- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാർലമെന്റ് ഇടപെടലുകളിൽ മിടുക്കരായ പി രാജീവും എം ബി രാജേഷും.. സാമൂഹ്യ സംവാദ വേദികളിൽ സജീവമായ വി ടി ബൽറാം.. നിലപാടുകൾ സ്പഷ്ടമായി പറയുന്ന എം ലിജു.. ബിജെപിയിലെ പൊതുസ്വീകാര്യ മുഖമായി വിവി രാജേഷ്: ഇവരിൽ ആരാണ് നിങ്ങൾ തിരഞ്ഞെടുക്കുന്ന പ്രൊമിസിങ് ലീഡർ?
തിരുവനന്തപുരം: കേരളത്തോളം രാഷ്ട്രീയം സജീവമായി ചർച്ച ചെയ്യുന്ന മറ്റൊരു സമൂഹം വേറെ ഉണ്ടാകില്ല. എന്തിലും ഏതിലും രാഷ്ട്രീയം കാണുന്നവരാണ് ഇവിടുത്തെ ജനങ്ങൾ. അതുകൊണ്ട് തന്നെ മികച്ച നേതാവ് ആരെന്ന് തിരഞ്ഞെടുക്കുമ്പോഴും പല വിധത്തിലുള്ള നിലപാടുകൾ ആളുകൾ പരിശോധിക്കും. മറുനാടൻ മലയാളിയുടെ പ്രൊമിംസിങ് ലീഡർ അവാർഡ് പട്ടികയിൽ ഇടംപിടിച്ച അഞ്ച
തിരുവനന്തപുരം: കേരളത്തോളം രാഷ്ട്രീയം സജീവമായി ചർച്ച ചെയ്യുന്ന മറ്റൊരു സമൂഹം വേറെ ഉണ്ടാകില്ല. എന്തിലും ഏതിലും രാഷ്ട്രീയം കാണുന്നവരാണ് ഇവിടുത്തെ ജനങ്ങൾ. അതുകൊണ്ട് തന്നെ മികച്ച നേതാവ് ആരെന്ന് തിരഞ്ഞെടുക്കുമ്പോഴും പല വിധത്തിലുള്ള നിലപാടുകൾ ആളുകൾ പരിശോധിക്കും. മറുനാടൻ മലയാളിയുടെ പ്രൊമിംസിങ് ലീഡർ അവാർഡ് പട്ടികയിൽ ഇടംപിടിച്ച അഞ്ച് നേതാക്കൾ അവരുടെ രാഷ്ട്രീയ നിലപാടുകളിൽ ഉറച്ചു നിന്നുകൊണ്ട് ജനപ്രീതി പിടിച്ചുപറ്റിയവരാണ്. ഈ വിഭാഗത്തിൽ അവാർഡിനായി തിരഞ്ഞെടുക്കപ്പെട്ടവരുടെ കൂട്ടത്തിൽ രണ്ട് പേർ ജനപ്രതിനിധികളും മൂന്ന് പേർ സംഘടനാ മേഖലകളിൽ പ്രവർത്തിക്കുന്നവരുമാണ്. വി ടി ബൽറാം, എം ലിജു എന്നിവർ കോൺഗ്രസ് രാഷ്ട്രീയത്തിൽ നിന്നും പി രാജീവ്, എം ബി രാജേഷ് എന്നിവർ സിപിഎമ്മിൽ നിന്നുമാണ് അവാർഡ് പട്ടികയിൽ ഇടംപിടിച്ചത്. ബിജെപിയിലെ പൊതുസ്വീകാര്യ മുഖമെന്ന നിലയിൽ വിവി രാജേഷും ഭാവി ലീഡർ പുരസ്‌ക്കാര പട്ടികയിൽ ഇടംപിടിച്ചു.
ഇവിരുടെ പ്രവർത്തനങ്ങൾ വിലയിരുത്തി വായനക്കാരാണ് അഞ്ച് പേരെയും മറുനാടൻ പുരസ്‌ക്കാരത്തിന്റെ ലിസ്റ്റിൽ ഇടംപിടിച്ചത്. ഇഷ്ടപ്പെട്ട പ്രൊമിംസിങ് ലീഡനെ കണ്ടെത്താനുള്ള ഓൺലൈൻ വോട്ടിങ് വീറോടും വാശിയോടും കൂടി പുരോഗമിക്കുകയാണ്. 14 ാം തീയതി മുതലാണ് മികച്ച ലീഡറെ കണ്ടെത്താനുള്ള വോട്ടിങ് ആരംഭിച്ചത്. ഡിസംബർ 31 ാം തീയതി വ്യാഴാഴ്ച വരെയുള്ള ദിവസങ്ങളിൽ വോട്ട് ചെയ്ത് ഭാവി നേതാവിനെ കണ്ടെത്താം.
ഈ വാർത്തയോടൊപ്പം കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത ശേഷം പത്ത് വിഭാഗങ്ങളിലെയും ഓരോരുത്തർക്ക് വീതം ക്ലിക്ക് ചെയ്ത് വോട്ട് രേഖപ്പെടുത്തിയ ശേഷം സബ്മിറ്റ് ചെയ്യുക. നിങ്ങളുടെ കമ്പ്യൂട്ടറിൽ ജിമെയിൽ അക്കൗണ്ട് ലോഗിൻ ചെയ്തിട്ടുണ്ടെങ്കിൽ ഓട്ടോമാറ്റിക്ക് ആയി നിങ്ങൾക്ക് വോട്ട് രേഖപ്പെടുത്താം. അല്ലെങ്കിൽ ഏതെങ്കിലും ഒരു ഇ മെയിൽ അക്കൗണ്ട് ലോഗിൻ ചെയ്ത ശേഷം മാത്രമേ വോട്ട് രേഖപ്പെടുത്താനാകു. ഒരു ഇമെയിലിന് ഒരു വോട്ട് വച്ചാണ്. നിങ്ങൾ ഒരു ഇമെയിൽ വഴി വോട്ട് രേഖപ്പെടുത്തി കഴിഞ്ഞാൽ ആ ഇമെയിൽ ഉപയോഗിച്ച് വീണ്ടും വോട്ട് ചെയ്യാൻ സാധിക്കില്ല. ഒരാൾ തന്നെ നിരവധി തവണ വോട്ട് ചെയ്യുന്നത് ഒഴിവാക്കാൻ ആണിത്.
ജനുവരി നാലാം തീയതി തിങ്കളാഴ്ച ആയിരിക്കും അവാർഡ് പ്രഖ്യാപിക്കുന്നത്. അവാർഡ് പ്രഖ്യാപനത്തിന് ശേഷം ഏതാനും ആഴ്ചകൾക്കുള്ളിൽ തിരുവനന്തപുരത്ത് വച്ച് തന്നെ പുരസ്‌കാരങ്ങൾ സമ്മാനിക്കുന്നതാണ്. ജനനായക പുരസ്‌ക്കാരം കഴിഞ്ഞാൽ ഏറ്റവും പ്രാധാന്യത്തോടെ രാഷ്ട്രീയം ചർച്ച ചെയ്യുന്നവർ ഇഷ്ടപ്പെടുന്ന പുരസ്‌ക്കാരമാണ് കേരളത്തിന്റെ പ്രൊമിസിങ് ലീഡർ ആര് എന്നത്.
നവമാദ്ധ്യമങ്ങളുടെ പ്രയോക്താവ്, സോഷ്യൽ മീഡിയയുടെ സ്വന്തം എംഎൽഎയായി വി ടി ബൽറാം
കേരള രാഷ്ട്രീയത്തിൽ രാഹുൽ ഗാന്ധി നൽകി ഏറ്റവും മികച്ച സംഭാവനയാണ് വി ടി ബൽറാം എംഎൽഎ എന്ന വ്യക്തിത്വം. ഗ്രൂപ്പുകളിച്ചാൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റും നേതാവ് പദവിയും ലഭിക്കുന്ന കോൺഗ്രസ് സംസ്‌ക്കാരത്തിനിടെയിൽ ടാലന്റ് ഹണ്ടിലൂടെ യൂത്ത് കോൺഗ്രസ് നേതൃത്വത്തിലേക്കെത്തുകയും ജനകീയ നേതാവായി വളരുകയും ചെയ്ത വ്യക്തിയാണ് വി ടി ബൽറാം. ഇടതു കോട്ടയായ തൃത്താല നിയമസഭയിൽ നിന്നും അട്ടിമറി വിജയം നേടിയ വി ടി ബൽറാം ചുരുങ്ങിയ സമയം കൊണ്ട് തന്നെ തന്റെ ജനസമ്മതി വർദ്ധിപ്പിച്ചു കഴിഞ്ഞു. പുരോഗമന ആശയങ്ങൾ കൊണ്ടും നിലപാടു കൊണ്ടും ഇടതു അനുഭാവികളുടെ പോലും കൈയടി നേടിയ എംഎൽഎയാണ് വി ടി ബൽറാം.
എംഎൽഎ എന്ന നിലയിൽ തൃത്താല മണ്ഡലത്തിൽ നിരവധി വികസന പ്രവർത്തനങ്ങൾ കൊണ്ടുവന്ന ബൽറാം മണ്ഡലത്തിൽ കക്ഷിഭേദമന്യേ ഏവരുടെയും കൈയടി നേടുകയും ചെയ്തു. കക്ഷിഭേദമന്യേ യുവാക്കളെ ആകർഷിക്കാൻ കഴിയുന്ന ലീഡറായി ബൽറാം വളർന്നിട്ടുണ്ട്. അതുകൊണ്ടാണ് അദ്ദേഹത്തെ പ്രൊമിസിങ് ലീഡർ അവാർഡിലേക്ക് പരിഗണിക്കുന്നതും. നവമാദ്ധ്യമങ്ങളിൽ പുതുരാഷ്ട്രീയം പയറ്റിയത് ബൽറാമായിരുന്നു. ആം ആദ്മി പോലും സജീവമാകും മുമ്പാണ് തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കാനായി ഓൺലൈൻ വഴി ഫണ്ട് പിരിവു നടത്തിയത് ബൽറാമായിരുന്നു.
പതിയെ തന്റെ നിലപാടുകൾ സോഷ്യൽ മീഡിയയിലൂടെ അറിയിച്ച് യുവാക്കളെ ആകർഷിക്കാൻ ബൽറാമിനായി. സോഷ്യൽ മീഡിയയുടെ സ്വന്തം എംഎൽഎ എന്ന് വേണമെങ്കിൽ ബൽറാമിനെ വിശേഷിപ്പിക്കാം. മതനേതാക്കളെ കണ്ട് വണങ്ങുന്ന നേതാക്കളുടെ ശീലത്തെ വിമർശിച്ച് ബൽറാം കോൺഗ്രസിലെ എ, ഐ ഗ്രൂപ്പുകളോട് പ്രത്യേകിച്ചും താൽപ്പര്യം കാണിക്കാത്ത വ്യക്തിത്വമാണ്. ഗ്രൂപ്പ് രാഷ്ട്രീയത്തിന് അതീതമായി രാഷ്ട്രീയ മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്ന വ്യക്തികൂടിയാണ് അദ്ദേഹം. നിയമസഭയിൽ അടക്കം യുവാക്കളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സജീവമായി ഇടപെട്ട വ്യക്തി കൂടിയാണ് തൃത്താല എംഎൽഎ.
മതേതര നിലപാട് സ്പഷ്ടമായി പറയുന്ന നേതാവ്, സംശുദ്ധ രാഷ്ട്രീയത്തിന്റെ വക്താവായി എം ലിജു
കേരള രാഷ്ട്രീയത്തിന് നിരവധി മിടുക്കരായ നേതാക്കളെ സംഭാവന ചെയ്ത ആലപ്പുഴ ജില്ലയിൽ നിന്നുമാണ് കോൺഗ്രസ് നേതാവായ എം ലിജുവിന്റെയും വരവ്. ഹരിപ്പാട് സ്വദേശിയായ ലിജുവിന് അടുപ്പം കോൺഗ്രസിലെ ഐ ഗ്രൂപ്പിനോടാണെങ്കിലും രാഷ്ട്രീയ നിലപാട് പറയുമ്പോൾ ഗ്രൂപ്പ് നോക്കുന്ന പതിവ് അദ്ദേഹത്തില്ല. കാര്യങ്ങൾ സ്പഷ്ടമായി പറയുന്ന ലിജും സംശദ്ധ രാഷ്ട്രീയത്തിന്റെ ഉടമ കൂടിയാണ്. അതുകൊണ്ട് തന്നെയാണ് വായനക്കാർ ലിജുവിനെയും മറുനാടൻ പ്രൊമിസിങ് ലീഡർ പട്ടികയിലേക്ക് നോമിനേറ്റ് ചെയ്തതും.
സർക്കാറിനെ പ്രതിരോധിക്കേണ്ട വിഷയങ്ങളിൽ പോലും അന്ധമായി പിന്തുണയ്ക്കാതെ തന്റെ നിലപാടിൽ ഉറച്ച് കാര്യങ്ങൾ വ്യക്തമാക്കുന്നതാണ് ലിജുവിനെ ശ്രദ്ധേയനാക്കുന്നത്. കോൺഗ്രസിലെ നെഹ്രുസോഷ്യലിസ്റ്റ് തത്വത്തിൽ വിശ്വസിക്കുന്ന വ്യക്തിയായ ലിജു മതേതര നിലപാട് ശക്തമായി വ്യക്തമാക്കിയ വ്യക്തി കൂടിയാണ്. സിപിഎമ്മിന്റെ ഉരുക്കു കോട്ടകളിൽ മത്സരിക്കേണ്ടി വരുന്നു എന്നതു കൊണ്ടാണ് അദ്ദേഹം നിയമസഭയിൽ എത്തിപ്പെടാതിരിക്കാൻ കാരണം. കഴിഞ്ഞ തവണ അമ്പലപ്പുഴ നിയോജക മണ്ഡലത്തിൽ ജി സുധാകരനെതിരെയാണ് ലിജു മത്സരിച്ചത്. വിജയിക്കില്ലെന്ന് ഉറപ്പുണ്ടായിട്ടും മികച്ച പ്രകടനം കാഴ്‌ച്ചവെക്കാൻ ലിജുവിന് സാധിച്ചു.
യൂത്ത് കോൺഗ്രസിലൂടെ വളർന്ന ലിജു ഇപ്പോൾ കെപിസിസിയുടെ ജനറൽ സെക്രട്ടറിമാരിയിൽ ഒരാളാണ്. യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന പ്രസിഡന്റ് എന്ന നിലയിൽ മികച്ച പ്രവർത്തനങ്ങളും ലിജു നടത്തിയിരുന്നു. വെള്ളാപ്പള്ളി ബിജെപി ബാന്ധവത്തെ തുറന്നെതിർത്ത് ലിജു നടത്തിയ ഇടപെടൽ ഏറെ ശ്രദ്ധേമാണ്. അഭിഭാഷകൻ കൂടിയാണ് ലിജു. രാഹുൽ ഗാന്ധി അടക്കമുള്ള കോൺഗ്രസ് ദേശീയ നേതൃത്വവുമായി മികച്ച അടുപ്പം സൂക്ഷിക്കുക കൂടി ചെയ്യുന്നു ലിജു എന്ന രാഷ്ട്രീയക്കാരൻ.
പാർലമെന്റിലെ കേരളത്തിന്റെ ശബ്ദമായി എം ബി രാജേഷ്
ഇന്ത്യൻ പാർലമെന്റിലെ കേരളത്തിന്റെ ശബ്ദമാണ് എം ബി രാജേഷ് എം പി. രാജ്യത്തിന്റെ ശ്രദ്ധ ആകർഷിക്കുന്ന വിവിധ വിഷയങ്ങൾ അദ്ദേഹം പാർലമെന്റിൽ അവതരിപ്പിച്ചു. പാർലമെന്റിൽ സജീവമായി ഇടപെടൽ നടത്തുന്ന എംപിയാണ് രാജേഷ്. കേരളത്തിലെ നേതൃപാടവവും അറിവും ഉള്ള നേതാക്കളിൽ ഏറ്റവും ശ്രദ്ധേയനായ വ്യക്തിത്വം കൂടിയാണ് അദ്ദേഹത്തിന്റേത്.
പാലക്കാട് ലോക്‌സഭാ മണ്ഡലത്തിൽ നിന്നും വിജയിച്ചു കയറിയത് ഒരുലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു. നേരത്തെ മറുനാടൻ മലയാളിയുടെ ജനകീയ എംപി പുരസ്‌ക്കാര ജേതാവ് കൂടിയാണ് എം ബി രാജേഷ്. കേരളത്തിലെ സിപിഎമ്മിലെ ഭാവി അമരക്കാരിൽ ഒരാളായി എം ബി രാജേഷ് ഉണ്ടാകുമെന്ന കാര്യം ഉറപ്പാണ്.
ബിരുദാനന്തര ബിരുദവും നിയമബിരുദവുമുണ്ട് രാജേഷിന്. ഒരു എഴുത്തുകാരൻ കൂടിയായ രാജേഷ് ഡിവൈഎഫ്ഐ.യുടെ മുഖപത്രം 'യുവധാര' മുഖ്യ പത്രാധിപരായും പ്രവർത്തിച്ചിട്ടുണ്ട്. ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡണ്ടായും അഖിലേന്ത്യാ പ്രസിഡന്റായും പ്രവർത്തിച്ചു. 2009ലെ തെരഞ്ഞെടുപ്പിൽ 1820 വോട്ടിന്റെ ഭൂരിപക്ഷത്തോടെ വിജയിച്ചാണ് ആദ്യമായി ലോക്‌സഭയിൽ എത്തിയത്.
ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം, തിരുവനന്തപുരം ലോ അക്കാദമിയിൽനിന്ന് എൽഎൽബി ബിരുദം എന്നിവ നേടി. സിപിഐ.എം. പാലക്കാട് ജില്ലാക്കമ്മറ്റി അംഗമായ ഇദ്ദേഹം എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി, എസ്.എഫ്.ഐ. കേന്ദ്ര ജോയന്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. എസ്എഫ്‌ഐ പാലക്കാട് ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി എന്നീ നിലയിൽ പ്രവർത്തിച്ചു. ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റായി. ഇപ്പോൾ അഖിലേന്ത്യാ പ്രസിഡന്റാണ്. സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗം കൂടിയാണ് രാജേഷ്.
കക്ഷിഭേദമന്യേ രാജ്യസഭാംഗങ്ങൾ പുകഴ്‌ത്തിയ വ്യക്തിത്വം, എറണാകുളം ജില്ലയുടെ അമരക്കാരനായ പി രാജീവ്
സിപിഐ(എം) എറണാകുളം ജില്ലാ സെക്രട്ടി പി രാജീവാണ് മറുനാടൻ പ്രൊമിസിങ് ലീഡർ പട്ടികയിൽ ഇടംപിടിച്ച മറ്റൊരു വ്യക്തിത്വം. ഇന്ത്യൻ പാർലമെന്റിൽ കേരളത്തിന്റെ അഭിമാനമുയർത്തിയ വ്യക്തി കൂടിയാണ് പി രാജീവ്. കേരളത്തിലെ യുവാക്കളെയും മുതിർന്നവരെയും ഒരുപോലെ നയിക്കാൻ പ്രാപ്തനാണ് അദ്ദേഹം. തദ്ദേശ തിരഞ്ഞെടുപ്പിൽ എറണാകുളം ജില്ലയിൽ സിപിഎമ്മിന് പ്രാദേശിക തലത്തിൽ മുന്നേറ്റുമുണ്ടാക്കാൻ സാധിച്ചതിൽ രാജീവിന്റെ ഇടപെടലുകൾ ശ്രദ്ധേയമാണ്. പാർട്ടിയെ ഭിന്നിപ്പില്ലാതെ നയിക്കാൻ സാധിക്കുന്ന പി രാജീവ് പാർട്ടിയുടെ ഭാവി പ്രതീക്ഷ കൂടിയാണ്.
നാൽപ്പത്തേഴുകാരനായ രാജീവ് സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവും പാർട്ടി രാജ്യസഭാ ഉപനേതാവുമാണ്. എസ്എഫ്‌ഐ എറണാകുളം ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ വൈസ്പ്രസിഡന്റ്, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി, സംസ്ഥാന പോളിടെക്‌നിക് യൂണിയൻ ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള രാജീവ് സംഘാടകനായും പ്രസംഗകനായും ഗ്രന്ഥകാരനായും പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്. ദേശാഭിമാനി മുൻ റസിഡന്റ് എഡിറ്ററാണ്. എം പി എന്ന നിലയിൽ 2011ൽ ശുചി അറ്റ് സ്‌കൂൾ പദ്ധതി നടപ്പാക്കിയതിന് മികച്ച ഭാവനാപൂർണ പദ്ധതിക്കുള്ള മുഖ്യമന്ത്രിയുടെ അവാർഡും ലഭിച്ചു.
ഔദ്യോഗിക കാലാവധി കഴിഞ്ഞ പി രാജീവിനെ സഭയിലേക്ക് തിരികെ കൊണ്ടുവരണമെന്ന് എതിർകക്ഷികളുടെ നേതാക്കളെല്ലാം ആവശ്യപ്പെട്ടത് അദ്ദേഹത്തിന്റെ പ്രവർത്തന മികവിനുള്ള അംഗീകാരമായിരുന്നു. അരുൺ ജയറ്റ്‌ലി, ഗുലാം നബി ആസാദ്, മായാവതി തുടങ്ങിയവർ രാജീവിനെ വീണ്ടും സഭയിലെത്തിക്കണമെന്ന് ആവശ്യപ്പെട്ടത് ഇന്ത്യയിലെ എല്ലാ ദേശീയ മാദ്ധ്യമങ്ങളിലും പ്രധാന വാർത്തയുമായി. പാർലമെന്ററി നടപടികളിൽ കാഴ്ചവച്ച മികവാണ് പി രാജീവിനെ ഇത്തരമൊരു അത്യപൂർവ്വ ബഹുമതിക്ക് രാജീവിനെ അർഹനാക്കിയത്.
ബിജെപിയിലെ പൊതുസ്വീകാര്യ മുഖമായി വിവി രാജേഷ്
മറുനാടൻ മലയാളിയുടെ പ്രൊമിസിങ് ലീഡർ ഫൈനൽ ലിസ്റ്റിലേക്ക് മികച്ച വോട്ടുകളോടെയാണ് യുവമോർച്ച സംസ്ഥാന അധ്യക്ഷനും ബിജെപി നേതാവുമായി വി വി രാജേഷ് തിരഞ്ഞെടുക്കപ്പെട്ടത്. ബിജെപി സംസ്ഥാന വക്താവായ അദ്ദേഹം ചാനൽ ചർച്ചകളിലൂടെയാണ് കൂടുതൽ പ്രിയങ്കരനായത്. തന്റെ പാർട്ടിയുടെ രാഷ്ട്രീയത്തെ സമർത്ഥമായി പറഞ്ഞ് അവതരിപ്പിക്കാനും ആക്രമണങ്ങളെ ചെറുക്കാനും പലപ്പോഴും രാജേഷിന് സാധിച്ചിട്ടുണ്ട്.
യുവമോർച്ചയിലൂടെ വളർന്നാണ് രാജേഷ് ബിജെപി സംസ്ഥാന നേതൃത്വത്തിലേക്ക് ഉയർന്നത്. തെരഞ്ഞെടുപ്പ് വേളയിൽ തിരുവനന്തപുരത്ത് ബിജെപിയുടെ മേയർ സ്ഥാനാർത്ഥിയായി പാർട്ടി ആദ്യം പരിഗണിച്ചത് രാജേഷിനെയായിരുന്നു. ബിജെപി യുവത്വത്തെ അഡ്രസ് ചെയ്യാൻ അദ്ദേഹത്തിന് സാധിക്കാറുണ്ട് എന്നതാണ് രാജേഷിനെ ജനകീയനാക്കുന്നത്.
2011ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വി വി രാജേഷ് വട്ടിയൂർക്കാവ് മണ്ഡലത്തിൽ നിന്നും മത്സരിച്ചിരുന്നു. നെടുമങ്ങാട് കരിപ്പൂർ സ്വദേശിയാണ് രാജേഷ്. എ ബി വിപിയിലൂടെയാണ് രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. യുവമോർച്ച സംസ്ഥാന അധ്യക്ഷനായതിനു ശേഷമാണ് ബിജെപി സംസ്ഥാന വക്താവാകുന്നത്. ബിജെപിയിലെ സ്ഥാനങ്ങൾക്കപ്പുറം പൊതുജന സ്വീകര്യതയുള്ള നേതാവ് കൂടിയാണ് വിവി രാജേഷിന്റേത്.