കരുണയുടെ കരസ്പർശമായി വീണ്ടും മറുനാടൻ ടീം; ബ്രിട്ടനിലെ 33 മലയാളികൾ ഇന്നും നാളെയുമായി 13500 അടി മുകളിലെത്തി ആകാശത്ത് നിന്നും ഭൂമിയിലേക്ക് എടുത്ത് ചാടും; പാവപ്പെട്ട കുടുംബങ്ങളിലെ മിടുക്കരായ കുട്ടികളെ നഴ്‌സിങ് പഠിക്കാനുള്ള സ്‌കൈ ഡൈവിങ് വഴി ഇതുവരെ ശേഖരിച്ചത് 35 ലക്ഷത്തോളം രൂപ

മറുനാടൻ മലയാളി ടീമിന് മറ്റൊരു അഭിമാന നിമിഷം കൂടി. മറുനാടന്റെ സഹോദരസ്ഥാപനമായ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ യുകെയിൽ ഇന്നും നാളെയുമായി നടത്തുന്ന ആകാശ ചാട്ടം വഴി അനേകം പാവപ്പെട്ട കുടുംബങ്ങൾക്ക് നഴ്‌സിങ് പഠിക്കാനുള്ള അവസരം ഒരുങ്ങുകയാണ്. 33 പേരാണ് 13,500 അടി ഉയരത്തിൽ നിന്നും എടുത്ത് ചാടാൻ നോട്ടിങ്ഹാമിൽ എത്തിയത്. ഇവരെല്ലാവരും കൂടി ഇതിനോടകം 40,000ത്തോളം പൗണ്ട് ശേഖരിച്ച് കഴിഞ്ഞു (ഏകദേശം 35 ലക്ഷത്തോളം രൂപ). കേരളത്തിൽ മിടുക്കരായ പാവപ്പെട്ട കുട്ടികളുടെ നഴ്‌സിങ് പഠനത്തോടൊപ്പം യുകെയിൽ കാൻസർ റിസേർച്ച് എന്ന സംഘടനയ്ക്കും ഈ പണത്തിൽ നിന്നും ഒരു പങ്ക് നൽകും.

നോട്ടിങ്ഹാമിലെ ലാങർ എയർ ഫീൽഡിലാണ് ചാരിറ്റി എന്ന പുണ്യ കർമ്മത്തിന് വേണ്ടി ബ്രിട്ടീഷ് മലയാളികൾ സ്‌കൈ ഡൈവിങ് എന്ന സാഹസികതയുമായി ഒത്തു ചേരുന്നത്. ചാരിറ്റിക്ക് വേണ്ടി അപ്പീൽ ചെയ്തപ്പോൾ തന്നെ സ്ത്രീകളും കൗമാരക്കാരും അടക്കം നിരവധി പേർ സന്നദ്ധത അറിയിച്ച് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന് പിന്നിൽ അണിനിരക്കുകയായിരുന്നു. ഇതിൽ ആവേശത്തോടെ മുൻപന്തിയിൽ എത്തിയവരിൽ കൂടുതലും കൗമാരക്കാരാണെന്നതും ശ്രദ്ധേയം. ഒരു മാസം മുൻപ് തന്നെ ഇതിന് വേണ്ടിയുള്ള കാമ്പെയിനുകൾ തുടങ്ങിയപ്പോൾ പണം കണ്ടെത്താനും ഇവർ മത്സര ബുദ്ധിയോടെയാണ് രംഗത്തെത്തിയത്. പാവപ്പെട്ട വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള ഈ പുണ്യ കർമ്മത്തിൽ രണ്ട് വൈദീകരും ഉൾപ്പെടുന്നുണ്ട്.

മറുനാട്ടിൽ കഴിഞ്ഞിട്ടും ജന്മ നാട്ടിലുള്ള പാവങ്ങളായ തങ്ങളുടെ സഹോദരങ്ങൾക്ക് ഒരു കൈത്താങ്ങ് ആകുക എന്ന ലക്ഷ്യത്തോടെ വളരെ വലിയ സാഹസം തന്നെയാണ് ഇവർ കാഴ്‌ച്ച വെയ്ക്കുന്നത്. ആകാശ ചാട്ടത്തിൽ പങ്കെടുക്കുന്ന ഓരോരുത്തരും അവരുടെ വിർജിൻ മണി അക്കൗണ്ട് വഴി പണം ശേഖരിച്ചു തുടങ്ങുകയായിരുന്നു. മത്സര ബുദ്ധിയോടെ ഇവർ ഒത്തു പിടിച്ചപ്പോൾ മനസ്സറിഞ്ഞ് പലരും നൽകിയ പണം 35 ലക്ഷത്തിൽ എത്തുകയും ചെയ്തു.

സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന കഴിവുള്ള നഴ്‌സിങ് വിദ്യാർത്ഥികൾക്ക് വേണ്ടി ബ്രിട്ടനിലെ മലയാളികൾ ചെയ്യുന്ന ഈ സാഹസിക ഉദ്യമത്തിന് അതുകൊണ്ട് തന്നെ നമുക്കും കയ്യടിക്കാം. ഫീസ് അടയ്ക്കാൻ പണം ഇല്ലാത്തതുകൊണ്ട് നഴ്സിങ് പഠനം മുടങ്ങിയ മലയാളി പെൺകുട്ടികളെയും നല്ല മാർക്കുണ്ടായിട്ടും നഴ്‌സിങ് പഠിക്കാൻ ആഗ്രഹം ഉണ്ടായിട്ടും പണം ഇല്ലാത്തതുകൊണ്ട് അതിനു സാധിക്കാത്തവരായ കുട്ടികളെയും സഹായിക്കാനായാണ് ബ്രിട്ടീഷ് മലയാളി ഇത്തരം ഒരു ചാരിറ്റിക്ക് രൂപം നൽകിയത്.

മെറിറ്റിൽ അഡ്‌മിഷൻ നേടിയ വിദ്യാർത്ഥികൾക്കായിരിക്കും മുൻഗണന നൽകുക. എത്രപേരെ, ഏതു തരത്തിൽ സഹായിക്കണം എന്ന കാര്യം പിന്നീടേ തീരുമാനിക്കൂ. അതിനുള്ള മാനദണ്ഡങ്ങൾ രൂപം നൽകുകയും വിദഗ്ധരെ കൊണ്ടു അർഹമായവരെ തെരഞ്ഞെടുക്കുകയും ആയിരിക്കും ചെയ്യുക. ഏറ്റവും കൂടുതൽ തൊഴിൽ സാധ്യത ഉള്ളതും സാധാരണ കുടുംബങ്ങൾ മാത്രം ചേരുന്നതുമായ കോഴ്സ് എന്ന നിലയിലും ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ പിന്തുണക്കാരിൽ മഹാഭൂരിപക്ഷവും നഴ്സുമാരാണ് എന്നതുമാണ് നഴ്‌സിങ് പഠനത്തിന് വേണ്ടി പദ്ധതി തയ്യാറാക്കാൻ കാരണം.

നിങ്ങളുടെ പരിചയത്തിൽ പഠിക്കുന്നതിന് സാമ്പത്തിക ശേഷിയില്ലാത്ത ബുദ്ധിയുള്ള ആരെങ്കിലും നഴ്‌സിങ് പഠിക്കാൻ ആഗ്രഹിക്കുന്നതായോ ഇപ്പോൾ ഫീസ് അടക്കാത്തതുകൊണ്ട് പഠനം മുടങ്ങുമെന്ന സാഹചര്യത്തിൽ ഉള്ളതോ ആയി ആരെങ്കിലും ഉണ്ടെങ്കിൽ നിങ്ങൾക്കും സഹായത്തിനായി നോമിനേറ്റ് ചെയ്യാം. എല്ലാ അപേക്ഷകളും ഒരു വിദഗ്ദ സമിതി പരിഗണിച്ച ശേഷം ആയിരിക്കും ആർഹതയുള്ളവരെ കണ്ടെത്തുന്നത്. അപേക്ഷ നൽകേണ്ട വിലാസം bmcfskydiving@gmail.com