തിരുവനന്തപുരം: കേരളീയ സമൂഹത്തിന് സമഗ്രമായ സംഭാവന നൽകിയവരെ ആദരിക്കാനായി മറുനാടൻ മലയാളി ഒരുങ്ങുന്നു. തികച്ചും സുതാര്യവും ജനകീയവുമായ അവാർഡുകൾ നൽകാനാണ് മറുനാടന്റെ പദ്ധതി. വായനക്കാരുടെയും വിദഗ്ധരുടെയും അഭിപ്രായം തേടിയ ശേഷമായിരിക്കും മറുനാടൻ മലയാളിയുടെ എല്ലാ അവാർഡുകളും തീരുമാനിക്കുക. ആദ്യഘട്ടം എന്ന നിലയിൽ ഏതെല്ലാം വിഭാഗങ്ങളിൽ അവാർഡ് നൽകണമെന്ന അഭിപ്രായ രൂപീകരണമാണ് ഇന്നുമുതൽ നടക്കുക.

ഈ വർഷം കേരളീയ സമൂഹത്തിൽ സമഗ്രമായ സംഭാവന നൽകിയവരെയാണ് കണ്ടെത്തേണ്ടത്. മികച്ച എംഎൽഎ, മന്ത്രി, നേതാവ്, അദ്ധ്യാപകൻ, പത്രപ്രവർത്തകർ, സാമൂഹിക പ്രവർത്തകർ തുടങ്ങിയ മേഖലകളിൽ ഉള്ളവരെയാണ് കണ്ടെത്താനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. വായനക്കാരുടെ പിൻബലത്തോടെ തെരഞ്ഞെടുക്കപ്പെടുന്ന വിഭാഗത്തിൽ ഏറ്റവും കൂടുതൽ വോട്ട് നേടിയ കുറച്ച് പേർ ഫൈനലിസ്റ്റുകളായ ശേഷം വായനക്കാരുടെ വോട്ട് തേടിയായിരിക്കും തെരഞ്ഞെടുക്കുക.

ഈ ഘട്ടത്തിൽ വായനക്കാരിൽ നിന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നത് ഏതെല്ലാം മേഖലകൾക്ക് അവാർഡ് വേണം എന്ന് കണ്ടെത്താനാണ്. മറ്റ് അവാർഡുകളിൽ നിന്നും വ്യത്യസ്തമായിരിക്കണം മറുനാടൻ അവാർഡ് എന്ന് നിർബന്ധമുള്ളതുകൊണ്ടാണ് ഇങ്ങനെ ഒരു അഭിപ്രായ വോട്ടെടുപ്പ് നടത്തുന്നത്. അവാർഡ് നൽകി ആദരിക്കേണ്ട വിഭാഗങ്ങൾ ഏതെല്ലാം എന്ന് ഞങ്ങളോട് അഭിപ്രായം പറയുക. അതിന് ഞങ്ങൾ പാലിക്കേണ്ട മാനദണ്ഡങ്ങൾ ഏതെല്ലാം എന്നും നിങ്ങൾക്ക് നിർദ്ദേശിക്കാം.

രാഷ്ട്രീയ-സാമൂഹിക രംഗങ്ങളിലെ പ്രമുഖരെ ഉൾപെടുത്തി മറ്റ് മാദ്ധ്യമങ്ങൾ അവാർഡുകൾ സംഘടിപ്പിക്കാറുണ്ട്. എന്നാൽ ആർക്ക് അവാർഡ് നൽകണം, ഏതൊക്കെ മേഖലയിൽ നിന്നാകണം എന്ന് നിർദ്ദേശിക്കാൻ വായനക്കാർക്ക് തന്നെ അവസരം നൽകുന്ന പതിവില്ല. ഇക്കാര്യത്തിൽ വ്യത്യസ്തരാകുകയാണ് മറുനാടൻ മലയാളി. വ്യത്യസ്ത മേഖലയിലെ വ്യക്തികളോ സംഘടനയെയോ അടക്കം വായനക്കാർക്ക് നിർദ്ദേശിക്കാം. ഇങ്ങനെ നിർദ്ദേശിക്കപ്പെടുന്നതിൽ മികച്ച നിർദ്ദേശങ്ങൾ സ്വീകരിക്കപ്പെടും. മുമ്പ് കഴിഞ്ഞ കേന്ദ്രസർക്കാറിലെ ഏറ്റവും മികച്ച കേരള എംപിമാരെ മറുനാടൻ വായനക്കാരിലൂട തിരഞ്ഞെടുത്തിരുന്നു. തീർത്തും സുതാര്യമായ രീതിയിലായിരുന്നു അന്ന് മറുനാടൻ തെരഞ്ഞെടുപ്പ് നടത്തിയത്. ഇതേമാതൃക തന്നെ ഇത്തവണയും പിന്തുടരാനാണ് ആഗ്രഹിക്കുന്നത്.

ഏത് മേഖലയിലാണ് അവാർഡ് നൽകേണ്ടത് എന്നുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ ഈ വാർത്തയുടെ ചുവടെയുള്ള കമന്റ് ബോക്‌സിൽ രേഖപ്പെടുത്തുകയോ editor@marunadanmalayali.com എന്ന വിലാസത്തിൽ അയക്കുകയോ ചെയ്യുക. ഇങ്ങനെ ലഭിക്കുന്ന അഭിപ്രായങ്ങൾ മൊത്തമായി പരിഗണിച്ച ശേഷം ആയിരിക്കും വോട്ടെടുപ്പ് നടത്തുക. ഈ ഘട്ടത്തിൽ വ്യക്തികളെ ആരും നിർദ്ദേശിക്കേണ്ടതില്ല. ഇപ്പോൾ ശ്രദ്ധിക്കുന്നത് എന്തെല്ലാം വിഭാഗങ്ങൾ എന്ന് മാത്രമാണ്. വായനക്കാർ ഇക്കാര്യത്തിൽ നിർദ്ദേശങ്ങൾ നൽകി സഹകരിക്കണമെന്ന് അപേക്ഷിക്കുന്നു.