തിരുവനന്തപുരം: രാഷ്ട്രീയക്കാരേക്കാൾ വലിയ അഴിമതിക്കാർ സർക്കാർ ഉദ്യോഗസ്ഥരാണ് എന്ന് എല്ലാവർക്കും അറിയാം. അവരിൽ തന്നെ മുതിർന്ന ഐഎഎസുകാരും ഐപിഎസുകാരനും മുൻപന്തിയിൽ നിൽക്കുന്നു. ഏത് നിയമവും അവർ മാറ്റി മറിച്ചു ലാഭം കൊയ്യും. എന്നാൽ രാഷ്ട്രീയക്കാരോട് സന്ധി ചെയ്യാതെ സത്യത്തിന് വേണ്ടി ഉറച്ചു നിൽക്കുന്ന ഉദ്യോഗസ്ഥരും ഇല്ലാതില്ല. സാധാരണ ജനങ്ങൾക്ക് വേണ്ടി ഇടപെടൽ നടത്തുന്ന ഉദ്യോഗസ്ഥർ വേറെയുമുണ്ട്. ഇത്തരക്കാരെ കണ്ടെത്തി ആദരിക്കുകയാണ് മറുനാടൻ മലയാളി അവാർഡിലെ അടുത്ത ലക്ഷ്യം.

രണ്ടു വിഭാഗത്തിൽ പെട്ട അഞ്ചു ഉദ്യോഗസ്ഥരെ വീതമാണ് ആദ്യം ഷോർട്ട് ലിസ്റ്റ് ചെയ്യുന്നത്. ഐഎഎസ്/ഐപിഎസ് തുടങ്ങിയ ഉയർന്ന ഉദ്യോഗസ്ഥരിൽ നിന്നും അഞ്ചു പേരെ ഒരു വിഭാഗത്തിൽ തെരഞ്ഞെടുക്കുമ്പോൾ അതിന് താഴേക്കുള്ള ഉദ്യോഗസ്ഥരിൽ നിന്നുമാണ് രണ്ടാമത്തെ അഞ്ചു പേരെ കണ്ടെത്തുന്നത്. അദ്ധ്യാപകരും പൊലീസുകാരും മുതൽ ക്ലാർക്കുമാരും മറ്റു തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവരുമായ ആർക്കും ഈ വിഭാഗത്തിലേക്ക് അപേക്ഷിക്കാം. എന്നാൽ നിങ്ങൾ നിർബന്ധമായും സർക്കാർ ഉദ്യോഗസ്ഥൻ ആവണം.

അഴിമതിയോടു സന്ധിയില്ലാതെ സമരം ചെയ്യുക, ലഭിച്ചിരിക്കുന്ന ഉത്തരവാദിത്വങ്ങൾ പൊതുജനങ്ങൾക്ക് പ്രയോജനപ്രദമാക്കി നിർവഹിക്കുക, പരിഷ്‌കാരങ്ങൾ വഴി സമൂഹത്തിന് ഗുണം ചെയ്യുക എന്നിവ ആയിരിക്കും തെരഞ്ഞെടുപ്പിനുള്ള പ്രധാന മാനദണ്ഡം. സിവിൽ സർവീസ് ഉദ്യോഗസ്ഥരിൽ നിന്നും നിങ്ങൾക്ക് പരിചയം ഉള്ള പേരുകൾ നിർദ്ദേശിക്കാം. എന്തുകൊണ്ടാണ് ഇവരെ നിങ്ങൾ നോമിനേറ്റ് ചെയ്യുന്നത് എന്ന് വ്യക്തമാക്കി വേണം എഴുതാൻ.

സാധാരണ സർക്കാർ ഉദ്യോഗസ്ഥനെ നോമിനേറ്റ് ചെയ്യുമ്പോൾ ഏറെ കരുതൽ വേണം. ഈ അവാർഡ് വഴി ഉദ്ദേശിക്കുന്നത് ആരും അറിയപ്പെടാതെ കഴിയുന്ന സത്യസന്ധരായ ഉദ്യോഗസ്ഥരെ കണ്ടെത്താൻ ആണ്. അതിന് നിങ്ങളുടെ പരിചയവും അറിവും പ്രധാനമാണ്. സ്വന്തം ഉത്തരവാദിത്വം ഭംഗിയായി നിർവ്വഹിക്കുന്നത് വഴി പാവപ്പെട്ടവരുടെ ജീവിതത്തിൽ വെളിച്ചം വിതറുന്നവരെയുമാണ് കണ്ടെത്തുന്നത്. ഒരു സബ് ഇൻസ്‌പെക്ടർ ഒരു പൊലീസ് സ്റ്റേഷൻ അതിർത്തിയിലെ കുറ്റകൃത്യങ്ങൾ കുറക്കാൻ വ്യത്യസ്തമായി നടത്തുന്ന ഇടപെടൽ, അല്ലെങ്കിൽ ഒരു അദ്ധ്യാപകനോ അദ്ധ്യാപികയോ കുട്ടികളുടെ നിലവാരം ഉയർത്താൻ സാധാരണ വഴികൾക്ക് അപ്പുറത്തേക്ക് കടന്നു ചെയ്യുന്ന പ്രവർത്തികൾ അല്ലെങ്കിൽ ഒരു സർക്കാർ ഉദ്യോഗസ്ഥൻ പ്രലോഭനത്തിന് വഴങ്ങാതെ പാവപ്പെട്ടവർക്ക് നീതി കിട്ടാൻ നടത്തുന്ന പരിശ്രമങ്ങൾ ഇവയൊക്കെയാണ് ഈ വിഭാഗത്തിൽ വരിക.

വായനക്കാർ നിർദ്ദേശിക്കുന്ന ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങളിൽ കൂടുതൽ പിന്തുണ കിട്ടുന്ന അഞ്ച് പേരെ കുറിച്ച് മറുനാടൻ മലയാളി ടീം വിശദമായ അന്വേഷണം നടത്തുകയും ചെയ്യും. നിങ്ങൾ നോമിനേറ്റ് ചെയ്ത ഉദ്യോഗസ്ഥൻ സത്യസന്ധനും സമർത്ഥനും ആണെന്ന ബോധ്യപ്പെട്ടാൽ മാത്രമേ അവാർഡിനായി പരിഗണിക്കുകയുള്ളൂ. രണ്ടാമത്തെ വിഭാഗത്തിലെ അവാർഡുകളെ കുറിച്ച് പരിശോധിക്കുമ്പോഴാണ് ഇക്കാര്യത്തിൽ കൂടുതൽ പരിശോധന ആവശ്യമായി വരിക.

ഐഎഎസ്/ഐപിഎസ് കാറ്റഗറിയിൽ വരുന്ന ഉദ്യോഗസ്ഥരുടെ തെരഞ്ഞെടുപ്പ് അൽപ്പം കൂടി ലളിതമായിരിക്കും. പത്രമാദ്ധ്യമങ്ങളിലൂടെയും മറ്റും വായനക്കാർക്ക് ചിരപരിചിതരാണ് ഉയർന്ന ഉദ്യോഗസ്ഥർ. പല മാദ്ധ്യമങ്ങളും പൊതുജനസമക്ഷം ഇത്തരം ഉദ്യോഗസ്ഥരുടെ പ്രൊഫൈലുകൾ അവതരിപ്പിച്ചിട്ടുണ്ട്. ഒരു മികച്ച രാഷ്ട്രീയ നേതാവെന്ന പോലെ തന്നെ സജീവ ഇടപെടൽ നടത്തുന്ന ഉദ്യോഗസ്ഥരും നമുക്കിടയിൽ ഉണ്ട്. ഇത്തരക്കാരെയാകണം വായനക്കാർ നോമിനേറ്റ് ചെയ്യേണ്ടതും. ഒരാൾക്ക് എത്ര ഉദ്യോഗസ്ഥരെ വേണമെങ്കിലും നോമിനേറ്റ് ചെയ്യാവുന്നതാണ്.

മികച്ച ഉദ്യോഗസ്ഥർക്കുള്ള പുരസ്‌ക്കാരത്തിനായി നോമിനേഷൻ വായനക്കാർ ഇമെയ്ൽ വഴി അയയ്ക്കുകയാണ് വേണ്ടത്. awards@marunadan.in  എന്ന ഇമെയ്ൽ അഡ്രസിലേക്കാണ് നിങ്ങൾ നോമിനേഷനുകൾ അയയ്‌ക്കേണ്ടത്. ഇപ്പോൾ പ്രഖ്യാപിച്ച അവാർഡുകൾ കൂടാതെ മറ്റ് രണ്ട് അവാർഡുകളെ കുറിച്ചും മറുനാടൻ കഴിഞ്ഞദിവസം വാർത്ത നൽകിയിരുന്നു. കേരളത്തിൽ ഏറ്റവും ജനസ്വാധീനമുള്ള രാഷ്ട്രീയ നേതാവും യുവനേതാവും ആരെന്നതായിരുന്നു മറുനാടൻ അവാർഡ്‌സ് -2015ലേക്കുള്ള ആദ്യത്തെ രണ്ട് നോമിനേഷനുകൾ. ഈ അവാർഡിലേക്ക് വായനക്കാർ നിരവധി നേതാക്കളെ നോമിനേറ്റ് ചെയ്തു കഴിഞ്ഞിട്ടുണ്ട്. ഇതിന്റെ വിശദാംശങ്ങൾ മറുനാടൻ പിന്നീട് പ്രസിദ്ധീകരിക്കുന്നതാണ്.

ഇപ്പോൾ നോമിനേഷൻ ക്ഷമിച്ച നാല് പുരസ്‌ക്കാരങ്ങൾ കൂടാതെ ആറ് അവാർഡുകളിലേക്ക് കൂടി വരും ദിവസങ്ങളിൽ മറുനാടൻ മലയാളി നോമിനേഷൻ ക്ഷണിക്കുന്നതാണ്. മറ്റ് മാദ്ധ്യമങ്ങളും പ്രസ്ഥാനങ്ങളും ശ്രദ്ധിക്കാത്ത മേഖലക്കായിരിക്കും മുൻതൂക്കം. എല്ലാ മേഖലയിലും ജനങ്ങളുടെ നോമിനേഷൻ അടിസ്ഥാനപ്പെടുത്തി അഞ്ച് പേരെ വീതം ഫൈനലിസ്റ്റുകളായി തെരഞ്ഞെടുത്ത ശേഷം വായനക്കാരുടെ വോട്ടു രേഖപ്പെടുത്തി ആവും ജേതാവിനെ തെരഞ്ഞെടുക്കുക.

നിങ്ങളുടെ നോമിനേഷനുകൾ അയക്കേണ്ട ഇമെയ്ൽ അഡ്രസ് ഇതാണ്: awards@marunadan.in