തിരുവനന്തപുരം: ഓരോ തെരഞ്ഞെടുപ്പുകളും ഏറ്റവും കൂടുതൽ ആഘോഷിക്കുന്നവരാണ് മലയാളികൾ. അത് അമേരിക്കൻ തിരഞ്ഞെടുപ്പായാലും പഞ്ചായത്ത് തിരഞ്ഞെടുപ്പായാലും ഒരുപോലെയാണ്. അത്രകണ്ട് രാഷ്ട്രീയമായി ചിന്തിക്കുന്നവരാണ് മലയാളികൾ.

ഈ രാഷ്ട്രീയ ബോധം ഉള്ളതുകൊണ്ട് തന്നെ മലയാള മാദ്ധ്യമങ്ങളും തെരഞ്ഞെടുപ്പ് ഫലങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ ഒരു ഉത്സവത്തിന്റെ ആവേശം പോലെ വാർത്തകൾ നൽകാറുണ്ട്. അതുകൊണ്ട് തന്നെ സംസ്ഥാനത്തിന്റെ ഭാഗധേയം നിർണ്ണയിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഫലം റിപ്പോർട്ട് ചെയ്യാനുള്ള ആവേശത്തിലാണ് എല്ലാ മലയാളം മാദ്ധ്യമങ്ങളും.

യുഡിഎഫ് ഭരണം തുടരുമോ, എല്ലാം ശരിയാക്കാൻ എൽഡിഎഫ് വരുമോ, വഴികാട്ടാൻ ബിജെപി വരുമോ എന്ന ചോദ്യങ്ങൾക്ക് ഉത്തരം തേടി നാളെ കേരളം വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് കണ്ണും കാതും കൂർപ്പിച്ചിരിക്കുമ്പോൾ തൽസമയ ഫലങ്ങൾ വായനക്കാരിലേക്ക് എത്തിക്കാൻ മറുനാടൻ മലയാളിയും റെഡിയാണ്.

കേരള നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ അതിന്റെ ആവേശം ഒട്ടും ചോരാതെ തന്നെ മറുനാടൻ മലയാളി വായനക്കാർക്കായി വാർത്ത അപ്ഡേറ്റ് ചെയ്യുന്നതാണ്. കേരളത്തിന് പുറമേ ബംഗാൾ, അസം, തമിഴ്‌നാട്, പോണ്ടിച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പ് ഫലവും മറുനാടനിലൂടെ അറിയാം. തെരഞ്ഞെടുപ്പ് ഫലം വായനക്കാരിലേക്ക് എത്തിക്കാൻ പ്രത്യേകം ടീം തന്നെ തയ്യാറാണ്. ഫലം അറിയിക്കുന്നതിന് വേണ്ടിയുള്ള സജ്ജീകരണങ്ങളെല്ലാം ഞങ്ങൾ ഒരുക്കിക്കഴിഞ്ഞു.

രാവിലെ എട്ടിനാണ് വോട്ടെണ്ണൽ ആരംഭിക്കുന്നത്. പോസ്റ്റൽ വോട്ടുകൾ ആദ്യം എണ്ണിത്തുടങ്ങും. ആദ്യഫല സൂചന ഒമ്പതോടെ പുറത്തുവരും. പോസ്റ്റൽ വോട്ടിലെ ലീഡ് നില മുതൽ തുടങ്ങി കൃത്യമായ ട്രെൻഡ് സഹിതമുള്ള ലൈവ് അപ്ഡേഷനുകൾ മറുനാടൻ വായനക്കാർക്കായി എത്തിക്കും. ലൈവ് ട്രെൻഡ് കാണിക്കുന്ന ഗ്രാഫ് വഴി ഓരോ മണ്ഡലത്തിലെയും ലീഡ് നില മറുനാടൻ മലയാളി വെബ്സൈറ്റ് വഴി അറിയാം. തുടക്കത്തിലെ ട്രെൻഡുകൾക്ക് ശേഷം പത്ത് മണിയോടെ സംസ്ഥാനത്തിന്റെ മൊത്തം ചിത്രം വ്യക്തമാകും. സംസ്ഥാനം ആരാണ് ഭരിക്കുന്നതെന്ന ചിത്രം വ്യക്തമാകുന്നതോടെ ഫലം വിശകലനം ചെയ്തുള്ള വാർത്തകളും മറുനാടനിൽ പ്രസിദ്ധീകരിക്കും.

ഓരോ മേഖലകൾ തിരിച്ചുള്ള അവലോകനങ്ങളും എന്തൊക്കെ ഘടകങ്ങളാണ് തെരഞ്ഞെടുപ്പിനെ ബാധിച്ചത് തുടങ്ങിയ വൈവിധ്യമാർന്ന വാർത്തകളും അവലോകനങ്ങളും ഉച്ചക്ക് മുമ്പ് തന്നെ ഞങ്ങൾ പ്രസിദ്ധീകരിക്കുന്നതാണ്. സുപ്രധാന തെരഞ്ഞെടുപ്പ് ഫലമെന്ന നിലയിൽ അതിന് അനുസരിച്ചുള്ള മാറ്റങ്ങളും വെബ്സൈറ്റിലുണ്ടാകും. മറുനാടൻ മലയാളി എഡിറ്ററുടെ നേതൃത്വത്തിലുള്ള പ്രത്യേക ടീം തന്നെയാണ് കേരളാ തെരഞ്ഞെടുപ്പ് ഫലം വായനക്കാരിലേക്ക് എത്തിക്കുക.

തെരഞ്ഞെടുപ്പിൽ സുപ്രധാന രാഷ്ട്രീയ പോരാട്ടം നടന്ന മണ്ഡലങ്ങളിൽ സംഭവിച്ച കൃത്യമായ വിവരങ്ങൾ വിവിധ ജില്ലകളിൽ നിന്നുള്ള ഞങ്ങളുടെ പ്രതിനിധികൾ നൽകും. താരപോരാട്ടം കൊണ്ടും ത്രികോണ മത്സരം കൊണ്ടും ശ്രദ്ധേയമായ മണ്ഡലങ്ങളിൽ സംഭവിച്ച കൃത്യമായ വിവരണങ്ങളും വായനക്കാർക്കായി പ്രസിദ്ധീകരിക്കുന്നതാണ്.