- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞങ്ങളുടെ ശരിക്കുള്ള സ്വപ്നങ്ങൾ ഇവിടെ തുടങ്ങുകയാണ്; അവ യാഥാർത്ഥ്യമാക്കാൻ നിങ്ങൾ ഒപ്പം നിൽക്കുമോ? രണ്ടാം പുനർജന്മ വാർഷികത്തിൽ ടീം മറുനാടന് വായനക്കാരോട് പറയാനുള്ളത്
മറുനാടൻ മലയാളിയുടെ വായനക്കാർക്ക് ഈ ദിവസം മറക്കാൻ കഴിയുകയില്ല. കൃത്യം രണ്ട് വർഷം മുൻപ് ഇതേപോലെ ഒരു ഓഗസ്റ്റ് 16 ന് ആയിരുന്നു ശത്രുവിന്റെ ആക്രമണത്തിൽ പിടിഞ്ഞ് വീണ് മരണം കാത്ത് കിടന്ന മറുനാടൻ മലയാളി ഫിനിക്‌സ് പക്ഷിയെപ്പോലെ ഉയർത്തെഴുന്നേറ്റത്. 2007 ൽ യുകെയിലെ മലയാളികൾക്ക് വേണ്ടി ആരംഭിച്ച ബ്രിട്ടീഷ് മലയാളിയുടെ അത്ഭുതപൂർവ്വമായ വിജയത്തെ
മറുനാടൻ മലയാളിയുടെ വായനക്കാർക്ക് ഈ ദിവസം മറക്കാൻ കഴിയുകയില്ല. കൃത്യം രണ്ട് വർഷം മുൻപ് ഇതേപോലെ ഒരു ഓഗസ്റ്റ് 16 ന് ആയിരുന്നു ശത്രുവിന്റെ ആക്രമണത്തിൽ പിടിഞ്ഞ് വീണ് മരണം കാത്ത് കിടന്ന മറുനാടൻ മലയാളി ഫിനിക്‌സ് പക്ഷിയെപ്പോലെ ഉയർത്തെഴുന്നേറ്റത്. 2007 ൽ യുകെയിലെ മലയാളികൾക്ക് വേണ്ടി ആരംഭിച്ച ബ്രിട്ടീഷ് മലയാളിയുടെ അത്ഭുതപൂർവ്വമായ വിജയത്തെ തുടർന്ന് 2009 ൽ ആരംഭിച്ച മറുനാടൻ മലയാളി ആദ്യത്തെ സമ്പൂർണ്ണ സ്വതന്ത്ര മലയാളം ഓൺലൈൻ ന്യൂസ് പോർട്ടൽ എന്ന നിലയിൽ ലോകം എങ്ങും കത്തി പടർന്ന് തുടങ്ങവെ 2012 ഓഗസ്റ്റ് 15 ന് ആയിരുന്നു അതിന്റെ ഡിസൈനർ ആയിരുന്ന കൊച്ചിയിലെ ടെക്‌നിക്കൽ കമ്പനി ഇത് അകാരണമായി അടച്ച് പൂട്ടിയത്. വിഗ്‌വാഗ് ടെക്‌നോളജീസ് എന്ന ഈ സ്ഥാപനം നടത്തിയ ആൾ ഏതാനും ആഴ്ചകൾക്ക് മുൻപ് മറുനാടന്റെ വിലാസം അവരുടെ പേരിലേക്ക് കള്ളത്തരത്തിൽ മാറ്റുകയും വിലപേശലിന് വരികയും ആയിരുന്നു. വിലപേശലിന് നിൽക്കാതെ വന്നപ്പോഴായിരുന്നു മറുനാടന് അവർ താഴിട്ടത്.
എന്നാൽ വിലാസത്തിൽ EE മാറ്റി I ആക്കി പിറ്റേന്ന് തന്നെ പുതിയ സൈറ്റ് ഉണ്ടാക്കി മറുനാടൻ പുനർജനിക്കുക ആയിരുന്നു. നമ്മുടെ നിയമ വ്യവസ്ഥയുടെ നൂലാമാലകൾ മൂലം ഇന്നും ഞങ്ങളുടെ ഉടമസ്ഥാവകാശം തിരിച്ച് കിട്ടാനുള്ള അപേക്ഷ കോടതിയുടെ പരിഗണനയിൽ കിടക്കുന്നതേയുള്ളൂ. എന്തായാലും നവ മാദ്ധ്യമ പ്രവർത്തന രംഗത്ത് തന്നെ വ്യത്യസ്തമായ വഴി തെളിച്ച മറുനാടൻ ആദ്യ മൂന്ന് വർഷത്തെ ചരിത്രം മുഴുവൻ മറന്ന് 2012 ഓഗസ്റ്റ് 16 ന് അതിന്റെ ജന്മ വാർഷികമായി കരുതാൻ തീരുമാനിക്കുക ആയിരുന്നു. ആ അർത്ഥത്തിൽ ഇന്ന് മറുനാടന്റെ രണ്ടാം ജന്മ വാർഷികമാണ്. ഇതിനെ പുനർജന്മ വാർഷികം എന്ന് വിളിക്കാൻ ആണ് ഞങ്ങൾക്ക് കൂടുതൽ താല്പര്യം. മറുനാടന്റെ വായനക്കാർ ഒറ്റക്കെട്ടായി ഞങ്ങളോടൊപ്പം നിന്നത് കൊണ്ട് ഏതാനും മാസങ്ങൾ കൊണ്ട് ആദ്യ മറുനാടന് ഉണ്ടായിരുന്നത്രയും വായനക്കാരെ ഞങ്ങൾക്ക് വീണ്ടും കണ്ടെത്താൻ കഴിഞ്ഞു. ഒന്നാം വാർഷികം ആയപ്പോഴേയ്ക്കും മറുനാടന്റെ ദിവസ വായനക്കാർ മൂന്ന് ലക്ഷം കഴിഞ്ഞിരുന്നു. രണ്ടാം വാർഷികം ആഘോഷിക്കുന്ന ഇന്ന് മറുനാടനിൽ ദിവസവും എത്തുന്നത് അഞ്ച് ലക്ഷത്തിൽ അധികം വായനക്കാർ ആണ്. ഇതിന് പുറമെയാണ് ന്യൂസ് ഹണ്ട് എന്ന മൊബൈൽ ആപ്ലിക്കേഷനിലൂടെ ദിവസവും വായിക്കുന്ന ലക്ഷക്കണക്കിന് വായനക്കാർ. മറുനാടന്റെ ആൻഡ്രോയിഡ്-ഐഫോൺ ആപ്ലിക്കേഷനും അനേകായിരം വായനക്കാരുണ്ട്.
രണ്ടാം പുനർജന്മ വാർഷികമായ ഇന്ന് മറുനാടൻ തികഞ്ഞ ആത്മ വിശ്വാസത്തിലാണ്. പഴയ സൈറ്റ് ഏത് നിമിഷവും അടച്ച് പൂട്ടപ്പെടാം എന്ന ഭയത്തെ തുടർന്നാണ് ടെക്‌നോപാർക്കിൽ പ്രവർത്തിക്കുന്ന രാജീവ് എന്ന ഒരു വെബ് ഡെവലപ്പറുടെ നേതൃത്വത്തിൽ പകലും രാവും ഇല്ലാതെ ഉറക്കമിളച്ച് പെട്ടന്ന് ഉണ്ടാക്കിയതായിരുന്നു ഇന്നലെ വരെ നിങ്ങൾ കണ്ട മറുനാടൻ മലയാളി.
കാലാകാലങ്ങളിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ഉൾക്കൊള്ളാനോ ഒഴുകിയെത്തുന്ന വായനക്കാർക്ക് നല്ല സ്പീഡ് ബ്രൗസിങ് നൽകാനോ ഒക്കെ ചിലപ്പോൾ എങ്കിലും അതിന് സാധിക്കാതെ വന്നു. തുടർന്ന് കഴിഞ്ഞ ആറ് മാസമായി രാജീവിന്റെ നേതൃത്വത്തിൽ മറുനാടൻ അത്യാധുനിക വത്കരിക്കാനുള്ള തീവ്ര ശ്രമത്തിലായിരുന്നു. രാജീവിന്റെയും ഹബീബിന്റെയും നേതൃത്വത്തിൽ ആറ് മാസക്കാലം നടത്തിയ കഠിന പ്രയത്‌നത്തിന് പകരമായി ഇന്ന് മുതൽ വായനക്കാരുടെ മുൻപിൽ എത്തുന്നത് മലയാള ചരിത്രത്തിലെ ഏറ്റവും പ്രത്യേകതകൾ ഉള്ള സമ്പൂർണ്ണ ഓൺലൈൻ പോർട്ടലാണ്. ഇന്ന് മുതൽ പ്രിയ വായനക്കാരുടെ മുൻപിൽ ഞങ്ങൾ എത്തിക്കുന്ന ഈ സൈറ്റിന് പകരം നിൽക്കാൻ പണവും മനുഷ്യാവിഭവവും ഏറെയുള്ള മുഖ്യധാര പത്രങ്ങളുടെ പോർട്ടലുകൾക്ക് പോലും സാധ്യമല്ല എന്ന് അഭിമാനത്തോടെ പറയാൻ ഞങ്ങൾക്ക് സാധിക്കും.
തെളിമയും സത്യസന്ധതയും ഉള്ള വാർത്തകൾ കൊണ്ട് സൈബർ പ്രേമികളായ മലയാളികളുടെ മനസ്സിൽ ഇടം നേടിയ മറുനാടന്റെ പരിഷ്‌കാരങ്ങൾ പൂർണ്ണ തോതിൽ ആകാൻ ഇനിയും രണ്ടാഴ്ച എങ്കിലും വേണ്ടി വരും. റിലേറ്റഡ് ന്യുസ് ആയി കാണിക്കുന്നത് പലതും പ്രസക്തമല്ലാത്തതാണ് എന്ന് ശ്രദ്ധയിൽപെട്ടിട്ടുണ്ട്. പുതിയ വാർത്തകളുടെ അഭാവം മൂലമാണിത്, അത് വൈകാതെ തന്നെ പരിഹരിക്കപ്പെടും
യൂണിക്കോഡ് ഫോണ്ടിലാണ് ഇനി മുതൽ ഈ സൈറ്റ് പ്രവർത്തിക്കുക എന്നതാണ് പ്രധാനപ്പെട്ട മാറ്റം. ഇതനുസരിച്ച് ഏത് ബ്രൗസറിലും ഏത് ഇലക്‌ട്രോണിൽ ഡിവൈസിലും ഇത് ഡൗൺലോഡ് ചെയ്ത് വായിക്കാം. ഏതു തരം മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്കും ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാതെ തന്നെ മറുനാടൻ ബ്രൗസ് ചെയ്യാം. പ്രശ്‌നങ്ങൾ ശ്രദ്ധയിൽ പെടുന്നത് അനുസരിച്ച് തിരുത്തുന്നുണ്ട്. ഐഫോണിൽ വായിക്കുമ്പോ ഫോണ്ട് മിസ്സാകുന്നു എന്ന് കണ്ട് പരിഹരിക്കാനുള്ള ശ്രമം ആരംഭിച്ചു കഴിഞ്ഞു. അതേ സമയം ആൻഡ്രോഡിൽ മനോഹരമായി തന്നെ ഇത് വായിക്കാം. സ്മാർട്ട് ഫോണുകൾ, ടാബ്‌ലെറ്റുകൾ, വിവിധ ലാപ്‌ടോപ്പുകൾ, വിവിധ ബ്രൗസറുകൾ എന്നിവയിൽ ഒക്കെ വായിച്ച ശേഷം വായനക്കാരുടെ അഭിപ്രായം ഞങ്ങളെ അറിയിക്കണം. ഈ വാർത്തയുടെ താഴെ കമന്റ് പോസ്റ്റ് ചെയ്യുകയോ editor@marunadanmalayali.com എന്ന വിലസത്തിൽ ഈമെയിൽ അയക്കുകയോ ചെയ്യുക.
നിങ്ങളുടെ നിർദ്ദേശങ്ങൾ അനുസരിച്ച് തെറ്റുകൾ തിരുത്താവുന്നതായിരിക്കും. ഒറ്റ നോട്ടത്തിൽ ആദ്യ ഭാഗത്ത് കാര്യമായ വ്യത്യാസം ഇല്ലാതെയാണ് മറുനാടൻ ഒരുക്കി ഇരിക്കുന്നത്. പ്രധാന വാർത്തയും ആറ് വാർത്തകളും സെറ്റ് ചെയ്തിരിക്കുന്നത് നിലവിൽ ഉള്ള രീതി അനുസരിച്ച് തന്നെയാണ്. എന്നാൽ ആദ്യ ആറ് വാർത്തകൾക്ക് ശേഷം താഴേക്കുള്ള ഭാഗം പൂർണ്ണമായും നവീകരിച്ചിരിക്കുകയാണ്. ഇന്നലെ വരെ ഒരേ തരത്തിൽ രൂപം നൽകിയ എട്ട് ന്യൂസ് ബോക്‌സുകൾ ആയിരുന്നു ഉണ്ടായിരുന്നത്. സാധാരണ ഗതിക്ക് ന്യൂസ്, പൊളിറ്റിക്‌സ്. സിനിമ, ചാനൽ, മണി, സ്‌പോർട്‌സ്, റിലീജിയൻ എന്നിവയും മറ്റേതെങ്കിലും ഒരു സെക്ഷനും കൂടി ആയിരുന്നു ഹോമിൽ കാണിച്ചിരിക്കുന്നത്. വലത് വശത്തും അതനുസരിച്ച് കുറച്ച് ഭാഗമേ കാണിക്കാൻ സാധിക്കുമായിരുന്നുള്ളൂ. എന്നാൽ പുതിയ നിർമ്മിതി അനുസരിച്ച് പ്രധാന മെനുവിന് പകരം സബ് മെനു ഇങ്ങനെ സെറ്റ് ചെയ്യാം. എന്ന് മാത്രമല്ല വാർത്തകളുടെ ലഭ്യത അനുസരിച്ച് എത്ര ന്യൂസ് ബോക്‌സുകൾ വേണമെങ്കിലും സെറ്റ് ചെയാൻ സാധിക്കും. എന്ന് വച്ചാൽ ഇപ്പോൾ ചെയ്ത് കൊണ്ടിരുന്ന എട്ട് ന്യൂസ് ബോക്‌സുകൾക്ക് പകരം ഇനി വേണമെങ്കിൽ എത്ര വേണമെങ്കിലും കാണിക്കാം എന്നർത്ഥം.
നിലവിൽ ഉണ്ടായിരുന്ന സംവിധാനത്തിന്റെ ഏറ്റവും വലിയ പ്രശ്‌നം, എത്രയധികം വാർത്തകൾ ഉണ്ടായാലും മൂന്നെണ്ണം മാത്രമേ ഹോം പേജിൽ കാണിക്കാൻ കഴിയുമായിരുന്നുള്ളൂ എന്നതായിരുന്നു. എന്നാൽ ഇനി മുതൽ കേരള, ഇന്ത്യ, വിദേശം തുടങ്ങിയ സബ് മെനുകളിലൂടെ ഒരു ദിവസം ചേർക്കുന്ന പ്രധാന വാർത്തകൾ എല്ലാം ഹോമിൽ കാണിക്കാം. എല്ലാ പ്രധാന മെനുവിന്റെയും സബ് മെനുകൾ ഇങ്ങനെ കാട്ടാം. സിനിമയിൽ ഒട്ടേറെ വാർത്തകൾ ഉണ്ടെങ്കിൽ ഒന്നോ രണ്ടോ സബ്‌മെനുകളിൽ എല്ലാം കാണിക്കാം. എംഎൻഎം സ്‌പെഷ്യൽ എന്ന് കൊടുത്തിരുന്നവ റൗണ്ട് ദി ഗ്ലോബ് എന്ന പേരിൽ സാധാരണ മെനുവായി കാണിക്കും ഇനി മുതൽ. ഇതു വഴി വാർത്തകൾ കുറവുള്ളപ്പോൾ കുറച്ചും കൂടുതൽ ഉള്ളപ്പോൾ കൂടുതലും കാണിക്കാം എന്നതാണ്, ഇതുവരെ ആകെ കാണിക്കാൻ സാധിച്ചിരുന്നത് ആകെ ആറെണ്ണം ആയിരുന്നു.
റിലീജിയൻ, മണി മുതലായ പേജുകളിൽ ശ്രദ്ധേയമായ വാർത്തകൾ ഇല്ലെങ്കിൽ അവ കാണിക്കാതിരിക്കാൻ സാധിക്കും എന്ന പ്രത്യേകത ഉണ്ട്. ഇത് വരെ പേരിന് വേണ്ടിയെങ്കിലും ആ പേജുകൾ ഹോമിൽ കാണിക്കാതിരിക്കാൻ നിർവ്വാഹമില്ലായിരുന്നു. ഇതിനെല്ലാം പുറമെയാണ് രാവിലെ ഏഴ് മണി മുതൽ രാത്രി പത്ത് മണി വരെ ഓരോ സംഭവവും അപ്പോൾ ആഡ് ചെയ്യാൻ ആരംഭിച്ച ലെയ്റ്റസ്റ്റ് ന്യൂസ് സെക്ഷൻ. മറുനാടനിൽ പ്രസിദ്ധീകരിക്കുന്ന പഴയ വാർത്തകൾ കണ്ടെത്താൻ ഹോം പേജിൽ തന്നെ സേർച്ച് സൗകര്യം ഒരുക്കിയിട്ടുണ്ട്. മലയാളത്തിൽ വാർത്തകൾ സേർച്ച് ചെയ്ത് കണ്ടെത്താൻ എളുപ്പമാണ്. എന്നാൽ പുതിയ സൈറ്റിൽ ആഡ് ചെയ്ത വാർത്തകൾ മാത്രമേ ഇങ്ങനെ കണ്ടെത്താൻ കഴിയൂ. പഴയ മറുനാടനിൽ പ്രസിദ്ധീകരിച്ച വാർത്തകൾ പ്രത്യേകമായി സൈറ്റിൽ ഒരു ലിങ്ക് കൊടുത്ത് ആർക്കൈവ് ചെയ്യാൻ ശ്രമിച്ചു വരുന്നു. അത് ഏതാനും ദിവസങ്ങൾക്കകം വായനക്കാർക്ക് ലഭ്യമാകും. ഇനി വായനക്കാരുടെ നിർദ്ദേശങ്ങളിലൂടെയെ മെച്ചപ്പെടുത്തൽ കഴിയൂ. പരസ്യങ്ങളും മറ്റും ഷോ ചെയ്യാൻ തുടങ്ങാത്തതിൽ ചില പ്രശ്‌നങ്ങൾ ഉണ്ട്. ഇതെല്ലാം ഈ ദിവസങ്ങളിൽ പരിഹരിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ഇതിന്റെ അണിയറ പ്രവർത്തകർ.