തിരുവനന്തപുരം: മലയാളികൾക്ക് നഷ്ടമായ കാർഷിക സംസ്‌ക്കാരം തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾ നടക്കുന്ന കാലമാണിപ്പോൾ. ഒരുകാലത്ത് കൃഷി ആയിരുന്നു സംസ്ഥാനത്തിന്റെ മുഖ്യവരുമാനം ആയിരുന്നത് ഇപ്പോൾ വ്യത്യസ്തമാണ് കാര്യങ്ങൾ. എന്തിനും ഏതിനും അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണ് സംജാതമായിരിക്കുന്നത്. വിഷം കലർന്ന പച്ചക്കറികൾ കഴിച്ചു മടുത്തപ്പോഴാണ് മണ്ണിനെ മറന്ന മലയാളികൾ വീണ്ടും മണ്ണിലേക്ക് ചുവടുവച്ചത്. ഇതിന് ആവേശം പകർന്ന് കൂടെ നിന്നവരുടെ കൂട്ടത്തിൽ ഒരു ഫേസ്‌ബുക്ക് ഗ്രൂപ്പും ഉണ്ടായിരുന്നു. കൃഷിഭൂമി എന്ന മണ്ണിനെയും കൃഷിയെയും സ്‌നേഹിക്കുന്നവരുടെ കൂട്ടായ്മ. ഫേസ്‌ബുക്കിൽ പോസ്റ്റുകൾ ഇട്ട് പ്രവർത്തിക്കുന്നതിൽ ഉപരിയായി കർഷകർക്കും പുതലമുറയ്ക്കും അറിവുപകരുന്ന വേദി കൂടിയാണ് കൃഷിഭൂമിയെന്ന് ഫേസ്‌ബുക്ക് കൂട്ടായ്മ
. കൃഷിയെ വീണ്ടെടുക്കാൻ സോഷ്യൽ മീഡിയയിലൂടെ നടത്തുന്ന ഈ സംരംഭമാണ് മറുനാടൻ മലയാളി സോഷ്യൽ മീഡിയ വിഭാഗത്തിൽ നൽകുന്ന പുരസ്‌ക്കാരത്തിന്റെ ഫൈനൽ ലിസ്റ്റിൽ ഇടംപിടിച്ചത്.

കൃഷി ഭൂമി ഫേസ്‌ബുക്ക് ഗ്രൂപ്പിന് പുറമേ റൈറ്റ് തിങ്കേഴ്‌സ്, ഫ്രീ തിങ്കേഴ്‌സ്, എന്നീ ഗ്രൂപ്പുകളും, മാദ്ധ്യമപ്രവർത്തക വി പി റെജീന, കേരള വർമ്മ കേളേജിലെ അദ്ധ്യാപിക ദീപാ നിശാന്ത് എന്നിവരുമാണ് സോഷ്യൽ മീഡിയ വിഭാഗത്തിലെ മറുനാടൻ അവാർഡിന്റെ ഫൈനൽ ലിസ്റ്റിൽ ഇടംപിടിച്ചിരിക്കുന്നത്. മലയാളിയുടെ സാമൂഹിക ജീവിതത്തിന്റെ ഭാഗമാണ് സോഷ്യൽ മീഡിയ എങ്കിലും സോഷ്യൽ മീഡിയയിൽ സജീവമായി ഇടപെടുന്ന വ്യക്തികളെയോ ഗ്രൂപ്പുകളെയോ ഇതുവരെ ആരും ആദരിക്കുന്നത് കുറവാണ്. അതുകൊണ്ട് തന്നെയാണ് ഈ വിഭാഗത്തിൽ പുരസ്‌കാരം ഏർപ്പെടുത്തിയത്. മറുനാടൻ പുരസ്‌ക്കാരത്തിനുള്ള വോട്ടിങ് ആരംഭിച്ചപ്പോൾ ഈ വിഭാഗത്തിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

പരമ്പരാഗത കൃഷി രീതികളെയും പുതുരീതികളെയും വളർത്തികൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് കൃഷിഭൂമി എന്ന ഫേസ്‌ബുക്ക് കൂട്ടായ്മ രൂപംകൊള്ളുന്നത്. ഫേസ്‌ബുക്കിൽ കൃഷിയെ കുറിച്ച് സംസാരിക്കാൻ നിരവധി ചെറിയ കൂട്ടായ്മകൾ നേരത്തെ തന്നെ ഉണ്ടായിരുന്നു. ഈ കൂട്ടായ്മകളിൽ അംഗങ്ങളായവരെല്ലാം ചേർന്ന് പരസ്പരം കൃഷി അറിവുകൾ കൈമാറുക എന്ന ലക്ഷ്യത്തോടെയാണ് കൃഷിഭൂമി എന്ന ഫേസ്‌ബുക്ക് കൂട്ടായ്മ തുടങ്ങിയത്. ചെറുപ്പക്കാരുടെ വലിയ തോതിലുള്ള സാന്നിധ്യം തന്നെയാണ് ഈ ഗ്രൂപ്പിനെ വേഗത്തിൽ ഹിറ്റാക്കിയത്.

രണ്ട് വർഷം മാത്രം പ്രായമായ ഈ ഗ്രൂപ്പിൽ ഇതിനോടകം അറുപത്തി അയ്യായിരത്തിലേറെ പേർ അംഗങ്ങളായിട്ടുണ്ട്. ഫേസ്‌ബുക്കിലെ കൂട്ടായ്മയിൽ അംഗങ്ങളായവർ ചേർന്ന് പല സെമിനാറുകളും മറ്റും സംഘടിപ്പിച്ചിരുന്നു. സാമ്പാർ ചലഞ്ച്, സീഡേഴ്‌സ് ലവ് പോലുള്ള പരിപാടികൾ ഒരുക്കിയാണ് ഈ സൈബർ കൂട്ടായ്മ കൂടുതൽ ജനകീയമായത്. ഗ്രൂപ്പിൽ അംഗങ്ങളായവർ ഒരു സ്ഥലത്ത് ഒത്തുകൂടുകയും തുടർന്ന് വിത്ത് കൈമാറുകയും ചെയ്യുന്ന രീതിയാണ് ആദ്യം അവലംബിച്ചത്. പിന്നീട് ശൈലി മാറ്റി ഫേസ്‌ബുക്ക് പേജിൽ അങ്ങോളം ഇങ്ങോളമുള്ള അംഗങ്ങൾ പരസ്പരം വിത്ത് അയച്ചു കൊടുക്കുന്ന രീതിയും പിന്തുടർന്നു.

കർഷക സംഘങ്ങളുടെയും കാർഷികശാസ്ത്രജ്ഞരുടെയും കൃഷിഭവനുകളുടെയും കർഷകരുടെയുമെല്ലം പിന്തുണയും ഈ കൂട്ടായ്മയ്ക്കുണ്ട്. ആവശ്യക്കാർക്ക് വളവും മറ്റനുബന്ധ വസസ്തുക്കളും കൊറിയർ ചെയ്തു കൊടുക്കുകയും ചെയ്യുന്നു. മാർക്കറ്റിലുള്ളതിനെക്കാൾ വളരെക്കുറഞ്ഞ വിലയ്ക്കാണ് വിത്തുകൾ അയച്ചു കൊടുക്കുന്നത്. ഇതൊക്കെ കൃഷി ചെയ്ത് വിളവെടുക്കുന്ന ചിത്രങ്ങളും രീതിയും ഫേസ്‌ബുക്കിൽ ഷെയർ ചെയ്യുകയും ചെയ്യുന്നു. ഈ ഗ്രൂപ്പിൽ അംഗങ്ങളാകുന്നവരെ സംബന്ധിച്ചിടത്തോളം അത് കണ്ണിന് കുളിർമ്മ പകരുന്ന കാഴ്‌ച്ച കൂടിയാണ് സമ്മാനിച്ചത്.

കൃഷിഭൂമി ഗ്രൂപ്പിന്റെ പ്രധാനലക്ഷ്യം തന്നെ പരമ്പരാഗത കൃഷിയിനങ്ങളുടെ വ്യാപനമാണ്. അന്യം നിന്നുപോകുന്ന അടത്താപ്പ്, നിത്യവഴുതന, ചതുരപ്പയർ, മരവെണ്ട എന്നീ ഇനങ്ങൾ ഉൾപ്പെടെ വെള്ളരി, തക്കാളി, മുളകുകൾ തുടങ്ങി വിവിധ ഇനം പച്ചക്കറികൾ ഇവർ കൃഷി ചെയ്യുന്നു. ഇത്തരം കൃഷികൾക്കു പിന്നിൽ കൂടുതലും ചെറുപ്പക്കാരാണെന്നതും ശ്രദ്ധേയമാണ്. ഗ്രൂപ്പിൽ പങ്കാളികൾ ആയവരിൽ ഭൂരിപക്ഷവും ചെറുപ്പക്കാരാണ്.

സർവകലാശാലകൾക്കും ദൃശ്യശ്രവ്യ മാദ്ധ്യമങ്ങൾക്കും ഇടപെടാൻ പറ്റാത്ത വിധത്തിലുള്ള ഇടപെടലാണ് ഈ കൃഷി കൂട്ടായ്മയിലുടെ സാധിച്ചെടുത്തത്. തിരുവനന്തപുരത്ത് ഏതെങ്കിലും വിളകളുടെ ഓർഗാനിക് തൈകൾ ഉണ്ടെങ്കിൽ ഈ ഫേസ്‌ബുക്ക് ഗ്രൂപ്പിലെ കാസർഗോഡുള്ള കർഷകരിൽ വരെ അത് എത്തിക്കാൻ സാധിച്ചു. കൃഷി ഭൂമി ഗ്രൂപ്പിൽ നിരവധി കൃഷി ഓഫീസർമാരും കൃഷി ഭവനുകളും അംഗങ്ങളാണ്. അതുകൊണ്ടുള്ള പ്രധാന നേട്ടം സർക്കാറിൽ നിന്നും കർഷകർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളെ കുറിച്ച് അറിയാം എന്നതാണ്. ഗ്രൂപ്പിലെ കൃഷി ഓഫീസർമാരും കൃഷി ഭവനുകളും ചേരുന്നത് സർക്കാരിൽ നിന്നും കർഷകർക്ക് ലഭിക്കാവുന്ന ആനുകൂല്യങ്ങൾ അവർക്ക് നേടിക്കൊടുക്കാൻ സഹായകരമാവുന്നു.

കൃഷിഭൂമി കൂട്ടായ്മ വിവിധ ഇടങ്ങളിൽ സംഗമവും സംഘടിപ്പിച്ചിട്ടുണ്ട്. ഈ ഫേസ്‌ബുക്ക് ഗ്രൂപ്പ് മറുനാടന്റെ അവാർഡ് പട്ടികയിൽ ഇടംപിടിച്ചത് പുതിയ കാർഷിക സംസ്‌ക്കാരത്തിന്റെ പേരിലാണ്. ഈ ഗ്രൂപ്പിനെ അനുകൂലിക്കുന്നെങ്കിൽ നിങ്ങൾക്കും വോട്ട് രേഖപ്പെടുത്താവുന്നതാണ്. ഈ മാസം 31 വരെ സോഷ്യൽ മീഡിയ വിഭാഗത്തിലെ ഫൈനൽ ലിസ്റ്റിലേക്ക് വോട്ടു രേഖപ്പെടുത്താം. ജനുവരി നാലിനാണ് അവാർഡ് ജേതാക്കളെ പ്രഖ്യാപിക്കുന്നത്. വായനക്കാരുടെ വോട്ടിന്റെയും വിലയിരുത്തലിന്റെയും അടിസ്ഥാനത്തിലാകും പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിക്കുന്നത്. സോഷ്യൽ മീഡിയ വിഭാഗത്തിൽ അടക്കം പത്ത് വിഭാഗങ്ങളിലായാണ് മറുനാടൻ പുരസ്‌ക്കാരങ്ങൾ നൽകുന്നത്.

ഈ വാർത്തയോടൊപ്പം കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത ശേഷം റൈറ്റ് തിങ്കേഴ്‌സിനായി വോട്ട് ചെയ്യാം. കൂടാതെ മറ്റ് വിഭാഗങ്ങളിലെയും ഓരോരുത്തർക്ക് വീതം ക്ലിക്ക് ചെയ്ത് വോട്ട് രേഖപ്പെടുത്തിയ ശേഷം സബ്മിറ്റ് ചെയ്യുക. നിങ്ങളുടെ കമ്പ്യൂട്ടറിൽ ജിമെയിൽ അക്കൗണ്ട് ലോഗിൻ ചെയ്തിട്ടുണ്ടെങ്കിൽ ഓട്ടോമാറ്റിക്ക് ആയി നിങ്ങൾക്ക് വോട്ട് രേഖപ്പെടുത്താം. അല്ലെങ്കിൽ ഏതെങ്കിലും ഒരു ഇ മെയിൽ അക്കൗണ്ട് ലോഗിൻ ചെയ്ത ശേഷം മാത്രമേ വോട്ട് രേഖപ്പെടുത്താനാകു. ഒരു ഇമെയിലിന് ഒരു വോട്ട് വച്ചാണ്. നിങ്ങൾ ഒരു ഇമെയിൽ വഴി വോട്ട് രേഖപ്പെടുത്തി കഴിഞ്ഞാൽ ആ ഇമെയിൽ ഉപയോഗിച്ച് വീണ്ടും വോട്ട് ചെയ്യാൻ സാധിക്കില്ല. ഒരാൾ തന്നെ നിരവധി തവണ വോട്ട് ചെയ്യുന്നത് ഒഴിവാക്കാൻ ആണിത്.