- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാമ്പുകളുടെ പ്രിയ തോഴനായ വാവ സുരേഷ്.. തെരുവിന്റെ കണ്ണീരൊപ്പാൻ ജീവിതം ഒഴിഞ്ഞുവച്ച തെരുവോരം മുരുകൻ; മികച്ച സാമൂഹ്യപ്രവർത്തകനുള്ള മറുനാടൻ അവാർഡ് ഫൈനൽ ലിസ്റ്റിൽ ഇടംപിടിച്ച ഇവരിൽ ആർക്കാണ് നിങ്ങളുടെ വോട്ട്?
തിരുവനന്തപുരം: വെറുതേ പേരെടുക്കാൻ വേണ്ടി സാമൂഹ്യ പ്രവർത്തനം നടത്തുന്ന പ്രാഞ്ചിയേട്ടന്മാർ ധാരാളമുള്ള നാടാണ് കേരളം. പുരസ്‌ക്കാരങ്ങൾ കിട്ടാൻ വേണ്ടി നെട്ടോട്ടം ഓടുകയും ചെയ്യും ഇക്കൂട്ടർ. എന്നാൽ, ഇവർക്കിടയിൽ സത്യസന്ധതയോടെയും തികഞ്ഞ ലക്ഷ്യബോധത്തോടെയും പ്രവർത്തിക്കുന്ന ചിലരുണ്ട്. അത്തരക്കാർക്ക് വേണ്ടിയാണ് മറുനാടൻ മലയാളി മികച്ച സ
തിരുവനന്തപുരം: വെറുതേ പേരെടുക്കാൻ വേണ്ടി സാമൂഹ്യ പ്രവർത്തനം നടത്തുന്ന പ്രാഞ്ചിയേട്ടന്മാർ ധാരാളമുള്ള നാടാണ് കേരളം. പുരസ്‌ക്കാരങ്ങൾ കിട്ടാൻ വേണ്ടി നെട്ടോട്ടം ഓടുകയും ചെയ്യും ഇക്കൂട്ടർ. എന്നാൽ, ഇവർക്കിടയിൽ സത്യസന്ധതയോടെയും തികഞ്ഞ ലക്ഷ്യബോധത്തോടെയും പ്രവർത്തിക്കുന്ന ചിലരുണ്ട്. അത്തരക്കാർക്ക് വേണ്ടിയാണ് മറുനാടൻ മലയാളി മികച്ച സാമൂഹ്യ പ്രവർത്തകനുള്ള അവാർഡ് നൽകുന്നത്. വായനക്കാർ നോമിനേറ്റ് ചെയ്തവരിൽ അവരുടെ കർമ്മ മണ്ഡലങ്ങളിൽ ശ്രദ്ധേയ സാന്നിധ്യം അറിയിച്ച രണ്ട് പേരാണ് പാമ്പുകളുടെ തോളനായ വാവാ സുരേഷും, തെരുവിന്റെ കണ്ണീരൊപ്പാൻ ജീവിതം ഒഴിഞ്ഞുവച്ച ഓട്ടോ മുരുകൻ എന്നും തെരുവോരം മുരുകൻ എന്നും അറിയപ്പെടുന്ന മുരുകനും.
നിസ്വാർത്ഥമായി സമൂഹത്തിന് സേവനം ചെയ്യുന്ന ഇവർ മലയാളികൾക്ക് സുപരിചിതരായ വ്യക്തിത്വങ്ങളാണ്. താഴ്ന്ന ജീവിത സാഹചര്യങ്ങളോട് പടവെട്ടിയാണ് ഇവർ ഇവരുടെ കർമ്മ മണ്ഡലങ്ങളിൽ ശോഭിച്ചിട്ടുള്ളത്. പുരസ്‌ക്കാരത്തിനുള്ള ഫൈനൽ ലിസ്റ്റിൽ ഇടംപിടിച്ച ഇവരെ പിന്തുണച്ച് നല്ലൊരു വിഭാഗം തന്നെ രംഗത്തുണ്ട്. പത്തനാപുരത്തെ കുണ്ടയത്ത് ഗാന്ധിഭവൻ എന്ന വലിയൊരു ജീവകാരുണ്യ പ്രസ്ഥാനം നടത്തുന്ന പുനലൂർ സോമരാജൻ, തിരുവനന്തപുരം നഗരത്തിൽ അശരണരായി അലയുന്നവർക്ക് സഹായം നൽകുന്ന അശ്വതി ജ്വാല, പ്രമുഖ വിവരാവകാശസാമൂഹ്യ പ്രവർത്തകനായ ജോയ് കൈതാരം എന്നിവരാണ് ഈ പട്ടികയിൽ ഇടം പിടിച്ച മറ്റുള്ളവർ. ഇവരിൽ നിന്നും ഒരാൾക്കാണ് മറുനാടൻ പുരസ്‌ക്കാരം നൽകുന്നത്.
പാമ്പുകളുടെ തോഴൻ, ജനങ്ങളുടെ കണ്ണിലുണ്ണിയായ രക്ഷകനായി വാവ സുരേഷ്..
അധികം പരിചയപ്പെടുത്തൽ ആവശ്യമില്ലാത്ത വ്യക്തിത്വമാണ് വാവ സുരേഷിന്റേത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലയിലെ ഏവർക്കും പരിചയമാണ് വാവ സുരേഷിനെ. നാട്ടിൻപുറത്ത് വിഷമുള്ള ഒരു പാമ്പിറങ്ങിയാൽ വാവ സുരേഷിനെ തേടി ആളുകൾ എവിടെ നിന്നായാലും എത്തും. പാമ്പിനെ പിടികൂടി സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റുന്ന വാവ പാമ്പുകൾക്കും വനപാലകർക്കും നാട്ടുകാർക്കും ഒരുപോലെ തോഴനാണ്.
നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളും ഏറ്റെടുത്ത് നടത്തുന്ന വാവ പ്രതിഫലം വാങ്ങാതെയാണ് പാമ്പു പിടിക്കാൻ നാടാകെ നടക്കുന്നത്. പതിനായിരക്കണക്കിന് പാമ്പുകളെയാണ് വാവ പിടിച്ചിട്ടുള്ളത്. പലപ്പോഴും ഗുരുതരമായ നിലയിൽ പാമ്പിന്റെ കടിയേൽക്കുകയും ചെയ്തിട്ടുണ്ട്. തിരുവനന്തപുരം ശ്രീകാര്യത്തിനടുത്ത് ചെറിയൊരു ഓലപുരയിലാണ് വാവയും കുടുംബവും താമസിക്കുന്നത്. ചെറുപ്പം മുതലാണ് വാവ സുരേഷ് പാമ്പു പിടിക്കാൻ ആരംഭിച്ചത്. ചെറുവയ്ക്കൽ തേരുവിള വീട്ടിൽ ബാഹുലേയന്റെയും കൃഷ്ണമ്മയുടെയും മകനായ വാവ സുരേഷ് പന്ത്രണ്ടാം വയസിലാണ് ആദ്യമായി പാമ്പിനെ പിടിച്ചത്. ആദ്യം വിഷപാമ്പാണെന്ന് അറിയാതെയാണ് പിടിച്ചത്. പിന്നീട് മുതിർന്നപ്പോൾ പാമ്പുകളോട്് തെല്ലും ഭയമില്ലാതായി മാറി.
പാമ്പുകളെ കുറിച്ച് പൊതുജനങ്ങളിൽ അവബോധം വളർത്താൻ വാവാ സുരേഷിന് ശരിക്കും സാധിച്ചിട്ടുണ്ട്. ലോകത്ത് തന്നെ ഏറ്റവും അധികം രാജവെമ്പാലയെ പിടികൂടിയ വ്യക്തിയെന്ന നേട്ടവും വാവാ സുരേഷിനാണ്. വാവ സുരേഷിന്റെ പ്രശസ്തി ആനിമൽ പ്ലാനറ്റിൽ വരെ എത്തിയിരുന്നു. ഇതിനിടെ വാവാ സുരേഷ് പാമ്പുപിടിത്തവും ഹൈടെക്ക് ആക്കിയിരുന്നു. കിങ് കോബ്ര എന്ന പേരിൽ വാവാ സുരേഷിന്റെ പാമ്പുപിടുത്തം എളുപ്പമാക്കാൻ ഒരു ആൻഡ്രോയ്ഡ് ആപ്പ് ഇറക്കിയിരുന്നു.
ആപ്ലിക്കേഷനിലൂടെ ആളുകൾക്ക് കൂടുതൽ എളുപ്പത്തിൽ വാവ സുരേഷിന്റെ സേവനം ലഭ്യമാക്കിയിരുന്നു. തിരുവനന്തപരും ടെക്‌നോപാർക്കിലെ സ്പാർക്‌നോവ പ്രൈവറ്റ് ലിമിറ്റഡാണ് ആൻഡ്രോയിഡ് ആപ്ലിക്കേഷന് പിന്നിൽ. ആപ്ലിക്കേഷനിലൂടെ ആളുകൾക്ക് കൂടുതൽ എളുപ്പത്തിൽ വാവ സുരേഷിന്റെ സേവനം ലഭ്യമാക്കിയിരുന്നു. ഏറ്റവും ജനകീയൻ എന്ന നിലയിൽ വാവ സമൂഹത്തിന് നൽകുന്ന സംഭാവനകൾ പരിഗണിച്ചാണ് അദ്ദേഹത്തെ അവാർഡിനായി തിരഞ്ഞെടുത്തത്.
ഉറ്റവരുണ്ടായിട്ടും തെരുവിൽ വളർന്ന ബാല്യം, മുതിർന്നപ്പോൾ തെരുവിന്റെ കണ്ണീരൊപ്പാനിറങ്ങിയ മുരുകൻ
തമിഴ്‌നാട് തിരുനെൽവേലി സ്വദേശി ഷണ്മുഖത്തിന്റെയും ചെങ്കോട്ട സ്വദേശി വള്ളിയമ്മയുടെയും മകനായ മുരുകൻ ഉറ്റവർ ഉണ്ടായിട്ടും തെരുവിൽ ജീവിക്കേണ്ടി വന്ന വ്യക്തിത്വമാണ്. മുരുകൻ കുഞ്ഞായിരിക്കുമ്പോൾ തന്നെ പീരുമേടിനടുത്തുള്ള എസ്‌റ്റേറ്റിലായിരുന്നു മാതാപിതാക്കൾക്ക് ജോലി. വൈകാതെ അച്ഛൻ കുടുംബത്തെ ഉപേക്ഷിച്ചു പോയി. പിന്നീട് കൂലിപ്പണി ചെയ്ത് അമ്മയാണ് മുരുകനെയും സഹോദരിയെയും പോറ്റിയത്. കുട്ടിക്കാനത്തുള്ള ഒരു ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ ചേർന്നെങ്കിലും ഫീസ് കൊടുക്കാൻ സാധിക്കാതായപ്പോൾ വിദ്യാഭ്യാസമെന്ന മോഹം നാലാം ക്ലാസിൽ വച്ച് ഉപേക്ഷിക്കേണ്ടി വന്നു. രണ്ടു വർഷം കഴിഞ്ഞു അച്ഛൻ തിരിച്ചെത്തി. അപ്പോഴേക്കും പീരുമേട്ടിൽനിന്ന് മുരുകനും കുടുംബവും കൊച്ചിയിലെത്തിയിരുന്നു. എറണാകുളം നഗരത്തിലെ ഗാന്ധിനഗറിന് സമീപത്തെ ഉദയാകോളനിയിൽ നഗരസഭ നൽകിയ മുക്കാൽ സെന്റ് പുറമ്പോക്കിൽ ചെറിയൊരു വീടു പണിതു. അങ്ങനെ വിശപ്പിന്റെ വില അറിഞ്ഞാണ് മുരുകൻ വളർന്നത്. ബാല്യത്തിന് അനുഭവങ്ങളാണ് തെരുവിന്റെ കണ്ണീരൊപ്പുന്ന പ്രവർത്തനങ്ങൾ നടത്താൻ മുരുകനെ പ്രേരിപ്പിച്ചത്.
തെരുവിൽ കഴിയുന്നവരെ തെരുവോരം എന്ന സംഘടനയുണ്ടാക്കി സഹായം എത്തിച്ചാണ് മുരുകൻ ശ്രദ്ധേയനായത്. സ്വന്തം കാലിൽ നിൽക്കാൻ കഴിഞ്ഞ നാളിലാണ് അദ്ദേഹം തന്റെ സേവന പ്രവർത്തനങ്ങൾ തുടങ്ങിയത്. കൃത്യമായ വരുമാനം ഇല്ലാതിരുന്നിട്ടും ഓട്ടോ ഓടിച്ചും പെയിന്റിങ് തൊഴിലാളിയും പത്രവിതരണക്കാരനുമായുമൊക്കെ അദ്ദേഹം ജീവിച്ചു. ഇങ്ങനെ പണിയെടുത്ത് കിട്ടുന്ന തുകയിൽ നിന്നും ബാക്കി കിട്ടുന്ന പണം കൊണ്ടാണ് അശരണരായവർക്ക് ഇയാൾ സാന്ത്വനമേകിയത്.
രാത്രിയിൽ ഓട്ടോ ഓടിച്ച് കിട്ടുന്ന വരുമാനം പകലിൽ തെരുവിലെ അനാഥർക്കായി ചെലവിടും. അതാണ് മുരുകന്റെ രീതി. അലഞ്ഞുതിരിഞ്ഞു നടക്കുന്നവരെ കുളിപ്പിക്കലും വസ്ത്രങ്ങൾ ധരിപ്പിക്കലും ഭക്ഷണം കൊടുക്കലുമെല്ലാം സ്വയം ഏറ്റെടുത്ത ഉത്തരവാദിത്തങ്ങൾ. പതുക്കെ പതുക്കെ അത് വളർന്നു. ഇപ്പോൾ സർക്കാർ മേൽനോട്ടത്തിൽ എറണാകുളത്ത് കാക്കനാട് തെരുവു വെളിച്ചം ഒരു ആശാകേന്ദ്രവും മുരുകൻ നടത്തുന്നുണ്ട്. സ്ഥിരതാമസത്തിന്റെ സ്ഥലമല്ലിത്. തെരുവിൽനിന്നുകിട്ടുന്ന അപരിഷ്‌കൃതനായ മനുഷ്യനെ വൃത്തിയാക്കിയെടുക്കുന്ന ഒരിടം. മിക്കവാറും ബന്ധുക്കളെ അന്വേഷിച്ച് കണ്ടെത്തി തിരിച്ചേൽപ്പിക്കും. പലപ്പോഴും ബന്ധുക്കൾ ഏറ്റെടുക്കാൻ തയ്യാറായില്ലെന്നുവരും. അപ്പോൾ സർക്കാർ നിയന്ത്രണത്തിലുള്ള വയോധികസദനങ്ങളിലേക്കോ ആശാകേന്ദ്രങ്ങളിലേക്കോ കൈമാറും. ഇതാണ് മുരുകന്റെ ശൈലി.
2011ലെ ശിശുക്ഷേമ ദേശീയ പുരസ്‌ക്കാരത്തിന് മുരുകൻ അർഹനായിരുന്നു. കേന്ദ്ര വനിതാ, ശിശുക്ഷേമ വകുപ്പിന്റെ പുരസ്‌ക്കാരമാണ് മുരുകനെ തേടിയെത്തിയത്. തെരുവിൽ അലയുന്ന ആയിരക്കണക്കിന്അനാഥബാല്യങ്ങൾക്ക് തുണയായതിനായിരുന്നു അവാർഡ്. രാഷ്ട്രപതിയുടെ പുരസ്‌കാരത്തിനുപുറമേ അന്തർദേശീയ സംഘടനയായ എർത്ത് ഫൗണ്ടേഷന്റെ മികച്ച സാമൂഹിക പ്രവർത്തകനുള്ള ഹോപ്'പുരസ്‌കാരം, സർവോദയം കുര്യന്റെ പേരിലുള്ള പുരസ്‌കാരം, റോട്ടറി ഇന്റർനാഷണൽ പുരസ്‌കാരം, ജെ.സി. ഐ. കൊച്ചിൻ പുരസ്‌കാരം തുടങ്ങി നിരവധി അംഗീകാരങ്ങളും മുരുകനെ തേടിയെത്തിയിട്ടുണ്ട്.
തങ്ങളുടെ മേഖലയിൽ സ്തുത്യർഹമായ സേവനം നടത്തുന്ന ഈ രണ്ടു പേരിൽ ആർക്കാണ് നിങ്ങളുടെ വോട്ട്? ഈമാസം 31 വരെ സാമൂഹ്യ സേവന വിഭാാഗത്തിലെ ഫൈനൽ ലിസ്റ്റിലേക്ക് വോട്ടു രേഖപ്പെടുത്താം. ഈ വാർത്തയോടൊപ്പം കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത ശേഷം വാവാ സുരേഷിനോ തെരുവോരം മുരുകനോ വോട്ടു ചെയ്യാം. കൂടാതെ മറ്റ് വിഭാഗങ്ങളിലെയും ഓരോരുത്തർക്ക് വീതം ക്ലിക്ക് ചെയ്ത് വോട്ട് രേഖപ്പെടുത്തിയ ശേഷം സബ്മിറ്റ് ചെയ്യുക.
നിങ്ങളുടെ കമ്പ്യൂട്ടറിൽ ജിമെയിൽ അക്കൗണ്ട് ലോഗിൻ ചെയ്തിട്ടുണ്ടെങ്കിൽ ഓട്ടോമാറ്റിക്ക് ആയി നിങ്ങൾക്ക് വോട്ട് രേഖപ്പെടുത്താം. അല്ലെങ്കിൽ ഏതെങ്കിലും ഒരു ഇ മെയിൽ അക്കൗണ്ട് ലോഗിൻ ചെയ്ത ശേഷം മാത്രമേ വോട്ട് രേഖപ്പെടുത്താനാകു. ഒരു ഇമെയിലിന് ഒരു വോട്ട് വച്ചാണ്. നിങ്ങൾ ഒരു ഇമെയിൽ വഴി വോട്ട് രേഖപ്പെടുത്തി കഴിഞ്ഞാൽ ആ ഇമെയിൽ ഉപയോഗിച്ച് വീണ്ടും വോട്ട് ചെയ്യാൻ സാധിക്കില്ല. ഒരാൾ തന്നെ നിരവധി തവണ വോട്ട് ചെയ്യുന്നത് ഒഴിവാക്കാൻ ആണിത്.