തിരുവനന്തപുരം: മാദ്ധ്യമ സ്ഥാപനങ്ങളുടെ പതിവ് അവാർഡുകളിൽ നിന്നും വ്യത്യസ്തമായി ജനങ്ങളുടെ ഇഷ്ടം അനുസരിച്ച് സമൂഹത്തിന്റെ വിവിധ കോണുകളിൽ ഉള്ളവരെ ആദരിക്കാൻ മറുനാടൻ ആരംഭിച്ച പുരസ്‌കാരത്തിന് അർഹരായവരെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പിന് തുടക്കം. ഇന്നു മുതൽ 19 ദിവസത്തേക്കാണ് വായനക്കാർക്ക് വോട്ട് ചെയ്യാൻ പറ്റുന്നത്. പത്ത് വിഭാഗങ്ങളിലും തെരഞ്ഞെടുക്കപ്പെട്ട അഞ്ച് പേരിൽ നിന്നും നിങ്ങൾക്ക് ഇഷ്ടമുള്ള ഓരോരുത്തർക്ക് വോട്ട് ചെയ്യാം. പത്ത് വിഭാഗങ്ങളിലും ഓരോ വോട്ടുണ്ട്.

ഈ വാർത്തയോടൊപ്പം കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത ശേഷം പത്ത് വിഭാഗങ്ങളിലെയും ഓരോരുത്തർക്ക് വീതം ക്ലിക്ക് ചെയ്ത് വോട്ട് രേഖപ്പെടുത്തിയ ശേഷം സബ്മിറ്റ് ചെയ്യുക. നിങ്ങളുടെ കമ്പ്യൂട്ടറിൽ ജിമെയിൽ അക്കൗണ്ട് ലോഗിൻ ചെയ്തിട്ടുണ്ടെങ്കിൽ ഓട്ടോമാറ്റിക്ക് ആയി നിങ്ങൾക്ക് വോട്ട് രേഖപ്പെടുത്താം. അല്ലെങ്കിൽ ഏതെങ്കിലും ഒരു ഇ മെയിൽ അക്കൗണ്ട് ലോഗിൻ ചെയ്ത ശേഷം മാത്രമേ വോട്ട് രേഖപ്പെടുത്താനാകു. ഒരു ഇമെയിലിന് ഒരു വോട്ട് വച്ചാണ്. നിങ്ങൾ ഒരു ഇമെയിൽ വഴി വോട്ട് രേഖപ്പെടുത്തി കഴിഞ്ഞാൽ ആ ഇമെയിൽ ഉപയോഗിച്ച് വീണ്ടും വോട്ട് ചെയ്യാൻ സാധിക്കില്ല. ഒരാൾ തന്നെ നിരവധി തവണ വോട്ട് ചെയ്യുന്നത് ഒഴിവാക്കാൻ ആണിത്.

ഒരിക്കൽ വോട്ട് ചെയ്തവർക്ക് ഈ ഫോം തുറന്ന് നോക്കാനും സാധിക്കില്ലാത്ത തരത്തിൽ ആണ് ചെയ്തിരിക്കുന്നത്. അതേസമയം നിങ്ങളുടെ വോട്ട് പിന്നീട് മാറ്റി ചെയ്യണം എന്ന് തോന്നിയാൽ എഡിറ്റ് ഫോമിൽ ക്ലിക്ക് ചെയ്ത് വീണ്ടും പരിക്ഷിക്കാൻ അവസരം ഉണ്ടാകും. ഒരു വീട്ടിൽ ഒന്നിൽ അധികം പേരുണ്ടാവുമെങ്കിലും കള്ളവോട്ട് ഒഴിവാക്കാൻ മറ്റൊരു വഴിയും ഇല്ലാത്തതിനാൽ ആണ് ഒരു ഇമെയിലിന് ഒറ്റ വോട്ടാക്കി നിജപ്പെടുത്തിയിരിക്കുന്നത്. വ്യാജ ഇമെയിലുകൾ ധാരാളമായി ഉണ്ടാക്കി ഒരേ ഐപി അഡ്രസിൽ നിന്നും അനവധി വോട്ടുകൾ ഉണ്ടായാൽ അത് കണ്ടെത്താനും സംവിധാനം ഉണ്ട്. അത്തരം വോട്ടുകൾ പിന്നീട് സ്‌ക്രീനിങ് സമയത്ത് നീക്കം ചെയ്യുന്നതാണ്. അത്തരക്കാരുടെ ഒരു വോട്ടു പോലും പരിഗണിക്കില്ല.

ഈമാസം 31 വരെയാണ് വോട്ട് ചെയ്യാനുള്ള അവസരം ഉള്ളത്. ക്ലോസിംഗിന് ശേഷമാണ് വോട്ടെണ്ണൽ നടത്തി വിലയിരുത്തുകളുടെ അടിസ്ഥാനത്തിലാണ് അന്തിമ വിജയികളെ പ്രഖ്യാപിക്കുക. 2016 ജനുവരി നാലാം തീയ്യതി മറുനാടൻ അവാർഡ്‌സ് 2015ലെ വിജയികൾ ആരെന്ന് വ്യക്തമാകും. വായനക്കാരുടെ നോമിനേഷൻ പരിഗണിച്ച് പത്ത് വിഭാഗങ്ങളിലായാണ് മറുനാടൻ അവാർഡ് ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചത്. ജനനായക പുരസ്‌ക്കാര പട്ടികയിൽ ആറ് പേരും മറ്റ് വിഭാഗങ്ങളിലായി അഞ്ച് പേരും വീതമാണ് പുരസ്‌ക്കാര പട്ടികയിൽ ഇടംപിടിച്ചത്.

കേരളത്തിന്റെ ജനനായകൻ

കേരളത്തിന്റെ ജനനായക പുരസ്‌ക്കാര പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത് സംസ്ഥാന രാഷ്ട്രീയത്തിലെ ജനകീയരായ ആറ് പേരാണ്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ, സിപിഐ(എം) പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയൻ, കെപിസിസി പ്രസിഡന്റ് വി എം സുധീരൻ, വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, ബിജെപി നേതാവ് ഒ രാജഗാപാൽ എന്നിവരാണ് ആറ് പേർ. ജനകീയ നേതാക്കളായ ഇവർ തമ്മിൽ കടുത്ത മത്സരം തന്നെ ഉണ്ടാകുമെന്ന് പ്രതീക്ഷ. രാഷ്ട്രീയത്തിലെ സത്യസന്ധതയും ജനസ്വാധീനവും ഇടപെടലും തന്നെയാണ് ഈ പുരസ്‌ക്കാരത്തിലെ മാനദണ്ഡങ്ങൾ.

പ്രൊമിസിങ് ലീഡർ

കേരള രാഷ്ട്രീയത്തിലെ ഭാവി ലീഡർ ആരായിരിക്കും എന്ന് കണ്ടെത്തുകയാണ് മറുനാടൻ ഈ പുരസ്‌ക്കാരത്തിലൂടെ ഉദ്ദേശിക്കുന്നത്. കേരള രാഷ്ട്രീയത്തിൽ സജീവമായി ഇടപെടലിൽ നടത്തുന്ന യുവനേതാക്കാണ് ഈ ലിസ്റ്റിൽ പെട്ടിരിക്കുന്നത്. പി രാജീവ്, എം ബി രാജേഷ്, വി ടി ബൽറാം, എം ലിജു, വി വി രാജേഷ് എന്നിവരാണ് ഈ ലിസ്റ്റിൽ ഇടംപിടിച്ചിരിക്കുന്നവർ.

മികച്ച സർക്കാർ ഉദ്യോഗസ്ഥൻ

ജനകീയ ഇടപെടൽ നടത്തുന്ന സാധാരണക്കാരായ സർക്കാർ ഉദ്യോഗസ്ഥർക്ക് വേണ്ടിയാണ് ഈ പുരസ്‌ക്കാരം. കൃഷി ഓഫീസർ ജോസഫ് ജോൺ തേറാട്ടിൽ, പുനലൂർ ആശുപത്രിയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തി ഡോ. ഷാഹിർ ഷാ, വനം വകുപ്പിൽ ശ്രദ്ധേയ പ്രവർത്തനങ്ങൾ കാഴ്‌ച്ചവച്ച പി ധനേഷ് കുമാർ, ഇടമലക്കുടി ട്രൈബൽ സ്‌കൂളിലെ ഏകാധ്യാപിക വിജയലക്ഷ്മി ടീച്ചർ, ആർടിഒ ആദർശ് കുമാർ നായർ എന്നിവരാണ് ഇ വിഭാഗത്തിൽ ഫൈനൽ ലിസ്റ്റിൽ ഇടംപിടിച്ചത്.

മികച്ച സിവിൽ സർവീസ് ഉദ്യോഗസ്ഥൻ

ഐഎഎസ്, ഐപിഎസ് വിഭാഗത്തിലായി കേരളത്തിലെ മികച്ച ഉദ്യോഗസ്ഥർക്കാണ് മറുനാടൻ ഈ പുരസ്‌ക്കാരം നൽകുന്നത്. പോയ വർഷം വാർത്തകളിൽ നിറഞ്ഞു നിന്നവരാണ് ഈ ലിസ്റ്റിൽ ഇടംപിടിച്ചിരിക്കുന്നത്. പൊലീസ് കൺസ്ട്രക്ഷൻ മേധാവി ജേക്കബ് തോമസ്, കോഴിക്കോട് കലക്ടർ എൻ പ്രശാന്ത്, നിറപറയ്‌ക്കെതിരെ ശക്തമായ നിലപാട് എടുത്ത അനുപമ ഐഎഎസ്, ഓൺലൈൻ പെൺവാണിഭ കേസ് പുറത്തുകൊണ്ടുവന്ന ഐജി ശ്രീജിത്ത്, എറണാകുളം കലക്ടറായ രാജമാണിക്യം എന്നിവരാണ് ഈ വിഭാഗം പുരസ്‌ക്കാരത്തിനുള്ള അവസാന പട്ടികയിൽ ഇടംപിടിച്ചവർ.

മികച്ച സാമൂഹ്യ പ്രവർത്തകൻ

ജനസേവകരായ സാമൂഹ്യ പ്രവർത്തകർക്ക് നൽകുന്ന ഈ പുരസ്‌ക്കാര ലിസ്റ്റിൽ ഇടം പിടിച്ചവർ ഒന്നിനൊന്ന് മികച്ചവർ ആണ്. പാമ്പുകളുടെ തോഴൻ വാവാ സുരേഷ്, തെരുവോരം മുരുകൻ എന്നറിയപ്പെടുന്ന ഓട്ടോ മുരുകൻ, ഗാന്ധിഭവൻ മേധാവി, പുനലൂർ സോമരാജൻ, തെരുവിലെ അഗതികൾക്ക് ഭക്ഷണം നൽകുന്ന അശ്വതി ജ്വാല, വിവരാവകാശ- സാമൂഹ സേവന രംഗത്തെ സജീവ സാന്നിധ്യമായ ജോയ് കൈതാരം എന്നിവരാണ് മറുനാടൻ പുരസ്‌ക്കാര ലിസ്റ്റിൽ ഇടംപിടിച്ച അഞ്ച് പേർ.

സോഷ്യൽ മീഡിയ

സോഷ്യൽ മീഡിയയിൽ വാർത്തകളിൽ നിറഞ്ഞവരെന്ന നിലയിൽ മൂന്ന് ഫേസ്‌ബുക്ക് ഗ്രൂപ്പുകളും രണ്ട് വ്യക്തികളുമാണ് അവാർഡിന്റെ പരിഗണനയിൽ വന്നത്. ഫ്രീ തിങ്കേഴ്‌സ്,റൈറ്റ് തിങ്കേഴ്‌സ്, കൃഷി ഭൂമി പേജുകളെയാണ് മറുനാടൻ പുരസ്‌ക്കാരത്തിനായി പരിഗണിക്കുന്നത്. കേരളവർമ്മ കോളേജ് അദ്ധ്യാപിക ദീപ നിശാന്ത്, മദ്രസാ പീഡനങ്ങളെ കുറിച്ച് തുറന്നെഴുതിയ മാദ്ധ്യമപ്രവർത്തക വി പി റെജീന എന്നിവരും ഈ പട്ടികയിൽ ഇടംപിടിച്ചു.

ബിസിനസുകാർ

കച്ചവടക്കാർ എന്നതിൽ ഉപരിയായി സാമൂഹ്യക്ഷേമ രംഗത്ത് സജീവമായി നിൽക്കുന്ന വ്യവസായികളെയാണ് ഈ പുരസ്‌ക്കാരത്തിനായി മറുനാടൻ തിരഞ്ഞെടുത്തത്. കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി, കിറ്റക്‌സ് ഉടമ, സാബു എം ജേക്കബ്, മുരളീധരൻ മുരളിയ ഫൗണ്ടേഷൻ,
സികെസി മേനോൻ എന്നിവരും, ബ്രിഡ്ജ് സോഷ്യൽ ഇന്നോവേഷൻസ് എന്നിവരാണ് പട്ടികയിൽ ഇടംപിടിച്ചത്.

കാമ്പസ് താരം

കാമ്പസിലെ ശ്രദ്ധേയ വ്യക്തിത്വങ്ങളെ തിരഞ്ഞെടുക്കുന്നതിന് വേണ്ടിയാണ് ഈ അവാർഡ് നൽകുന്നത്. ഫാറൂഖ് കോളേജിലെ ഇരിക്കൽ സമരത്തിലൂടെ ശ്രദ്ധാകേന്ദ്രമായ ദിനു വെയിൽലാണ് ഈ പട്ടികയിലെ പ്രധാനി, ആഷിൻ തമ്പി, ബാർട്ടൺ ഹിൽ എൻജിനീയറിങ് കോളേജിലെ പ്രോഗ്രാമായ ഇൻസ്‌പെയർ, സർക്കാർ സ്ഥാപനമായ അസാപ്പ്, രാജഗിരി കോളേജിലെ ക്രയോൺസ് എന്നിവയാണ് ഈ വിഭാഗത്തിലെ ഫൈനലിസ്റ്റുകൾ.

മികച്ച പ്രവാസി

പ്രവാസ മേഖലയിൽ സ്തുത്യർഹമായ സേവനം നടത്തുന്നവർക്ക് വേണ്ടിയാണ് ഈ പുരസ്‌ക്കാരം. ഷാജി സെബാസ്റ്റ്യൻ, കെ മുഹമ്മദ് ഇസ,അഷ്‌റഫ്, ചന്ദ്രൻ, അയൂബ് കൊടുങ്ങല്ലൂർ തുടങ്ങിയ സാധാരണക്കാരാണ് ഈ പുരസ്‌ക്കാര ലിസ്റ്റിലെ ഫൈനൽ ലിസ്റ്റിൽ ഇടംപിടിച്ചവർ.

പ്രവാസി സംഘടന

പ്രവേശികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സംഘടനകളാണ് ഈ വിഭാഗത്തിൽ മാറ്റുരയ്ക്കുന്നത്. ഐവൈസിസി ബഹറിൻ, കെഎംസിസി ദുബായ്, ശക്തി തിയേറ്റേഴ്‌സ് അബുദാബി, ഫൊക്കാന, ഗോൾഡ് എഫ് എം ദുബായ് എന്നിവരാണ് ഈ ലിസ്റ്റിൽ ഇടംപിടിച്ചത്.