- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫാറൂഖ് കോളേജിലെ ലിംഗ വിവേചനത്തിനെതിരെ ശക്തമായ പ്രതിഷേധം തീർത്ത വിദ്യാർത്ഥി; സസ്‌പെന്റ് ചെയ്ത് മാനേജ്‌മെന്റ് പ്രതികാരം തീർപ്പോൾ നിയമയുദ്ധം നടത്തി വിജയം: മറുനാടൻ കാമ്പസ് അവാർഡിലെ ഫൈനലിസ്റ്റ് ദിനു വെയിലിനെ അറിയാം..
തിരുവനന്തപുരം: ഫാറൂഖ് കോളേജിലെ ലിംഗ വിവേചനത്തിന് എതിരെ പ്രതികരിച്ചാണ് ദിനു വെയിൽ ക്യാമ്പസുകളിൽ നിന്നുള്ള ശ്രദ്ധേയ വ്യക്തിത്വമാകുന്നത്. ഫാറൂഖ് കോളജിൽ വിദ്യാർത്ഥികൾ നേരിടുന്ന ലിംഗവിവേചനത്തിനെതിരെ കേരളത്തിലെ മനുഷ്യാവകാശ പ്രവർത്തകരും സാമൂഹ്യപ്രവർത്തകരും രംഗത്തുവരണമെന്ന ആവശ്യവുമായി ആദ്യ രംഗത്ത് എത്തിയത് ഈ മിടുക്കനാണ്. പ്രതീക
തിരുവനന്തപുരം: ഫാറൂഖ് കോളേജിലെ ലിംഗ വിവേചനത്തിന് എതിരെ പ്രതികരിച്ചാണ് ദിനു വെയിൽ ക്യാമ്പസുകളിൽ നിന്നുള്ള ശ്രദ്ധേയ വ്യക്തിത്വമാകുന്നത്. ഫാറൂഖ് കോളജിൽ വിദ്യാർത്ഥികൾ നേരിടുന്ന ലിംഗവിവേചനത്തിനെതിരെ കേരളത്തിലെ മനുഷ്യാവകാശ പ്രവർത്തകരും സാമൂഹ്യപ്രവർത്തകരും രംഗത്തുവരണമെന്ന ആവശ്യവുമായി ആദ്യ രംഗത്ത് എത്തിയത് ഈ മിടുക്കനാണ്. പ്രതീക്ഷിച്ച കോണിൽ നിന്നു പോലും ദിനുവിന് പിന്തുണ ലഭിച്ചില്ല. പ്രശ്‌നക്കാരനായി ചിത്രീകരിക്കാനും ശ്രമിച്ചു. അതൊന്നും ഈ യുവാവിനെ തളർത്തിയില്ല. അങ്ങനെ അന്തിമ വിജയം കോടതി വിധിയിലൂടെ ഫാറൂഖ് കോളേജ് അധികാരികളിൽ നിന്ന് ഈ മിടുക്കൻ തട്ടിയെടുത്തു. ആർജ്ജവത്തോടെ മുന്നേറിയാൽ നീതിക്കായുള്ള ഏത് പോരാട്ടവും ജയിക്കാമെന്ന് തെളിയിച്ചാണ് ദിനു സോഷ്യൽ മീഡിയയുടെ പ്രിയങ്കരനായത്. അതുകൊണ്ടാണ് മറുനാടന്റെ കാമ്പസ് വിഭാഗത്തിൽ വായനക്കാർ അവാർഡിനായി നോമിനേറ്റ് ചെയ്തതും ഇപ്പോൾ ഫൈനൽ ലിസ്റ്റിൽ ഇടംപിടിച്ചിരിക്കുന്നതും.
ഈ വിഭാഗത്തിൽ ദിനുവിനെ കൂടാതെ ആഷീൻ തമ്പി, ഇൻസ്പയർ ഇന്ത്യ ഫൗണ്ടേഷൻ, രാജഗിരി സെന്റർ ഫോർ ബിസിനസ് സ്റ്റഡീസിന്റെ (ആർസിബിഎസ്) സാമൂഹികസേവന വിഭാഗമാണ് രാജഗിരി ട്രാൻസെൻഡ് ക്രയോൺസ്, സർക്കാർ സംരഭമായ അസാപ്പും ക്യാമ്പസ് ഫൈനലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട്.
ഫാറൂഖ് കോളജിലെ വിദ്യാർത്ഥിയായ ദിനു വെയിൽ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് മനുഷ്യാവകാശപ്രവർത്തകരുടെ ശ്രദ്ധക്ഷണിക്കുന്നത്. വിദ്യാർത്ഥികൾ അനുഭവിക്കുന്ന വിവേചനങ്ങളെ രാഷ്ട്രീയമായി മുതലെടുക്കാൻ ശ്രമിക്കുന്നവർക്ക് പ്രത്യേകമായി മുന്നറിയിപ്പും ഈ പോസ്റ്റിൽ നൽകി. ഇത് കേരള സമൂഹം ഏറ്റെടുത്തു. ഈ അനീതിക്ക് എതിരെ ശബ്ദമുയർന്നു. കോളേജിൽ നിന്നും ദിനുവിനെ പുറത്താക്കിയെങ്കിലും കോടതി ഇടപെലിലൂടെ വീണ്ടും കോളേജിലെത്തി. ഫാറൂഖ് കോളേജിൽ വിലക്ക് ലംഘിച്ച് കോളേജിൽ ആൺകുട്ടികളും പെൺകുട്ടികളും ഇടകലർന്നിരുന്നതിന് വിദ്യാർത്ഥികളെ അദ്ധ്യാപകൻ ക്ലാസിൽ നിന്ന് ഇറക്കിവിട്ട വിവാദം അങ്ങനെ പൊതു സമൂഹത്തിൽ നിറഞ്ഞു. ഈ നിലപാട് സ്വീകരിക്കലാണ് ദിനുവിനെ ക്യാമ്പസ് പ്രതിഭയക്കുള്ള മറുനാടന്റെ പുരസ്‌കാര പട്ടികയിൽ എത്തിച്ചത്.
ഫാറൂഖ് കോളജിൽ വിദ്യാർത്ഥികൾ നേരിടുന്ന ലിംഗവിവേചനത്തിനെതിരെ കേരളത്തിലെ മനുഷ്യാവകാശ പ്രവർത്തകരും സാമൂഹ്യപ്രവർത്തകരും രംഗത്തുവരണമെന്ന ആവശ്യവുമായി വിദ്യാർത്ഥികൾ സംഘടിക്കുകയായിരുന്നു.. ഫാറൂഖ് കോളജിലെ വിദ്യാർത്ഥിയായ ദിനു വെയിൽ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് ഈ വിഷയത്തിൽ മനുഷ്യാവകാശപ്രവർത്തകരുടെ ശ്രദ്ധക്ഷണിക്കുന്നത്. വിദ്യാർത്ഥികൾ അനുഭവിക്കുന്ന വിവേചനങ്ങളെ രാഷ്ട്രീയമായി മുതലെടുക്കാൻ ശ്രമിക്കുന്നവർക്ക് പ്രത്യേകമായി മുന്നറിയിപ്പും ഈ പോസ്റ്റിൽ നൽകുന്നുണ്ട്. ' ഇത് കണ്ട് ഒരു 'ആർഷ ഭാരത സംസ്‌കാര പ്രവർത്തകനും' വെള്ളം ഇറകേണ്ട. വിഷയത്തെ രാഷ്ട്രീയ മുതലെടുപ്പിന് വിട്ടുതരാൻ തൽക്കാലം മനസില്ല. വർഗീയതയും സ്ത്രീവിരുദ്ധതയുമായി നിങ്ങളുടെ സഹായം സന്തോഷപൂർവ്വം ഞങ്ങൾ നിരസിക്കുന്നു. ആദ്യം നിങ്ങടെ സദാചാരപൊലീസിങ്ങും തെമ്മാടിത്തരങ്ങളും അവസാനിപ്പിക്കാൻ നോക്കുമല്ലോ.' മുന്നറിയിപ്പെന്ന നിലയിൽ ദിനു പറഞ്ഞു.
ഇതോടെ മുതലെടുപ്പ് രാഷ്ട്രീയക്കാർ എത്താതെയായി. മറുപക്ഷത്ത് ഫാറൂഖ് കോളേജ് മാനേജ്‌മെന്റിന്റെ വോട്ട് ബാങ്ക് രാഷ്ട്രീയം അറിയാവുന്നവരും പ്രശ്‌നത്തിൽ ഇടപെട്ടില്ല. പക്ഷേ അതൊന്നും ദിനുവിന്റെ നിശ്ചയദാർഡ്യത്തെ പൊളിച്ചില്ല. അങ്ങനെ സമരത്തിന് സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പുതുരൂപം കൈവന്നു. ലിംഗവിവേചനത്തെ ഫാറൂഖ് കോളജിൽ മാത്രം നടക്കുന്ന സംഭവമായി കാണുന്നില്ലെന്നു പറയുന്ന വിദ്യാർത്ഥി ഇതിനെതിരെ ഇപ്പോൾ ഉയരുന്ന പ്രതിഷേധങ്ങൾ കേവലം ഫാറൂക്ക് കോളജിൽ മാത്രമായി ഒതുക്കരുതെന്ന ദിനുവിന്റെ ആഹ്വാനം ക്യാമ്പസുകൾ ഏറ്റെടുത്തു. ആൺകുട്ടികളും പെൺകുട്ടികളും അടുത്ത് സംസാരിക്കാതിരിക്കാൻ ക്യാമറ വച്ച് നിരീക്ഷിക്കുന്ന സ്ഥാപനത്തിലെ കൊള്ളരുതായ്മ സമൂഹം ചർച്ച ചെയ്തു. ഇതോടെ ദിനുവിന് സസ്‌പെൻഷനുമെത്തി.
ഫറൂഖ് കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയായിരുന്നു ദിനു. മാപ്പെഴുതി നൽകിയാൽ കോളേജിൽ തിരിച്ചെടുക്കാം എന്ന ഫാറൂഖ് കോളേജ് മാനേജ്‌മെന്റിന്റെ ഓഫർ നിരസിച്ച് യുവാവ് പോരാട്ടം തുടർന്നു. ഇതിന്റെ പേരിൽ കോളേജ് മാനേജ്‌മെന്റ് ദിനുവിനെ സസ്‌പെന്റ് ചെയ്തതോട അദ്ദേഹത്തിന് വിവിധ കോണുകളിൽ നിന്നും പിന്തുണ ഒഴുകിയെത്തി. കോടതി ഇടപെടലിലൂടെ കോളേജിന് ദിനുവിനെ തിരിച്ചെടുക്കേണ്ടിയും വന്നു. തെരുവുപട്ടികൾക്കു വേണ്ടി ജീവൻ കളയാൻ മുക്കിലും മൂലയിലും സമരം സംഘടിപ്പിക്കുന്നവരും ലിംഗസമത്വം ഉറപ്പാക്കാൻ ചുംബനസമരത്തിലൂടെ ലിംഗ സമത്വം ഉറപ്പിക്കാൻ നഗരങ്ങളിൽ പ്രക്ഷോഭം ഉണ്ടാക്കിയവരെയും രാഷ്ട്രീയക്കാരും കേരള വർമ്മയിടെ അദ്ധ്യാപികയ്‌ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയവരുമൊന്നും ദിനുവിനെ പിന്തുണച്ച രംഗത്തെത്തിയില്ലെന്നതായിരുന്നു വസ്തുത.
ഇതിനിടെയാണ് ദിനുവിനെതിരെ കുപ്രചരണങ്ങളും ആരംഭിച്ചത്. ഐഐടി മദ്രാസിലെ പഠനം ഉപേക്ഷിച്ച് ഫറൂഖ് കോളേജിലെ ബിരുദത്തിന് ചേർന്ന വിദ്യാർത്ഥിയാണ് ദിനു. ഐഐടിയിൽ ലഹളയുണ്ടാക്കിയതിനെ തുടർന്ന് ദിനുവിനെ പുറത്താക്കിയതാണെന്ന് ചില മാദ്ധ്യമവാർത്തകളും മാനേജ്‌മെന്റിനനുകൂലമായി തന്നെ എഴുതി. പക്ഷെ മറ്റുള്ളവരിൽ നിന്ന് ദിനുവിനെ വ്യത്യസ്തനാക്കുന്നത് പ്രതികരിക്കാനുള്ള തന്റേടം കൊണ്ടാണെന്നുമാത്രം. പഠനം മാത്രമാണ് വിദ്യാർത്ഥിയുടെ ലക്ഷണമെങ്കിൽ ദിനു ഒരു വിദ്യാർത്ഥി അല്ല. നൂറു കണക്കിന് വിദ്യാർത്ഥികളെ ഏകോപിപ്പിച്ച 'ദിശ' എന്ന സംഘടനയ്ക്ക് രൂപം കൊടുത്തിട്ടുണ്ട്. ഇതിന്റെ പേരിൽ നിരവധി മാദ്ധ്യമങ്ങളുടെ ദിനുവിനെ അനുകൂലിച്ച് ലേഖനങ്ങൾ എഴുതിയിരുന്നു. ഇതെല്ലാം സോഷ്യൽ മിഡിയയിലൂടെ പുറംലോകത്ത് എത്തിയപ്പോൾ ദിനു താരമായി. ക്യാമ്പസുകളുടെ ഹീറോയും.
മാനസികശാരീരിക വൈകല്യങ്ങളുള്ള കുട്ടികളുടെ സഹായത്തിനായി ദിശയുടെ കീഴിൽ കൂട്ട് എന്ന പദ്ധതിയും വിദ്യാർത്ഥികളുടെ അഭിപ്രായ സ്വാതന്ത്യത്തിനും ലിംഗസമത്വത്തിനും വേണ്ടി ഇടം എന്ന പദ്ധതിയുടെ അമരക്കാരൻ കൂടിയാണ് ദിനു. ദിശയുടെ പേരിൽ മതങ്ങൾക്കതീതമായ നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കർമ അവാർഡും ദിനുവിനെ തേടിയെത്തിയിട്ടുണ്ട്. മനസു കൊണ്ട് അപരിഷ്‌കൃതമായ സമൂഹത്തിൽ ലിംഗ അസമത്വങ്ങൾക്കെതിരെ കൂട്ടായ്മകൾ സംഘടിപ്പിച്ചും പ്രവർത്തിച്ചും ജീവിക്കുന്ന ഒരു വ്യക്തിക്ക് താൻ പഠിക്കുന്ന കലാലയത്തിലെ സംസ്‌കാരിക ഫാസിസം കണ്ടു നിൽക്കാനോ, അതറിഞ്ഞിട്ട് പ്രതികരിക്കാതിരിക്കാനോ കഴിയില്ലെന്നുള്ളതാണ് വാസ്തവം. ഇതിനെയാണ് ഫാറൂഖ് കോളേജിൽ ദിനുവെന്ന മിടുക്കൻ പൊരുതി തോൽപ്പിച്ചത്.
പച്ച എന്ന പേരിൽ പരിസ്ഥിതി പ്രവർത്തനങ്ങളും ലിംഗവിവേചനപരമായ പ്രശ്‌നങ്ങൾക്കു വേണ്ടി ഇടം എന്ന കൂട്ടായ്മയും ദീർഘകാല രോഗബാധിതർക്കുവേണ്ടി കൂട്ട് എന്ന സേവന പ്രവർത്തനങ്ങളും ദിശ യുടെ ഭാഗമായി ചെയ്യുന്നു. 300 വിദ്യാർത്ഥികൾ ദിശയിൽ ഉണ്ട്. എൻ.എസ്. എസുമായി സഹകരിച്ച്് 2014ൽ ദിശ എന്ന സംഘടന രൂപീകരിച്ചത്. വിദ്യാർത്ഥികൾ ജാതി, മതം , രാഷ്ട്രീയം എന്നിവയുടെ ഇരകളാകാൻ വിധിക്കപ്പട്ടവരല്ല എന്ന തിരിച്ചറിവാണ് ദിശയ്ക്കു രൂപം നൽകാൻ കാരണമായതെന്നു ദിനു പറയുന്നു. ദിശാബോധമുള്ളവർ ഇന്നത്തെ സമൂഹത്തിനു ആവശ്യമാണ്. അതുകൊണ്ടുതന്നെ ദിശ എന്ന വിദ്യാർത്ഥി സംഘടന സാമൂഹിക തിന്മകൾക്കെതിരേ പ്രതികരിക്കുന്നുവെന്ന് ദിശയുടെ സംഘാടകർ പറയുന്നു. ഇത് തന്നെയാണ് ഫാറൂഖ് കോളേജിലും കണ്ടത്.
വർണങ്ങളുടെ പുറംമോടിയിൽ യുവത്വം സമർപ്പിച്ചവരെന്നു കുറ്റപ്പെടുത്താൻ വരട്ടെ. കഴിവും ആർദ്രതയും ഉപയോഗപ്പെടുത്തി കണ്ണീരൊപ്പാൻ കൂട്ടായ്മയൊരുക്കുകയാണ് ദിശ ചെയ്യുന്നത്. മാറാരോഗത്തിന്റെ പിടിയിലമർന്നു കിടപ്പിലായ രോഗികൾക്കും അശരണർക്കും സഹായവും സഹകരണവുമായി ദിനുവും കൂട്ടരും സമൂഹത്തിൽ സജീവമാണ്. സഹപാഠികളിൽ നിന്നു നാണയത്തുട്ടുകൾ ശേഖരിച്ചും മുതിർന്നവരുടെ സഹകരണത്തോടേയുമാണ് ഇവയെല്ലാം നടപ്പാക്കുന്നത്. പ്രവർത്തന പദ്ധതികൾ ആസൂത്രണം ചെയ്യുന്നതു മുതൽ സാമ്പത്തിക സ്രോതസ് കണ്ടെണ്ടത്തി സേവനം രോഗികളിലേക്ക് എത്തിക്കുന്നതുൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്ക് ദിനുവും കൂട്ടരും നേതൃത്വം നൽകുന്നു.
ദിനു എട്ടു മുതൽ പത്താം തരം വരെ പഠിച്ചത് കോഴിക്കോട് ഫറൂഖ് ജിജിവിഎച്ച്എച്ച്എസ്എസ് സ്‌കൂളിലാണ്. ഈ സ്‌കൂളിൽ ഒരു ലൈബ്രറി തുടങ്ങാൻ വേണ്ടിയുള്ള ദിനുവിന്റെ പ്രയ്തനം ഇന്നും അദ്ധ്യാപകരുടെ മനസ്സിലുണ്ട്. നന്നായി വായിക്കുമായിരുന്നു. പക്ഷേ സ്‌കൂളിൽ ഒരു ലൈബ്രറി ഉണ്ടായിരുന്നില്ല. അതിന് അവൻ കണ്ടെത്തിയ വഴി വ്യത്യസ്തമായിരുന്നു. ക്ലാസ്സിലെ എല്ലാ കുട്ടികൾക്കും അവൻ പുസ്തകങ്ങൾ നൽകുമായിരുന്നു. ഒരു ക്ലാസ് ലൈബ്രറി തുടങ്ങുവാനും, ആ ബുക്കുകൾ സൂക്ഷിക്കുവാനും ആരും പറയാതെ തന്നെ തയ്യാറായിരുന്നു അവൻ. സ്‌കൂളിൽ ഷെൽഫോ അലമാരയോ ഇല്ലായിരുന്നതിനാൽ എല്ലാ ദിവസവും വൈകിട്ട് ബുക്‌സ് കൊണ്ടുപോവുകയും പിറ്റേദിവസം കൊണ്ടുവരികയും ചെയ്യുമായിരുന്നു. ഒരു ചെറിയ കുട്ടി അത്ര നല്ലൊരു ഇനിഷ്യേറ്റീവ് എടുക്കുന്നതും അത് മറ്റുള്ളവർക്ക് പകർന്നു നല്കാൻ ശ്രമിക്കുന്നതും അത്ര ചെറിയ കാര്യമല്ല. കൂടാതെ ക്ലാസ്സിൽ ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കുക. ക്ലാസ്സിൽ ടീച്ചർമാർ ഇല്ലാതിരുന്നാൽ പഠനത്തിനുള്ള പരിപാടികൾക്ക് നേതൃത്വം നൽകുക ഇതൊക്കെ അവൻ ആരും ഏൽപ്പിക്കാതെ തന്നെ ദിനു ചെയ്യുമായിരുന്നുവെന്ന് സ്‌കൂളിലെ അദ്ധ്യാപകർ പറയുന്നു.
ഫറൂഖ് ജിജിവിഎച്ച്എച്ച്എസ്എസിൽ നിന്നും എസ്എസ്എൽസിക്ക് ഒൻപത് എപ്ലസും സിബിഎച്ച് എസ്എസ് വള്ളിക്കുന്നിൽ നിന്ന് 95.7 ശതമാനം മാർക്കോടെ +2വും പാസ്സായ ദിനു ഐഐടിയിലേക്കുള്ള പ്രവേശനപരീക്ഷ എഴുതി. അതോടൊപ്പം തന്നെ കുടുംബശ്രീയുടെ ബാലസഭയിലും ജെആർസി, എൻഎസ്എസ് എന്നിവയിലും പ്രവർത്തിച്ചിരുന്നു അയാൾ. ആദ്യ ശ്രമത്തിൽ തന്നെ പ്രവേശനപരീക്ഷയിൽ വിജയിച്ച ദിനു മദ്രാസ് ഐഐടിയിൽ ഇന്റഗ്രേറ്റഡ് എംഎയ്ക്ക് ചേർന്നു. അവിടേയും ദിനു സാമൂഹിക ഇടപെടലുകൾ തുടർന്നു. ക്യാമ്പസിനകത്തു മാത്രമല്ല പുറത്തും ഏറെ സജീവമായി എൻഎസ്എസ്, ഐഐടി ഫോർ വില്ലെജസ് എന്നിവയുടെ സാമൂഹ്യപ്രവർത്തനങ്ങളിൽ ഭാഗമാവുകയും മറ്റുള്ളവർക്കു മാതൃകയാവുകയും ചെയ്തു. ക്യാമ്പസ് പാലിയേറ്റിവ് കെയറിന്റെ ഭാഗമായി അഡയാർ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലും മറ്റ് ആശുപത്രികളും സന്ദർശിക്കുമായിരുന്നു. നത്തം എന്ന ഗ്രാമത്തിലെ കുട്ടികളെ പഠിപ്പിച്ചു.
ആദ്യ വർഷത്തിൽ തന്നെ അനവധി പ്രവർത്തനങ്ങളിൽ ഭാഗഭാക്കാവാൻ കഴിഞ്ഞു. അവിടെ വച്ചുണ്ടായ ചില അനുഭവങ്ങളാണ് എന്നെ മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചത് ദിനു പറയുന്നു. തന്നെ പുറത്താക്കുകയല്ല തന്റെ ഉള്ളിൽ ഉണ്ടായിരുന്ന സാമൂഹ്യപ്രവർത്തകനെ പുറത്തെത്തിക്കുകയാണ് ഐഐടിയിൽ വച്ചു നടന്നതെന്ന് എന്ന് ദിനു തന്നെ പറയുന്നു. നിരവധി ജീവിതങ്ങളെ ദിനു കണ്ടു. അതിൽ നിന്ന് പല ചോദ്യങ്ങളും സ്വയം ചോദിച്ചു. വിദ്യാഭ്യാസം കൊണ്ട് എന്താണ് അർത്ഥമാക്കുന്നത്, നമ്മളെ പഠിപ്പിച്ചു സ്‌നേഹം തന്നു വളർത്തുന്ന മാതാപിതാക്കൾക്ക് നാമെന്താണ് നൽകുന്നത്? കൂടാതെ ഐഐടിയിൽ നിന്ന് ഡിഗ്രി കരസ്ഥമാക്കുന്നവർ അവരുടെ ലോകങ്ങളിൽ മാത്രം ഒതുങ്ങിക്കൂടുന്നു. ശമ്പളം കിട്ടുന്ന ഒരു ജോലിയിൽ മാത്രം അവർ തൃപ്തരാവുന്നു. അതു കണ്ടപ്പോ പേടിയായി, ഞാനും അങ്ങനെ തന്നെ ആയിത്തീരുമോ എന്ന്. പിന്നെ നാട്ടിൽ വന്ന് എന്തെങ്കിലും ചെയ്യണം എന്നും ആഗ്രഹം തോന്നി. ജീവിതം ഒരു ക്യുബിക്കിളിൽ ഒതുങ്ങിക്കൂടി മാസാമാസം ശമ്പളം എണ്ണിത്തീർക്കേണ്ടതല്ല ജീവിതം എന്ന് ബോധ്യം ദിനുവിനു വ്ന്നു. അങ്ങനെയാണ് കേരളത്തിലേക്ക് മടക്കം.
മതം ജാതി, രാഷ്ട്രീയം ഇവയക്കൊക്കെ അതീതമായ ഒരു കൂട്ടായ്മ. അതായിരുന്നു ലക്ഷ്യം. അപ്പൊ സ്പാർക്ക് എന്നു പേരിട്ട് മലപ്പുറം ബേസ്ഡ് ആയ ഒരു കൂട്ടായ്മയ്ക്ക് രൂപം നൽകി. ആദ്യം എൻഎസ്എസുമായി ലിങ്ക് ചെയ്തിട്ടായിരുന്നു. പിന്നെ അതിനെ ദിശ എന്ന പുതിയ രൂപത്തിലേക്ക് കൊണ്ടു വരികയായിരുന്നു. ഐഐടിയിൽ നിന്നും വന്ന സമയത്ത് ദിശയുടെ പ്രവർത്തനം വിപുലീകരിക്കാൻ സാധിച്ചു. മലപ്പുറം തൃശൂർ, തിരുവനന്തപുരം എന്നിവിടങ്ങളിൽ ദിശ പ്രവർത്തിക്കുന്നുണ്ട്. അശരണർക്ക് ഭക്ഷണമെത്തിക്കുന്നതിനായി പൊതിച്ചോർ, ധനസമാഹരണതിനായി പാട്ടുവണ്ടി എന്ന പ്രോജക്റ്റ് എന്നിങ്ങനെ ദിശയുടെ പദ്ധതികളുടെ എണ്ണം നീണ്ടുകൊണ്ടിരിക്കുന്നു. കൂട്ട് എന്ന പാലിയേറ്റീവ് കെയർ വിംഗും പച്ച എന്ന പ്രകൃതിസംരക്ഷണ വിഭാഗവും ലിംഗസമത്വത്തിനായി നിലകൊള്ളുന്ന ഇടം എന്ന വിഭാഗവും ഇപ്പോൾ ദിശയുടെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഈ വിഭാഗങ്ങളുടെ കീഴിൽ അനവധി പ്രോജക്ടുകളും.
നമ്മുടെ കാമ്പസുകളിൽ നിലനിൽക്കുന്ന ചില ദുഷ്പ്രവണതകളെ ചൂണ്ടിക്കാട്ടി ദിനു വെയിലാണ് നിങ്ങളുടെ വിലയിരുത്തലിൽ മിടുക്കനായി കാമ്പസ് താരം? എങ്കിൽ ഇതുവരെ വോട്ട് ചെയ്യാത്തവർക്ക് ഈ വാർത്തയോടൊപ്പം കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക് ചെയ്ത് വോട്ട് രേഖപ്പെടുത്താം. നിലവിൽ വോട്ട് ചെയ്തവർക്ക് വീണ്ടും വോട്ട് ചെയ്യാൻ അവസരം ഇല്ല.
കൂടാതെ മറുനാടന്റെ മറ്റ് വിഭാഗങ്ങളിലെയും ഓരോരുത്തർക്ക് വീതം ക്ലിക്ക് ചെയ്ത് വോട്ട് രേഖപ്പെടുത്തിയ ശേഷം സബ്മിറ്റ് ചെയ്യുക. നിങ്ങളുടെ കമ്പ്യൂട്ടറിൽ ജിമെയിൽ അക്കൗണ്ട് ലോഗിൻ ചെയ്തിട്ടുണ്ടെങ്കിൽ ഓട്ടോമാറ്റിക്ക് ആയി നിങ്ങൾക്ക് വോട്ട് രേഖപ്പെടുത്താം. അല്ലെങ്കിൽ ഏതെങ്കിലും ഒരു ഇ മെയിൽ അക്കൗണ്ട് ലോഗിൻ ചെയ്ത ശേഷം മാത്രമേ വോട്ട് രേഖപ്പെടുത്താനാകൂ.