തിരുവനന്തപുരം: നിസ്വാർത്ഥമായി സമൂഹത്തിന് സേവനം ചെയ്യുന്ന സമൂഹ്യ പ്രവർത്തകനുള്ള മറുനാടൻ മലയാളിയുടെ ഇത്തവണത്തെ പുരസ്‌കാരം വാവാ സുരേഷിന്.

പാമ്പുകളുടെ തോഴനായ വാവ സുരേഷ് ജനങ്ങൾക്കിടയിലെ യഥാർത്ഥ ഹീറോ തന്നെയാണ്. പാമ്പുകളെ കുറിച്ച് പൊതുജനങ്ങളിൽ അവബോധം വളർത്താൻ വാവാ സുരേഷിന് ശരിക്കും സാധിച്ചിട്ടുണ്ട്. ലോകത്ത് തന്നെ ഏറ്റവും അധികം രാജവെമ്പാലയെ പിടികൂടിയ വ്യക്തിയെന്ന നേട്ടവും വാവാ സുരേഷിനാണ്. വാവ സുരേഷിന്റെ പ്രശസ്തി ആനിമൽ പ്ലാനറ്റിൽ വരെ എത്തിയിരുന്നു. വാവ സമൂഹത്തിന് നൽകുന്ന സംഭാവനകൾ മറുനാടൻ മലയാളിയുടെ വായനക്കാർ വീണ്ടും അംഗീകരിക്കുകയാണ്. അതിന് തെളിവാണ് ഈ പുരസ്‌കാരം.

മറുനാടന്റെ ഓൺലൈൻ വോട്ടിംഗിൽ എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് വാവാ സുരേഷിന്റെ ഈ നേട്ടം. വോട്ട് രേഖപ്പെടുത്തിയ 54,224 പേരിൽ 30,928 പേരും വാവ സുരേഷിന്റെ സാമൂഹിക സേവന മികവിനെ ഉയർത്തിക്കാട്ടി. അതായത് മൊത്തം പോൾ ചെയ്ത വോട്ടിന്റെ 57 ശതമാനം. രണ്ടാമത്‌  എത്തിയ അശ്വതി ജ്വാലയ്ക്ക് 10,352 വോട്ട് കിട്ടി. 19.1 ശതമാനമാണ് അത്. ഓട്ടോ മുരുകനാണ് മൂന്നാം സ്ഥാനം. ആകെ പോൾ ചെയ്ത വോട്ടിന്റെ 15.6 ശതമാനമാണ് ഓട്ടോ മുരുകൻ നേടിയത്. ആകെ വോട്ട് 8,432ഉം. 4.3 ശതമാനം വോട്ടുമായി ജോയ് കൈതാരത്തിനാണ് നാലാം സ്ഥാനം. കിട്ടിയ വോട്ട് 2336. പുനലൂർ സോമരാജന് 2176 വോട്ടും കിട്ടി. ആകെ പോൾ ചെയ്തതിന്റെ നാല് ശതമാനമാണ് ഇത്.

വോട്ടിങ് പാറ്റേർണിൽ നിന്ന് തന്നെ വാവാ സുരേഷിന്റെ മുൻതൂക്കം വ്യക്തമാണ്. തിരുവനന്തപുരത്ത് തെരുവിലുള്ളവർക്ക് വർഷങ്ങളായി പൊതിച്ചോർ എത്തിക്കുന്ന അശ്വതി ജ്വാലയുടെ പ്രവർത്തന മികവിനുള്ള അംഗീകാരമാണ് വോട്ടെടുപ്പിലെ രണ്ടാം സ്ഥാനം. കേരളത്തിൽ അങ്ങോളമിങ്ങോളം തെരുവിൽ കഴിയുന്നവരെ പുനരധിവസിപ്പിക്കുന്ന പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തിയാണ് മൂന്നാമത് എത്തിയ ഓട്ടോമുരുകൻ. കേരളത്തിലെ പല ബ്രേക്കിങ് ന്യൂസുകൾക്കും പിന്നിലെ ചാലക ശക്തിയാണ് ജോയ് കൈതാരം. പല അഴിമതി കേസുകളും പുറത്തുകൊണ്ടുവന്നത് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ വഴിയായിരുന്നു. പത്തനാപുരം ഗാന്ധിഭവൻ മേധാവിയാണ് പുനലൂർ സോമരാജൻ. പുനലൂർ, ഐക്കരക്കോണം സ്വദേശിയായ അദ്ദേഹത്തിന്റെ കീഴിൽ നടത്തുന്ന ഗാന്ധിഭവൻ വലിയൊരു ജീവകാരുണ്യ പ്രസ്ഥാനമാണ്. അശരണർക്കെല്ലാം താങ്ങും തണലുമാണ് സോമരാജൻ.

ഈ സുമനസ്സുകളെയാണ് വാവ സുരേഷ് ഓൺലൈൻ വോട്ടിംഗിൽ പിന്തള്ളിയതെന്നതിൽ നിന്ന് തന്നെ ഇദ്ദേഹത്തിന്റെ ജനപ്രിയത വ്യക്തമാണ്. 21 ദിവസം നീണ്ടുനിന്ന വോട്ടിംഗിന്റെ തുടക്കം മുതൽ തന്നെ വാവാ സുരേഷിനായിരുന്നു മുൻതൂക്കം. മറുനാടൻ അവാർഡിന്റെ ആദ്യഘട്ടത്തിൽ വായനക്കാർ നോമിനേറ്റ് ചെയ്ത അഞ്ച് പേരാണ് മികച്ച സാമൂഹിക പ്രവർത്തകനുള്ള പുരസ്‌കാര പട്ടികയിൽ ഫൈനലിസ്റ്റായത്. ഇവരിൽ നിന്നും ഓൺലൈൻ വോട്ടിങ് നടത്തിയാണ് വാവാ സുരേഷിനെ വിജയിയായി പ്രഖ്യാപിച്ചത്. ഡിസംബർ 15ാം തീയതി മുതലാണ് വോട്ടിങ് ആരംഭിച്ചത്. ജനുവരി 5ന് വരെയായിരുന്നു വോട്ട് ചെയ്യാനുള്ള സമയം.

അധികം പരിചയപ്പെടുത്തൽ ആവശ്യമില്ലാത്ത സാമൂഹിക ജീവിതമാണ് വാവ സുരേഷിന്റേത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലയിലെ ഏവർക്കും പരിചയമാണ് വാവ സുരേഷിനെ. നാട്ടിൻപുറത്ത് വിഷമുള്ള ഒരു പാമ്പിറങ്ങിയാൽ വാവ സുരേഷിനെ തേടി ആളുകൾ എവിടെ നിന്നായാലും എത്തും. പാമ്പിനെ പിടികൂടി സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റുന്ന വാവ പാമ്പുകൾക്കും വനപാലകർക്കും നാട്ടുകാർക്കും ഒരുപോലെ തോഴനാണ്. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളും ഏറ്റെടുത്ത് നടത്തുന്ന വാവ പ്രതിഫലം വാങ്ങാതെയാണ് പാമ്പു പിടിക്കാൻ നാടാകെ നടക്കുന്നത്. പതിനായിരക്കണക്കിന് പാമ്പുകളെയാണ് വാവ പിടിച്ചിട്ടുള്ളത്. പലപ്പോഴും ഗുരുതരമായ നിലയിൽ പാമ്പിന്റെ കടിയേൽക്കുകയും ചെയ്തിട്ടുണ്ട്. പാമ്പുകളെ കൊല്ലാതെ അവയെ സംരക്ഷിച്ച് സമൂഹത്തിന്റെ ഭയം അകറ്റുകയെന്ന ഈ ചെറുപ്പക്കാരന്റെ സേവന മികവിനെയാണ് മറുനാടൻ പുരസ്‌കാരവും ആദരിക്കുന്നത്.

തിരുവനന്തപുരം ശ്രീകാര്യത്തിനടുത്ത് ചെറിയൊരു ഓലപുരയിലാണ് വാവയും കുടുംബവും താമസിക്കുന്നത്. ചെറുപ്പം മുതലാണ് വാവ സുരേഷ് പാമ്പു പിടിക്കാൻ ആരംഭിച്ചത്. ചെറുവയ്ക്കൽ തേരുവിള വീട്ടിൽ ബാഹുലേയന്റെയും കൃഷ്ണമ്മയുടെയും മകനായ വാവ സുരേഷ് പന്ത്രണ്ടാം വയസിലാണ് ആദ്യമായി പാമ്പിനെ പിടിച്ചത്. ആദ്യം വിഷപാമ്പാണെന്ന് അറിയാതെയാണ് പിടിച്ചത്. പിന്നീട് മുതിർന്നപ്പോൾ പാമ്പുകളോട് തെല്ലും ഭയമില്ലാതായി മാറി. പാമ്പുകളെ കുറിച്ച് പൊതുജനങ്ങളിൽ അവബോധം വളർത്താൻ വാവാ സുരേഷിന് ശരിക്കും സാധിച്ചിട്ടുണ്ട്. ലോകത്ത് തന്നെ ഏറ്റവും അധികം രാജവെമ്പാലയെ പിടികൂടിയ വ്യക്തിയെന്ന നേട്ടവും വാവാ സുരേഷിനാണ്. വാവ സുരേഷിന്റെ പ്രശസ്തി ആനിമൽ പ്ലാനറ്റിൽ വരെ എത്തിയിരുന്നു.

ഇതിനിടെ വാവാ സുരേഷ് പാമ്പുപിടിത്തവും ഹൈടെക്ക് ആക്കിയിരുന്നു. കിങ് കോബ്ര എന്ന പേരിൽ വാവാ സുരേഷിന്റെ പാമ്പുപിടുത്തം എളുപ്പമാക്കാൻ ഒരു ആൻഡ്രോയ്ഡ് ആപ്പ് ഇറക്കിയിരുന്നു. ആപ്ലിക്കേഷനിലൂടെ ആളുകൾക്ക് കൂടുതൽ എളുപ്പത്തിൽ വാവ സുരേഷിന്റെ സേവനം ലഭ്യമാക്കിയിരുന്നു. തിരുവനന്തപുരം ടെക്‌നോപാർക്കിലെ സ്പാർക്‌നോവ പ്രൈവറ്റ് ലിമിറ്റഡാണ് ആൻഡ്രോയിഡ് ആപ്ലിക്കേഷന് പിന്നിൽ. ആപ്ലിക്കേഷനിലൂടെ ആളുകൾക്ക് കൂടുതൽ എളുപ്പത്തിൽ വാവ സുരേഷിന്റെ സേവനം ലഭ്യമാക്കിയിരുന്നു. ഏറ്റവും ജനകീയൻ എന്ന നിലയിൽ വാവ സമൂഹത്തിന് നൽകുന്ന സംഭാവനകൾ മറുനാടൻ അവാർഡിലൂടെ ഒരിക്കൽ കൂടി അംഗീകരിക്കപ്പെടുകയാണ്.