തിരുവനന്തപുരം: ഈ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികൾ എല്ലാം പ്രഖ്യാപിക്കപ്പെട്ടു. ഇടത് വലത് ബിജെപി മുന്നണികൾ പ്രചാരണവുമായി രംഗത്തിറങ്ങി. 140 മണ്ഡലങ്ങളിലും ഇവരിൽ ഓരോരുത്തർ ജയിക്കും. ചില ഇടങ്ങളിൽ നാലാമത് ഒരാൾ ആവാം വിജയിക്കുക. എന്നാൽ ഇതുവരെയുള്ള പൊതുപ്രവർത്തന രീതികൊണ്ട് നിർബന്ധമായും തോൽക്കേണ്ട ചില സ്ഥാനാർത്ഥികളെ നിങ്ങൾക്ക് കണ്ടെത്താൻ കഴിഞ്ഞേക്കാം. അതുപോലെയാണ് നിർബന്ധമായും ജയിക്കേണ്ടവരുടെ ലിസ്റ്റും. കഴിഞ്ഞ ദിവസം ഈ വിഷയത്തിൽ ഞങ്ങൾ വായനക്കാരുടെ അഭിപ്രായം തേടിയിരുന്നു. മികച്ച പ്രതികരണമാണ് ഞങ്ങൾക്കു ലഭിച്ചത്.

ഏറെ വൈകാതെ ജയിക്കേണ്ടവരുടെയും തോൽക്കേണ്ടവരുടെയും ലിസ്റ്റ് ഞങ്ങൾ പ്രസിദ്ധീകരിക്കുകയാണ്. ഫൈനൽ ലിസ്റ്റ് കണ്ട ശേഷം ഓരോ വായനക്കാരനും അഞ്ച് പേരെ വീതം തെരഞ്ഞെടുത്ത് അയച്ചാൽ ഈ ലിസ്റ്റ് പൂർണ്ണമാകും എന്നതു കൊണ്ടാണ് ഇപ്പോൾ ഇത് പ്രസിദ്ധീകരിക്കുന്നത്. ഈ പ്രസിദ്ധീകരണം കൂടി പരിഗണിച്ച ശേഷം ആയിരിക്കും ഞങ്ങൾ ജയിക്കേണ്ടവരെയും തോൽക്കേണ്ടവരെയും ഉൾപ്പെടുത്തി ലിസ്റ്റ് പ്രസിദ്ധീകരിക്കുക. നിങ്ങൾ ജയിക്കണമെന്നോ, തോൽക്കണമെന്നോ പറയുന്നവരെ കുറിച്ച് അതെന്തുകൊണ്ട് എന്നുകൂടി വിശദീകരിക്കണം.

രാഷ്ട്രീയമോ മതമോ മറ്റേതെങ്കിലും മാനദണ്ഡമോ നോക്കിയല്ല മറുനാടൻ ഇത്തരം ഒരു തെരഞ്ഞെടുപ്പ് നടത്താൻ ശ്രമിക്കുന്നത്. കേരളത്തിന്റെ ഭാവിക്കും വളർച്ചയ്ക്കും ആവശ്യമായ നേതാക്കളെ പിന്തുണയ്ക്കാനും തെറ്റായ മാതൃകയായി മാറിയവരെ തോൽപ്പിക്കാനും വേണ്ടിയാണ് ഇത്തരമൊരു ഉദ്യമത്തിലേക്ക് മറുനാടൻ കടക്കുന്നത്. ഇതിന്റെ ഭാഗമായാണ് ഞങ്ങൾ വായനക്കാരുടെ അഭിപ്രായവും തേടുന്നത്.

വായനക്കാർ നൽകുന്ന നിർദ്ദേശങ്ങളും വിദഗ്ധ സമിതിയുടെ അഭിപ്രായവും നേതാക്കളുടെ കഴിഞ്ഞ കാലത്തെ പ്രവർത്തനങ്ങളും പ്രസ്താവനകളും വിലയിരുത്തിയാകും അന്തിമ ലിസ്റ്റ് പ്രഖ്യാപിക്കുക. നിലവിൽ എംഎൽഎ ആയ വ്യക്തിയാണെങ്കിൽ ഈ നിലയിൽ മണ്ഡലത്തിൽ നടത്തിയ പ്രവർത്തനമാകും പ്രധാനമായും വിലയിരുത്തുക. നേതാവ് എന്ന നിലയിൽ പൊതു സമൂഹത്തിൽ നടത്തിയ ഇടപെടൽ, കേരളത്തിന്റെ വികാസനത്തെ കുറിച്ചും ഭാവിയെക്കുറിച്ചും കാഴ്ചപ്പാടുകൾ, നിയമസഭയിലെ പ്രകടനങ്ങൾ തുടങ്ങിയ പ്രധാനപ്പെട്ട കാര്യങ്ങൾ പരിഗണിച്ചായിരിക്കും വിജയിക്കേണ്ടവരാണോ തോൽക്കേണ്ടവരാണോ എന്ന് നിശ്ചയിക്കുക.

അതേസമയം വളരെ മുതിർന്ന നേതാക്കളെ തോൽക്കേണ്ടവരോ വിജയിക്കേണ്ടവരോ എന്ന ലിസ്റ്റിൽ ഉൾപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ല. പ്രധാനപ്പെട്ട പാർട്ടികളെ നയിക്കുന്നവർ, പാർട്ടിയുടെ നട്ടെല്ലായി പ്രവർത്തിക്കുന്നവർ തുടങ്ങിയവർ മാറി നിൽക്കേണ്ടത് നവ രാഷ്ട്രീയത്തിന് ആവശ്യം ആണെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ അത് സാധിക്കാത്തതിനാൽ അത്തരം ഒരു സാഹസത്തിന് മുതിരുന്നില്ല. വായനക്കാരുടെ നിർദ്ദേശങ്ങൾ പരിഗണിച്ചു കൂടിയാകും ലിസ്റ്റ് പ്രസിദ്ധീകരിക്കുക.

എന്തുകൊണ്ടാണ് ഒരു നേതാവിനെ വിജയിപ്പിക്കേണ്ടത് അല്ലെങ്കിൽ എന്തുകൊണ്ടാണ് ഒരു നേതാവിനെ തോൽപ്പിക്കേണ്ടത് എന്ന നിങ്ങളുടെ നിർദ്ദേശം സഹിതമാണ് എഴുതേണ്ടത്. തോൽപ്പിക്കണം എന്നോ വിജയിപ്പിക്കണം എന്നോ നിങ്ങൾക്ക് തോന്നുന്നവരെ നോമിനേറ്റ് ചെയ്യാം. എന്നാൽ എന്തുകൊണ്ടാണ് നിങ്ങൾ ഈ പേര് നോമിനേറ്റ് ചെയ്യുന്നത് എന്ന് വ്യക്തമാക്കിയിരിക്കണം. നിങ്ങളുടെ നിർദ്ദേശങ്ങൾ അയയ്‌ക്കേണ്ടത് editor@marunadan.in  എന്ന വിലാസത്തിലാണ്.

ചുവടെ കൊടുത്തിരിക്കുന്ന ലിസ്റ്റിൽ നിന്നും ആരെയാണ് വിജയിപ്പിക്കേണ്ടതെന്നും തോൽപ്പിക്കേണ്ടതെന്നും വ്യക്തമാക്കുക.

NB: പൂഞ്ഞാറിൽ പി സി ജോർജ്ജ് ശക്തനായ സ്ഥാനാർത്ഥിയാകുമ്പോൾ ചെങ്ങന്നൂരിൽ ശോഭനാ ജോർജ്ജും ഇരിക്കൂറിൽ അബ്ദുൾഖാദറും വിമതരായി രംഗത്തുണ്ട്.