തിരുവനന്തപുരം: ഈ തെരഞ്ഞെടുപ്പിൽ നിർബന്ധമായും ജയിപ്പിക്കേണ്ടവരുടെയും തോല്പിക്കേണ്ടവരുടെയും ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ മറുനാടൻ മലയാളി നടത്തിയ പരിശ്രമത്തിന് വൻ പ്രതികരണം. ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും ജയിപ്പിക്കേണ്ടവരുടെയും തോൽപ്പിക്കേണ്ടവരുടെയും പേരുകൾ നിരവധി വായനക്കാർ അയച്ചുതന്നു. ജയിപ്പിക്കേണ്ടവരുടെ പേരുകൾ അയച്ചുതന്നതിൽ രാഷ്ട്രീയം വ്യക്തമായിരുന്നു. മിക്കവാറും പേർ അവരവരുടെ സ്ഥാനാർത്ഥികളെ വിജയിപ്പിക്കാൻ വേണ്ടി അയച്ചു തന്നു. എന്നാൽ യുവാക്കളും പ്രതികരണശേഷിയുള്ളവരുമായ ആളുകൾക്കാണ് മൻതൂക്കം ലഭിച്ചത്.

തോല്പിക്കേണ്ട സ്ഥാനാർത്ഥികളുടെ രാഷ്ട്രീയം കലർന്നാണ്. തങ്ങളുടെ എതിരാളികളെ തോല്പിക്കണം എന്ന വാശിയോടെയാണ് നിരവധി പേർ അയച്ചുതന്നത്. ഉമ്മൻ ചാണ്ടിയും കെഎം മാണിയും അടൂർ പ്രാകശും, കെ ബാബുവും പിണറായി വിജയനും എന്തിനേറെ വി എസ് അച്യുതാനന്ദനും വരെ തോൽപ്പിക്കേണ്ടവരുടെ പട്ടികയിൽ ഉൾപ്പെടുത്തി വായനക്കാർ അയച്ചുതന്ന പേരുകളിൽ പെടും. അഴിമതി ആരോപണങ്ങളുടെ മുൾമുനയിൽ നിന്ന നേതാക്കൾ, സർക്കാർ ഖജനാവ് മുടിച്ച് ചികിത്സ നടത്തിയവർ, എട്ടും പത്തും തവണ മത്സരിച്ചിട്ടും അധികാരക്കൊതി തീരാതെ വീണ്ടും പോരിനിറങ്ങുന്നവർ എന്നിവരെയൊക്ക് തോൽക്കണം എന്നായിരുന്നു വായനക്കാരുടെ നിർദ്ദേശം.

ജയിപ്പിക്കേണ്ടവരുടെയും തോല്പിക്കേണ്ടവരുടെയും ലിസ്റ്റ് പ്രഖ്യാപിക്കുമെന്ന മറുനാടൻ വാർത്തയോട് പക്ഷേ ഒട്ടേറെ പേർ വിയോജിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് ഒരു സ്ഥാനാർത്ഥിയെ തോല്പിക്കണം എന്ന് ഒരു മാദ്ധ്യമം പറയുന്നത് അധാർമ്മികം ആണ് എന്ന വാദമാണ് അവർ ഉയർത്തിയത്. തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനം ആവുമോ എന്ന ആശങ്കയും ചിലർ ഉയർത്തി. ഇതെല്ലാം പരിഗണിച്ച് തോല്പിക്കേണ്ടവരെ പ്രഖ്യാപിക്കുന്നതിനുള്ള തീരുമാനത്തിൽ നിന്നും മറുനാടൻ പിന്മാറുകയാണ്. എന്നാൽ കക്ഷിരാഷ്ട്രീയ ഭേദമന്യേ വിജയിപ്പിക്കേണ്ടവരുടെ ലിസ്റ്റ് ഏറെ വൈകാതെ പ്രസിദ്ധീകരിക്കുന്നതാണ്.

കേരള നിയമസഭയിൽ അത്യവശ്യമായി വേണ്ട, അർഹതപ്പെട്ട ചില സ്ഥാനാർത്ഥികളെ കണ്ടെത്തി അവർക്ക് വേണ്ട പിന്തുണ നൽകാൻ വേണ്ടിയാണ് ഇത്. ഈ ലിസ്റ്റ് ഏതാനും ദിവസങ്ങൾക്കുള്ളിൽ പൂർത്തിയാവുന്നതാണ്. വായനക്കാർ പ്രസിദ്ധീകരിച്ച ലിസ്റ്റിനെ പരിഗണിച്ച് അതിൽ നില്ല നിർദ്ദേശങ്ങൾ പരിഗണിച്ചു കൊണ്ടാകും തീർച്ചയായും വിജയിപ്പിക്കേണ്ടവരുടെ ലിസ്റ്റ് മറുനാടൻ പ്രസിദ്ധീകരിക്കുക. 

രാഷ്ട്രീയമോ മതമോ മറ്റേതെങ്കിലും മാനദണ്ഡമോ നോക്കിയല്ല മറുനാടൻ ഇത്തരത്തിൽ വിജയിപ്പിക്കേണ്ടവരുടെ ലിസ്റ്റ് തയ്യാറാക്കാൻ ഒരുങ്ങുന്നത്. വായനക്കാർ നൽകുന്ന നിർദ്ദേശങ്ങളും വിദഗ്ധ സമിതിയുടെ അഭിപ്രായവും നേതാക്കളുടെ കഴിഞ്ഞ കാലത്തെ പ്രവർത്തനങ്ങളും പ്രസ്താവനകളും വിലയിരുത്തിയാകും അന്തിമ ലിസ്റ്റ് പ്രഖ്യാപിക്കുക. നിലവിൽ എംഎൽഎ ആയ വ്യക്തിയാണെങ്കിൽ ഈ നിലയിൽ മണ്ഡലത്തിൽ നടത്തിയ പ്രവർത്തനമാകും പ്രധാനമായും വിലയിരുത്തുക.

നേതാവ് എന്ന നിലയിൽ പൊതു സമൂഹത്തിൽ നടത്തിയ ഇടപെടൽ, കേരളത്തിന്റെ വികാസനത്തെ കുറിച്ചും ഭാവിയെക്കുറിച്ചും കാഴ്ചപ്പാടുകൾ, നിയമസഭയിലെ പ്രകടനങ്ങൾ തുടങ്ങിയ പ്രധാനപ്പെട്ട കാര്യങ്ങൾ പരിഗണിച്ചായിരിക്കും തീർത്തയായും വിജയിക്കേണ്ടവരാണോ എന്നും നിശ്ചയിക്കുക.