തിരുവനന്തപുരം: വാർത്താ താരങ്ങളെ തെരഞ്ഞെടുക്കാൻ ചാനലുകൾ വോട്ടെടുപ്പ് നടത്തുമ്പോൾ സിവിൽ സർവ്വീസ് ഉദ്യോഗസ്ഥരും കടന്നു വരിക പതിവാണ്. മനോരമയുടെ ന്യൂസ് മേക്കർ പുരസ്‌കാരത്തിന് ഋഷിരാജ് സിങ് തെരഞ്ഞെടുക്കപ്പെട്ടതും ഈ വർഷം ജേക്കബ് തോമസ് മുന്നേറുന്നതും അതിന്റെ ഉദാഹരണമാണ്. എന്നാൽ സിവിൽ സർവ്വീസിലെ സാധാരണക്കാർക്ക് ഗുണകരമായി പ്രവർത്തിക്കുന്നവരെ കണ്ടെത്താനുള്ള ആദ്യത്തെ ജനകീയ വോട്ടെടുപ്പ് നടത്തുന്നത് മറുനാടൻ ആയിരിക്കും. മറുനാടൻ പത്ത് വിഭാഗങ്ങളിലായി നൽകുന്ന പുരസ്‌കാരങ്ങളിൽ മൂന്നാമത്തെ വിഭാഗമായ സിവിൽ സർവ്വീസ് പുരസ്‌കാരം നേടാനുള്ള അഞ്ച് പേരുടെ ലിസ്റ്റ് പുറത്ത് വിടുമ്പോൾ വ്യക്തമാക്കുന്നത് നട്ടെല്ല് പണയം വച്ചിട്ടില്ലാത്ത അനേകം പേർ ഇപ്പോഴും നമുക്കിടയിലുണ്ട് എന്നു തന്നെയാണ്.

നിങ്ങൾ പ്രതീക്ഷിച്ച പേരുകൾ തന്നെ ഈ ലിസ്റ്റിൽ കാണാം. നട്ടെല്ല് അല്പം പോലും വളയ്ക്കാതെ സത്യത്തിന് വേണ്ടി നിലനിൽക്കുന്ന ഐപിഎസ് ഉദ്യോസ്ഥനായ ജേക്കബ് തോമസ്, വ്യത്യസ്തമായ പ്രവർത്തനങ്ങൾക്കൊണ്ട് ശ്രദ്ധ നേടിയ യുവ ഐഎഎസ് ഉദ്യോഗസ്ഥനായ കോഴിക്കോട് കളക്ടർ പ്രശാന്ത്, ഭക്ഷ്യ സുരക്ഷാ കമ്മിഷണറുടെ കസേരയിൽ ഇരുന്ന് നിയമലംഘകരായ ഉന്നത സ്ഥാപനങ്ങളെ പോലും വിറപ്പിച്ച അനുപമ, ഹാരിസൺ മലയാളം പ്ലാന്റേഷനെ മുട്ട് കുത്തിച്ച എറണാകുളം കളക്ടറും ലാൻഡ് ആഡൈ്വസറും ആയ രാജ മാണിക്യം, ഓൺലൈൻ പെൺവാണിഭം ഭൂമാഫിയ ഇടപെടലുകളും കുട്ടിക്കടത്തും മനുഷ്യാവകാശ പ്രശ്‌നങ്ങളും ഒക്കെ ഉയർത്തിക്കാട്ടി ജനശ്രദ്ധ നേടിയ ഐജി ശ്രീജിത്ത് എന്നിവരെയാണ് ഈ വോട്ടിന്റെ ഫൈനലിസ്റ്റുകളായി തെരഞ്ഞെടുത്തിരിക്കുന്നത്.

ഇവരെ കൂടാതെ മറുനാടന്റെ നാലാമത്തെ അവാർഡായ മികച്ച സർക്കാർ ഉദ്യോഗസ്ഥന്റെ പട്ടികയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അഞ്ച് പേരും ഇടം പിടിച്ചു. പൊതുജന നന്മ ചെയ്യുന്നതും ജോലി കൃത്യമായും ചെയ്യുന്ന ഉദ്യോഗസ്ഥരുമാണ് അവാർഡ് ഫൈനൽ ലിസ്റ്റിൽ ഇടംപിടിച്ചിരിക്കുന്നത്. തൃത്താല കൃഷി ഓഫീസർ ജോസഫ് ജോൺ തേറാട്ടിൽ, പുനലൂർ ആശുപത്രിയുടെ മുൻ സൂപ്രണ്ട് ആയിരുന്ന ഡോ. ഷാഹിർ ഷാ, വനം വകുപ്പിലെ ഉദ്യോഗസ്ഥനായ പി ധനേഷ് കുമാർ, ഇടമലക്കുടി ട്രൈബർ സ്‌കൂളിലെ ഏകാധ്യാപിക വിജയലക്ഷ്മി ടീച്ചർ, മൂവാറ്റുപഴ ജോയിന്റ് ആർടിഒ ആദർശ് കുമാർ നായർ എന്നിവരാണ് ഈ വിഭാഗത്തിലെ പുരസ്‌ക്കാരത്തിനുള്ള ഫൈനൽ ലിസ്റ്റിൽ ഇടം പിടിച്ചവർ.

ഈ പത്ത് പേരിൽ നിന്നും രണ്ട് അവാർഡുകൾ വരും ദിവസങ്ങളിൽ വോട്ടിങ് നടത്തി വായനക്കാർ വിജയികളെ തിരഞ്ഞെടുക്കും. തിങ്കളാഴ്‌ച്ച മുതലാണ് വായനക്കാർക്ക് വോട്ട് ചെയ്യാനുള്ള അവസരം. അതിന് മുമ്പായി പത്ത് അവാർഡുകളുടെും ഫൈനൽ ലിസ്റ്റിൽ ഇടംപിടിച്ചവരുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കും. ഞായാഴ്‌ച്ച വരെ ലിസ്റ്റ് പ്രസിദ്ധീകരിച്ച് തിങ്കാളാഴ്‌ച്ച വോട്ടിങ് എന്ന വിധത്തിലേക്കാണ് ഞങ്ങൾ ക്രമീകരണങ്ങൾ നടത്തുന്നതും.

സിവിൽ സർവീസ് അവാർഡ് വിഭാഗത്തിൽ ഇടംപടിച്ച അഞ്ച് പേരും അവരുടെ കർമ്മ മണ്ഡലങ്ങളിൽ തിളങ്ങി നിന്നവരാണ്. അഴിമതിക്കെതിരെ നട്ടെല്ല് വയ്ക്കാതെ പോരാടി ഭരണാധികാരികളുടെ കണ്ണിൽക്കരടായ ഉദ്യോഗസ്ഥനാണ് ജേക്കബ് തോമസ് ഐഎഎസ്. നിയമം അനുസരിച്ച് ധൈര്യമായി നീങ്ങിയ അദ്ദേഹത്തെ വിജിലൻസിൽ നിന്നും ഫയർഫോഴ്‌സ് മേധാവി സ്ഥാനത്തു നിന്നും മാറ്റുകയാണ് ഉണ്ടായത്. എന്നാൽ സർക്കാറിന്റെ തെറ്റായ നടപടി ചൂണ്ടിക്കാട്ടി താൻ നട്ടെല്ല് വളയ്ക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ആവർത്തിച്ച അദ്ദേഹം മറ്റ് സിവിൽ സർവീസ് ഉദ്യോഗസ്ഥർക്കെല്ലാം മാതൃകയാണ്.

കോഴിക്കോട് ജില്ലയിലെ ജനകീയ കലക്ടറാണ് പ്രശാന്ത് നായർ. സോഷ്യൽ മീഡിയയിൽ സജീവമായി നിൽക്കുന്ന ഈ ഉദ്യോഗസ്ഥൻ കുട്ടികൾക്കും മുതിർന്നവർക്കും പ്രിയപ്പെട്ട വ്യക്തികൂടിയാണ്. കളക്ടർ ബ്രോ എന്ന് പോലും വിളിക്കാവുന്ന വിധത്തിൽ ജനസമ്മതനായ ഉദ്യോഗസ്ഥനായി മാറി അദ്ദേഹം. കോഴിക്കോട് നഗരത്തിൽ സുലൈമാനി പദ്ധതി അടക്കം നിരവധി പദ്ധതികൾ പ്രഖ്യാപിച്ചു അദ്ദേഹം കൈയടി നേടിയിരുന്നു.

നിറപറയുടെ മായം കലർത്തലിനെതിരെ പ്രതികരിച്ചും വിഷപച്ചക്കറി തടയാൻ നടപടി എടുത്തുമാണ് ഭക്ഷ്യസുരക്ഷാ കമ്മീഷണർ അനുപമ ഐഎഎസ് ശ്രദ്ധ നേടിയത്. അനുപമയുടെ ധീരമായ നടപടി എല്ലാവരുടെയും കൈയടി നേടാൻ സഹായിക്കുകയും ചെയ്തു. ഒരു ഘട്ടത്തിൽ ഭരണക്കാരുടെ എതിർപ്പിന് ഇരയായ അനുപമയ്ക്ക് വേണ്ടി സോഷ്യ്ൽ മീഡിയയിൽ ശക്തമായ കാമ്പയിൻ നടന്നു എന്നതും ഇവരുടെ ജനകീയതയുെട തെളിവായി. ഇക്കാരണം കൊണ്ടാണ് ഇവർ മറുനാടന്റെ അവാർഡ് ലിസ്റ്റിൽ ഇടംപിടിച്ചതും.

ഹാരിസൺ മലയാളം പ്ലാന്റേഷനെ മുട്ട് കുത്തിച്ച എറണാകുളം കളക്ടർ രാജമാണിക്യം ജില്ലയിൽ ജനകീയ വ്യക്തിത്വമാണ്. ലാൻഡ് ആഡൈ്വസർകൂടിയായ അദ്ദേഹം സംസ്ഥാന സർക്കാറിലേക്ക് കൈയേറ്റ ഭൂമി തിരിച്ചു പിടിച്ചു. കാർക്കശ്യം നിറഞ്ഞ നിലപാടുകളിലൂടെ ശ്രദ്ധ നേടിയ രാജമാണിക്യം ജീവകാരുണ്യ രംഗത്തും സജീവമാണ്. മനുഷ്യക്കടത്ത് വിഷയം ശ്രദ്ധയിൽ കൊണ്ടുവന്ന ഐജി ശ്രീജിത്താണ് മറുനാടൻ അവാർഡ് പട്ടികയിൽ ഇടംപിടിച്ച മറ്റൊരു വ്യക്തിത്വം. ഓൺലൈൻ പെൺവാണിഭ റാക്കറ്റിനെ പുറത്തുകൊണ്ടുവന്നതും ക്രൈംബ്രാഞ്ച് മേധാവിയായ ശ്രീജിത്തിന്റെ ഇടപെടലാണ്. സുപ്രധാനമായ ഈകേസ് പുറത്തുകൊണ്ടുവന്നത് അടക്കമുള്ള കാര്യങ്ങളാണ് ശ്രീജിത്ത് അവാർഡ് ലിസ്റ്റിൽ ഇടംപടിക്കാൻ കാരണമായത്.

പൊതുനന്മ ചെയ്യുന്ന സർക്കാർ ഉദ്യോദസ്ഥരുടെ പുരസ്‌ക്കാര പട്ടികയിൽ ഇടംപിടിച്ചവർ അവരുടെ സേവന മേഖലയിൽ ഏറെ ശോഭിച്ചവരാണ്. തൃത്താല കൃഷി ഓഫീസറായ ജോസഫ് ജോൺ തേറാട്ടിലാണ് പട്ടികയിൽ ഇടംപിടിച്ച ഒരാൾ. കൃഷിരംഗത്ത് പ്രവർത്തനത്തിന് സംസ്ഥാന അവാർഡ് നേടിയ വ്യക്തിത്വം കൂടിയാണ് അദ്ദേഹത്തിന്റേത്. നെൽകൃഷിയെ പ്രോത്സാഹിപ്പിക്കാൻ നിരവധി പദ്ധതികൾ ആസൂത്രണം ചെയ്ത അദ്ദേഹം ജനകീയൻ കൂടിയാണ്. ആനക്കര കൃഷിഭവന്റെ മേധാവി എന്ന നിലയിൽ പഞ്ചായത്തിലെ നെൽക്കൃഷി ഇരട്ടിയാക്കിയും പച്ചക്കറിക്കൃഷി മൂന്നിരട്ടിയായും വർധിപ്പിച്ച് മാതൃകയായത് തൃശ്ശൂർ മുണ്ടത്തിക്കോട് സ്വദേശിയുടെ മികവു കൊണ്ടായിരുന്നു.

പുനലൂർ താലൂക്ക് ആശുപത്രിയെ ആധുനിക വൽക്കരിച്ച് ഒടുവിൽ സ്വകാര്യ ലോബിയും ഭരണക്കാരും ചേർന്ന് സ്ഥലം മാറ്റിയ മുൻ സ്ൂപ്രണ്ട് ഡോ. ഷാഹിർ ഷായാണ് മറുനാടൻ അവാർഡ് പട്ടികയുടെ ഫൈനൽ ഇടംപിടിച്ച മറ്റൊരു വ്യക്തി. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ഡെപ്യൂട്ടി ഡയറക്ടർ തസ്തികയിൽ ജോലി ചെയ്യുകയാണ് ഈ ജനകീയ ഡോക്ടർ. വയനാട് നം വകുപ്പിലെ ഉദ്യോഗസ്ഥനായ പി ധനേഷ് കുമാറാണ് മറ്റൊരു വ്യക്തിത്വം. അനധികൃത മരം മുറി തടയുന്നതിനും വനഭൂമി തിരിച്ചെടുക്കുന്നതിനും നിർണ്ണായക പങ്കു വഹിച്ച ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. നെല്ലിയാമ്പതി ഡിഎഫ്ഒ എന്ന നിലയിലും ശ്രദ്ധേയ പ്രവർത്തനം നടത്തിയിരുന്നു ധനേഷ് കുമാർ.

ഇടുക്കിയിലെ ഇടമലക്കുടി പഞ്ചായത്തിൽ ട്രെബൽ വകുപ്പിലെ സ്‌കൂളിലെ ഏകാധ്യാപിക ആയ വിജയലക്ഷ്മിയെ ആണ് മറുനാടൻ അവാർഡിനായി പരിഗണിക്കുന്ന മറ്റൊരു വ്യക്തിത്വം. 20 വർഷമായി ഇവിടെ ജോലിചെയ്യുന്ന ടീച്ചർ ആനയും കാട്ടുപോത്തുമുള്ള കാട്ടിലൂടെ യാത്രചെയ്താണ് ആദിവാസി കുട്ടികളെ പഠിപ്പിക്കാൻ എത്തുന്നത്. ടീച്ചറുടെ ഈ ത്യാഗമാണ് അവരെ മറുനാടന്റെ അവാർഡ് പട്ടികയിലെ ഫൈനലിസ്റ്റായി തിരഞ്ഞെടുക്കാൻ കാരണമായത്.

മൂവാറ്റുപുഴ ജോയിന്റ് ആർടിഒ ആയ ആദർശ് കുമാർ നായരാണ് മറ്റൊരു സർക്കാർ ഉദ്യോഗസ്ഥൻ. അഴിമതിയിൽ മുങ്ങിയ ഈ വകുപ്പിലെ സത്യസന്ധനായ ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. വകുപ്പിലെ അഴിമതി തടയാനും രംഗത്തെത്തിയ ഇദ്ദേഹം ജനകീയനാണ്. വാഹന സുരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്‌ച്ച ചെയ്യാത്ത ഉദ്യോഗസ്ഥൻ കൂടിയാണ് ആദർശ് കുമാർ.