തിരുവനന്തപുരം: മലയാളത്തിൽ ആദ്യമായി മോദി ഭരണത്തെ വിലയിരുത്താൻ നടത്തിയ വോട്ടിംഗിന്റെ ആദ്യ രണ്ട് ദിനം പിന്നിട്ടപ്പോൾ കേരളത്തിന്റെ മനസ്സ് മോദിക്കൊപ്പം എന്ന് സൂചന. ഇന്ന് രാവിലെ എട്ട് മണിവരെയുള്ള വോട്ടുകൾ കണക്കിലെടുത്തപ്പോൾ ആകെ നടന്നത് 32,964 വോട്ടുകളാണ്. ഇവരിൽ 62.7 ശതമാനം പേർ മോദി ഭരണത്തെ അനുകൂലിക്കയാണ്.  37.4 ശതമാനം പേർ മാത്രമാണ് മോദി ഭരണത്തിൽ അതൃപ്തി രേഖപ്പെടുത്തിയത്. മോദി സർക്കാരിനെ എങ്ങനെ വിലയിരുത്തുന്നു എന്ന ആദ്യ ചോദ്യത്തിന് ലഭിച്ച് ഉത്തരങ്ങൾ പരിശോധിച്ചപ്പോൾ ആണ് ഈ ട്രെന്റ് വ്യക്തമായത്.

മോദിയെ അനുകൂലിച്ച 62.7 ശതമാനം മൂന്ന് തരത്തിൽ ചോദ്യങ്ങൾക്ക് ഉത്തരം നൽകിയവർ ആണ്. 32. 2 ശതമാനം ആളുകൾ (10614 പേർ) മോദി ഭരണം വളരെ മെച്ചമെന്ന് വിധി എഴുതിയപ്പോൾ 12. 4 ശതമാനം ആളുകൾ (4087 പേർ) തെരഞ്ഞെടുപ്പ് സമയത്ത് തങ്ങൾ പ്രതീക്ഷിച്ചത് പോലെയാണ് മോദിയുടെ പ്രകടനം എന്നാണ് പറഞ്ഞത്. 18. 1 ശതമാനം ആളുകൾ (5967 പേർ) പ്രതീക്ഷിച്ചതിനേക്കാൾ മോശമാണ് മോദിയുടെ പ്രകടനം എന്ന് പറഞ്ഞവരാണ്. എന്നാൽ മന്മോഹൻ സർക്കാരിനേക്കാൾ മെച്ചമാണ് എന്ന് ഇവർ പറഞ്ഞതുകൊണ്ട് ഇവരെ കൂടി മോദിയെ അനുകൂലിച്ചവരുടെ പട്ടികയിൽ പെടുത്തിയാണ് 62. 7 ശതമാനം പിന്തുണ എന്ന കണക്ക് ഉണ്ടായത്. ഇവരെ ഒഴിവാക്കിയാൽ മോദിയെ പിന്തുണക്കുന്നവരുടെ എണ്ണം 44. 6 ശതമാനം ആണ്.

മോദിയുടെ ഭരണത്തെ എതിർക്കുന്നവരുടെ എണ്ണം 37.4 ശതമാനം ആണ്. അവസാനത്തെ രണ്ട് ചോദ്യങ്ങൾക്ക് ഉത്തരം നൽകിയവരെയാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയത്. നിരാശാജനകം എന്ന് അഭിപ്രായം പറഞ്ഞത് 21.1 (6956 പേർ) ശതമാനം ആളുകൾ ആണെങ്കിൽ പരിതാപകരം എന്ന് വിശേഷിപ്പിച്ചത് 16.2 (5373 പേർ) ശതമാനം ആളുകളാണ് പ്രതീക്ഷിച്ചതെങ്കിൽ മോശം എന്ന് പറഞ്ഞ 18.1 ശതമാനം ആളുകളെ കൂടി ചേർത്താൽ 55.5 ശതമാനം പേർ മോദി ഭരണത്തിൽ അതൃപ്തരാണ് എന്ന് പറയേണ്ടി വരും. എന്നാൽ പ്രതീക്ഷിച്ചതിനേക്കാൾ മോശം എന്ന് ഇവർ പറഞ്ഞെങ്കിലും മന്മോഹൻ സിംഗിന്റെ ഭരണത്തേക്കാൾ നല്ലത് എന്നു പറഞ്ഞതിനാൽ ഇവരെ അനുകൂലിക്കുന്നവരുടെ പട്ടികയിൽ പെടുത്തിയിരിക്കുകയാണ്.

പ്രധാനമന്ത്രി മോദിക്ക് താൽപ്പര്യം പ്രസംഗത്തിൽ ആണ് എന്ന് വിശ്വസിക്കുന്നുണ്ടോ എന്നതായിരുന്നു മറുനാടൻ ടീം ചോദ്യാവലിയിൽ ഉന്നയിച്ച രണ്ടാമത്തെ ചോദ്യം. ഈ ചോദ്യത്തോട് വായനക്കാർ എങ്ങനെ പ്രതികരിച്ചു എന്നതിന്റെ ട്രെന്റ് മറുനാടൻ നാളെ പ്രസിദ്ധീകരിക്കുന്നതായിരിക്കും. ഇങ്ങനെ വരുന്ന ദിവസങ്ങളിൽ കൂടുതൽ വിശദമായി തന്നെ സർവേയുടെ ഫലം പ്രസിദ്ധീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. രണ്ട് ദിവസം മാത്രമാണ് വോട്ടിങ് പിന്നിട്ടിരിക്കുന്നത് എന്നാൽ, ഇപ്പോഴത്തെ നില മാറിമറിയാനുള്ള സാധ്യതയുമുണ്ട്. ആദ്യ രണ്ട് ദിവസങ്ങളിൽ മോദിയെ അനുകൂലിക്കുന്നവരാണ് കൂടുതൽ വോട്ട് രേഖപ്പെടുത്താൻ എത്തിയതെന്നാണ് ആദ്യത്തെ ട്രെന്റിൽ നിന്നും വ്യക്തമാകുന്നത്.

മറുനാടൻ മലയാളി ചോദ്യങ്ങൾ പ്രസിദ്ധീകരിച്ച ആദ്യ ദിനം തന്നെ 20,000ത്തിൽ അധികം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ഇന്നലെ 13,000 പേരും വോട്ട് രേഖപ്പെടുത്തി. ഒരു ഈ മെയിലിൽ നിന്നും ഒരാൾക്ക് മാത്രമേ വോട്ട് രേഖപ്പെടുത്താൻ സാധിക്കൂ എന്നിരിക്കെയും മികച്ച പ്രതികരണമാണ് സർവേക്ക് ലഭിക്കുന്നത്. മോദി സർക്കാറിന്റെ ഒന്നാം വാർഷികം വിലയിരുത്താൻ മലയാളത്തിൽ ആദ്യമായി നടത്തുന്ന സർവേക്കാണ് മറുനാടൻ മലയാളി തുടക്കമിട്ടത്.

മോദി സർക്കാറിനെതിരെ മാദ്ധ്യമങ്ങളിലൂടെയും മറ്റും ഉയർന്ന വിവാദങ്ങളെ ഉൾപ്പെടുത്തിയാണ് മറുനാടൻ ടീം വായനക്കാർക്കുള്ള ചോദ്യം തയ്യാറാക്കിയത്. കോർപ്പേറ്റ് പ്രീണന നയങ്ങളാണോ ബിജെപി സർക്കാർ പിന്തുടരുന്നത്, കർഷകർക്ക് വേണ്ടി എന്തെങ്കിലും ചെയ്‌തോ തുടങ്ങിയ ചോദ്യാവലികളാണ് മറുനാടൻ തയ്യാറാക്കിയത്. പൊതുവിൽ മോദി സർക്കാറിനെ വിലയിരുത്താനും ഓരോ വിഷയങ്ങളെ പ്രത്യേകം എടുത്തു അഭിപ്രായം രേഖപ്പെടുത്താനുള്ള അവസരവും ആണ് മറുനാടൻ ഒരുക്കിയത്.

സോഷ്യൽ മീഡിയയിൽ നിന്നും ഉജ്ജ്വല പ്രതികരണമാണ് മറുനാടൻ സർവേക്ക് ലഭിച്ചത്. സോഷ്യൽമീഡിയ ഇടങ്ങളിൽ എല്ലാം തന്നെ ഇന്നലെ മറുനാടന്റെ അഭിപ്രായ വോട്ടെടുപ്പ് ലിങ്കുകൾ പ്രചരിച്ചു കൊണ്ടിരുന്നു. ഫേസ്‌ബുക്കിലെ പ്രമുഖ ഗ്രൂപ്പുകളിലെല്ലാം വിലയിരുത്തൽ ചർച്ചകൾ നടക്കുന്നുണ്ട്. മറുനാടൻ ലിങ്ക് പ്രചരിപ്പിച്ചുകൊണ്ടാണ് ചർച്ചകളും നടക്കുന്നത്.

മോദി സർക്കാരിന്റെ ഒന്നാം വാർഷിക ദിനമായ മെയ് 26 നാണ് വിശദമായ ഫലം പ്രഖ്യാപിക്കുക. അതുകൊണ്ട് 25-ാം തീയതി അർദ്ധ രാത്രി വരെ ആളുകൾക്ക് അഭിപ്രായം രേഖപ്പെടുത്താൻ അവസരം ഉണ്ട്. അവസാന ചോദ്യം ഒഴികെയുള്ള എല്ലാ ചോദ്യങ്ങൾക്കും ഉത്തരം ടിക്ക് ചെയ്താൽ മതിയാവും. തിങ്കളാഴ്ച അർദ്ധ രാത്രിവരെ ലഭിക്കുന്ന വോട്ടുകളുടെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച ഫലം പ്രഖ്യാപിക്കാൻ ആണ് ആലോചിക്കുന്നത്.