തിരുവനന്തപുരം: സോഷ്യൽ മീഡിയയ്ക്ക് രണ്ട് സ്വഭാവമുണ്ട്. ഒന്ന് നല്ലതാണെങ്കിൽ മറ്റൊന്ന് ചീത്തയുടേതാണ്. നമ്മുടെ സമൂഹത്തിന്റെ നന്മ-തിന്മ്മകളുടെ ഏട് തന്നെയാണ് സോഷ്യൽ മീഡിയയിലും ഉള്ളത്. ഇക്കൂട്ടത്തിൽ നന്മയുടെ പക്ഷത്ത് നിന്നും ജനോപകാര പരമായി അറിയിപ്പുകൾ നൽകുകയും വിഷയങ്ങളിൽ ഇടപെടുകയും ചെയ്യുന്ന സോഷ്യൽ മീഡിയ പേജിന്റെ ഉടമയാണ് ആഷിന് തമ്പി എന്ന എൻജിനീയറിങ് വിദ്യാർത്ഥി. ആഷിൻ തുടങ്ങിയ 'സെവൻ പി എം സ്റ്റാറ്റസ്' (7 PM Status) എന്ന ഫേസ്‌ബുക്ക് പേജിന്റെ സുപ്രധാന കർമ്മം സാമൂഹ്യ പ്രതിബന്ധത തന്നെയാണ്. സാമൂഹ്യ പ്രതിബന്ധത ഉയർത്തുന്ന ഫേസ്‌ബുക്ക് സ്റ്റാറ്റസുകൾ, ഇത് പോസ്റ്റ് ചെയ്യുന്നത് ഏഴ് മണിയോട് കൂടെയും. ചിന്തയെ പ്രചോദിപ്പിക്കുന്ന ചർച്ചകളായി ആഷിന്റെ ഫേസ്‌ബുക്ക് പേജ് സ്റ്റാറ്റസിന് അപ്പുറത്തേക്ക് തന്നാൽ കഴിയുന്ന സാമൂഹ്യ പ്രവർത്തനങ്ങൾ ചെയ്യുന്ന ആഷിന് തമ്പിയാണ് മറുനാടൻ മലയാളിയുടെ കാമ്പസ് ആക്ടിവിസ്റ്റ് വിഭാഗത്തിലെ ഫൈനൽ ലിസ്റ്റിൽ ഇടംപിടിച്ച ഒരു വ്യക്തി.

ഈ വിഭാഗം അവാർഡ് ലിസ്റ്റിൽ ആഷിൻ തമ്പിയെ കൂടാതെ, ഫാറൂഖ് കോളേജിൽ ലിംഗസമത്വത്തിനായി പോരാട്ടം നടത്തിയ ദിനു വെയിൽ, ഇൻസ്പയർ ഇന്ത്യ ഫൗണ്ടേഷൻ, രാജഗിരി സെന്റർ ഫോർ ബിസിനസ് സ്റ്റഡീസിന്റെ (ആർസിബിഎസ്) സാമൂഹികസേവന വിഭാഗമാണ് രാജഗിരി ട്രാൻസെൻഡ് ക്രയോൺസ്, സർക്കാർ സംരഭമായ അസാപ്പും ഇടം പിടിച്ചിട്ടുണ്ട്.

എറണാകുളം വൈപ്പിൻ സ്വദേശിയും വിശ്വജ്യോതി എൻജിനീയറിങ് കോളേജിലെ അവസാന വർഷ ഇലക്ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ് വിദ്യാർത്ഥിയുമാണ് ആഷിൻ തമ്പി. ലോകത്ത് ഏത് കോണിൽ ആയാലും ഏഴ് മണിയാകുമ്പോൾ ഒരു സ്റ്റാറ്റസ് ഫേസ്‌ബുക്ക് പേജിൽ പ്രത്യക്ഷപ്പെടും. ഇത് വെറുതേ തള്ളിക്കളയാം സാധിക്കുന്ന ഒന്നായിരുന്നില്ല, മറിച്ച് സാധാരണക്കാരന്റെ ശബ്ദമായി മാറുന്ന സാറ്റാറ്റസാകും ഇത്. സാങ്കേതിക വിദ്യ അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന കാലത്ത് എങ്ങനെ സാമൂഹ്യ ഇടപെടൽ നടത്താം എന്നതിന്റെ തെളിവാണ് ആഷിൻ തമ്പിയും ഫേസ്‌ബുക്ക് പേജും.

മാദ്ധ്യമങ്ങളെയും അപ്രസക്തമാക്കി സോഷ്യൽ മീഡിയ മുന്നേറുമെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്ന സമയത്താണ് മലയാളത്തിലും ഒരു ഏഴ് മണി സ്റ്റാറ്റസ് ശ്രദ്ധ നേടുന്നത്. മാദ്ധ്യമങ്ങൾക്ക് പോലും സാധിക്കാത്ത വിധത്തിൽ ഇടപെടൽ നടത്തുന്ന സാമൂഹ്യ മാദ്ധ്യമമാണ് ഇന്ന് 7pm status. മാദ്ധ്യമശ്രദ്ധ നേടാൻ കഴിയാത്ത, സാമൂഹിക പ്രസക്തിയുള്ള ഏതെങ്കിലും വിഷയത്തിലായിരിക്കും എല്ലാ ദിവസവും വൈകിട്ട് ഏഴിന് പേജിൽ സ്റ്റാറ്റസ് പ്രത്യക്ഷപ്പെടുക. തെന്നിന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ളവർ സ്റ്റാറ്റസിനടിയിൽ കമന്റുകളുമായെത്തും. ചർച്ച കൊഴുക്കുകയും ചെയ്യും ഇതാണ് പതിവ് ശൈലി.

ആദ്യകാലത്ത് എല്ലാവരെയും എന്ന പോലെ ഫേസ്‌ബുക്കിൽ അക്കൗണ്ട് തുടങ്ങി സുഹൃത്തുക്കളുമായി സംവദിക്കുകയായിരുന്നു ആഷിന്റെ ശൈലിയും. എന്നാൽ എന്തെങ്കിലും വ്യത്യസ്ത വേണം എന്ന നിലയിലാണ് സാമൂഹ്യപ്രതിബന്ധതയെ മുൻനിർത്തിയുള്ള ഫേസ്‌ബുക്ക സ്റ്റാറ്റസുകളിലേക്ക് മാറിയത്. പിന്നീട് തന്റെ സ്റ്റാറ്റസുകൾക്ക് ഒരു സമയവും പേജിനൊരു പേരും ആഷിൻ നിശ്ചയിച്ചു. അതാണ് '7pm status'.

സാധാരണക്കാരന് സോഷ്യൽ മീഡിയയിലൂടെ സാമൂഹിക വിഷയങ്ങളിൽ കാര്യക്ഷമമായി ഇടപെടാൻ കഴിയുമെന്ന് മനസ്സിലാക്കിയതോടെ ആഷിൻ ഫേസ്‌ബുക്കിൽ അക്കൗണ്ട് ആരംഭിച്ച കാലം മുതലേ സാമൂഹികപ്രതിബദ്ധതയുള്ള വിഷയങ്ങളിൽ സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യുമായിരുന്നു. ആദ്യമാദ്യം ബുദ്ധിജീവിയാകാനുള്ള ശ്രമമാണ് നടത്തുന്നതെന്ന ആക്ഷേപങ്ങളും പലരിൽ നിന്നും ആഷിന് കേൾക്കേണ്ടി വന്നു. എന്നാൽ, സുഹൃത്തുകളിൽ നിന്നും പിന്തുണ ലഭിച്ചു.

എങ്കിലും തന്റെ ചുറ്റും നടക്കുന്ന സാമൂഹിക അനീതികൾക്കെതിരെ പ്രതികരിക്കാൻ തന്നെയായിരുന്നു ഈ ചെറുപ്പക്കാരന്റെ തീരുമാനം. യൂണിവേഴ്‌സിറ്റി അധികൃതരുടെ അനാസ്ഥമൂലം വിദ്യാർത്ഥികൾ അനുഭവിക്കേണ്ടിവന്ന ദുരിതങ്ങളും... നാട്ടിലെ തകർന്ന റോഡുകളും... വിദ്യാർത്ഥികളിൽ വർധിച്ചുവരുന്ന പുകവലിയും... സ്വകാര്യ ബസ്സുകളിലെ പ്രശ്‌നങ്ങളും... സ്‌കൂളുകളിലും കോളേജുകളിലും പുറം ലോകം അറിയാതെ പോകുന്ന പ്രശ്‌നങ്ങളുമെല്ലാം സെവൻ പി.എം. സ്റ്റാറ്റസ് ചർച്ച ചെയ്തുകഴിഞ്ഞു. രക്തദാനം, ചികിത്സാ സഹായം തുടങ്ങിയ ചാരിറ്റി പ്രവർത്തനങ്ങൾക്കായും സെവൻ പി.എം. സ്റ്റാറ്റസ് പേജ് മുമ്പിട്ടിറങ്ങാറുണ്ട്.

പേജിന്റെ നേതൃത്വത്തിൽ 'മേക്ക് ഓവർ' എന്ന പദ്ധതി നടപ്പിലാക്കാനും ആസൂത്രണം ചെയ്യുന്നുണ്ട്. മോശാവസ്ഥയിലുള്ള സ്ഥലങ്ങൾ കണ്ടെത്തി, മാലിന്യ വിമുക്തമാക്കി, പെയിന്റടിച്ച് സുന്ദരമാക്കുന്ന പദ്ധതിയാണിത്. കൊച്ചി ബോട്ട്‌ജെട്ടി കേന്ദ്രീകരിച്ച് 'മേക്ക് ഓവർ' പദ്ധതിയുടെ ആദ്യ പ്രവർത്തനം നടത്താനാണ് സെവൻ പി.എം. പേജ് ലക്ഷ്യമിടുന്നത്. ഹാപ്പി സൺഡേ, മിഷന് ഹോസ്റ്റൽസ്, ക്ലീൻ കൊച്ചി വെൻ കൊച്ചി സ്ലീപ്‌സ് തുടങ്ങിയ പുതിയ ഫേസ്‌ബുക്ക് സംരംഭങ്ങളം ആരംഭിപ്പാക്കാനാണ് ആഷിന്റെ പരിപാടി. ഇതിനുള്ള ശ്രമങ്ങൾ തീവ്രമായി തന്നെ നടത്തുന്നുണ്ട്. സെവൻ പിഎം സ്റ്റാറ്റസിന്റെ ശ്രദ്ധയിൽ വിഷയങ്ങൾ പെടുത്താൻ ഇപ്പോൾ ധാരാളം പേർ മുന്നോട്ടു വരാറുമുണ്ട്. അടുത്തിടെയാണ് മാദ്ധ്യമങ്ങളും ആഷിന്റെ ഫേസ്‌ബുക്ക് സ്റ്റാറ്റസുകളെ കൂടുതൽ ശ്രദ്ധിച്ചു തുടങ്ങിയത്.

സോഷ്യൽ മീഡിയയിലൂടെ സജീവമായി ഇടപെടുന്ന ആഷിൻ ചെറിയ തോതിലുള്ള സന്നദ്ധ സംരംഭങ്ങളിലും പങ്കാളിയാണ്. ഇങ്ങനെ സോഷ്യൽ മീഡിയയെ ഫലപ്രദമായി ഉപയോഗിക്കുന്നതിലെ മികവ് കൂടി പരിഗണിച്ചാണ് ആഷിൻ തമ്പി മറുനാടന്റെ പുരസ്‌കാര ലിസ്റ്റിലെ ഫൈനലിസ്റ്റായി ഇടംപിടിച്ചത്. ആഷിൻ തമ്പിക്കാണോ നിങ്ങളുടെ വോട്ട്? എങ്കിൽ ഇതുവരെ വോട്ട് ചെയ്യാത്തവർക്ക് ഈ വാർത്തയോടൊപ്പം കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക് ചെയ്ത് വോട്ട് രേഖപ്പെടുത്താം. നിലവിൽ വോട്ട് ചെയ്തവർക്ക് വീണ്ടും വോട്ട് ചെയ്യാൻ അവസരം ഇല്ല.

കൂടാതെ മറുനാടന്റെ മറ്റ് വിഭാഗങ്ങളിലെയും ഓരോരുത്തർക്ക് വീതം ക്ലിക്ക് ചെയ്ത് വോട്ട് രേഖപ്പെടുത്തിയ ശേഷം സബ്മിറ്റ് ചെയ്യുക. നിങ്ങളുടെ കമ്പ്യൂട്ടറിൽ ജിമെയിൽ അക്കൗണ്ട് ലോഗിൻ ചെയ്തിട്ടുണ്ടെങ്കിൽ ഓട്ടോമാറ്റിക്ക് ആയി നിങ്ങൾക്ക് വോട്ട് രേഖപ്പെടുത്താം. അല്ലെങ്കിൽ ഏതെങ്കിലും ഒരു ഇ മെയിൽ അക്കൗണ്ട് ലോഗിൻ ചെയ്ത ശേഷം മാത്രമേ വോട്ട് രേഖപ്പെടുത്താനാകൂ.