തിരുവനന്തപുരം: ഏറ്റവും അധികം മലയാളികൾ ജോലി ചെയ്യുന്ന ഗൾഫ് നഗരം ഏതെന്ന് ചോദിച്ചാൾ സംശയം ഒന്നുമില്ലാതെ ദുബായ് എന്ന് പറയാൻ സാധിക്കും. നാട്ടിൻപുറമെന്നോ നഗരമെന്നോ വ്യത്യാസമില്ലാതെ കേരളത്തിൽ നിന്നുമെത്തിയ ജനലക്ഷങ്ങളാണ് ദുബായിൽ താമസിക്കുന്നത്. മലബാർ മേഖലയിൽ നിന്നുമാണ് ഏറ്റവും കൂടുതൽ പ്രവാസികൾ ദുബായിൽ ഉള്ളത് അതുകൊണ്ട് തന്നെ മലബാറിന്റെ രാഷ്ട്രീയ സ്വഭാവം കൂടുതൽ പ്രതിഫലിക്കുന്ന സംഘടനയാണ് കെഎംസിസി ദുബായ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ദുബായ് കേരള മുസ്ലിം കൾച്ചറൽ സെന്റർ.

മുസ്ലിംലീഗ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തോട് വ്യക്തമായി ആഭിമുഖ്യം പുലർത്തുന്ന ഈ സംഘടന പ്രവാസികൾക്കിടയിലെ സാമൂഹ്യ-ക്ഷേമരംഗത്തെ അവസാന വാക്കാണ്. പ്രത്യേകിച്ച് യാതൊരു പരിചയപ്പെടുത്തലിന്റെയും ആവശ്യമില്ലാത്ത സംഘടനയാണ് ദുബായ് കെഎംസിസി. ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഈ സംഘടനയുടെ കാരുണ്യസ്പർശം എല്ലായിടത്തും എത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ മലയാളികൾക്ക് ഒരുക്കലും അവഗണിക്കാൻ സാധിക്കാത്ത പ്രവാസി സംഘടന എന്ന നിലയിലാണ് മറുനാടൻ മലയാളിയുടെ മികച്ച പ്രവാസി സംഘടനയ്ക്കുള്ള പുരസ്‌ക്കാര പട്ടികയിൽ കെഎംസിസി ദുബായ് ഇടം പിടിച്ചത്.

കെഎംസിസി ദുബായിയെ കൂടാതെ പുരസ്‌കാരത്തിന് ഐവൈസിസി ബഹറിനും അബുദാബി ശക്തി തിയേറ്റേഴ്‌സും ഫൊക്കാനയും ഇടം പിടിച്ചിട്ടുണ്ട്. സാമൂഹിക രംഗത്തെ ശ്രദ്ധേയ ഇടപെടൽ നടത്തിയ ദുബായിൽ പ്രവർത്തിക്കുന്ന ഗോൾഡ് എഫ്എം എന്ന റേഡിയോ സ്ഥാപനവും പുരസ്‌കാര പട്ടികയിലെ ഫൈനലിസ്റ്റുകളായുണ്ട്.

പ്രവാസികൾക്ക് എന്തിനും ഏതിനും ആശ്രയിക്കാവുന്ന സംഘടന എന്ന നിലയിൽ കെഎംസിസി ദുബായ് ഘടകത്തെ വിലയിരുത്താം. ദുബായിൽ പ്രവാസി ആണെങ്കിൽ ഈ സംഘടനയുമായി ചേർന്ന് പ്രവർത്തിക്കാത്തവർ തന്നെ കുറവായിരിക്കും. അതുപോലെ എല്ലാ രംഗത്തും ഇടപടൽ നടത്താൻ ഈ സംഘടനയ്ക്ക് സാധിച്ചിട്ടുണ്ട്. പ്രവാസി മലയാളികൾക്ക് മാത്രമല്ല നാട്ടിലെ അശരണർക്ക് വേണ്ടിയും സജീവ ഇടപെടൽ നടത്തുന്നു. കോഴിക്കോട്ടേയും മലപ്പുറത്തേയും മറ്റും സാമൂഹിക പ്രവർത്തനങ്ങൾ ഇതിന് തെളിവാണ്. സഹായം വേണ്ടിടത്ത് അത് എത്തിക്കുകയാണ് ലക്ഷ്യം.

എല്ലാ ജില്ലകൾ കേന്ദ്രീകരിച്ചും കെഎംസിസിയുടെ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. കോടിക്കണക്കിന് രൂപയാണ് ഈ സംഘടനയുടെ വിവിധ ഘടകങ്ങളിലൂടെ ഒഴുകുന്നത്. ഭവനപദ്ധതികളും ഇതിലുണ്ട്. ആതുര രക്ഷാ പദ്ധതികളുമുണ്ട്. രക്തദാനവും പെൻഷൻ പദ്ധതിയും എല്ലാം ഇതിലുണ്ട്. ഇതിനൊപ്പം കലാസാസ്‌കാരിക മേഖലകളിലും സജീവം. മാദ്ധ്യമസാമൂഹിക അവാർഡുകളും വിതരണം ചെയ്യുന്നു. എല്ലാത്തിനുമുപരി രാഷ്ട്രീയ ഇടപെടലുകൾ. നാട്ടിലെ രാഷ്ട്രീയത്തിൽ ലീഗ് അനുകൂല സംഘടനയ്ക്കുള്ള പ്രത്യേക താൽപ്പര്യമായിരുന്നു തദ്ദേശ തെരഞ്ഞെടുപ്പ് കാലത്തെ വോട്ട് വണ്ടി.

കലാ -സാംസ്കാരിക രംഗത്തെ സജീവ ഇടപെടൽ നടത്തുന്ന സംഘടനയായ കെഎംസിസി ദുബായ്ക്ക് മികച്ച സംഘടനയ്ക്കുള്ള നിരവധി പുരസ്‌ക്കാരങ്ങലും ലഭിച്ചിട്ടുണ്ട്. സിഎച്ച് സെന്ററുകൾ, ആതുര സേവന രംഗത്തെ ഇടപെടൽ ഇങ്ങനെ എല്ലാ മേഖലയിലും ഇടപെടൽ നടത്താൻ ഈ പ്രസ്ഥാനത്തിന് സാധിച്ചിട്ടുണ്ട്. രാഷ്ട്രീയ ഇടപെടൽ കൂടി നടത്തുന്ന ഈ സംഘടന തന്നെയാണ് മുസ്ലിംലീഗിന്റെ പ്രധാന ശക്തിയും. ഇങ്ങനെ നിരവധി ഇടപെടൽ നടത്തുന്നതിനുള്ള അംഗീകാരമാണ് മറുനാടന്റെ പുരസ്‌ക്കാര നോമിനേഷൻ.

ഇങ്ങനെ കെഎംസിസി നടത്തുന്ന ഇടപെടലുകളെ നിങ്ങൾ അംഗീകരിക്കുന്നുവെങ്കിൽ സംഘടനയ്ക്ക് വോട്ട് ചെയ്യാം. വോട്ട് ചെയ്യാനുള്ള അവസരം അഞ്ച് ദിവസത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്. ജനുവരി അഞ്ചാം തീയ്യതി വരെ വോട്ട് ചെയ്യാൻ സാധിക്കും. വോട്ട് ചെയ്യുന്നതിയി ഈ വാർത്തയോടൊപ്പം കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക് ചെയ്യുക.

നിലവിൽ വോട്ട് ചെയ്തവർക്ക് വീണ്ടും വോട്ട് ചെയ്യാൻ അവസരം ഇല്ല. കൂടാതെ മറുനാടന്റെ മറ്റ് വിഭാഗങ്ങളിലെയും ഓരോരുത്തർക്ക് വീതം ക്ലിക്ക് ചെയ്ത് വോട്ട് രേഖപ്പെടുത്തിയ ശേഷം സബ്മിറ്റ് ചെയ്യുക. നിങ്ങളുടെ കമ്പ്യൂട്ടറിൽ ജിമെയിൽ അക്കൗണ്ട് ലോഗിൻ ചെയ്തിട്ടുണ്ടെങ്കിൽ ഓട്ടോമാറ്റിക്ക് ആയി നിങ്ങൾക്ക് വോട്ട് രേഖപ്പെടുത്താം. അല്ലെങ്കിൽ ഏതെങ്കിലും ഒരു ഇ മെയിൽ അക്കൗണ്ട് ലോഗിൻ ചെയ്ത ശേഷം മാത്രമേ വോട്ട് രേഖപ്പെടുത്താനാകൂ.