റുനാടൻ മലയാളിയുടെ രാഷ്ട്രീയം എന്ത് എന്നു ഊഹിക്കാൻ പലരും ശ്രമിക്കാറുണ്ട്. കുരുടൻ ആനയെ കണ്ടതുപോലെ അവരെ പ്രകോപിപ്പിക്കുന്ന ചില വാർത്തകളുടെ അടിസ്ഥാനത്തിൽ അവർ മറുനാടന്റെ രാഷ്ട്രീയം പ്രഖ്യാപിക്കുന്നു. ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയോടെ മതസംഘടനയോടോ അമിതമായി കൂറുള്ളവരൊക്കെ മറുനാടനെ എതിർപാളയത്തിലെ വക്താവായാണ് കരുതുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിന് മുമ്പുള്ള കാലഘട്ടത്തിൽ മോദിയുടെ മാറ്റത്തിന് വേണ്ടിയുള്ള ശ്രമത്തെ പിന്തുണച്ചതോടെ മറുനാടൻ ഒരു 'സംഘി' പത്രം ആണെന്നു പ്രചരണം ശക്തമായിരുന്നു. എന്നാൽ അതേ 'സംഘികൾ' കഴിഞ്ഞ ഏതാനും ആഴ്ചകളായി മറുനാടനെതിരെ കൊലവിളി നടത്തുന്നു. കാരണം മറ്റൊന്നുമല്ല ഡൽഹി തെരഞ്ഞെടുപ്പിൽ മോദി തരംഗത്തെ മറികടന്ന് ആം ആദ്മി വിപ്ലവം വിജയിക്കും എന്ന ദേശീയ പത്രങ്ങളുടെ അതേ നിലപാടിൽ ഞങ്ങളും ഉറച്ച് നിന്നു എന്നത് മാത്രം.

തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന സ്ഥിതിക്ക് മറുനാടനെ പുലഭ്യം വിളിച്ചവർ തെറ്റ് മനസ്സിലാക്കുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. സത്യത്തിന് വഴി തുറന്ന് കൊടുക്കാൻ ആണ് ഞങ്ങൾ എന്നും ആഗ്രഹിച്ചിട്ടുള്ളത്. വ്യവസ്ഥാപിത രാഷ്ട്രീയ പാർട്ടികൾ എല്ലാം അധികാര കസേരയിൽ എത്തിക്കഴിഞ്ഞാൽ കോംപ്രമൈസിന്റെ പാതയിലേക്ക് നീങ്ങുന്നു എന്നതാണ് ഇന്ന് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. ജാതിമത ശക്തികളെ പ്രീണിപ്പിച്ചും കോർപ്പറേറ്റ് ഭീമന്മാരുടെ മുമ്പിൽ മുട്ടു മടക്കിയും വോട്ട് ബാങ്ക് നിർമ്മിച്ചുമാണ് അധികാര രാഷ്ട്രീയം ഇവർ കയ്യടക്കി വച്ചിരിക്കുന്നത്. സംഘടിതമായ ഈ രാഷ്ട്രീയ ശക്തികളുടെ മുമ്പിൽ ഇല്ലാതായി തീരുന്നത് നിരാലംബരും ദുർബരുമായ വലിയൊരു ജനതയാണ്. ഇവരോട് കൂറ് പ്രഖ്യാപിക്കുന്നതാണ് മറുനാടൻ മലയാളിയുടെ രാഷ്ട്രീയം. ഈ രാഷ്ട്രീയത്തിന്റെ താത്കാലികമെങ്കിലും ആയ വിജയമായാണ് ഡൽഹിയിലെ തെരഞ്ഞെടുപ്പ് ഫലത്തെ ഞങ്ങൾ വിലയിരുത്തുന്നത്.

എന്തുകൊണ്ടാണ് ബിജെപിക്ക് ഇങ്ങനെ ഒരു കനത്ത തിരിച്ചടി ഉണ്ടായത് എന്ന ചോദ്യം പലരും ഉന്നയിക്കുന്നുണ്ട്. അതിന് ചൂണ്ടിക്കാട്ടാൻ അനേകം കാരണങ്ങൾ ഉണ്ട്. ഇവയിൽ ഏറ്റവും ശ്രദ്ധേയമായത് മൂന്നു കാരണങ്ങൾ ആണ്. അധികാരമേറ്റ് 100 ദിവസം തികയും മുമ്പ് മോദി സർക്കാർ തീവ്ര വലതുപക്ഷത്തേക്ക് ചരിയുകയും കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ വക്താവായി മാറുകയും ചെയ്തു എന്നതാണ് ആദ്യ കാരണം. ഇതിൽ സാധാരണക്കാർക്കുള്ള അസ്വസ്ഥതയും നിരാശയും ഒരു ഘടകമായി മാറി. പാർട്ടിയിലും സർക്കാരിലും പിടിമുറുക്കി ഏകാധിപതിയെ പോലെ മോദി പെരുമാറി തുടങ്ങുന്നുവോ എന്ന സാധാരണ ജനങ്ങളുടെ ഭീതിയാണ് രണ്ടാമത്തെ കാരണം. ഇതിനൊപ്പം പ്രധാനമായും ശ്രദ്ധിക്കേണ്ട മറ്റൊരു കാരണം കൂടിയുണ്ട്. കോൺഗ്രസിനോടുള്ള അതിശക്തമായ വികാരം പ്രകടിപ്പിക്കാൻ ജനങ്ങൾ ബിജെപിക്കെതിരെ വോട്ട് ചെയ്തു എന്നത് തന്നെയാണിത്. മോദി വിരുദ്ധ വോട്ടുകൾ ഒന്നുപോലും കോൺഗ്രസിലേക്ക് പോകാതെ ആം ആദ്മിക്ക് ലഭിച്ചപ്പോൾ കെജ്രിവാളിന്റെ പാർട്ടി അനായാസം അധികാരത്തിൽ എത്തി.

ഈ വിജയം കണ്ട് മോദി തരംഗം അവസാനിച്ചു എന്നു വിളിച്ച് പറഞ്ഞ് ആഹ്ലാദം പങ്ക് വയ്ക്കുന്ന അനേകം പേരുണ്ട്. അവർ സ്വപ്ന ലോകത്ത് ജീവിക്കുന്ന വിഡ്ഢികളാണ് എന്നു പറയാൻ ഞങ്ങൾക്ക് ഒരു മടിയുമില്ല. മോദി തരംഗം എന്ന പ്രതിഭാസം ഇന്ത്യയിൽ ഉണ്ടായത് ഇന്ത്യയെ ഭരിച്ച് മുടിച്ച കോൺഗ്രസിനോടുള്ള പ്രതിഷേധമായും കരുത്തനായ ഒരു ഭരണാധികാരിയെ ലഭിച്ചതിന്റെ ആശ്വാസവും കലർന്നാണ്. ഈ രണ്ട് സ്ഥിതിക്കും ഒരു മാറ്റവും ഇപ്പോഴും വന്നിട്ടില്ല. മോദി അധികാരത്തിൽ ഏറിയതിനെക്കാൾ ദുർബലമായിരിക്കുകയാണ് കോൺഗ്രസ് ഇപ്പോൾ. കഴിഞ്ഞ 15 വർഷം അവർ കാട്ടിക്കൂട്ടിയ അഴിമതിയും സ്വജനപക്ഷപാതവും വരുത്തി വച്ച പേരുദോഷം ഇല്ലാതാക്കാൻ കുറഞ്ഞത് 15 വർഷം കൂടിയെങ്കിലും വേണം. മോദിക്ക് ബദൽ നിൽക്കാൻ രാഹുൽ ഗാന്ധിക്ക് ഒരു ആയുസ്സു കൂടി ജീവിച്ചാലും സാധിക്കുകയുമില്ല. അതുകൊണ്ട് തന്നെ മോദിയുടെ പ്രസക്തി ഇപ്പോഴും തുടരുകയാണ്. മറ്റൊരു ലോക്‌സഭാ തെരഞ്ഞെടുപ്പ് ഇപ്പോൾ നടന്നാൽ ഒരുപക്ഷേ, കൂടുതൽ സീറ്റോടെ മോദി തന്നെ വീണ്ടും അധികാരത്തിൽ എത്തിയെന്നും വരാം.[BLURB#1-H]

മോദിയെ എഴുതിത്ത്ത്ത്ത്തള്ളാൻ ഇനിയും സമയമായിട്ടില്ല. അതിരുകടന്ന കോർപ്പറേറ്റ് പ്രീണന നയവും മറ്റും കുഴപ്പമായി കരുതാമെങ്കിലും ഇതുവരെയുള്ള മോദിയുടെ പ്രകടനത്തെ ഒരു നിയമസഭാ തെരഞ്ഞെടുപ്പിന്റെ അടിസ്ഥാനത്തിൽ നമുക്ക് തള്ളിപ്പറയാൻ പറ്റില്ല. ഡൽഹി തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് കുറഞ്ഞിട്ടില്ല എന്നു ശ്രദ്ധിക്കേണ്ടത് ഈ സാഹചര്യത്തിലാണ്. കഴിഞ്ഞ തവണ 32 സീറ്റ് നേടിയപ്പോൾ ബിജെപി നേടിയ അത്രയും വോട്ട് തന്നെ ഇക്കുറിയും നേടി. എന്നാൽ ഇത് സീറ്റ് ആയി മാറാതെ പോയത് കോൺഗ്രസ് തീരെ ദുർബലമായതുകൊണ്ടും കോൺഗ്രിന് വോട്ട് ചെയ്തവർ ബിജെപി ബദൽ എന്ന നിലയിൽ ആം ആദ്മിക്ക് വോട്ട് ചെയ്തതുമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ആപ്പിനെ ബിജെപിക്ക് ബദലായി കാണാൻ കഴിയാത്തവർ ഇക്കുറി അതിന് തുനിഞ്ഞു. ഈ കാരണങ്ങൾ എല്ലാം ഒരുമിച്ച് വന്നപ്പോൾ ബിജെപിയും കോൺഗ്രസും തൂത്തെറിയപ്പെടുകയായിരുന്നു.

വാസ്തവത്തിൽ ഇന്ത്യ കാത്തിരിക്കുകയായിരുന്നു ഇങ്ങനെയൊരു നേതാവിനെ. അത് മോദിയോടുള്ള വിരോധംകൊണ്ടല്ല, പ്രത്യുത മോദി എന്ന കരുത്തനായ ഇന്ത്യൻ പ്രധാനമന്ത്രിയോടുള്ള സ്‌നേഹം കൊണ്ടു തന്നെ. ഇന്ത്യ എക്കാലത്തും ആഗ്രഹിച്ചിരുന്നതാണ് കരുത്തരായ നേതാക്കളെ. ഇന്ദിരയ്ക്കുശേഷം ഇന്ത്യ കണ്ടെത്തിയ ആദ്യ നേതാവാണ് മോദി. ഡൽഹിയിൽ തോറ്റതോടെ മോദി അപ്രസക്തമാവുകയോ മോദി തരംഗം ഇല്ലാതാവുകയോ ചെയ്യുകയുമില്ല. എന്നിരുന്നാലും മോദിയുടെ തേരോട്ടത്തിന് ഒരു കണിഞ്ഞാൺ വേണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു. അധികാര പ്രമത്തത തലയ്ക്കു പിടിക്കാതിരിക്കാനുള്ള മുൻകരുതലാണിത്. കരുത്തനായ മോദിക്ക് കരുത്തനായ എതിരാളി കൂടി ഉണ്ടായാൽ മാത്രമേ കരുത്തുള്ള ഒരു രാഷ്ട്രം കെട്ടിപ്പടുക്കാൻ സാധിക്കൂ. ആ അർത്ഥത്തിൽ ഈ തെരഞ്ഞെടുപ്പിനെ കാണാനാണ് ഞങ്ങൾക്ക് ഇഷ്ടം.[BLURB#2-VL] 

മറ്റൊരു കാര്യം കൂടി നമ്മൾ പരിശോധിക്കണം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിൽ എത്തിയ ഇടങ്ങളിൽ എല്ലാം ശക്തമായ ത്രികോണ ചതുഷ്‌കോണ മത്സരങ്ങൾ ആണ് നടന്നത്. ബിജെപി ഏറ്റവും കൂടുതൽ സീറ്റ് പിടിച്ച ഉത്തർപ്രദേശിലേയും ബീഹാറിലേയും സ്ഥിതി മാത്രം പരിശോധിക്കുക. ഇവിടെ എല്ലാം രണ്ട് പ്രതിപക്ഷ പാർട്ടികൾ ഒരുമിച്ച് നിന്നാൽ ബിജെപിക്ക് കച്ചിതൊടാൻ കഴിയില്ല. ഇത് മാത്രമാണ് വാസ്തവത്തിൽ ഡൽഹിയിൽ നടന്നത്. എന്നുവച്ചാൽ ബിജെപി എന്ന ഏറ്റവും വലിയ പാർട്ടിക്കെതിരെ ഒരുമിച്ച് നിൽക്കാൻ മറ്റ് പാർട്ടികൾക്ക് കഴിഞ്ഞാൽ എപ്പോൾ വേണമെങ്കിലും മോദി അധികാരത്തിൽ നിന്നും നിഷ്‌കാസിതനാകുമെന്നർത്ഥം. ഇതാണ് യാഥാർത്ഥ്യമാണെന്നിരിക്കെ മോദി വിരുദ്ധ തരംഗം എന്നു പ്രചരിപ്പിക്കുന്നവർ യാഥാർത്ഥ്യ ബോധ്യത്തോടെയുള്ള രാഷ്ട്രീയമല്ല പറയുന്നത്.

ഈ രാജ്യത്തെ ശതകോടി ദുർബലർക്ക് പ്രതീക്ഷയുമായാണ് കെജ്രിവാൾ എന്ന നേതാവ് പിറന്നിരിക്കുന്നത്. വ്യവസ്ഥാപിത രാഷ്ട്രീയ പാർട്ടികളുടെ രീതിശാസ്ത്രത്തിൽ നിന്നും വ്യത്യസ്തമായ ഒന്നാണ് കെജ്രിവാൾ മുന്നോട്ട് വയ്ക്കുന്നത്. അനീതിക്കെതിരെ ശബ്ദമുയർത്തുന്നവരെല്ലാം മാവോയിസ്റ്റുകളായി ചിത്രീകരിക്കപ്പെടുന്ന കാലത്ത് ദുർബലർക്കും ആദിവാസികൾക്കും പാവങ്ങൾക്കും ഒരു ശബ്ദം ആവശ്യം ആയിരുന്നു. വികസനം എന്നാൽ  പ്രകൃതിയെ കൂടി കണക്കിലാക്കിക്കൊണ്ടുള്ള ഒന്നാവണം എന്ന തത്വശാസ്ത്രമാണ് ഇവർ വച്ച് പുലർത്തുന്നത്. പ്രകൃതി വിഭവങ്ങൾ എല്ലാം ഒറ്റയടിക്ക് ചൂഷണം ചെയ്ത് വൻകിട പദ്ധതികളിലൂടെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന വികസനമല്ല നമുക്ക് വേണ്ടത്. പ്രത്യുത പ്രകൃതിയെക്കൂടി കണക്കിലെടുത്ത് ദുർബലരെ പരിഗണിച്ച് കൊണ്ടുള്ള സാവകാശമുള്ള വികസനമാണ് നമുക്ക് വേണ്ടത്. ഈ ആശയത്തിൽ അടിയുറച്ച് നിന്ന് ശതകോടി ജനങ്ങളുടെ പ്രതീക്ഷ കെജ്രിവാൾ കാക്കുമെന്ന് തന്നെ കരുതാം.

അഞ്ച് വർഷം ഒരു സംസ്ഥാനത്ത് ഇത് പരീക്ഷിക്കാനുള്ള അവസരമാണ് കെജ്രിവാൾ ഏറ്റെടുത്തിരിക്കുന്നത്. ഈ പരീക്ഷണം വൻ വിജയമാകട്ടെ എന്നും ഇന്ത്യ മുഴുവൻ ഈ ബദൽ രാഷ്ട്രീയം സംഘടിത രൂപം പ്രാപിച്ചു വളരട്ടെ എന്നുമാണ് ഞങ്ങളുടെ പ്രാർത്ഥന. കരുത്തനായ പ്രധാനമന്ത്രി നമുക്കുള്ളപ്പോൾ കരുത്തനായ ഒരു പോരാളിയും നമുക്ക് ആവശ്യമാണ്. ഈ കരുത്താണ് ഞങ്ങൾ കെജ്രിവാളിൽ നിന്നും പ്രതീക്ഷിക്കുന്നത്. കേവലം ഡൽഹി സംസ്ഥാനത്തിന് മുഖ്യമന്ത്രി എന്നതിനപ്പുറം ഇന്ത്യയുടെ പ്രതിപക്ഷ നേതാവ് എന്ന രീതിയിൽ തന്നെ കെജ്രിവാൾ മുന്നേറ്റം നടത്തുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. അതിനുള്ള പ്രാർത്ഥനയും ആശംസയുമാണ് ഇത്തരുണത്തിൽ ഞങ്ങൾക്ക് നൽകാൻ കഴിയുന്നത്.