- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മറുനാടൻ മലയാളിക്ക് ഗൂഗിളിന്റെ അംഗീകാരം; കോവിഡ് കാലത്തെ പ്രതിരോധം കണക്കിലെടുത്ത് ഗൂഗിൾ ന്യൂസ് ജേണലിസം എമർജൻസി റിലീഫ് ഫണ്ടിൽ മറുനാടന് നൽകിയത് 10 ലക്ഷം രൂപ; ലോകമെമ്പാടു നിന്നും ഗൂഗിൾ തെരഞ്ഞെടുത്ത 5000 പ്രാദേശിക മാധ്യമ സ്ഥാപനങ്ങളിൽ മറുനാടനും ഇടംപിടിച്ച കഥ
തിരുവനന്തപുരം: കഴിഞ്ഞ ഒരു ദശാബ്ദക്കാലത്തിലേറെയായി മലയാളത്തിൽ നിറഞ്ഞു നിൽക്കുന്ന സ്വതന്ത്ര ഓൺലൈൻ പോർട്ടലായ മറുനാടൻ മലയാളിക്ക് ഗൂഗിളിന്റെയും അംഗീകാരം. കോവിഡ് വ്യാപനം മൂലം ബാധിക്കപ്പെട്ട ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മാധ്യമങ്ങൾക്ക് സഹായമായി ഗൂഗിൾ ന്യൂസ് ഓർഗനൈസേഷൻ പ്രഖ്യാപിച്ച ജേണലിസം എമർജൻസി റിലീഫ് ഫണ്ടിന് മറുനാടൻ മലയാളിയും തെരഞ്ഞെടുക്കപ്പെട്ടു. ലോകമെമ്പാടുമുള്ള പ്രാദേശിക മാധ്യമങ്ങളെ അവരുടെ സേവനത്തിന്റെ അടിസ്ഥാനത്തിൽ പരിശോധിച്ച് തെരഞ്ഞെടുത്ത 5000 മാധ്യമങ്ങളിൽ മറുനാടനും ഉൾപ്പെടുകയായിരുന്നു. 12,500 യുഎസ് ഡോളറാണ് (ഏതാണ്ട് 10 ലക്ഷം രൂപ) മറുനാടന് ലഭിച്ച ഗൂഗിൾ ഫണ്ട്.
'നൂറിലധികം രാജ്യങ്ങളിൽ നിന്ന് ഞങ്ങൾക്ക് 12,000 അപേക്ഷകൾ ലഭിച്ചുവെന്നും നിങ്ങളെപ്പോലുള്ള പ്രാദേശിക വാർത്താ സംരംഭങ്ങളെ പിന്തുണയ്ക്കാൻ കഴിയുന്നത് സന്തോഷകരമാണെന്നും' ഗൂഗിൾ ന്യൂസ് പ്രതിനിധി മറുനാടൻ മലയാളിക്ക് അയിച്ച ഇ മെയിൽ സന്ദേശത്തിൽ വ്യക്തമാക്കി. കോവിഡ് പ്രതിരോധത്തിൽ പ്രാദേശിക മാധ്യമങ്ങളുടെ പങ്ക് നിസ്തുലമാണെന്നും ആ പ്രതിസന്ധിയിൽ പിടിച്ചുനിൽക്കുന്നതിനാണ് ഈ പിന്തുണയെന്നും ഗൂഗിൾ അറിയിച്ചു. മറുനാടന് അനുവദിച്ച ഫണ്ട് നേരത്തെ തന്നെ അക്കൗണ്ടിൽ ലഭിച്ചിരുന്നു.
ലോകത്തെ ഏറ്റവും വലിയ ടെക്നോളജി കമ്പനിയായ ഗൂഗിളിന്റെ ഭാഗമായുള്ള ഗൂഗിൾ ന്യൂസിന്റെ പദ്ധതിയാണ് റിലീഫ് ഫണ്ട്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ പ്രാദേശിക സമൂഹങ്ങളെ സഹായിക്കുന്നതിന് ഉതകുന്ന മൗലികമായ മാധ്യമ ഇടപെടലുകൾ നടത്തുന്നതിനാണ് പദ്ധതി നടപ്പിലാക്കുന്നത്. കഴിഞ്ഞ വർഷം ഏപ്രിലിലാണ് ഈ എമർജൻസി റിലീഫ് ഫണ്ട് ഗൂഗിൾ പ്രഖ്യാപിച്ചത്. മഹാമാരിയുടെ കാലത്ത് യഥാർഥ വാർത്തകൾ നൽകുന്ന മാധ്യമ സ്ഥാപനങ്ങൾക്കാണ് സാമ്പത്തിക സഹായം നൽകുക എന്നാണ് ഇതുസംബന്ധിച്ച ഗൂഗിളിന്റെ അറിയിപ്പിൽ പറഞ്ഞിരുന്നത്. കേരളത്തിൽ സൗത്ത് ലൈവ്, ഡ്യൂൾ ന്യൂസ് തുടങ്ങിയ സ്ഥാപനങ്ങൾക്കും സഹായം ലഭിച്ചിരുന്നു. എന്നാൽ സ്ഥാപനങ്ങളുടെ വലിപ്പം അനുസരിച്ചും പ്രാദേശിക അടിസ്ഥാനത്തിലും തുക വ്യത്യസ്തമായിരുന്നു. ഇന്ത്യയിലെ പ്രാദേശിക മാധ്യമങ്ങളിൽ ഏറ്റവും ഉയർന്ന തുക ലഭിച്ചവയിൽ മറുനാടനും ഉൾപ്പെടുന്നു.
'കോവിഡ് പകർച്ചാവ്യാധി മുൻനിരയിൽ പ്രവർത്തിക്കുന്ന റിപ്പോർട്ടർമാരെ ബാധിക്കുമെന്ന് ഞങ്ങൾ മനസിലാക്കുന്നു. അതുകൊണ്ടാണ് ആഗോള തലത്തിൽ റിപ്പോർട്ടർമാർക്ക് അടിയന്തിര വിഭവങ്ങളും പിന്തുണയും എത്തിക്കുന്ന ഇന്റർനാഷണൽ സെന്റർ ഫോർ ജേണലിസ്റ്റിനും, കൊളംബിയ ജേണലിസം സ്കൂളിന്റെ ഡാർട്ട് സെന്റർ ഫോർ ജേണലിസം ആൻഡ് ട്രോമയ്ക്കും ഗൂഗിൾ ഓആർജി പത്ത് ലക്ഷം ഡോളർ നൽകുന്നത്' - ഗൂഗിൾ ന്യൂസ് വൈസ് പ്രസിഡന്റ് റിച്ചാർഡ് ജിൻഗ്രാസ് പറഞ്ഞത് ഇങ്ങനെയാണ്.
140 രാജ്യങ്ങളിൽ നിന്നുള്ള മാധ്യമ സ്ഥാപനങ്ങളാണ് ഗൂഗിൾ എമർജൻസി ഫണ്ടിനായി അപേക്ഷ നൽകിയിരുന്നത്. ഓരോ സ്ഥാപനങ്ങളുടെയും വലുപ്പം അനുസരിച്ചാണ് ഫണ്ട് നൽകുന്നത്. എത്രതുക ഗൂഗിൾ മാധ്യമങ്ങൾക്ക് നൽകിയെന്ന കാര്യത്തിൽ വ്യക്തതയില്ല. കൊറോണ വൈറസ് വ്യാപന കാലത്ത് വസ്തുതാപരമായ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന വാർത്താ മാധ്യമങ്ങൾക്ക് 10 കോടി ഡോളർ നൽകുമെന്ന് നേരത്തെ ഫേസ്ബുക്ക് പ്രഖ്യാപിച്ചിരുന്നു. പ്രാദേശിക വാർത്താ പ്രൊജക്ടുകൾക്ക് 25 കോടി 2.5 കോടി നേരിട്ടുള്ള ഗ്രാന്റായും 7.5 കോടി അഡീഷണൽ മാർക്കറ്റിങ് ചെലവായും ആണ് നൽകുക. എന്നാൽ കേരളത്തിലെ ഏതെങ്കിലും മാധ്യമങ്ങൾക്ക് ഈ സഹായം ലഭിച്ചതായി സൂചനയുമില്ല.
13 വർഷം മുൻപ് 2008ൽ ആരംഭിച്ച മറുനാടൻ മലയാളി മലയാളത്തിലെ ഏറ്റവും പ്രചാരമുള്ള ഓൺലൈൻ ദിനപത്രമാണ്. ഓൺലൈൻ പോർട്ടലിന് പുറമെ മറുനാടൻ ടിവി, മറുനാടൻ മലയാളി തുടങ്ങി പത്തോളം യൂട്യൂബ് ചാനലുകളും മറുനാടനുണ്ട്. അൻപതോളം ജീവനക്കാരാണ് മറുനാടനിൽ ഇപ്പോൾ ജോലി ചെയ്യുന്നത്. കഴിഞ്ഞ ഓണത്തിന് ഗ്രോസ് സാലറിയുടെ 25 ശതമാനം ബോണസ് കൊടുത്ത മറുനാടൻ ക്രിസ്തുമസിന് 50 ശതമാനമാണ് ബോണസ് നൽകിയത്. രണ്ട് വർഷത്തിലധികം സേവനമുള്ള എല്ലാ ജീവനക്കാർക്കും മാർച്ചിൽ ലാഭവിഹിതമായി അധികബോണസും നൽകി.
മറുനാടന് ഡെസ്ക്