തിരുവനന്തപുരം: നീണ്ട അനിശ്ചിതത്വങ്ങൾക്ക് ശേഷം കേരളത്തിലെ തെരഞ്ഞെടുപ്പ് ചിത്രം ഏതാണ്ട് വ്യക്തമായി കഴിഞ്ഞു. ഇരു മുന്നണികൾക്കും പാർട്ടിക്ക് നൽകുന്ന സീറ്റുകളും അവരുടെ സ്ഥാനാർത്ഥികളും ഏതാണ്ട് തീരുമാനമായി കഴിഞ്ഞു. ഇനി അവശേഷിക്കുന്നത് ചുരുക്കം ചില സീറ്റുകളിലെ സ്ഥാനാർത്ഥി പ്രഖ്യാപനം മാത്രം. ഈ തെരഞ്ഞെടുപ്പിൽ കക്ഷി രാഷ്ട്രീയ ഭേദമന്യേ വിജയിപ്പിക്കേണ്ട ചില നേതാക്കൾ ഉണ്ട്. അതുപോലെ തന്നെ ഉറപ്പായും തോൽപ്പിക്കേണ്ട ചില നേതാക്കളും. ഇത്തരക്കാരായ ചിലരെ തെരഞ്ഞെടുക്കാനുള്ള ശ്രമത്തിലാണ് മറുനാടൻ മലയാളി.

രാഷ്ട്രീയമോ മതമോ മറ്റേതെങ്കിലും മാനദണ്ഡമോ നോക്കിയല്ല ഇത്തരം ഒരു തെരഞ്ഞെടുപ്പ് നടത്തുന്നത്. കേരളത്തിന്റെ ഭാവിക്കും വളർച്ചയ്ക്കും ആവശ്യമായ നേതാക്കളെ പിന്തുണയ്ക്കാനും തെറ്റായ മാതൃകയായി മാറിയവരെ തോൽപ്പിക്കാനുമുള്ള ശ്രമം ആണ് നടക്കുന്നത്. ഇതിന് ഞങ്ങൾക്ക് ആദ്യം വേണ്ടത് വായനക്കാരുടെ നിർദ്ദേശമാണ്. തോൽപ്പിക്കുകയും ജയിപ്പിക്കുകയും ചെയ്യേണ്ട നേതാക്കളുടെ ലിസ്റ്റിൽ അബദ്ധം പറ്റാതിരിക്കാൻ വായനക്കാരുടെ നിർദ്ദേശം പ്രധാനമാണ്.

എന്തുകൊണ്ടാണ് ഒരു നേതാവിനെ വിജയിപ്പിക്കേണ്ടത് അല്ലെങ്കിൽ എന്തുകൊണ്ടാണ് ഒരു നേതാവിനെ തോൽപ്പിക്കേണ്ടത് എന്ന നിങ്ങളുടെ നിർദ്ദേശം സഹിതമാണ് എഴുതേണ്ടത്. തോൽപ്പിക്കണം എന്നോ വിജയിപ്പിക്കണം എന്നോ നിങ്ങൾക്ക് തോന്നുന്നവരെ നോമിനേറ്റ് ചെയ്യാം. എന്നാൽ എന്തുകൊണ്ടാണ് നിങ്ങൾ ഈ പേര് നോമിനേറ്റ് ചെയ്യുന്നത് എന്ന് വ്യക്തമാക്കിയിരിക്കണം. നിങ്ങളുടെ നിർദ്ദേശങ്ങൾ അയയ്‌ക്കേണ്ടത് editor@marunadan.in  എന്ന വിലാസത്തിലാണ്.

വായനക്കാർ നൽകുന്ന നിർദ്ദേശങ്ങളും വിദഗ്ധ സമിതിയുടെ അഭിപ്രായവും നേതാക്കളുടെ കഴിഞ്ഞ കാലത്തെ പ്രവർത്തനങ്ങളും പ്രസ്താവനകളും വിലയിരുത്തിയാകും തെരഞ്ഞെടുപ്പ് നടത്തുക. രണ്ട് വിഭാഗങ്ങളും കുറഞ്ഞത് പത്ത്് പേരെ എങ്കിലും വീതം തെരഞ്ഞെടുക്കാൻ ആണ് ശ്രമിക്കുന്നത്. എന്നാൽ യോഗ്യതയും അയോഗ്യതയും മാത്രം ആയിരിക്കും മാനദണ്ഡങ്ങൾ ആവുക.

എംഎൽഎ എന്ന നിലയിൽ മണ്ഡലത്തിൽ് നടത്തിയ പ്രവർത്തനം, നേതാവ് എന്ന നിലയിൽ പൊതു സമൂഹത്തിൽ നടത്തിയ ഇടപെടൽ, കേരളത്തിന്റെ വികാസനത്തെ കുറിച്ചും ഭാവിയെക്കുറിച്ചും കാഴ്ചപ്പാടുകൾ, നിയമസഭയിലെ പ്രകടനങ്ങൾ തുടങ്ങിയ പ്രധാനപ്പെട്ട കാര്യങ്ങൾ പരിഗണിച്ചായിരിക്കും തെരഞ്ഞെടുക്കുക. രാഷ്ട്രീയത്തിന് അതീതമായി മണ്ഡലത്തിലെ ജനങ്ങളെ ഒരുമയോടെ കണ്ട് കാര്യങ്ങൾ സാധിക്കാൻ ശ്രമിച്ചവർക്ക് ആയിരിക്കും മുൻഗണന ലഭിക്കുക.

എന്നാൽ വളരെ മുതിർന്ന നേതാക്കളെ ഈ ലിസ്റ്റിൽ ഉൾപ്പെടുത്താൻ ആലോചിക്കുന്നില്ല. പ്രധാനപ്പെട്ട പാർട്ടികളെ നയിക്കുന്നവർ, പാർട്ടിയുടെ നട്ടെല്ലായി പ്രവർത്തിക്കുന്നവർ തുടങ്ങിയവർ മാറി നിൽക്കേണ്ടത് നവ രാഷ്ട്രീയത്തിന് ആവശ്യം ആണെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ അത് സാധിക്കാത്തതിനാൽ അത്തരം ഒരു സാഹസത്തിന് ഞങ്ങളും മുതിരുന്നില്ല. ഉദാഹരണത്തിന് ഒട്ടേറെ അഴിമതി ആരോപണങ്ങൾ ഉണ്ടെങ്കിലും കോൺഗ്രസ് രാഷ്ട്രീയത്തിന്റെ നട്ടെല്ലായ ഉമ്മൻ ചാണ്ടിയെ ഇത്തരം ഒരു ലിസ്റ്റിൽ ഉൾപ്പെടുത്തുന്നത് അനുചിതം ആണ്. അല്ലെങ്കിൽ 93 വയസ്സായിട്ടും മത്സരിക്കാൻ ഇറങ്ങുന്ന വി എസ് ഒരു നല്ല മാതൃക അല്ലെങ്കിലും രാഷ്ട്രീയത്തിലെ അദ്ദേഹത്തിന്റെ സമുന്നതമായ സ്ഥാനം പരിഗണിച്ച് ഇത്തരം ഒരു ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതല്ല. അതുകൊണ്ട് നാമനിർദ്ദേശങ്ങൾ നൽകുന്നവർ വളരെ മുതിർന്ന നേതാക്കളെ ഒഴിവാക്കാൻ ശ്രമിക്കുക.

ഒരാഴ്‌ച്ചയ്ക്കകം നിങ്ങളുടെ നിർദ്ദേശങ്ങൾ ഞങ്ങളെ അറിയിക്കുക. അടുത്ത തിങ്കാളാഴ്ചയോടെ തോൽപ്പിക്കേണ്ടവരുടെയും ജയിപ്പിക്കേണ്ടവരുടെയും ലിസ്റ്റ് തയ്യാറാക്കി പ്രസിദ്ധീകരിക്കാൻ ആണ് ആഗ്രഹിക്കുന്നത്. ജയിപ്പിക്കപ്പെടുന്നവർക്ക് വേണ്ടി പ്രത്യേക പിന്തുണയും തോൽപ്പിക്കപെടുന്നവർക്ക് വേണ്ടി പ്രത്യേക ഫീച്ചറും പിന്നീട് പ്രസിദ്ധീകരിക്കുന്നതാണ്. നിങ്ങളുടെ നിർദ്ദേശങ്ങൾ ഒട്ടും വൈകാതെ ഞങ്ങൾക്ക് അയക്കുക.