തിരുവനന്തപുരം: മറുനാടൻ മലയാളിയുടെ ജനനായകെ കണ്ടെത്താനുള്ള വോട്ടെടുപ്പിൽ നടക്കുന്നത് തലയെടുപ്പുള്ള ആറ് നേതാക്കൾ തമ്മിലെ മത്സരം. വോട്ടെടുപ്പ് തുടങ്ങിയ ഇന്നലെ മുതൽ വലിയ പ്രതികരണമാണ് വായനക്കാരുടെ ഭാഗത്ത് നിന്നുള്ളത്. ഇഷ്ടപ്പെട്ട ജനനായകനെ കണ്ടെത്താനുള്ള ഓൺലൈൻ വോട്ടെടുപ്പിൽ അതുകൊണ്ട് തന്നെ വീറും വാശിയും നിറയുകയാണ്.

വി എസ് അച്യുതാനന്ദൻ, പിണറായി വിജയൻ എന്നീ സിപിഐ(എം) നേതാക്കളും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, വി എം സുധീരൻ എന്നീ കോൺഗ്രസ്സ് നേതാക്കളും ബിജെപി നേതാവായ ഒ രാജഗോപാലും ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുമാണ് ജനനായക പുരസ്‌കാരത്തിന് വായനക്കാർക്ക് വോട്ട് ചെയ്യാനുള്ള അന്തിമ ലിസ്റ്റിൽ ഇടം പിടിച്ച ആറ് പേർ. മലയാളിയുടെ മനസ്സിനെ പലവിധത്തിൽ സ്വാധീനിച്ച യഥാർത്ഥ ജനനായകരാണ് ഈ ആറുപേരും.

ഈ പുരസ്‌കാരത്തിനായി ഏറ്റവും കൂടുതൽ നോമിനേഷനുകൾ ലഭിച്ച പേരുകളാണ് അന്തിമ ലിസ്റ്റിൽ ഇടം നേടിയത്. വിഎസും ഉമ്മൻ ചാണ്ടിക്കും ശേഷം മറ്റ് നാലു നേതാക്കൾക്ക് ഒരേ പോലെ നോമിനേഷൻ ലഭിച്ചതിനാലാണ് ആറ് പേർ ജനനായക പുരസ്‌കാര ലിസ്റ്റിൽ ചേർത്തത്. 14 ാം തീയതി തിങ്കളാഴ്ച മുതൽ 31 ാം തീയതി വ്യാഴാഴ്ച വരെ 18 ദിവസമാണ് വോട്ടിങ് കൊടുക്കുന്നത്.

ഈ വാർത്തയോടൊപ്പം കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത ശേഷം പത്ത് വിഭാഗങ്ങളിലെയും ഓരോരുത്തർക്ക് വീതം ക്ലിക്ക് ചെയ്ത് വോട്ട് രേഖപ്പെടുത്തിയ ശേഷം സബ്മിറ്റ് ചെയ്യുക. നിങ്ങളുടെ കമ്പ്യൂട്ടറിൽ ജിമെയിൽ അക്കൗണ്ട് ലോഗിൻ ചെയ്തിട്ടുണ്ടെങ്കിൽ ഓട്ടോമാറ്റിക്ക് ആയി നിങ്ങൾക്ക് വോട്ട് രേഖപ്പെടുത്താം. അല്ലെങ്കിൽ ഏതെങ്കിലും ഒരു ഇ മെയിൽ അക്കൗണ്ട് ലോഗിൻ ചെയ്ത ശേഷം മാത്രമേ വോട്ട് രേഖപ്പെടുത്താനാകു. ഒരു ഇമെയിലിന് ഒരു വോട്ട് വച്ചാണ്. നിങ്ങൾ ഒരു ഇമെയിൽ വഴി വോട്ട് രേഖപ്പെടുത്തി കഴിഞ്ഞാൽ ആ ഇമെയിൽ ഉപയോഗിച്ച് വീണ്ടും വോട്ട് ചെയ്യാൻ സാധിക്കില്ല. ഒരാൾ തന്നെ നിരവധി തവണ വോട്ട് ചെയ്യുന്നത് ഒഴിവാക്കാൻ ആണിത്.

ജനുവരി നാലാം തീയതി തിങ്കളാഴ്ച ആയിരിക്കും അവാർഡ് പ്രഖ്യാപിക്കുന്നത്. അവാർഡ് പ്രഖ്യാപനത്തിന് ശേഷം ഏതാനും ആഴ്ചകൾക്കുള്ളിൽ തിരുവനന്തപുരത്ത് വച്ച് തന്നെ പുരസ്‌കാരങ്ങൾ സമ്മാനിക്കുന്നതാണ്.

അതിവേഗം ബഹുദൂരം ഓടുന്ന കേരളത്തിന്റെ മുഖ്യമന്ത്രി

കേരളത്തിന്റ മുഖ്യമന്ത്രി എന്ന നിലയിൽ നടത്തിയ വികസനപ്രവർത്തനങ്ങൾക്കുള്ള അംഗീകാരം എന്ന നിലയിലാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ വായനക്കാർ ജനനായക പുരസ്‌ക്കാരത്തിനായി നോമിനേറ്റ് ചെയ്തത്. രാജ്യവ്യാപകമായി കോൺഗ്രസിന് വൻ തിരിച്ചടി നേടിട്ടപ്പോഴും കേരളത്തിൽ കോൺഗ്രസിന് കാര്യമായ ക്ഷീണമുണ്ടാകാതിരിക്കാൻ ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ തന്ത്രങ്ങൾക്ക് സാധിച്ചിരുന്നു. അതിലുപരിയായി ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന മുഖ്യമന്ത്രി എന്ന ഇമേജ് തന്നെയാണ് ഉമ്മൻ ചാണ്ടിയെ ജനനായക പുരസ്‌ക്കാരത്തിന്റെ ഫൈനൽപട്ടികയിൽ ഇടംപിടിക്കാൻ സാധിച്ചതിന് കാരണം.

തദ്ദേശ തെരഞ്ഞെടുപ്പിലൊഴികെ കോൺഗ്രസിന് വിജയത്തിലേക്ക് നയിക്കാൻ മുഖ്യമന്ത്രിയായ ശേഷവും ഉമ്മൻ ചാണ്ടിക്കായി. ലോക്‌സഭാ തെരഞ്ഞെടുപ്പിലും അരുവിക്കര, പിറവം, നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പിലും യുഡിഎഫ് ജയിച്ചത് ഉമ്മൻ ചാണ്ടിയുടെ ചിട്ടയായ പ്രവർത്തനത്തിന് ഫലമാണ്. സോളാർ, ബാർ കോഴ തുടങ്ങിയ വിവാദങ്ങൾ പിടിച്ചുലയ്ക്കുമ്പോഴും വികസനത്തിലൂടെ വീണ്ടും അധികാരത്തിൽ തിരിച്ചെത്താമെന്നാണ് പ്രതീക്ഷ. വിഴിഞ്ഞവും കണ്ണൂർ വിമാനത്താവളവും കൊച്ചി മെട്രോ റെയിലുമെല്ലാം ഉമ്മൻ ചാണ്ടിയുടെ വികസന നായകനെന്ന പരിവേഷം കൂട്ടിയ ഘടകങ്ങളാണ്. ആർ ശങ്കറിന്റെ പ്രതിമാ അനാച്ഛാദന വിവാദത്തിലൂടെ ഉമ്മൻ ചാണ്ടി വാർത്തകളിൽ നിറയുന്ന ഘട്ടമാണ് ഇത്. അപ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പൂർണ്ണമായും ബഹിഷ്‌കരിക്കാതെ കേരളത്തിന്റെ ആവശ്യങ്ങൾ നേടിയെടുക്കാനാണ് ഉമ്മൻ ചാണ്ടി ശ്രമിച്ചത്. ഉമ്മൻ ചാണ്ടിക്ക് അനുകൂലമായുണ്ടായ ഈ വികാരവും മറുനാടന്റെ വോട്ടിംഗിൽ പ്രതിഫലിക്കുന്നുണ്ട്.

പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ കെ.ഒ. ചാണ്ടിയുടെയും ബേബി ചാണ്ടിയുടെയും മകനായി കോട്ടയം ജില്ലയിലെ കുമരകത്ത് ജനനിച്ച പുതുപ്പുള്ളക്കാരുടെ കുഞ്ഞുഞ്ഞ് എന്ന് കേരളാ രാഷ്ട്രീയത്തിലെ തന്ത്രശാലിയായ നേതാവാണ്. രാഷ്ട്രീയ ജീവിതത്തിലുട നീളം പ്രതിസന്ധികളെ അതിജീവിക്കാൻ വേറിട്ട വഴികളിലൂടെ ഉമ്മൻ ചാണ്ടി നീങ്ങി. അദ്ദേഹത്തിന്റെ പ്രവർത്തനത്തിൽ ഇന്നും ഇത് തന്നെയാണ് ശക്തി.പുതുപ്പള്ളി സെന്റ് ജോർജ്ജ് ഹൈസ്‌കൂളിലെ വിദ്യാഭ്യാസത്തിന് ശേഷം കോട്ടയം സി.എം.എസ്. കോളേജ്, ചങ്ങനാശ്ശേരി എസ്.ബി. കോളേജ് എന്നിവിടങ്ങളിൽ പഠനം നടത്തി ബി.എ ബിരുദം നേടി. എറണാകുളം ലോ കോളേജിൽ നിന്ന് നിയമബിരുദവും സമ്പാദിച്ചു. ഒരണ സമരത്തിലൂടെ കെ എസ് യുവിലൂടെ രാഷ്ട്രീയത്തിൽ സജീവമായി. പിന്നീട് എകെ ആന്റണിയുടെ വിശ്വസ്തനെന്ന നിലയിൽ കോൺഗ്രസിന്റെ അമരത്തും.

കെ കരുണാകരന്റെ കോൺഗ്രസിലെ ശക്തിചോർച്ചയ്ക്ക് കാരണമായത് ഉമ്മൻ ചാണ്ടിയുടെ തന്ത്രങ്ങളാണ്. ദേശീയ രാഷ്ട്രീയത്തിലേക്ക് ആന്റണി ഉയർന്നതോടെ എ ഗ്രൂപ്പിലെ പിൻഗാമിയായി ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായി. രണ്ടാമനിൽ നിന്ന് ഒന്നാമനിലേക്കുള്ള മാറ്റം. പിന്നീട് എ ഗ്രൂപ്പെന്നാൽ ഉമ്മൻ ചാണ്ടിയായി. പ്രതിപക്ഷത്തിന്റെ ആരോപണങ്ങളേയും കോൺഗ്രസിനുള്ളിൽ നിന്നുള്ള എതിർപ്പുകളേയും ഒരേ പോലെ മറികടന്നാണ് മുഖ്യമന്ത്രി പദത്തിൽ ഇത്തവണ അഞ്ചുവർഷം പൂർത്തിയാക്കലിലേക്ക് ഉമ്മൻ ചാണ്ടി നീങ്ങുന്നത്. ജനസമ്പർക്കെന്ന പരിപാടിയിലൂടെ ജനങ്ങളിലേക്ക് ഇറങ്ങിയ നേതാവാണ് അദ്ദേഹം. മുഖ്യമന്ത്രിയുടെ ജാഡകൾ മാറ്റി വച്ച് പൊതുജനവുമായി സംവദിക്കാനുള്ള ഉമ്മൻ ചാണ്ടിയുടെ മികവ് തന്നെയാണ് അദ്ദേഹത്തെ കേരള രാഷ്ട്രീയത്തിൽ വ്യത്യസ്തനാക്കുന്നത്.

തൊണ്ണൂറ്റിമൂന്നിലും യുവത്വം കാക്കുന്ന കേരളത്തിന്റെ ജനകീയ നേതാവ്

പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനാണ് ജനനായക പുരസ്‌ക്കാരത്തിനായി വായനക്കാർ നോമിനേറ്റ് ചെയ്ത മുതിർന്ന നേതാവ്. 93ാം വയസിലും പ്രായത്തെ വെല്ലുന്ന പോരാട്ടവീര്യം തുളുമ്പുന്ന നേതാവെന്ന നിലയിൽ വി എസ് എല്ലാവർക്കും ആവേശമാണ്. മൂന്നാർ സമരത്തിലും തദ്ദേശ തിരഞ്ഞെടുപ്പിലും വി എസ് പ്രഭാവം കേരളം കാണുകയും ചെയ്തു. നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുന്ന വേളയിൽ അതുവരെ അദ്ദേഹവുമായി ഇടഞ്ഞു നിന്ന പാർട്ടി നേതൃത്വം പോലും വീണ്ടും വിഎസിൽ പ്രതീക്ഷ അർപ്പിക്കുന്നതും ജനസമ്മതിയുടെ തെളിവാണ്.

വെള്ളാപ്പള്ളിയുടെ രാഷ്ട്രീയ നീക്കത്തിന് തടയിടാൻ വേണ്ടി വി എസ് തന്നെയാണ് സിപിഎമ്മിന് വേണ്ടി മുന്നിൽ നിന്നും നയിച്ചത്. ചെറുപ്പക്കാർക്ക് പോലും കഴിയാത്ത വിധത്തിൽ ഈ പ്രായത്തിലും സജീവ രാഷ്ട്രീയപ്രവർത്തനം നടത്തുന്ന വി എസ് ജനനായക പുരസ്‌ക്കാര പട്ടികയിൽ ഇടംപിടിക്കുന്നതിൽ യാതൊരു അതിശയോക്തിയുമില്ല. പാർട്ടിക്കുള്ളിൽ പടനയിച്ച് നീങ്ങിയ വി എസ് ഇന്ന് അനുസരണയുള്ള സിപിഎമ്മുകാരനാണ്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ വി എസ് മത്സരിക്കുമോ എന്നതാണ് ചർച്ചകളിൽ നിറയുന്നത്. ഏതായാലും പ്രതിപക്ഷത്തിന്റെ ശബ്ദം ജനങ്ങളിലെത്തുന്നത് വിഎസിന്റെ വാക്കുകളിലൂടെയാണ്. കുറിക്കുകൊള്ളുന്ന വിമർശനവുമായി വി എസ് കേരള രാഷ്ട്രീയത്തിലെ സ്വാധീന ശക്തിയായി മാറുകയാണ്. ആരേയും ഭയക്കാതെ ജനപക്ഷത്തു നിന്ന് മുന്നേറുന്ന വി എസ് തൊണ്ണൂറ്റി മൂന്നാം വയസ്സിൽ കേരളത്തിന്റെ ഭരണതലപ്പത്ത് വീണ്ടുമെത്തുമെന്ന് കരുതുന്നവർ പോലുമുണ്ട്. പുന്നപ്ര സമര നായകന്റെ തളരാത്ത ആവേശം തന്നെയാണ് മറുനാടൻ പുര്‌സകാര പട്ടികയിൽ രാജ്യത്തെ തലമുതിർന്ന നേതാവിനേയും എത്തിക്കുന്നത്.

പൊതുസമൂഹത്തിൽ വലിയ തോതിൽ സ്വീകാര്യതയുള്ള നേതാവാണ് വി. എസ്. അനീതിയെയും അഴിമതികളെയും എതിർക്കുന്ന സാധാരണ ജനങ്ങളുടെ സംരക്ഷകനായി വി.എസിനെ നെഞ്ചിലേറ്റുന്നവരുണ്ട്. ജനകീയതയുടെ പേരിൽ പാർട്ടി എടുത്ത തീരുമാനങ്ങൾ പല്ലപ്പോഴും വി. എസിനനുകൂലമായി മാറ്റിയിട്ടുണ്ട്. 2006ലെ തെരഞ്ഞെടുപ്പിൽ വി.എസിനെ മത്സരിപ്പിക്കേണ്ടെന്നാണ് ആദ്യം കേരള പാർട്ടി തീരുമാനിച്ചത്. കേന്ദ്രനേതൃത്വം ഇടപെട്ട് അത് തിരുത്തിച്ചു. തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഭൂരിപക്ഷം നേടിയപ്പോൾ വി.എസിനെ മുഖ്യമന്ത്രിയാക്കേണ്ടെന്നായി. പാർട്ടി ജനകീയ പ്രതിഷേധങ്ങൾക്ക് മുമ്പിൽ പാർട്ടി നിലപാട് മാറ്റി. 2011ലും വി എസ് മത്സരിക്കേണ്ടെന്ന് ആദ്യം പാർട്ടി തീരുമാനിച്ചു. പിന്നീട് പാർട്ടി നിലപാട് മാറ്റി. വീണ്ടുമൊരു നിയമസഭാ തെരഞ്ഞെടുപ്പ് എത്തുമ്പോൾ വി എസ് മത്സരകാര്യത്തിൽ എല്ലാം പാർട്ടി തീരുമാനിക്കട്ടേ എന്ന നിലപാടിലാണ്.

1964ൽ ഇന്ത്യൻ കമ്യുണിസ്റ്റ് പാർട്ടി പിളർത്തി നാഷനൽ കൗൺസിൽ യോഗത്തിൽനിന്നിറങ്ങിപ്പോന്ന 32 പേരിൽ ജീവിച്ചിരിക്കുന്ന ഏക ആൾ ആയ വി എസ് പാർട്ടി വേദികളിലും പാർലമെന്ററി രംഗത്തും കർക്കശക്കാരനായ നേതാവായാണ് വിലയിരുത്തപ്പെടുന്നത്. സമരത്തീച്ചൂളയിൽ വാർത്തെടുത്ത ജീവിതം എന്നാണ് അച്യുതാനന്ദനെ കേരളത്തിലെ മുഖ്യധാരാ മാദ്ധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്. സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്കുവേണ്ടി നടത്തുന്ന ഇടപെടലുകളാണ് ഇദ്ദേഹത്തെ ശ്രദ്ധേയനാക്കുന്നത്. എന്നാൽ ഏറെക്കാലം പാർട്ടിയിൽ തന്റെ മേൽക്കോയ്മ നിലനിർത്താനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. കേരള നിയമസഭകണ്ട ഏറ്റവും ശക്തനായ പ്രതിപക്ഷ നേതാക്കളിലൊരാളാണ് അച്യുതാനന്ദൻ.

വിഎസിന്റെ വിമർശനശരങ്ങൾ ഏറ്റുവാങ്ങുന്നവർ പോലും അദ്ദേഹത്തിന്റെ പോരാട്ട മികവിനെ അംഗീകരിക്കുന്നു. ഒരു പക്ഷേ തൊണ്ണൂറു വയസ്സ് പിന്നിട്ടിട്ടുണ്ട് സമകാലിക രാഷ്ട്രീയത്തിൽ ഇത്ര സജീവമായി നിൽക്കുന്ന മറ്റൊരു നേതാവുമില്ല. ആൾക്കൂട്ടത്തെ ആകർഷിക്കാനും അതിനെ വോട്ടാക്കി മാറ്റാനും തനിക്ക് കഴിയുമെന്ന് തദ്ദേശ തെരഞ്ഞെടുപ്പിലും വി എസ് തെളിയിച്ചു.

ആദർശത്തിൽ നിന്നും അണുവിട ചലിക്കാത്ത കോൺഗ്രസ് നേതാവ്

കെപിസിസി പ്രസിഡന്റ് വി എം സുധീരനാണ് ജനനായക പുരസ്‌ക്കാര പട്ടികയിൽ ഇടംപിടിച്ച മറ്റൊരു പ്രമുഖ നേതാവ്. സംസ്ഥാന ഭരണത്തിന്റെ കടിഞ്ഞാൺ എന്ന വിധത്തിൽ പ്രവർത്തിക്കുന്ന വ്യക്തിയാണ് സുധീരൻ. ഭരിക്കുന്ന പാർട്ടിയുടെ അമരത്തിരിക്കുമ്പോഴും തെറ്റ് ചൂണ്ടിക്കാണിക്കുന്നതിൽ മടിക്കാത്ത നേതാവ്. അതുകൊണ്ട് തന്നെ സർക്കാരിന്റെ പല നയങ്ങളും തിരുത്തപ്പെട്ടു. ഗ്രൂപ്പുകൾക്ക് അതീതമെന്ന മുഖം കോൺഗ്രസിന് നൽകാനും സുധീരന് കഴിഞ്ഞു.

സംസ്ഥാനത്ത് ബാറുകൾ പൂട്ടുന്ന നീക്കത്തിലേക്ക് എത്തിച്ചത് സുധീരന്റെ കാർക്കശ്യം നിറഞ്ഞ നിലപാടുകളായിരുന്നു. സാമുദായിക ശക്തികളുടെ ഏറാന്മൂളികളായി നിൽക്കുന്ന കോൺഗ്രസ് സംസ്‌ക്കാരത്തിന് മാറ്റം വരുത്തിയത് സുധീരന്റെ ഇടപെടലായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം അധികാരമേൽക്കുന്ന വേളയിൽ ഇത് ശക്തമായി പ്രതിഫലിക്കുകയും ചെയ്തു. കൊച്ചി കോർപ്പറേഷനിൽ സൗമിനി ജയിൻ മേയർ ആയത് അടക്കം സുധീരന്റെ നേതൃത്വത്തിൽ ശക്തമായ നിലപാട് സ്വീകരിച്ചതിനെ തുടർന്നായിരുന്നു. കാർക്കശ്യക്കാരനായ കോൺഗ്രസ് പ്രസിഡന്റ് എന്നതിലുപരിയായി അഴിമതി രഹിത പ്രതിച്ഛായയുള്ള നേതാവ് കൂടിയാണ് സുധീരൻ. അതുകൊണ്ട് തന്നെയാണ് അദ്ദേഹം മറുനാടൻ ജനനായക പുരസ്‌ക്കാര പട്ടികയിൽ ഇടംപിടിച്ചത്.

സ്പീക്കറായി പ്രവർത്തിക്കുമ്പോഴും ആരോഗ്യമന്ത്രിയായിരിക്കുമ്പോഴുമെല്ലാം സുധീരന്റെ പ്രവർത്തന ശൈലി വ്യത്യസ്തമായിരുന്നു. തെറ്റുകണ്ടാൽ ചൂണ്ടികാണിക്കാനും തിരുത്തിക്കാനും മടിക്കില്ല. സ്ഥാനമാനങ്ങൾ അതിന് തടസ്സമാകരുതെന്നും സുധീരൻ കരുതുന്നു. യുഡിഎഫ് സർക്കാരിന്റെ തെറ്റുകൾ ചൂണ്ടികാണിക്കുന്നതും തിരുത്തിക്കുന്നതും ഇതിന്റെ ഭാഗമാണ്. അത് തുടരുകയും ചെയ്യുന്നു. കേരളത്തിലെ കോൺഗ്രസിന് പ്രതിച്ഛായ നൽകുകയെന്ന ലക്ഷ്യത്തോടെയാണ് സുധീരനെ കെപിസിസിയുടെ നേതൃസ്ഥാനത്തേക്ക് കോൺഗ്രസ് ഹൈക്കമാണ്ട് അവതരിപ്പിച്ചത്. വിഴിഞ്ഞം പദ്ധതിയുൾപ്പെടെയുള്ള വിഷയങ്ങളിൽ സുധീരൻ പാർട്ടിക്കായി ശബ്ദമുയർത്തി. ബിജെപിയും വെള്ളാപ്പള്ളിയും നടത്തുന്ന രാഷ്ട്രീയ കൂട്ടുകെട്ടിനെതിരേയും ആഞ്ഞടിക്കുന്നത് സുധീരനാണ്.

അടുത്ത നിയമസഭാ തെരഞ്ഞടുപ്പിൽ സുധീരൻ മത്സരിക്കുമോ എന്നതാണ് ഇപ്പോഴത്തെ ചർച്ചാ വിഷയം. ജനമനസ്സുകളെ സ്വാധീനിക്കുന്ന ഈ നേതാവിനെ ഭാവി മുഖ്യമന്ത്രിയായി കരുതുന്നവരുമുണ്ട്. കോൺഗ്രസിലെ ഗ്രൂപ്പ് അതിപ്രസരത്തെ അതിജീവിച്ച് കെപിസിസിയുടെ തലപ്പത്ത് എത്തിയ സുധീരന് അതിന് കഴിയുമെന്ന വിലയിരുത്തലും സജീവം. ഗ്രൂപ്പ് പോരിനിടയിലും കോൺഗ്രസിനെ നേർവഴിക്ക് നടത്താനായി സുധീരൻ നടത്തുന്ന ഒറ്റയാൾ പോരാട്ടത്തിനുള്ള അംഗീകാരമാണ് മറുനാടന്റെ പുരസ്‌കാരപ്പട്ടികയിലെ സ്ഥാനം.

തീയിൽ കുരുത്ത വെയിലത്ത് വാടാത്ത സംഘാടകൻ

അടുത്ത കേരളാ മുഖ്യമന്ത്രി എന്ന സൂചനയാണ് പിണറായി വിജയനെ കുറിച്ച് സിപിഐ(എം) നേതൃത്വം നൽകുന്നത്. വർഗീയതയോട് വിട്ടുവീഴ്‌ച്ചയില്ലാതെ പൊരുതുന്ന നേതാവ് എന്ന പ്രതിച്ഛായയാണ് പിണറായിയെ മറുനാടൻ അവാർഡിനായി പരിഗണിക്കാൻ ഇടയാക്കിയ കാര്യം. കൂടാതെ അപ്രിയസത്യങ്ങൾ വെട്ടിത്തുറന്നു പറയുന്ന നേതാവ് കൂടിയാണ് അദ്ദേഹം.

ഡൽഹിയിലെ കേരളാ ഹൗസിലെ ബീഫ് റെയ്ഡിലും മറ്റും പിണറായി എടുത്ത നിലപാടുകൾ നിർണ്ണായകമായി. തദ്ദേശ തെരഞ്ഞെടുപ്പിൽ മുസ്ലിം ജനവിഭാഗത്തെ സിപിഎമ്മിലേക്ക് അടുപ്പിച്ചത് പിണറായിയുടെ ഇടപടെടലാണ്. സിപിഐ(എം) സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞെങ്കിലും പാർട്ടിയിൽ ഇപ്പോഴും പിണറായി തന്നെയാണ് കരുത്തൻ. സമകാലിക വിഷയങ്ങളിൽ പിണറായി വിജയന്റെ വാക്കുകൾക്കായി കേരളം കാതോർക്കുന്നതും ശ്രദ്ധേയമാണ്. അതു തന്നെയാണ് പിണറായി വിജയനെന്ന നേതാവിന്റെ ജനകീയതയ്ക്കുള്ള തെളിവും. ആരേയും ഭയക്കാതെ നിലപാട് വെട്ടിത്തുറന്ന് പറയുന്ന നേതാവെന്ന പ്രതിച്ഛായയാണ് പിണറായിയുടെ ശക്തിയും ദൗർബ്ബല്യവും.

സിപിഎമ്മിലെ കണ്ണൂർ ലോബിയുടെ നായകനായി മാത്രം ഒതുങ്ങുന്ന വ്യക്തിയല്ല പിണറായി. കേരളത്തിലെ സിപിഐ(എം) സംഘടനാ സംവിധാനം മുഴുവൻ ചലിക്കുന്നത് പിണറായിയുടെ തീരുമാന പ്രകാരമാണ്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പാർട്ടിയാത്രയെ നയിക്കുന്ന പിണറായി വീണ്ടും പാർലമെന്ററീ രംഗത്ത് സജീവമാകുമെന്നാണ് സൂചന. തന്ത്രങ്ങൾക്ക് അപ്പുറമുള്ള ഉറച്ച നിലപാടാണ് ഈ സംഘാടകന്റെ കരുത്ത്. അച്ചടക്കമാണ് പ്രധാനം. അതുകൊണ്ട് കൂടിയാണ് വി എസ് അച്യുതാനന്ദനുമായി പലപ്പോഴും ഏറ്റുമുട്ടലിന്റെ പാത സ്വീകരിക്കേണ്ടി വന്നത്. അപ്പോഴും പാർട്ടിക്ക് വിധേയനാകുന്ന തരത്തിൽ പരസ്യപ്രതികരണവുമായി തിരുത്തലുകൾക്ക് പിണറായി എത്തി. എന്ന് വിഎസിനെ ഉൾക്കൊണ്ടാണ് പിണറായിയുടെ മുന്നോട്ട് പോക്ക്. ലാവ്‌ലിൻ അഴിമതിയിൽ നിന്ന് അഗ്നി ശുദ്ധി വരുത്തിയ പിണറായിയെന്ന സംഘാടകന് വികസനത്തിൽ കേരളത്തിന് പുതിയ ദിശാബോധം നൽകാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നവരും ഏറെയുണ്ട്.

1996ൽ കേരളത്തിന്റെ സഹകരണ വൈദ്യുതി മന്ത്രിയായ കാലത്ത് പിണറായിയുടെ കർമശേഷിയെന്തെന്ന് നാടറിഞ്ഞു. വൈദ്യുതോൽപ്പാദനത്തിലും വിതരണത്തിലും കാൽ നൂറ്റാണ്ടു കൊണ്ട് കേരളത്തിൽ സൃഷ്ടിക്കാനാവാത്ത നേട്ടം രണ്ടരവർഷം കൊണ്ട് നേടി എടുത്തു. സഹകരണമേഖലയിലും സജീവമായ ഇടപെടൽ പിണറായി നടത്തി. 1998ൽ ചടയൻ ഗോവിന്ദന്റെ നിര്യാണത്തെ തുടർന്ന് മന്ത്രിസ്ഥാനം വിട്ട് പാർട്ടി സെക്രട്ടറിയായി. കൊൽക്കത്തയിൽ നടന്ന പതിനാറാം പാർട്ടി കോൺഗ്രസിലൂടെ കേന്ദ്രകമ്മിറ്റിയിലും പോളിറ്റ് ബ്യൂറോയിലും അംഗമായി.

ഒന്നരവർഷക്കാലം ജയിൽവാസം അനുഭവിച്ചു. ഭീകരമായ മർദ്ദനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. ക്രൂരമർദ്ദനത്തിന്റെ ബാക്കിപത്രമായ ചോരപുരണ്ട ഷർട്ട് ഉയർത്തിപ്പിടിച്ചാണ് പിണറായി പിന്നീട് നിയമസഭാ സമ്മേളനത്തിൽ പ്രസംഗിച്ചത്. ആഭ്യന്തരമന്ത്രി കെ കരുണാകരനെ പ്രതിക്കൂട്ടിൽ നിർത്തിയ ആ പ്രസംഗം നിയമസഭാ രേഖകളിലെ തിളങ്ങുന്ന അധ്യായമാണ്. നിയമസഭാ സാമാജികനെന്ന നിലയിലും മികച്ച പ്രവർത്തനമാണ് കാഴ്ചവച്ചത്. കേരള രാഷ്ട്രീയ ചരിത്രത്തിലെ കാമ്പയിൻ പ്രവർത്തന രംഗത്ത് തിളങ്ങി നിൽക്കുന്ന രണ്ട് മാർച്ചുകളാണ് കേരള മാർച്ചും നവകേരള മാർച്ചും ഈ രണ്ട് മുന്നേറ്റങ്ങളേയും നയിച്ചത് പിണറായി വിജയനായിരുന്നു. ഇതും അദ്ദേഹത്തിന്റെ സംഘാടനത്തിന്റെ മികവിന് തെളിവാണ്.

മുസ്ലിം ലീഗിനെ മതേതര ലീഗാക്കി നിലനിർത്തുന്ന വ്യത്യസ്തനായ നേതാവ്

മുസ്ലിംലീഗിലെ മതേതര മുഖമാണ് പികെ കുഞ്ഞാലിക്കുട്ടി. ലീഗിനെ വർഗ്ഗീയ പാർട്ടിയല്ലാതാക്കുന്ന നേതാവ്. എല്ലാ ആളുകളോടും സൗമ്യതയോടെ പെരുമാറുന്ന വികസനനായകൻ. വികസനത്തിൽ മതചിന്ത കൊണ്ടുവരാതെ അത്തരം വിവാദങ്ങളിൽ നിന്ന് അകന്നാണ് കുഞ്ഞാലിക്കുട്ടിയുടെ പോക്ക്. കേരളത്തെ വികസന സൗഹാർദ്ദമാക്കാനുള്ള കുഞ്ഞാലിക്കുട്ടിയുടെ ശ്രമങ്ങളും അംഗീകരിക്കപ്പെട്ടു. അതിലുപരി വർഗ്ഗീയതയ്‌ക്കെതിരെ എടുക്കുന്ന നിലപാട് തന്നെയാണ് കുഞ്ഞാലിക്കുട്ടിയെ വ്യത്യസ്തനാക്കുന്നത്. ഉമ്മൻ ചാണ്ടി മന്ത്രിസഭയിലെ രണ്ടാമനാണ് കുഞ്ഞാലിക്കുട്ടി. അപ്പോഴും ആ ഹുങ്ക് കാണിക്കാതെ ജനങ്ങളുമായി സംവദിക്കുന്നു.

പാണക്കാട് മുഹമ്മദലി ഷിഹാബ് തങ്ങളുടെ മരണത്തോടെ ലീഗിൽ കുഞ്ഞാലിക്കുട്ടിക്ക് ചില തിരിച്ചടികൾ നേരിട്ടെന്ന് കരുതുന്നവരുണ്ടായിരുന്നു. എന്നാൽ പാർട്ടിയുടെ മതേതരമുഖത്തെ തള്ളിക്കളഞ്ഞാൽ പിന്നെ കേരള രാഷ്ട്രീയത്തിൽ അപ്രസക്തമാകുമെന്ന് എല്ലാ ലീഗ് നേതാക്കളും തിരിച്ചറിയുന്നു. അതുകൊണ്ട് തന്നെ കുഞ്ഞാലി്ക്കുട്ടിയുടെ പാർട്ടിയിലെ സ്ഥാനം ഇപ്പോഴും രണ്ടാമൻ തന്നെ. നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുസ്ലിംലീഗും കേരള ജാഥക്കൊരുങ്ങുകയാണ്. കേരളത്തിലെ വർഗീയ പ്രവണതകൾക്കെതിരായി നടത്തുന്ന രാഷ്ട്രീയ വിശദീകരണജാഥ പി.കെ.കുഞ്ഞാലിക്കുട്ടി നയിക്കുമെന്ന തീരുമാനത്തിലൂടെ തന്നെ പാർട്ടിയിലെ സ്ഥാനം പൊതുസമൂഹത്തിന് വിശദീകരിച്ചു കൊടുക്കാൻ കുഞ്ഞാലിക്കുട്ടിക്കായി.

മുസ്ലിംലീഗിനും കോൺഗ്രസിനും ഇടയിലെ പാലവും കുഞ്ഞാലിക്കുട്ടിയാണ്. മുന്നണിയിലെ എല്ലാ നേതാക്കളുമായി അടുപ്പമുള്ള നേതാവാണ് കുഞ്ഞാലിക്കുട്ടി. ഇത് യുഡിഎഫിനെ പല പ്രതിസന്ധികളിൽ നിന്നും രക്ഷിക്കുകയും ചെയ്തിട്ടുണ്ട്. ഐസ്‌ക്രീം പെൺവാണിഭത്തിന്റെ ചൂടിൽ ഉഴലുമ്പോൾ ഒഴിച്ച് മുസ്ലിം ലീഗ് രാഷ്ട്രീയത്തെ നയിച്ചത് കുഞ്ഞാലിക്കുട്ടിക്കാണ്. ലീഗ് അണികളിൽ ഏറ്റവും സ്വാധീനമുള്ള നേതാവും കുഞ്ഞാലിക്കുട്ടി തന്നെ. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോടൊപ്പം ചേർന്ന് പ്രവർത്തിച്ച് കേരളത്തിന്റെ വികസന മുന്നേറ്റത്തിന് കാര്യമായ സംഭാവന നൽകിയ വ്യക്തി കൂടിയാണ് കുഞ്ഞാലിക്കുട്ടി. കേരള രാഷ്ട്രീയത്തിലെ അവഗണിക്കാനാവാത്ത പേരുകാരനാണ് അദ്ദേഹം.

ബിജെപിക്കാരനെന്ന് മറ്റ് പാർട്ടിക്കാർ മറന്നുപോകുന്ന സൗമ്യതയുടെ ആൾരൂപം

ബിജെപി രാഷ്ട്രീയത്തോട് എതിർപ്പുള്ളവർക്കും പ്രിയങ്കരനായ നേതാവാണ് ഒ രാജഗോപാൽ. കേരള ബിജെപിയിലെ ഏറ്റവും ജനകീയനായ നേതാവായ അദ്ദേഹം അരുവിക്കരയിൽ തന്റെ ജനപ്രീതി എത്രത്തോളമുണ്ടെന്ന് തെളിയിട്ടുണ്ട്.

കേരളത്തിലെ കക്ഷിരാഷ്ട്രീയ സംവിധാനം കൊണ്ട് മാത്രമാണ് പലപ്പോഴും അദ്ദേഹത്തിന് വിജയം അന്യമായി നിന്നത്. കക്ഷി രാഷ്ട്രീയ ഭേദമന്യേ ഏവർക്കും പ്രിയങ്കരൻ എന്ന നിലയിലാണ് രാജേട്ടനെന്ന ഓമനപേരിൽ അണികളും സുഹൃത്തുക്കളും വിളിക്കുന്നതും ജനകീയതയുടെ ഒരു തെളിവാണ്. രാഷ്ട്രീയ ജീവിതത്തിലെ അമ്പതാം വർഷം രാജഗോപാൽ ആഘോഷിച്ചപ്പോൾ സാക്ഷാൽ വി എസ് അച്യുതാനന്ദൻ പോലും അഭിനന്ദനുവമായെത്തി. അഴിമതി കറപുരളാത്ത,സത്യസന്ധനും സൗമ്യനുമായ രാഷ്ട്രീയക്കാരൻ.

രാജ്യത്തെ തലമുതിർന്ന ബിജെപി നേതാവാണ് രാജഗോപാൽ. ഏത് തെരഞ്ഞെടുപ്പ് വന്നാലും രാജഗോപാലെന്ന ജനകീയനെ ബിജെപിക്ക് വേണം. അരുവിക്കരയിലും നെയ്യാറ്റിൻകരയിലുമെല്ലാം ബിജെപി നേട്ടമുണ്ടാക്കിയത് രാജഗോപാലിന്റെ മികവിലാണ്. ജയിച്ചില്ലെങ്കിലും ജയത്തിന് സമാനമായ പ്രകടനം നടത്തി. തിരുവനന്തപുരം ലോക്‌സഭാ തെരഞ്ഞെടുപ്പിലെ രണ്ടാം സ്ഥാനവും ചർച്ച ചെയ്യപ്പെട്ടു. ബിജെപിക്കാരനെന്ന ലേബലിന് അപ്പുറം വോട്ട് നേടാൻ കഴിയുന്നതാണ് രാജഗോപാലിന്റെ രാഷ്ട്രീയ കരുത്ത്. സൗമ്യനായ ഈ നേതാവിനെ കേരളം ഒന്നാകെ ബഹുമാനിക്കുന്നു. വിവാദങ്ങൾക്ക് ഇടനൽകാത്ത രാഷ്ട്രീയ പ്രവർത്തനവും മാതൃകാപരം.

1992 മുതൽ 2004 വരെ മദ്ധ്യപ്രദേശിൽ നിന്നും രാജ്യസഭയെ പ്രതിനിധീകരിച്ച രാജഗോപാൽ ജനസമ്മതി ഏറെയുള്ള ബിജെപി നേതാവണ്. ആർ.എസ്സ്.എസ്സിലൂടെ ശ്രദ്ധേയനായ ഇദ്ദേഹം 1998ലെ വാജ്‌പേയി മന്ത്രിസഭയിൽ റയിൽവേ സഹമന്ത്രിയായിരുന്നു. അന്ന് കേരളത്തിൽ ഏറെ വികസന പ്രവർത്തനങ്ങളെത്തി. അഭിഭാഷക ജോലി ഉപേക്ഷിച്ചാണ് ഇദ്ദേഹം മുഴുവൻസമയ രാഷ്ട്രീയ പ്രവർത്തകനായത്. 1929 സെപ്റ്റംബർ 15 ന് പാലക്കാട് ജില്ലയിലെ പുതുക്കോട് പഞ്ചായത്തിൽ ഓലഞ്ചേരി വീട്ടിൽ മാധവൻ നായരുടെയും കുഞ്ഞിക്കാവ് അമ്മയുടെയും മകനായി ജനിച്ചു.പ്രാഥമികവിദ്യാഭ്യാസം നേടിയത് കണക്കന്നൂർ എലിമെന്ററി സ്‌കൂളിലും മഞ്ഞപ്ര അപ്പർ പ്രൈമറി സ്‌കൂളിലും ആയിട്ടായിരുന്നു.

അതിനുശേഷം പാലക്കാട് വിക്‌റ്റോറിയ കോളേജിൽ പഠനം തുടർന്നു. തുടർന്നു ചെന്നൈയിൽ നിന്നു നിയമബിരുദം നേടിയതിനു ശേഷം 1956 മുതൽ പാലക്കാട് ജില്ലാ കോടതിയിൽ അഭിഭാഷകജോലി ആരംഭിച്ചു. ദീൻ ദയാൽ ഉപാധ്യായയിൽ പ്രചോദിതനായ അദ്ദേഹം പഠനശേഷം ജനസംഘത്തിന്റെ പ്രവർത്തനങ്ങളിൽ ആകർഷിക്കപ്പെടുകയും ജനസംഘപ്രവർത്തകനായി മാറുകയും ചെയ്തു. സ്ഥാനമൊന്നും മോഹിക്കാതെ അവിടെ തുടർന്ന രാജഗോപാൽ ഇന്ന് സംഘപരിവാർ പ്രസ്ഥാനങ്ങളിലെ ജനകീയ മുഖമാണ്. ജാതിസമവാക്യങ്ങൾ പോലും ഈ നേതാവിന്റെ പേരിന് മുന്നിൽ അപ്രസക്തമാണ്. ഇതു തന്നെയാണ് രാജഗോപാലിനെ പുരസ്‌കാര പട്ടികയിൽ എത്തിക്കുന്നതും.