ്ഞ് തുണികളിൽ ചിത്രം വരഞ്ഞും ഞൊറികൾ നെയ്തും വസ്ത്രങ്ങളിൽ മനോഹാരികത തീർക്കുമ്പോഴും പൊരുതാനുറച്ച സമരനായകന്റെ ആർജവത്തോടെ സഖാവ് ഷാജി പറഞ്ഞുവെക്കുന്നത് തന്നെ ആർക്കും കളങ്കപ്പെടുത്താനാകില്ലെന്നാണ്.
ഇങ്ങനെ ഒമാനിലെ പ്രവാസികളുടെ കണ്ണിലുണ്ണിയായി പ്രവർത്തിക്കുന്ന പ്രവാസി ഷാജി സെബാസ്റ്റ്യനാണോ മറുനാടൻ പുരസ്‌ക്കാരത്തിൽ നിങ്ങളുടെ വോട്ട്? അങ്ങനെയെങ്കിൽ എങ്കിൽ ഇതുവരെ വോട്ട് ചെയ്യാത്തവർക്ക് ഈ വാർത്തയോടൊപ്പം കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക് ചെയ്ത് വോട്ട് രേഖപ്പെടുത്താം. നിലവിൽ വോട്ട് ചെയ്തവർക്ക് വീണ്ടും വോട്ട് ചെയ്യാൻ അവസരം ഇല്ല.
കൂടാതെ മറുനാടന്റെ മറ്റ് വിഭാഗങ്ങളിലെയും ഓരോരുത്തർക്ക് വീതം ക്ലിക്ക് ചെയ്ത് വോട്ട് രേഖപ്പെടുത്തിയ ശേഷം സബ്മിറ്റ് ചെയ്യുക. നിങ്ങളുടെ കമ്പ്യൂട്ടറിൽ ജിമെയിൽ അക്കൗണ്ട് ലോഗിൻ ചെയ്തിട്ടുണ്ടെങ്കിൽ ഓട്ടോമാറ്റിക്ക് ആയി നിങ്ങൾക്ക് വോട്ട് രേഖപ്പെടുത്താം. അല്ലെങ്കിൽ ഏതെങ്കിലും ഒരു ഇ മെയിൽ അക്കൗണ്ട് ലോഗിൻ ചെയ്ത ശേഷം മാത്രമേ വോട്ട് രേഖപ്പെടുത്താനാകൂ.