- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എരുമേലി സംഭവത്തിൽ വെള്ളയടിക്കലും കെട്ടിപ്പിടുത്തവും കൊണ്ട് പ്രശ്നപരിഹാരം ഉണ്ടാകുമോ? ആ അദ്ധ്യാപകന്റെ ജീവൽഭയം ആരുമാറ്റും? സിപിഐ(എം) നേതൃത്വം എങ്കിലും പാപക്കറ മായ്ക്കട്ടെ
എരുമേലി എന്ന പേരിനോളം മതസൗഹാർദ്ദം തുളുമ്പുന്ന ഒരു സ്ഥലം കേരളത്തിൽ ഉണ്ടാവില്ല. എരുമേലി ടൗണിന്റെ ഒരു വശത്ത് പ്രശസ്തമായ കൊച്ചമ്പലമാണ്. മറുവശത്ത് വാവരു പള്ളിയും. കൊച്ചമ്പലത്തിൽ നിന്നും അയ്യപ്പ ഭഗവാനെ തൊഴുതിറങ്ങുന്നവർ വാവരുപള്ളിയിൽ കയറി വലംവച്ച ശേഷമാണ് വലിയമ്പലത്തിലേക്ക് പേട്ടതുള്ളി പോകുന്നത്. എരുമേലി പേട്ട തുള്ളലിന്റെ സമയത്ത് മ
എരുമേലി എന്ന പേരിനോളം മതസൗഹാർദ്ദം തുളുമ്പുന്ന ഒരു സ്ഥലം കേരളത്തിൽ ഉണ്ടാവില്ല. എരുമേലി ടൗണിന്റെ ഒരു വശത്ത് പ്രശസ്തമായ കൊച്ചമ്പലമാണ്. മറുവശത്ത് വാവരു പള്ളിയും. കൊച്ചമ്പലത്തിൽ നിന്നും അയ്യപ്പ ഭഗവാനെ തൊഴുതിറങ്ങുന്നവർ വാവരുപള്ളിയിൽ കയറി വലംവച്ച ശേഷമാണ് വലിയമ്പലത്തിലേക്ക് പേട്ടതുള്ളി പോകുന്നത്. എരുമേലി പേട്ട തുള്ളലിന്റെ സമയത്ത് മുസ്ലിം പള്ളിയും കൊച്ചമ്പലവും തമ്മിലുള്ള വ്യത്യാസം മകുടങ്ങളുടെയും കമാനങ്ങളുടെയും ഭാഗത്ത് മാത്രമാണ്. ഏക മനസ്സോടെ ഇസ്ലാമും ഹിന്ദുവും ഒരുമിച്ച് പ്രവർത്തിക്കുന്ന ഈ കാഴ്ച ഒരിക്കൽ എങ്കിലും കാണാൻ സാധിച്ചാൽ പോലും ഇന്ത്യക്കാരൻ എന്ന അഭിമാനബോധം ആർക്കും ഇരട്ടിക്കും. ബാബറി മസ്ജിദ് തകർന്നുവീണിട്ടു പോലും ഈ മതേതര കൂട്ടായ്മയ്ക്ക് യാതൊരു വിള്ളലും വീണില്ല. ഈ മതേതരത്വത്തിന് മാറ്റുകൂട്ടാൻ തൊട്ടടുത്തു തന്നെ കുരിശുപള്ളിയും സ്ഥാപിക്കപ്പെട്ടു. അമ്പലത്തിലും വാവരു പള്ളിയിലും മാത്രമല്ല, കത്തോലിക്കരുടെ കുരിശുപള്ളിയിലും അയ്യപ്പഭക്തന്മാർ കാണിക്ക ഇടുന്നതു പതിവാക്കി. ഒരുപക്ഷെ അളവില്ലാതെ ലഭിച്ച ഈ കാണിക്കയാകും ഈ മതേതരത്വത്തിന്റെ ആണിക്കല്ലായി പ്രവർത്തിച്ചത്.
അതെന്തുമാവട്ടെ, എന്നിട്ടും കഴിഞ്ഞ ദിവസം വലിയ നിരാശാജനകമായ ഒരു സംഭവം അവിടെ അരങ്ങേറി. എരുമേലിയിലെ കത്തോലിക്കാ മാനേജ്‌മെന്റ് ഉടമസ്ഥതയിലുള്ള ഹയർ സെക്കണ്ടറി സ്‌കൂളിലെ എൻസിസി ക്യാമ്പിൽ പന്നി ഇറച്ചി വിളമ്പി എന്നതായിരുന്നു ഈ ആരോപണം. വാർത്ത വെളിയിൽ വന്നതിനെ തുടർന്ന് ആയിരക്കണക്കിന് മുസ്ലീമുകൾ സ്‌കൂളിലും പരിസരത്തുമായി തടിച്ചുകൂടി. പന്നി ഇറച്ചി വിളമ്പി എന്നാരോപിക്കപ്പെട്ട അദ്ധ്യാപകനെ ഒരുകൂട്ടം ആളുകൾ നാട്ടുകാരുടെ മുമ്പിൽ വച്ചു മർദ്ദിച്ച് അവശനാക്കുകയും ചെയ്തു.
വർഗീയ പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്യേണ്ടത് എങ്ങനെ എന്ന് ഇപ്പോഴും കേരളത്തിലെ പത്രങ്ങൾക്ക് ധാരണ ഇല്ലാത്തതിനാൽ പലരും പല രീതിയിലാണ് അതു റിപ്പോർട്ട് ചെയ്തത്. മിതത്വം എന്ന അംഗീകൃത വാദത്തിന്റെ പുറത്ത് മാദ്ധ്യമങ്ങൾ സത്യത്തിന്റെ ഒരു വശം മാത്രം റിപ്പോർട്ട് ചെയ്ത് പത്തിമടക്കുകയായിരുന്നു. മനോരമയടക്കമുള്ള പത്രങ്ങൾ പ്രാദേശിക പേജിൽ ചെറിയ വാർത്ത ആണ് നൽകിയതെങ്കിലും പന്നിയിറച്ചി വിളമ്പി എന്നും എന്നാൽ മുസ്ലിം കുട്ടികൾ കഴിക്കരുത് എന്നു പറഞ്ഞു എന്നുമാണ് റിപ്പോർട്ട് ചെയ്തത്. ചന്ദ്രികയും തേജസും അടക്കമുള്ള പത്രങ്ങൾ എൻസിസി ക്യാമ്പിൽ മുസ്ലിം വിദ്യാർത്ഥികൾക്ക് പന്നിയിറച്ചി വിളമ്പി എന്ന വിഷം വമിക്കുന്ന വാദമാണ് ഉയർത്തിയത്. യഥാർത്ഥത്തിൽ എരുമേലിയിൽ എന്തുസംഭവിച്ചു എന്ന് എരുമേലിക്കാർക്കു പോലും അറിയാൻ വയ്യാത്ത സാഹചര്യം ആയിരുന്നു, അവിടെ. അതേ സമയം നോമ്പുകാലത്ത് മുസ്ലിം കുട്ടികൾ അടങ്ങിയ വിദ്യാർത്ഥികൾക്കിടയിൽ പന്നിയിറച്ചി വിളമ്പി എന്നൊരു ധാരണ പൊതുവെ രൂപപ്പെട്ടു.
മറുനാടൻ മലയാളിയുടെ അന്വേഷണത്തിൽ വ്യക്തമായത് സംഭവം അങ്ങനയേ അല്ല നടന്നത് എന്നായിരുന്നു. സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ടു നടന്ന ചടങ്ങിന് ശേഷം അദ്ധ്യാപകർ കഴിച്ച ഭക്ഷണം മിച്ചം വന്നപ്പോൾ എൻസിസി വിദ്യാർത്ഥികളിൽ ആർക്കെങ്കിലും താത്പര്യം ഉണ്ടെങ്കിൽ വന്നു കഴിക്കാൻ അദ്ധ്യാപകൻ ഉപദേശിച്ചിടത്തുനിന്നായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കം. മുസ്ലിം വിദ്യാർത്ഥികൾ ഉണ്ടെങ്കിൽ കഴിക്കരുത് എന്ന അദ്ധ്യാപകന്റെ ഉപദേശം ആയിരുന്നു കലാപത്തിന് വഴിമരുന്നിട്ടത്. ഇതൊന്നും മനസ്സിലാക്കാതെയായിരുന്നു, ഒരു മാതൃകാ അദ്ധ്യാപകന്റെ നേരെ ചിലർ വാളും പരിചയുമായി പാഞ്ഞടുത്തത്. മിതത്വത്തിന്റെ പേരുപറഞ്ഞ് നിശബ്ദത പാലിച്ചാൽ അതു തെറ്റിദ്ധാരണയായി പടർന്നു കൈവെട്ടു സംഭവം പോലെ ആയി മാറാം എന്ന ഭയമായിരുന്നു ഈ അന്വേഷണത്തിലേക്ക് ഞങ്ങളെ പ്രേരിപ്പിച്ചത്.
ചന്ദ്രികയും തേജസ്സും മുസ്ലിം വികാരം മാത്രം ഉണർത്തുന്ന വിധത്തിൽ എൻസിസി ക്യാമ്പിൽ പന്നിയിറച്ചി വിളമ്പി എന്ന നിലപാടെടുത്ത് റിപ്പോർട്ട് ചെയ്യുകയും മനോരമയെ പോലെ മുഖ്യധാരാ പത്രങ്ങൾ ആദ്യ റിപ്പോർട്ടിനു ശേഷം കളംവിടുകയും ചെയ്തപ്പോൾ ഉണ്ടായ ആശയക്കുഴപ്പം തീർക്കാൻ മറുനാടൻ മലയാളിയുടെ ഇടപെടൽ ഗുണകരമായി എന്നു തന്നെയാണ് ഞങ്ങൾ വിശ്വസിക്കുന്നത്. ഏതെങ്കിലും ഒരു പക്ഷത്തിന്റെ കൂടെ നിൽക്കാതെ സത്യസന്ധമായ നിലപാട് എടുത്തു സംഘർഷം ലഘൂകരിക്കുന്ന സാഹചര്യം ഒരുക്കുകയായിരുന്നു ഞങ്ങളുടെ ലക്ഷ്യം. സ്‌കൂൾ മാനേജ്‌മെന്റ്, ജീവനക്കാർ, വിദ്യാർത്ഥികൾ, പഞ്ചായത്ത് അധികൃതർ, ജമാഅത്ത് ഭാരവാഹികൾ, വിവിധ രാഷ്ട്രീയപ്പാർട്ടി നേതാക്കൾ എന്നിവരോടെല്ലാം ചോദിച്ചായിരുന്നു ഞങ്ങൾ നിലപാട് ഉറപ്പിച്ചത്.
എന്തായാലും എരുമേലിയുടെ മഹിമയ്ക്കും കേരളത്തിന്റെ അന്തസിനും കോട്ടം തട്ടാതെ ആ പ്രശ്‌നം അവിടെത്തന്നെ രമ്യമായി പരിഹരിക്കപ്പെട്ടു. ഇതനുസരിച്ച് സ്‌കൂളിനെതിരെയുള്ള പ്രതിഷേധവും സമരങ്ങളും ഉപേക്ഷിക്കാനും സഹകരിച്ചു പ്രവർത്തിക്കാനും മുസ്ലിം സംഘടനകളും സ്‌കൂളിൽ അതിക്രമം കാട്ടിയതിനും അദ്ധ്യാപകനെ മർദ്ദിച്ചതിനും ചാർജ്ജ് ചെയ്ത കേസുകൾ പിൻവലിക്കാൻ സ്‌കൂൾ മാനേജ്‌മെന്റും തമ്മിൽ ധാരണയായിരിക്കുകയാണ്. കേസുകൾ പിൻവലിക്കുന്ന കൂട്ടത്തിൽ അദ്ധ്യാപകനും പ്രധാനാദ്ധ്യാപകനും എതിരെ ചാർജ്ജ് ചെയ്ത കേസുകളും പിൻവലിക്കപ്പെടും. ഈ കേസുകൾ പിൻവലിക്കപ്പെടുമ്പോൾ മാനേജ്‌മെന്റ് നടത്തിയ സസ്‌പെൻഷൻ നടപടിയും പിൻവലിക്കപ്പെടുമെന്നു തന്നെ വേണം കരുതാൻ.
എന്നാൽ ഒരുപാട് സംശയങ്ങളും ആശങ്കകളും വേദനകളും ഈ സംഭവം ബാക്കിയാക്കുകയാണ്. മുസ്ലിം വിദ്യാർത്ഥികൾക്ക് പന്നിയിറച്ചി വിളമ്പിയില്ല എന്ന വാദത്തിൽ ഉറച്ചുനിൽക്കുമ്പോഴും നോമ്പുകാലത്ത് ധാരാളം മുസ്ലിം വിദ്യാർത്ഥികൾ പഠിക്കുന്ന സ്‌കൂളിൽ പന്നിയിറച്ചി പ്രവേശിപ്പിച്ചത് മാനേജ്‌മെന്റ് ഭാഗത്തുനിന്നുണ്ടായ കൃത്യവിലോപം തന്നെയാണ്. വ്യാജ ആരോപണത്തിന്റെ പേരിൽ ഇത്രയും കടുത്ത നിയമലംഘനം ഒത്തുതീർപ്പു വ്യവസ്ഥയുടെ ഭാഗമായി കേസില്ലാതാക്കുന്നത് ആരോഗ്യകരമായ സാമൂഹ്യക്രമത്തിന് ഒട്ടും അനുയോജ്യമല്ല. മതത്തിന്റെ പേരിൽ നടക്കുന്ന ലഹളകൾ ആർക്കും നിയന്ത്രിക്കാനാവാത്ത വിധം വ്യാപിക്കുന്നത് ഇത്തരം കേസുകൾ ഒത്തുതീർപ്പിന്റെ ഭാഗമായി പിൻവലിക്കപ്പെടും എന്ന വിശ്വാസം മൂലമാണ്. കൂടുതൽ ഗുരുതരമായ വകുപ്പുകൾ ഉൾപ്പെടുത്തി ശിക്ഷിക്കേണ്ട ഗുരുതരമായ ക്രിമനൽ നടപടിയെ ഇങ്ങനെ ലഘൂകരിക്കുന്നത് നമ്മുടെ സമൂഹത്തിന് ദോഷമേ വരുത്തുകയുള്ളൂ. അഥവാ അദ്ധ്യാപകൻ പന്നിയിറച്ചി വിളമ്പി എന്നു കരുതുക, എങ്കില്പോലും നിയമം കയ്യിലെടുക്കാൻ ആൾക്കൂട്ടത്തിന് ആരാണ് അവകാശം നൽകിയത്?
ഒത്തുതീർപ്പ് വ്യവസ്ഥ പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞിട്ടും വിവാദത്തിൽ പെട്ടുപോയ അദ്ധ്യാപകൻ എവിടെ എന്നു വീട്ടുകാർക്കു പോലും അറിയില്ല എന്ന സാഹചര്യം ഏറെ വേദനാജനകമാണ്. ഈ അദ്ധ്യാപകന്റെ സസ്‌പെൻഷൻ പിൻവലിച്ച് ജോലിയിൽ പ്രവേശിപ്പിക്കാൻ നടപടി എടുക്കണം എന്നു മുസ്ലിം സംഘടനകളാണ് ആദ്യം ആവശ്യപ്പെടേണ്ടത്. ഇങ്ങനെ ജോലിയിൽ തിരിച്ചുകയറുന്ന അദ്ധ്യാപകന് ജീവൽഭയമില്ലാതെ കഴിയാനുള്ള സാഹചര്യം ഒരുക്കേണ്ടതുണ്ട്. ഇതിനുള്ള ഉറപ്പു നൽകേണ്ടത് ജമാഅത്ത് കൗൺസിലും മറ്റ് മുസ്ലിം സംഘടനകളുമാണ്. നിരോധിത സംഘടനയായ സിമിയും മൗലികവാദികളായ പോപ്പുലർ ഫ്രണ്ടും അടക്കമുള്ള സംഘടനകളിലെ പ്രവർത്തകരാണ് കാഞ്ഞിരപ്പള്ളിയിൽ നിന്നും ഈരാറ്റുപേട്ടയിൽ നിന്നും ഒക്കെ എരുമേലിയിലേക്ക് ഓടിയെത്തിയത് എന്ന് അവിടുത്തെ നേതാക്കൾ തന്നെ പറയുന്നുണ്ട്. ഈ സാഹചര്യത്തിൽ ഈ അദ്ധ്യാപകന് സുരക്ഷ ഉറപ്പുവരുത്താൻ എരുമേലിയിലെ മുസ്ലിം സംഘടനകൾക്ക് കഴിയുമോ? ഈ ചോദ്യത്തിനാണ് അടിയന്തിരമായി ഉത്തരം കണ്ടെത്തേണ്ടത്.
നിരപരാധിയായ രാജീവ് ജോസഫ് എന്ന അദ്ധ്യാപകൻ ഇപ്പോൾ എവിടെ ഉണ്ടെന്നു പൊലീസിനോ വീട്ടുകാർക്കോ പോലും അറിയില്ല. 30 വയസ്സുപോലും തികയാത്ത ചെറുപ്പക്കാരനായ രാജീവിന്റെ ജീവിതത്തെ ഓർത്തു സങ്കടപ്പെടാത്ത ആരുമില്ല പരിചയക്കാരായി. തൊടുപുഴയിലെ ടി എ ജോസഫ് എന്ന അദ്ധ്യാപകനുമായി പലതവണ നേരിട്ടു സംസാരിച്ചിട്ടുള്ള വ്യക്തി എന്ന നിലയിൽ ഈ ലേഖകൻ രാജീവിന്റെ കാര്യത്തിൽ ഏറെ ആശങ്കാകുലനാണ്. രാജീവിനെതിരെ ഉയർന്ന ആരോപണത്തെക്കാൾ നിസാരവും ഗൗരവം കുറഞ്ഞതുമായ വിഷയമായിരുന്നു ജോസഫ് മാസ്റ്റർക്കെതിരെ ഉയർന്നത്. ചോദ്യപ്പേപ്പർ വിവാദം അവസാനിച്ച് നാളുകൾക്കുശേഷമായിരുന്നു അദ്ദേഹത്തിന്റെ കൈ വെട്ടി എടുത്തത്. എന്നാൽ ഒട്ടേറെത്തവണ ഇതിനുവേണ്ടിയുള്ള ശ്രമങ്ങൾ നടന്നതായി ജോസഫ് വ്യക്തമാക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ കേവലം ഒത്തുതീർപ്പിനപ്പുറം രാജീവ് നിരപരാധിയാണെന്നും അത്തരമൊരു ദുരന്തത്തിനു കാരണമാകുന്ന ഒരു സാഹചര്യവും ഉണ്ടാകാൻ പാടില്ലെന്നും ഉറപ്പു വരുത്തേണ്ട ചുമതല ഇവിടുത്തെ മുസ്ലിംസംഘടനകൾക്കുണ്ട്. ആ ചുമതല നിറവേറ്റാൻ ആദ്യം അവർ ചെയ്യേണ്ടത് രാജീവിന്റെ സസ്‌പെൻഷൻ പിൻവലിച്ച് ജോലിയിൽ പ്രവേശിപ്പിക്കാൻ മാനേജ്‌മെന്റിനുമേൽ സമ്മർദ്ദം ചെലുത്തുകയാണ്.
ഇവിടെ ശ്രദ്ധിക്കേണ്ട വലിയൊരു കാര്യം കൂടി ബാക്കിയുണ്ട്. വർഗ്ഗീയ ലഹളകൾ ഉണ്ടാകാനുള്ള ലക്ഷണങ്ങൾ ഒക്കെ കാട്ടുമ്പോൾ തന്നെ തന്റേടത്തോടെ മുണ്ടും മുറുക്കി രംഗത്ത് ഇറങ്ങുന്ന സിപിഎമ്മുകാർ എവിടെയായിരുന്നു എന്ന ചോദ്യം. ലോകത്തെവിടെ പ്രശ്‌നങ്ങൾ ഉണ്ടായാലും ഓടിയെത്തി അഭിപ്രായം പറയുന്ന ഗവൺമെന്റ് ചീഫ് വിപ്പ് പിസി ജോർജ്ജിന്റെ മണ്ഡലം ആയിട്ടുകൂടി ജോർജ്ജ് അങ്ങോട്ട് തിരിഞ്ഞ് നോക്കുകയോ അഭിപ്രായം പറയുകയോ ചെയ്തതായി ആരും കണ്ടില്ല. അതുപോലെ തന്നെയാണ് സ്ഥലം എംപി ആന്റോ ആന്റണിയുടെ മൗനവും. ഇതിൽ ഏറ്റവും നിരാശാജനകമായത് സിപിഎമ്മിന്റെ റോൾ ആയിരുന്നു. സിപിഎമ്മിനെ അല്പമെങ്കിലും ക്രൈസ്തവ ന്യൂനപക്ഷങ്ങൾ വിശ്വസിക്കുന്നത് മതനിരപേക്ഷതയോടുള്ള അവരുടെ സന്ധിയില്ലാ സമീപനം മൂലമാണ്. എന്നാൽ എരുമേലി പ്രശ്‌നങ്ങളിൽ സിപിഐ(എം) കുറ്റകരമായ അനാസ്ഥ കാട്ടി എന്നുമാത്രമല്ല ജമാഅത്ത് കൗൺസിലിന്റെ നേതാവായി ഇസ്ലാമിക വികാരം വ്രണപ്പെട്ടു എന്ന ആരോപണം ഉയർത്തി രംഗത്ത് വന്നത് സിപിഎമ്മിന്റെ എരുമേലിയിലെ ഏറ്റവും വലിയ നേതാവായിരുന്നു.
സിപിഐ(എം) പാർട്ടി അംഗവും സിപിഎമ്മിന്റെ പ്രതിനിധിയായി എരുമേലി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം അലങ്കരിച്ചിരുന്ന ആളുമായ പിഎ ഇർഷാദ് ആയിരുന്നു ജമാഅത്ത് കൗൺസിൽ സെക്രട്ടറി എന്ന നിലയിൽ കടുത്ത നിലപാടെടുത്ത് രംഗത്ത് വന്നത്. ഇർഷാദിന്റെ സഹോദരനും കെപിസിസി സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് മെമ്പറുമായ പിഎ സലീം സംഭവസ്ഥലത്തെത്തിയത് വൈകിയായിരുന്നു എന്നാണ് റിപ്പോർട്ട്. എന്നാൽ സഹോദരനും സിപിഐ(എം) നേതാവുമായ ഇർഷാദിന്റെ ഇടപെടൽ ഏറെ ഖേദകരമായിരുന്നു. നേതാവ് ഒരു വിഭാഗത്തിന്റെ വക്താവായി മാറിയപ്പോൾ സംഭവത്തിൽ മധ്യസ്ഥത വഹിക്കേണ്ട ഏക പാർട്ടിയായ സിപിഐ(എം) നിശബ്ദത പാലിക്കുകയായിരുന്നു. സഹോദരന്മാരുടെ വിരുദ്ധ രാഷ്ട്രീയവും എന്നാൽ പരസ്പരം അക്രമിക്കാത്ത സഹകരണവും മുമ്പ് തന്നെ ആരോപണ വിധേയമാണ്. കേരളത്തിലെ പലയിടങ്ങളിലും പല ക്രമസമാധാന പ്രശ്‌നങ്ങളുടെയും മൂലകാരണമായി മാറുന്നവരൊക്കെ ഇത്തരം ഇടത് വലത് രാഷ്ട്രീയം കളിക്കുന്നു എന്ന ആരോപണത്തിന് ഉത്തമ ഉദാഹണമായി മാറുകയാണ് ഈ സംഭവം.
ഈ വിഷയത്തിൽ ഇർഷാദ് എടുത്ത നിലപാട് സിപിഐ(എം) കണ്ടില്ലെന്ന് നടിച്ചാൽ ഈ പ്രദേശത്ത് ഈ പാർട്ടിയുടെ പ്രസക്തി നഷ്ടമാകുകയാണ് ചെയ്യുന്നത്. എരുമേലി ടൗണിലും മറ്റും മുസ്ലിം സമുദായത്തിന് വലിയ സ്വാധീനമാണെങ്കിലും എരുമേലി പഞ്ചായത്തിൽ ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾക്ക് തന്നെയാണ് മുൻതൂക്കം. ഇവിടുത്തെ മതനിരപേക്ഷത കാത്ത് സൂക്ഷിക്കുന്നതിൽ രാഷ്ട്രീയവും മതപരവുമായ ഈ ബാലൻസിങ് ഒരു വലിയ ഘടകമായിരുന്നു. ആ ബാലൻസിങ് തെറ്റിക്കാനുള്ള തീവ്രമായ ശ്രമം ആണ് ഇപ്പോൾ അരങ്ങേറുന്നത്. ഇതൊരു ഗൂഢാലോചന തന്നെ ആണെന്ന് തിരിച്ചറിഞ്ഞ് ഇത്തരം വർഗ്ഗീയ കോമരങ്ങളെ ഈ നാട്ടിൽ നിന്നും ഓടിച്ച് വിടാൻ മതനിരപേക്ഷരായ മുസ്ലീമുകൾ തന്നെ രംഗത്ത് വരണം. എരുമേലിയുടെ മതസഹിഷ്ണുതാ സ്വഭാവം നിലനിർത്തേണ്ടത് കേരളീയ സമൂഹത്തിന്റെ തന്നെ ആവശ്യമാണ്. ഇത് മുതലെടുത്ത് വർഗ്ഗീയ പാർട്ടികളെ ഇവിടെ വേര് പിടിക്കാൻ ആരും അനുവദിക്കരുത്. ഇതിന് മുൻകൈ എടുക്കേണ്ടത് സിപിഎമ്മും കോൺഗ്രസ്സും ഈ പ്രദേശത്ത് നല്ല സ്വാധീനമുള്ള കേരളാ കോൺഗ്രസും ഒരുമിച്ച് ചേർന്നാണ്.
ഒരു ചോദ്യം കൂടി അവശേഷിക്കുന്നുണ്ട്. എന്ത് കഴിക്കണം എന്ത് കുടിക്കണം എന്നു തീരുമാനിക്കാൻ ഓരോ വ്യക്തിക്കും അധികാരമില്ലേ എന്ന ചോദ്യം? മുസ്ലിം വിദ്യാർത്ഥികൾ പന്നി മാംസം കഴിക്കാറില്ല എന്നതുകൊണ്ട് സ്‌കൂളിൽ പന്നി മാംസം കയറ്റരുതെന്ന് പറയുന്നതിൽ എന്ത് ന്യായം ആണുള്ളത്? ഇതിന് മറ്റൊരു വശം കൂടിയുണ്ട്. മണ്ഡലമകരവിളക്ക് കാലത്ത് എരുമേലിയിൽ ഗോമാംസം പ്രവേശിപ്പിക്കാൻ പാടില്ല എന്നു ഹൈന്ദവസംഘടനകൾ വാശിപിടിച്ചാൽ എന്തായിരിക്കും പ്രതികരണം? ഇന്ന് പന്നിയിറച്ചിയെക്കുറിച്ച് തർക്കം ഉണ്ടായെങ്കിൽ നാളെ ഗോമാംസത്തെക്കുറിച്ചാകും തർക്കമുണ്ടാകുക. രണ്ടായാലും ആരോഗ്യകരമായ ഒരു സാമൂഹ്യക്രമത്തിന് നല്ലതല്ല. ഇത് മുളയിലേ നുള്ളാൻ സർക്കാരും പൊലീസും ഉണർന്നു പ്രവർത്തിച്ചേ മതിയാകൂ. അല്ലാതെയുള്ള ഒത്തുതീർപ്പ് വ്യവസ്ഥകളും കെട്ടിപ്പിടുത്തങ്ങളും വെറും ഉപരിതല ചികിത്സ മാത്രമായി മാറും.