തിരുവനന്തപുരം: ജനകീയനും നാടിന് നിരവധി സംഭാവനകൾ നൽകുകയും ചെയ്ത സാധാരണക്കാരായ സർക്കാർ ഉദ്യോഗസ്ഥരെ കണ്ടെത്തി ആദരിക്കാനുള്ള മറുനാടൻ മലയാളിയുടെ ശ്രമത്തിന്റെ ഫൈനൽ ലിസ്റ്റിൽ ഇടംപിടിച്ച വ്യക്തിത്വമാണ് ജോസഫ് ജോൺ തേറാട്ടിൽ എന്ന കൃഷി ഓഫീസർ. പാലക്കാട് ജില്ലയിലെ ആനക്കര കൃഷി ഓഫീസിന്റെ ചുമതല വഹിക്കുന്ന ജോസഫ് ജോൺ തന്റെ കർമ്മ മണ്ഡലത്തിൽ ശ്രദ്ധേയ സാന്നിധ്യമായ വ്യക്തിയാണ്. ആനക്കര പഞ്ചായത്തിലെ നെൽകൃഷി ഇരട്ടിയാക്കി മാറ്റാൻ ഈ ജനകീയ ഓഫിസർക്ക് സാധിച്ചു. അദ്ദേഹത്തിന്റെ പ്രവൃത്തി മികവും ജനകീയതയും പരിഗണിച്ചാണ് മറുനാടൻ പുരസ്‌കാരത്തിന് അദ്ദേഹത്തെ പരിഗണിച്ചത്.

ജനകീയ ഇടപെടൽ നടത്തുന്ന സാധാരണക്കാരായ സർക്കാർ ഉദ്യോഗസ്ഥർക്ക് വേണ്ടിയാണ് ഈ വിഭാഗത്തിൽ പുരസ്‌കാരം പ്രഖ്യാപിച്ചത്. വനംവകുപ്പ് ഉദ്യോഗസ്ഥൻ പി ധനേഷ് കുമാർ, ഇടമലക്കുടി ട്രൈബൽ സ്‌കൂളിലെ ഏകാധ്യാപിക വിജയലക്ഷ്മി ടീച്ചർ, ആർടിഒ ആദർശ് കുമാർ നായർ, പുനലൂർ ആശുപത്രി മുൻ സൂപ്രണ്ട് ഡോ. ഷാഹിർ ഷാ എന്നിവരാണ് സർക്കാർ ഉദ്യോഗസ്ഥർക്കുള്ള പുരസ്‌കാര വിഭഗത്തിന്റെ ഫൈനൽ ലിസ്റ്റിൽ ജോസഫ് ജോൺ തേറാട്ടിലിനെ കൂടാതെ ഇടം പിടിച്ചവർ.

ആനക്കര കൃഷിഭവൻ സംസ്ഥാനത്തിനു തന്നെ മാതൃകയാകുംവിധത്തിലുള്ള പ്രവർത്തനങ്ങളാണ് ജോസഫ് ജോണിനെ പുരസ്‌കാര നേട്ടത്തിന്റെ മുൻപന്തിയിലെത്തിച്ചത്. ആനക്കര പഞ്ചായത്തിലെ നെൽക്കൃഷി ഇരട്ടിയാക്കിയും പച്ചക്കറിക്കൃഷി മൂന്നിരട്ടിയായും വർധിപ്പിച്ച് സംസ്ഥാനത്തിനുതന്നെ മാതൃകയാകാൻ കഴിഞ്ഞു. തുറന്നസ്ഥലത്തെ പ്രിസിഷൻ കൃഷിയും വിദ്യാലയങ്ങളിലെ പച്ചക്കറിക്കൃഷിയും ആനക്കര പഞ്ചായത്തിന്റെ സവിശേഷതയാണ്. ജൈവകീടനാശിനി ഉത്പാദനവും വിതരണവും, മികച്ച പച്ചക്കറിത്തൈക്കളുടെ ഉത്പാദനം, ഗ്രാഫ്റ്റ് പച്ചക്കറിത്തൈക്കൾ, പ്രദർശനത്തോട്ടങ്ങൾ എന്നിവയിലൂടെയും ആനക്കര കൃഷിഭവൻ സംസ്ഥാനത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റി. ഇതിനെല്ലാം മുന്നിൽ നിന്നതു തൃശൂർ ജില്ലയിലെ മുണ്ടത്തിക്കോട് സ്വദേശിയായ ഈ കൃഷി ഓഫീസറാണ്.

കൃഷിയോടുള്ള അഭിനിവേശവും കൃഷിക്കാരോടുള്ള സ്‌നേഹവുമെല്ലാം കൈമുതലാക്കിയ ഇദ്ദേഹം ഒരു നല്ല എഴുത്തുകാരൻ കൂടിയാണ്. തൃത്താലമനസ്സ് എന്ന നവമാദ്ധ്യമകൂട്ടായ്മ 7 ഏക്കറിലധികം വരുന്ന സ്ഥലത്ത് ജൈവപച്ചക്കറി കൃഷി തുടങ്ങിയപ്പോൾ നിറഞ്ഞ മനസോടെയാണ് ജോസഫ് ജോൺ ഒപ്പം നിന്നത്. സംസ്ഥാന പുരസ്‌കാരം നേടിയപ്പോൾ ആനക്കര പഞ്ചായത്തിൽ വ്യാപാരികൾ തങ്ങളുടെ സ്‌നേഹോപഹാരം ഈ ഉദ്യോഗസ്ഥനു നൽകുകയും ചെയ്തു. സിപിഐ.എം നേതാവ് പിണറായി വിജയനാണ് ഉപഹാരം നൽകിയത്.

നമ്മുടെ വീട്ടിൽതന്നെ കുറഞ്ഞ സ്ഥലത്ത് കൂടുതൽ വിളവ് എന്ന ലക്ഷ്യത്തോടെ പ്രാവർത്തികമാക്കാവുന്ന കൃഷിരീതികളും പ്രായോഗികപാഠങ്ങളും വിശദമാക്കുന്ന തരത്തിൽ ഒരു പുസ്തകവും അദ്ദേഹം രചിച്ചിട്ടുണ്ട്. 'വീട്ടിലൊരു പച്ചക്കറിത്തോട്ടം' എന്ന പുസ്തകം കീടനാശിനി ഏൽക്കാത്ത ശുദ്ധമായ പച്ചക്കറികൾ നമ്മുടെ വീട്ടിലും എങ്ങനെ ഉല്പാദിപ്പിക്കാമെന്ന് നമ്മെ പഠിപ്പിക്കും.

മാറിമാറി വരുന്ന ജീവിത സാഹചര്യങ്ങളും ഫാസ്റ്റ് ഫുഡും മലയാളികളെ കൂടുതൽ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് എത്തിച്ചിരിക്കുന്ന കാലഘട്ടത്തിൽ വിഷമുക്തമായ പച്ചക്കറികൾ എങ്ങനെ ഉൽപ്പാദിപ്പിക്കാമെന്നു നമ്മെ ഓർമപ്പെടുത്തുന്നതാണു 'വീട്ടിലൊരു പച്ചക്കറിത്തോട്ടം'. രക്തസമ്മർദ്ദം, പ്രമേഹം, കൊളസ്‌ട്രോൾ തുടങ്ങി ഒട്ടനവധി രോഗങ്ങളെ ഒരു പരിധി വരെ ചെറുക്കാനും ശരീരത്തിനാവശ്യമായ ജീവകങ്ങൾ, ധാതുലവണങ്ങൾ തുടങ്ങിയവ നൽകാനും കഴിയുന്ന പോഷക കലവറകളാണ് പച്ചക്കറികൾ. വിഷലിപ്തമായ കീടനാശിനികൾ പ്രയോഗിച്ച് ഉല്പാദിപ്പിക്കുന്ന പച്ചക്കറികൾ കൂടുതൽ കാലം കേട് കൂടാതിരിക്കാൻ വീണ്ടും രാസപ്രയോഗത്തിന് വിധേയമാക്കുന്നു. പോഷകാംശങ്ങൾക്കു വേണ്ടി കഴിക്കുന്ന ഭക്ഷണം അങ്ങനെ ശരീരത്തിന് ദോഷകരമായി ഭവിക്കുന്നു. ഈ ദുരന്തത്തിൽനിന്ന് രക്ഷപെടാനുള്ള ഏകമാർഗ്ഗം പച്ചക്കറികൃഷിയിൽ സ്വയംപര്യാപ്തത നേടുക എന്നതാണ്.

മികച്ച പച്ചക്കറി വിളകൾ , അവയുടെ വളപ്രയോഗം, രോഗങ്ങളും പ്രതിവിധികളും തുടങ്ങിയവ അടക്കം വിവിധ കൃഷിരീതികളും പ്രായോഗികപാഠങ്ങളും പകർന്നുതരുന്ന പുസ്തകമാണ് വീട്ടിലൊരു പച്ചക്കറിത്തോട്ടം. അഞ്ചുസെന്റ് മാത്രം സ്ഥലസൗകര്യമുള്ള വീടുകൾ മുതൽ ഫ്‌ലാറ്റുകളിൽ വരെ പച്ചക്കറി കൃഷി ചെയ്യുന്നതിനുള്ള മാർഗ്ഗനിർദേശങ്ങൾ ഈ പുസ്തകത്തിലൂടെ ലഭിക്കും.

ജനകീയനും കർമമണ്ഡലത്തിൽ ശോഭിക്കുകയും ചെയ്ത ഈ കാർഷികോദ്യോഗസ്ഥനാണോ നിങ്ങൾ വോട്ടു ചെയ്യുന്നത്? ജോസഫ് ജോൺ തേറാട്ടിലിനു വോട്ട് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഈ വാർത്തയോടൊപ്പം കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യാം.

കൂടാതെ മറുനാടന്റെ മറ്റ് വിഭാഗങ്ങളിലെയും ഓരോരുത്തർക്ക് വീതം ക്ലിക്ക് ചെയ്ത് വോട്ട് രേഖപ്പെടുത്തിയ ശേഷം സബ്മിറ്റ് ചെയ്യുക. നിങ്ങളുടെ കമ്പ്യൂട്ടറിൽ ജിമെയിൽ അക്കൗണ്ട് ലോഗിൻ ചെയ്തിട്ടുണ്ടെങ്കിൽ ഓട്ടോമാറ്റിക്ക് ആയി നിങ്ങൾക്ക് വോട്ട് രേഖപ്പെടുത്താം. അല്ലെങ്കിൽ ഏതെങ്കിലും ഒരു ഇ മെയിൽ അക്കൗണ്ട് ലോഗിൻ ചെയ്ത ശേഷം മാത്രമേ വോട്ട് രേഖപ്പെടുത്താനാകു. ഒരു ഇമെയിലിന് ഒരു വോട്ട് വച്ചാണ്. നിങ്ങൾ ഒരു ഇമെയിൽ വഴി വോട്ട് രേഖപ്പെടുത്തി കഴിഞ്ഞാൽ ആ ഇമെയിൽ ഉപയോഗിച്ച് വീണ്ടും വോട്ട് ചെയ്യാൻ സാധിക്കില്ല. ഒരാൾ തന്നെ നിരവധി തവണ വോട്ട് ചെയ്യുന്നത് ഒഴിവാക്കാൻ ആണിത്.